- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വി.എസിന്റെ മകന്‍ അരുണ്‍കുമാറാണ് സി.പി.എം സ്ഥാനാര്‍ഥിയെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമോ' എന്ന് മാധ്യമപ്രവര്‍ത്തകര്‍; 'സ്വതന്ത്രനായി മത്സരിക്കും എന്നല്ലേ പറഞ്ഞത്' എന്ന് ജി. സുധാകരന്‍; അമ്പലപ്പുഴയില്‍ സിറ്റിംഗ് എംഎല്‍എ മത്സരിച്ചേക്കില്ല; നിര്‍ണായക നീക്കവുമായി സിപിഎം

ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജി സുധാകരന്‍ മത്സര രംഗത്ത് ഇറങ്ങുമെന്ന് വ്യക്തമായതോടെ അമ്പലപ്പുഴയില്‍ കടുത്ത വെല്ലുവിളി നേരിടാന്‍ ഒരുങ്ങി സിപിഎം നേതൃത്വം. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎം ആലോചന. ഇത് സംബന്ധിച്ച് വി എ അരുണ്‍ കുമാറുമായി പാര്‍ട്ടി നേതൃത്വം സംസാരിക്കും. സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കട്ടെ എന്നാണ് പാര്‍ട്ടിയുടെ നിലവിലെ തീരുമാനം. എന്നാല്‍ സുധാകരന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിതോടെ എച്ച് സലാമിന്റെ കാര്യത്തില്‍ പുനരാലോചനയുണ്ടാകും. എതിരാളി വി.എസിന്റെ മകന്‍ ആണെങ്കിലും മത്സരിക്കുമെന്ന് നേരത്തെ ജി. സുധാകരന്‍ വ്യക്തമാക്കിയിരുന്നു. 'വി.എസിന്റെ മകന്‍ അരുണ്‍കുമാറാണ് സി.പി.എം സ്ഥാനാര്‍ഥിയെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമോ' എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'സ്വതന്ത്രനായി മത്സരിക്കും എന്നല്ലേ പറഞ്ഞത്' എന്നായിരുന്നു സുധാകരന്റെ മറുപടി. അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും എന്ന് പറഞ്ഞ ജി. സുധാകരന്‍ ആരുടെയും പിന്തുണ സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
'ആലപ്പുഴ ജില്ലയിലെ ഒരു മണ്ഡലത്തിലും പ്രസംഗിക്കാന്‍ പോകില്ല. ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ നടത്തില്ല. ചുവര് എഴുതുകയുമില്ല. ആരെങ്കിലും എഴുതുകയാണെങ്കില്‍ അതില്‍ ഒന്നും ചെയ്യാനില്ല' -അദ്ദേഹം പറഞ്ഞു. പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ എല്ലാ പാര്‍ട്ടിയിലും ഉണ്ട് അത് വളരാന്‍ പാടില്ല എന്ന് ജി. സുധാകരന്‍ പറഞ്ഞു. മത്സരം പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് തവണ മന്ത്രിയായില്ലേ ഇനി എന്താണ് വേണ്ടതെന്ന് ചോദിക്കുന്നവര്‍ മാര്‍ക്‌സിസ്റ്റുകള്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. എത്ര തവണ മത്സരിച്ചു എന്നല്ല, സ്ഥാനം ഉപയോഗിച്ച് എന്ത് ചെയ്തു എന്നതിനാണ് പ്രധാനം എന്ന് സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ചയാളാണ് താനെന്നും അതുകൊണ്ട് പാര്‍ട്ടിയെ ആക്ഷേപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൊളിറ്റിക്കല്‍ ക്രിമിനലുകളെ ആയുധമാക്കി തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നുണ്ട്. കേഡര്‍മാര്‍ക്ക് പാര്‍ട്ടി നേതാക്കളുടെ അച്ഛന് വരെ വിളിക്കാം എന്ന അവസ്ഥയിലാണ്. കേരള രാഷ്ട്രീയത്തില്‍ എല്ലാവരും അത് സ്വയം വിമര്‍ശനമായി പരിശോധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സജി ചെറിയാനെയും എളമരം കരീമിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ജി. സുധാകരന്‍ പറഞ്ഞ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് പാര്‍ട്ടി മറുപടി പറയുമെന്ന് സജി ചെറിയാന്‍ പറഞ്ഞു. എന്നാല്‍ വ്യക്തിപരമായ ആരോപണങ്ങള്‍ മറുപടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ ഗുണ്ടകളെ വളര്‍ത്തുന്ന ജോലിയല്ല സി.പി.എമ്മിന്. ആലപ്പുഴയിലെ പാര്‍ട്ടിക്ക് നിരവധി പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്. പക്ഷെ ഇത്തരം ഒന്നിന്റെ മുന്നിലും പാര്‍ട്ടി കുലുങ്ങിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രശ്‌നമാണെന്നും 60 വര്‍ഷം പ്രവര്‍ത്തിച്ച പാര്‍ട്ടിയെ എന്തിന് തള്ളിപ്പറഞ്ഞെന്നും അദ്ദേഹം ചോദിച്ചു.


