തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ ആകെ പ്രതിരോധത്തിലായ സിപിഎം പിന്നോട്ടു പോയേക്കുമെന്ന് സൂചന. പിഎം ശ്രീയില്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം നാലെ അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേരും. രാവിലെ 10 മണിക്കാണ് യോഗം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബി യോഗത്തില്‍ പങ്കെടുക്കും. സിപിഐ കേന്ദ്ര നേതൃത്വത്തിന്റെ ആശങ്ക ബേബി സെക്രട്ടേറിയറ്റ് യോഗത്തെ അറിയിക്കും. തര്‍ക്കം നീളുന്നത് സര്‍ക്കാറിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് തുടര്‍ഭരണ മോഹങ്ങളെയും പിന്നോട്ടടിക്കുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് അനുനയ സാധ്യത സിപിഎം തേടുന്നത്.

സിപിഐ പിഎം ശ്രീയില്‍ സിപിഎം നിലപാടിന് വഴങ്ങുന്നുവെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഫോണില്‍ സംസാരിച്ചു. ഒമാനില്‍ നിന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മടങ്ങി എത്തിയിട്ടുണ്ട്. ഗള്‍ഫില്‍ നിന്നും മുഖ്യമന്ത്രി രാത്രി തിരിച്ചെത്തിയതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റ് വിളിച്ചത്. ഇതോടെ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നത്. വിഷയത്തില്‍ വിട്ടുവീഴ്ച്ചക്കില്ലെന്ന നിലപാടാണ് ഇതുവരെ സിപിഐ സ്വീകരിച്ചത്. ബിനോയ് വിശ്വത്തിന് മേല്‍ അത്രയ്ക്ക് സമ്മര്‍ദ്ദം ഉണ്ട് താനും. എന്നാല്‍, വിഷയത്തില്‍ എങ്ങനെ പരിഹാരം കാണുമെന്നത് കണ്ടറിയണം.

നാളെ നടക്കുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ സിപിഐയുടെ ആശങ്ക പരിഹരിക്കാനുള്ള തീരുമാനങ്ങളുണ്ടാവും എന്നാണ് വിവരം. പിഎം ശ്രീയില്‍ ഒപ്പുവെച്ചതിനെതിരെ കടുത്ത എതിര്‍പ്പാണ് സിപിഐക്കുള്ളത്. മന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞ ദിവസം എം.എന്‍ സ്മാരകത്തിലെത്തി ബിനോയ് വിശ്വത്തെ കണ്ടിരുന്നു. എന്നാല്‍ ഇതില്‍ സിപിഐ അയഞ്ഞിട്ടില്ല. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ രഹസ്യമായി പിഎം ശ്രീയില്‍ ഒപ്പുവെച്ചത് വഞ്ചനയാണെന്ന നിലപാടിലാണ് സിപിഐ.

ഇത് ചര്‍ച്ച ചെയ്യാനാണ് വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടന്‍ തന്നെ മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ വിളിച്ചത്. നാളെ സി.പി.ഐയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ആലപ്പുഴയില്‍ ചേരാനിരിക്കെയാണ് സിപിഎം വിഷയം ചര്‍ച്ച ചെയ്യുന്നത്. പിഎം ശ്രീ വിഷയത്തില്‍ സിപിഐയുടെ ആശങ്ക പരിഹരിച്ച് അവരെ ഒപ്പം നിര്‍ത്തി മുന്നോട്ടു പോകണമെന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട്. സിപിഐയെ ഏതു രീതിയില്‍ സമവായത്തിലേക്ക് എത്തിക്കാനാകും എന്നത് ചര്‍ച്ച ചെയ്യാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിളിച്ചിരിക്കുന്നത് സൂചന.

ആഴത്തിലും വ്യാപ്തിയിലുമുള്ള പരിശോധന നാളെയുണ്ടാവുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. ഇടതുപക്ഷ രാഷ്രീയത്തിന്റെ മഹത്വത്തെ ഉള്‍ക്കൊള്ളുന്ന ചര്‍ച്ചകള്‍ നാളെ ആലപ്പുഴയില്‍ ചേരുന്ന നിര്‍വാഹകസമതിയിലുണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. മന്ത്രിമാര്‍ രാജിവെയ്ക്കുമോ എന്ന ചോദ്യത്തിന് സസ്‌പെന്‍സ് നിലനിര്‍ത്തുകയാണ് സംസ്ഥാന സെക്രട്ടറി.

