കോഴിക്കോട്: ഇടതു മുന്നണി വിട്ട മുന്‍ എംഎല്‍എ കാരാട്ട് റസാഖ് സിപിഎമ്മിനെതിരെ ആഞ്ഞടിച്ചു രംഗതത്. പാണക്കാട് തറവാട്ടില്‍ പോയി ലീഗില്‍ അംഗത്വം എടുത്ത ശേഷമാണ് കാരാട്ട് റസാഖ് വിമര്‍ശനവുമായി രംഗത്തുവന്നത്. നരകത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട അവസ്ഥയാണിപ്പോഴുള്ളതെന്നും ലീഗ് അംഗത്വം ലഭിച്ചപ്പോള്‍ സ്വര്‍ഗത്തിലെത്തിയ സുഖമാണെന്നും അദ്ദേഹം പറഞ്ഞു. 51 വെട്ട് വെട്ടുമെന്നറിയാമെന്നും എന്നാല്‍ 52-ാമത്തെ വെട്ടില്‍ തന്നെ ലീഗുകാരും കോണ്‍ഗ്രസുകാരും ചേര്‍ന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുമെന്നും കാരാട്ട് റസാഖ് പറഞ്ഞു.

10 വര്‍ഷവും 19 ദിവസവുമായി നമ്മള്‍ തമ്മില്‍ പിരിഞ്ഞിട്ട്. ലീഗ് മെമ്പര്‍ഷിപ്പ് ലഭിച്ചപ്പോള്‍ സ്വര്‍ഗത്തിലെത്തിയ സുഖമാണ്. നരകത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട അവസ്ഥയാണ്. കൊടുവള്ളിയില്‍ ഇനിയൊരു സ്വതന്ത്രരും ഉണ്ടാവരുതെന്നും കാരാട്ട് റസാഖ് പറഞ്ഞു. വര്‍ഗീയതയ്ക്കെതിരെ നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഇടതുപക്ഷത്തിന് മതനിരപേക്ഷത നഷ്ടപ്പെട്ടുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

എന്നെയും ചതിച്ചു. 2016 ല്‍ ബലാത്കാരമായി പിടിച്ചാണ് താലികെട്ടിയത്. കൊടുവള്ളിയുടെ വികസനം മുഹമ്മദ് റിയാസിനെ കൂട്ടുപിടിച്ച് പി.ടി.എ റഹിം അട്ടിമറിച്ചു. വികസനം അട്ടിമറിച്ചതുകൊണ്ടാണ് ഈ നിലപാട് സ്വീകരിക്കേണ്ടി വന്നത്. തനിക്കെതിരേ കടുത്ത സൈബര്‍ ആക്രമണം നടക്കുന്നുവെന്നും കാരാട്ട് റസാഖ് പറഞ്ഞു. എനിക്കറിയാം 51 വെട്ട് നിങ്ങള്‍ വെട്ടുമെന്ന്. എന്നാല്‍ 52-ാമത്തെ വെട്ടില്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നത് ലീഗുകാരും കോണ്‍ഗ്രസുകാരും ചേര്‍ന്നായിരിക്കും. പേടിപ്പിച്ച് വിരട്ടേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച പാണക്കാട്ട് എത്തിയാണ് കാരാട്ട് റസാഖ് അംഗത്വവും സ്വീകരിച്ചത്. സിപിഎം സഹയാത്രികനായിരുന്ന താന്‍ സിപിഎമ്മില്‍നിന്ന് നേരിട്ടത് വലിയ അവഗണന ആയിരുന്നെന്നാണ് അദ്ദേഹം നേരത്തേ പ്രതികരിച്ചത്. വളരെ സന്തോഷപൂര്‍വ്വം അദ്ദേഹത്തിന് അംഗത്വം നല്‍കിയതായും ഒരു ഉപാധികളുമില്ലാതെയാണ് അദ്ദേഹം വന്നിട്ടുള്ളതെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സിപിഎം വിടാന്‍ എന്താണ് കാരണമെന്ന ചോദ്യത്തിന്, സിപിഎം ചേര്‍ത്തുപിടിക്കാനുള്ള സാഹചര്യങ്ങളൊക്കെ മാറിപ്പോയല്ലോയെന്നാണ് കാരാട്ട് റസാഖ് പ്രതികരിച്ചത്. ഇടതുപക്ഷത്തിന്റെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മുന്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും പോലും നിലനില്‍പില്ലാത്ത സാഹചര്യത്തില്‍ സഹയാത്രികര്‍ അത് തീരെ പ്രതീക്ഷിക്കേണ്ടതില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞു. പരിഗണനയില്ല, അവഗണനയാണ് അല്ലേ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു റസാഖിന്റെ മറുപടി.

അതേസമയം, റസാഖിനെതിരേ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തി. അദ്ദേഹം എന്തെങ്കിലും പ്രതീക്ഷിച്ചിട്ടുണ്ടാകും. ആ പ്രതീക്ഷിക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി നിന്നിട്ടുണ്ടാകില്ല. അതായിരിക്കും കാരണമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുകാലമായി സിപിഎമ്മുമായി അകല്‍ച്ചയിലായിരുന്നു റസാഖ്. അതിനിടെ മന്ത്രി മുഹമ്മദ് റിയാസിനെതിരേ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. 2016-21 കാലത്ത് റസാഖ് കൊടുവള്ളി എംഎല്‍എ ആയിരുന്നു. 21-ല്‍ എം.കെ. മുനീറിനോട് പരാജയപ്പെട്ടിരുന്നു.