- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി കൊളളാം മന്ത്രിമാര്‍ പോരാ; ഗോവിന്ദന് മാഷിനും രൂക്ഷ വിമര്‍ശനം; മെറിറ്റും കഴിവുമെല്ലാം വേണമെന്ന് എന്നും പറയുന്ന പാര്‍ട്ടി സെക്രട്ടറി സ്ഥാനങ്ങള്‍ വീതം വെക്കുന്നത് കണ്ണൂരുകാര്‍ക്ക്; സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്കിടെ നഞ്ച് കലക്കുന്ന പോലെ ചില തീരുമാനങ്ങളും; ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതിനെയും എടുത്തുകുടഞ്ഞ് പ്രതിനിധികള്‍
എം വി ഗോവിന്ദന് കടുത്ത വിമര്‍ശനം
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കടുത്ത വിമര്‍ശനം. മുഖ്യമന്ത്രിക്ക് കയ്യടി കിട്ടുമ്പോള്‍ ഗോവിന്ദന്‍ മാഷിന് കല്ലേറാണ് പ്രതിനിധികള്‍ നല്‍കിയത്. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ വീതം വെക്കുമ്പോള്‍ പ്രാദേശികമായ പക്ഷപാതിത്വം കാണിക്കുന്നു. എല്ലാ പദവികളും ഒരു ജില്ലയ്ക്ക് സംവരണമായി കൊടുക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ പാര്‍ട്ടി സെന്റര്‍ വരെ ഒരേ ജില്ലക്കാര്‍. മെറിറ്റും കഴിവുമെല്ലാം വേണമെന്ന് എന്നും പറയുന്ന പാര്‍ട്ടി സെക്രട്ടറി പക്ഷെ സ്ഥാനങ്ങള്‍ വീതം വെക്കുന്ന ഘട്ടത്തില്‍ എല്ലാം നല്‍കുന്നത് കണ്ണൂരുകാര്‍ക്കാണ് എന്നായിരുന്നു വിമര്‍ശനം. സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയിലാണ് പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള പ്രതിനിധിയും സിഐടിയു ജില്ലാ സെക്രട്ടറി കൂടിയായ പി ബി ഹര്‍ഷകുമാര്‍ എം വി ഗോവിന്ദനെതിരെ വിമര്‍ശനം നടത്തിയത്.
ടീം വര്‍ക്കില്ല. സംസ്ഥാന കമ്മിറ്റി കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതുണ്ട്. മെറ്റിറ്റിനെക്കുറിച്ച് എപ്പോഴും പറയാറുണ്ട്. എന്നാല്‍, എങ്ങനെയാണ് മെറിറ്റ് നിശ്ചയിക്കുക? പ്രാതിനിധ്യം നോക്കിയാല്‍ ഒരു ജില്ലയുടെ ആധിപത്യമാണ് കാണുന്നത്.
വിമര്‍ശനങ്ങളില്‍ മുഖ്യമന്ത്രി ഒറ്റപ്പെടുന്നുവെന്നും, മന്ത്രിമാര്‍ കൂട്ടായി പ്രതിരോധിക്കാത്തത് എതിരാളികള്‍ക്ക് അനുകൂലമാകുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. മന്ത്രിമാര്‍ക്ക് നേരെയും പൊതുചര്‍ച്ചയ്ക്കിടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മന്ത്രിമാരില്‍ പലരും കഴിവിനൊത്ത് പ്രവര്‍ത്തിക്കുന്നില്ലെന്നും പ്രവര്‍ത്തനം മോശമാണെന്നും മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാര്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നും ഹര്‍ഷകുമാര്‍ വിമര്‍ശനമുണ്ട്. . മധ്യതിരുവതാംകൂറില്‍നിന്നുള്ള ഒരു പ്രതിനിധിയാണ് മന്ത്രിമാരുടെ പ്രകടനത്തെ വിമര്‍ശിച്ചത്.പല നേതാക്കന്മാര്‍ക്കും പാര്‍ട്ടിയില്‍ വന്നതിന് ശേഷം എത്ര സമ്പത്ത് ഉണ്ടായെന്ന് പരിശോധിക്കണമെന്നും വിമര്‍ശനത്തില്‍ പറയുന്നു.
അതേസമയം, ആശാ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതിനെ പ്രതിനിധികള്‍ വിമര്‍ശിച്ചു. ആശമാരുടെ സമരം ഒത്തുതീര്‍പ്പ് ആക്കാത്തതെന്ത് കൊണ്ടാണെന്നും പിഎസ്സി അംഗങ്ങള്‍ക്ക് സ്വര്‍ണ്ണക്കരണ്ടിയില്‍ ശമ്പളം നല്‍കുകയാണെന്നും എതിരാളികളുടെ മുതലെടുപ്പ് കാണാതെ പോകരുതെന്നും വിമര്‍ശനത്തില്‍ പറയുന്നുണ്ട്. അങ്കണവാടി ഹെല്‍പ്പര്‍മാരുടെ വേതനവും കുടിശികയാണ്. ആശാ വര്‍ക്കര്‍മാര്‍ക്ക് പുറമേ അവരും സമരത്തിനിറങ്ങുമെന്നും, ആശ വര്‍ക്കര്‍മാരുടെ സമരം ഒരു മുന്നറിയിപ്പാണെന്നും പ്രതിനിധികള്‍ പറഞ്ഞു. സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ത്തന്നെ നഞ്ച് കലക്കുന്ന പോലെ ചില തീരുമാനങ്ങളും ഉണ്ടാകുന്നു.
അതേസമയം, സെക്രട്ടറി അവതരിപ്പിച്ച അവലോകന റിപ്പോര്‍ട്ടില്‍ മന്ത്രി സജി ചെറിയാന്‍ വാക്കുകള്‍ ഉപയോഗിക്കുന്നതിലെ സൂക്ഷ്മതക്കുറവ് പാര്‍ട്ടിക്ക് ദോഷമുണ്ടാക്കി എന്ന് പറയുന്നുണ്ട്. സാംസ്‌കാരിക വകുപ്പ് നന്നായി കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും കുന്തം, കുടച്ചക്രം പോലെ പ്രയോഗങ്ങള്‍ നടത്താതെ കൂടുതല്‍ അവധാനതയോടെ ആലോചിച്ച് സംസാരിക്കണം. ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളുടെ ഭാഗത്തുനിന്നും ഇതേ വിമര്‍ശനം സജി ചെറിയാനെതിരെ ഉണ്ടായി.
അതേസമയം, മന്ത്രി മുഹമ്മദ് റിയാസ് വകുപ്പ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നു. വിമര്‍ശനങ്ങളെ അതിജീവിച്ച് മുന്നേറുന്ന റിയാസിനെതിരെ മാധ്യമങ്ങളുടെ കടന്നാക്രമണങ്ങള്‍ കൂട്ടായി നടക്കുന്നു എന്ന കുറ്റപ്പെടുത്തലുമുണ്ട്.