അതിനിടെ പാഠപുസ്തകം തയാറാക്കല്‍ സംസ്ഥാന അധികാരമായി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. താല്‍പര്യമില്ലെന്ന് വന്നാല്‍ ഏത് നിമിഷവും കരാറില്‍ നിന്ന് പിന്‍മാറാനുമാകുമെന്ന് പറഞ്ഞ് ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വി ശിവന്‍കുട്ടി വിശദീകരിച്ചു.

പിഎം ശ്രീ നടപ്പാക്കുമെന്നും എന്നാല്‍ പദ്ധതിയിലെ നിര്‍ദേശങ്ങളൊന്നും നടപ്പാക്കേണ്ടിവരില്ലെന്നും സിലബസ് സംസ്ഥാനം തീരുമാനിക്കുമെന്നുമാണ് ശിവന്‍കുട്ടി പറയുന്നത്. ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കില്ലെന്നും സിലബസില്‍ മാറ്റം വരുത്തില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. 'ഉത്തരവാദിത്തം എനിക്കാണ്. ചര്‍ച്ച നടത്തി മാറ്റം വരുത്താമെന്ന് ധാരണാപത്രത്തിലുണ്ട്. തര്‍ക്കവിഷയങ്ങളില്‍ കോടതിയില്‍ പോകാമെന്നും നിബന്ധനയുണ്ട്' എന്നും അദ്ദേഹം വിശദീകരിച്ചു.

വിഎസ് സുനില്‍കുമാര്‍ അടക്കമുള്ളവരും വിഷയത്തില്‍ സര്‍ക്കാറിനെതിരെ രംഗത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ നിലപാടുകളില്‍ വെള്ളം ചേര്‍ത്താല്‍ അത് ഇടതുപക്ഷത്തെ അന്തരാള കാലഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പിഎം ശ്രീ വിഷയത്തില്‍ മുന്നണി മര്യാദ ലംഘിച്ചതോ ചര്‍ച്ച നടത്തിയില്ലെന്നതോ അല്ല പ്രശ്‌നം, അതൊരു രാഷ്ട്രീയ പ്രശ്‌നമാണ്.

ആര്‍എസ്എസിന്റെ ആ രാഷ്ട്രീയത്തിനു മുന്നില്‍ വിട്ടുവീഴ്ച ചെയ്യുകയെന്നത് അംഗീകരിക്കാനാവില്ല. ഇത് മുന്നണിക്കുള്ളില്‍ പടലപ്പിണക്കമുണ്ടാക്കാന്‍ പറയുന്നതല്ല. രാഷ്ട്രീയ കാര്യങ്ങളില്‍ നിലപാടെടുക്കുമ്പോള്‍ നട്ടെല്ലുയര്‍ത്തി, വെളളം ചേര്‍ക്കാതെ, ആത്മാര്‍ഥതയോടെ രാഷ്ട്രീയം മുഖത്തുനോക്കി പറയണമെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പഠിപ്പിച്ചത്.

ഇടതു മുന്നണിയുണ്ടാക്കുന്നതില്‍ ഏറ്റവും വിലകൊടുത്ത പാര്‍ട്ടിയാണ് സിപിഐ. അതിനാല്‍ തന്നെ മുന്നണിയിലേക്ക് ക്ഷണിക്കുന്ന യുഡിഎഫ് കണ്‍വീനര്‍ക്ക് ഈ പാര്‍ട്ടിയുടെ സത്യസന്ധമായ നിലപാട് മനസ്സിലാകണം എന്നില്ല. പിഎം ശ്രീ വിഷയത്തില്‍ പക്വതയോടെ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകണം എന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തില്‍ ബിജെപി നേതൃത്വം നല്‍കുന്ന ഫാഷിസ്റ്റ് സര്‍ക്കാരിനെതിരെ ഇന്ത്യന്‍ ജനത പ്രതീക്ഷയോടെ കാണുന്ന സര്‍ക്കാരാണ് കേരളത്തിലേത്. പിഎം ശ്രീ സ്‌കൂളുകള്‍ വേണമോ വേണ്ടയോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ആര്‍എസ്എസ് ആശയം ഉള്‍ക്കൊള്ളുന്ന ഇത്തരം സ്‌കൂളുകള്‍ പിഎം ശ്രീയിലൂടെ കേരളത്തില്‍ നടപ്പാക്കാന്‍ പാടില്ലെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. വയനാട്ടില്‍ ബിജെപി സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കിലും അവിടെ പുനരധിവാസം നടത്തി മാതൃക കാട്ടിയ ഇടതു സര്‍ക്കാരാണ് ഇവിടെയുള്ളതെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.