- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ തവണ മത്സരിച്ച 93 സീറ്റുകളില്‍ ചിലത് വിട്ടുനല്‍കിയാലും ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കുക ലക്ഷ്യം; സിറ്റിങ് എം.എല്‍.എമാരില്‍ ഭൂരിഭാഗം പേരും വീണ്ടും മത്സരിക്കും; എംപിമാര്‍ക്കും സീറ്റ് നല്‍കും; കോണ്‍ഗ്രസിന്റെ ലക്ഷ്യം 70 സീറ്റുകളിലെ ജയം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വയനാട്ടില്‍ ചേരുന്ന കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനും പുനഃസംഘടനയ്ക്കും വ്യക്തമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കും. 170 മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന ഈ യോഗത്തില്‍ താഴെത്തട്ടില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പരിഗണിച്ച് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന രീതി നടപ്പിലാക്കാന്‍ ധാരണയായിട്ടുണ്ട്. ജനുവരി നാല്, അഞ്ച് തീയതികളിലാണ് യോഗം.
ജനുവരി ആദ്യം തന്നെ എ.ഐ.സി.സി സ്‌ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിക്കും. ഓരോ മണ്ഡലത്തിലെയും കോര്‍ കമ്മിറ്റികള്‍ നല്‍കുന്ന പേരുകള്‍ അടിസ്ഥാനമാക്കിയാകും അന്തിമ തീരുമാനം. സിറ്റിങ് എം.എല്‍.എമാരില്‍ ഭൂരിഭാഗം പേരും വീണ്ടും മത്സരിക്കുമ്പോള്‍, ജയസാധ്യത കണക്കിലെടുത്ത് മണ്ഡലങ്ങളെ എ, ബി, സി എന്നിങ്ങനെ തരംതിരിക്കും. 70 സീറ്റുകളില്‍ വിജയം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് എന്നിവരുമായി സീറ്റ് വെച്ചുമാറ്റത്തിനുള്ള സാധ്യതകളും ആലോചിക്കുന്നുണ്ട്.
ചില എം.പിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും. ഇതിനൊപ്പം കെ.പി.സി.സി സെക്രട്ടറിമാരുടെ നിയമനം ഉള്‍പ്പെടെയുള്ള പുനഃസംഘടനാ നടപടികള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് പൂര്‍ത്തിയാക്കണമോ എന്നതിലും കോണ്‍ക്ലേവില്‍ തീരുമാനം വരും. കഴിഞ്ഞ തവണ മത്സരിച്ച 93 സീറ്റുകളില്‍ ചിലത് വിട്ടുനല്‍കിയാലും ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. മുസ്ലിം ലീഗ് കഴിഞ്ഞ തവണത്തെ 24 സീറ്റുകള്‍ക്ക് പുറമെ അധിക സീറ്റുകള്‍ക്കായി അവകാശവാദം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ വിജയസാധ്യത കണക്കിലെടുത്ത് പഴയ മണ്ഡലങ്ങളില്‍ ചിലത് വെച്ചുമാറാന്‍ കോണ്‍ഗ്രസ് ലീഗിനോട് ആവശ്യപ്പെട്ടേക്കും.
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനും ആര്‍.എസ്.പിക്കും ജയിക്കാന്‍ കഴിയുന്ന മണ്ഡലങ്ങള്‍ മാത്രം നല്‍കി കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയുന്ന മൊത്തം സീറ്റ് നില 70 കടത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ മണ്ഡലത്തിലും പ്രത്യേക സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ കോണ്‍ക്ലേവ് പരിശോധിക്കും. ചില ഹൈ പ്രൊഫൈല്‍ എം.പിമാരെ നിയമസഭയിലേക്ക് ഇറക്കുന്നതിലൂടെ ബി.ജെ.പിയോടും എല്‍.ഡി.എഫിനോടും ശക്തമായി പോരാടാന്‍ കഴിയുന്ന മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഗ്രൂപ്പ് താല്പര്യങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി വിജയസാധ്യതയ്ക്ക് മാത്രം മുന്‍ഗണന നല്‍കുന്ന നയം വയനാട് കോണ്‍ക്ലേവിലൂടെ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടേക്കും. വിജയ സാധ്യത മാത്രമാകും മാനദണ്ഡം.




