തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും പ്രതിസന്ധികള്‍ക്ക് ഒറ്റമൂലി ഒരുക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ സജീവം. യു.ഡി.എഫിലെ ഉഭയകക്ഷി ചര്‍ച്ചകളില്‍ വഴിമുട്ടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി പി.കെ. കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും ഷിബു ബേബിജോണും അനൂപ് ജേക്കബും അടക്കമുള്ള ഘടകകക്ഷി നേതാക്കള്‍ ഇപ്പോള്‍ ഫോണ്‍ വിളിക്കുന്നത് കെ.സി വേണുഗോപാലിനെയാണ്. ഹൈക്കമാന്‍ഡിന്റെ പ്രതിനിധിയെന്നതിലുപരി, രാഹുല്‍ ഗാന്ധിയുടെ അതിവിശ്വസ്തന്‍ എന്ന പദവിയാണ് ഘടകകക്ഷികള്‍ക്കിടയില്‍ അദ്ദേഹത്തിന് ഈ സ്വീകാര്യത നേടിക്കൊടുക്കുന്നത്. ഉടന്‍ പ്രശ്നങ്ങളില്‍ പരിഹാരമുണ്ടാകുമെന്നാണ് കെസി നല്‍കിയ ഉറപ്പ്.

യുഡിഎഫ് നേതാക്കള്‍ക്കും കോണ്‍ഗ്രസിനുമിടയിലുള്ള 'പാലം' കൂടിയായി കെ.സി മാറും. വലിയൊരു സോഷ്യല്‍ എഞ്ചിനീയറിംഗ് തന്ത്രമാണ് കെസി കേരളത്തില്‍ പയറ്റുന്നത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശിവഗിരി മഠത്തിന്റെ സഹകരണത്തോടെ മഹാത്മാഗാന്ധി-ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികം ആഘോഷിക്കാനുള്ള തീരുമാനം. കെ.സിയുടെ പ്രത്യേക താല്പര്യപ്രകാരം നടക്കുന്ന ഈ പരിപാടിയുടെ മാര്‍ച്ച് 6-ന് ആശ്രാമം മൈതാനത്ത് നടക്കുന്ന ആഘോഷം ഉദ്ഘാടനം ചെയ്യുന്നത് രാഹുല്‍ ഗാന്ധിയാണ്. ഈ യോഗത്തിന് മുമ്പ് ഘടകക്ഷികളുമായുള്ള എല്ലാ പ്രശ്നവും തീരുമെന്നാണ് യുഡിഎഫ് ഘടകക്ഷികള്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസില്‍ പതിവുള്ള ഗ്രൂപ്പ് യോഗങ്ങളും, പരസ്യ പ്രസ്താവനകളും, പോസ്റ്റര്‍ യുദ്ധങ്ങളും ഇത്തവണ പൂര്‍ണ്ണമായും അപ്രത്യക്ഷമായി. ഇതിന് കാരണം കര്‍ശനമായ ഹൈക്കമാന്‍ഡ് മേല്‍നോട്ടമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച നിലവിലെ രീതികള്‍ പൊളിച്ചെഴുതും. കൃത്യമായ സര്‍വേയുടെ അടിസ്ഥാനത്തില്‍ മാത്രമേ സീറ്റ് നല്‍കൂ എന്ന കര്‍ശന നിര്‍ദ്ദേശം ഹൈക്കമാണ്ട് നല്‍കിക്കഴിഞ്ഞു. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് തികഞ്ഞ ഗൗരവത്തോടെ കാണണമെന്നും, വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് ഒരു പ്രത്യേക ടാസ്‌ക് ആയി ഏറ്റെടുക്കണമെന്നും നിര്‍ദ്ദേശിച്ച് താഴെത്തട്ടില്‍ പാര്‍ട്ടിയെ ചലിപ്പിക്കുന്നതിനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മുന്‍കൈ എടുക്കുന്നത്. ഇതിന് കെസിയും മേല്‍നോട്ടം വഹിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സുധാകരന്‍, അടൂര്‍ പ്രകാശ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ കെസിയോടെ ആഗ്രഹം അറിയിച്ചിട്ടുണ്ട്. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ആഞ്ഞടിച്ചാല്‍ വരും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നത് ഉറപ്പാണ്. സമീപകാല സര്‍വേകളും ഈ സാധ്യതകള്‍ ശരിവെക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാന വാക്കായി ഹൈക്കമാണ്ട് പിന്തുണയുള്ള കെ.സി. വേണുഗോപാല്‍ മാറിക്കഴിഞ്ഞുവെന്ന് ഘടകക്ഷികളും അംഗീകരിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളും ഇത് തിരിച്ചറിയുന്നു.

സമുദായ സമവാക്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാക്കാനുള്ള നീക്കങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ് ശിവഗിരി മഠത്തിന്റെ സഹകരണത്തോടെ മഹാത്മാഗാന്ധി-ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികം വന്‍കിടയില്‍ ആഘോഷിക്കാനുള്ള തീരുമാനം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസില്‍ പതിവുള്ള ഗ്രൂപ്പ് യോഗങ്ങളും, പരസ്യ പ്രസ്താവനകളും, പോസ്റ്റര്‍ യുദ്ധങ്ങളും ഇത്തവണ പൂര്‍ണ്ണമായും അപ്രത്യക്ഷമായി. കേരളത്തിലെ 'എ', 'ഐ' ഗ്രൂപ്പുകള്‍ക്ക് അതീതമായി ഹൈക്കമാന്‍ഡ് നേരിട്ട് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഫലമാണിത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച നിലവിലെ രീതികള്‍ പൂര്‍ണ്ണമായും പൊളിച്ചെഴുതുകയാണ്. സ്വാധീനങ്ങളുടെയോ ഗ്രൂപ്പുകളുടെയോ അടിസ്ഥാനത്തിലല്ല, മറിച്ച് കൃത്യമായ സര്‍വേയുടെയും വിജയസാധ്യതയുടെയും അടിസ്ഥാനത്തില്‍ മാത്രമേ സീറ്റ് നല്‍കൂ എന്ന കര്‍ശന നിര്‍ദ്ദേശം ഹൈക്കമാന്‍ഡ് നല്‍കിക്കഴിഞ്ഞു.