പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ തന്നെ ഒപ്പം നിര്‍ത്താന്‍ കരുക്കള്‍ നീക്കുന്ന യുഡിഎഫിന് മുന്നില്‍ ഉപാധിവെച്ച് പി.വി അന്‍വര്‍ എംഎല്‍എ. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ പിന്‍വലിച്ച് ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍.കെ സുധീറിനെ പിന്തുണയ്ക്കണമെന്ന ആവശ്യമാണ് യുഡിഎഫിന് മുന്നില്‍ വെച്ചത്. പാലക്കാട്ടും ചേലക്കരയിലും തങ്ങളെ പിന്തുണയ്ക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ഇതില്‍ സിറ്റിങ് സീറ്റായ പാലക്കാട് കോണ്‍ഗ്രസിന് നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് ചേലക്കരയില്‍ തിരിച്ച് പിന്തുണയെന്ന ആവശ്യം അന്‍വര്‍ മുന്നോട്ട് വെക്കുന്നത്.

പി.വി. അന്‍വറിന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ യുഡിഎഫ് നേതൃത്വം അഭ്യര്‍ഥിച്ചിരുന്നു. ചേലക്കര മണ്ഡലത്തില്‍ തന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ (ഡിഎംകെ) സ്ഥാനാര്‍ഥി എന്‍.കെ.സുധീറിനെ പിന്തുണച്ചാല്‍ പാലക്കാട്ടെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാമെന്ന് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടക്കുകയാണെന്നും അന്‍വര്‍ അവകാശപ്പെട്ടു.

പി.വി.അന്‍വറുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശയവിനിമയം നടത്തി. രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ പിന്‍വലിക്കണമെന്ന് നേതാക്കള്‍ പി.വി.അന്‍വറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മോദിക്കും പിണറായിക്കും എതിരായ പോരാട്ടത്തില്‍ പങ്കാളിയാകാന്‍ അന്‍വറിനോട് നേതാക്കള്‍ അഭ്യര്‍ഥിച്ചു. ന്യൂനപക്ഷ മേഖലയില്‍ അന്‍വറിന് വോട്ട് ബാങ്കുള്ളതിനാല്‍ യുഡിഎഫ് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.

''പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാം. പകരം ചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ഥിയെ യുഡിഎഫ് പിന്തുണയ്ക്കണം. യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടന്നു. അവരാണ് തീരുമാനിക്കേണ്ടത്. കോണ്‍ഗ്രസുകാര്‍ക്ക് ചേലക്കരയിലെ സ്ഥാനാര്‍ഥി രമ്യഹരിദാസിനെ താല്‍പര്യമില്ല. അവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല'' പി.വി.അന്‍വര്‍ പറഞ്ഞു.

ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ യുഡിഎഫുകാര്‍ പോലും തള്ളിപ്പറഞ്ഞുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ പരിഹസിച്ചിരുന്നു. പിണറായിസം ഇല്ലാതാക്കാന്‍ ഒന്നിച്ചു നില്‍ക്കണം. ആര്‍എസ്എസിനെ പോലെ തന്നെ പിണറായിസത്തെയും എതിര്‍ക്കണം. യുഡിഎഫ് നേതാക്കള്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടത്തുന്നു. അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണ്. തീരുമാനം വൈകിയാല്‍ ഈ കപ്പല്‍ പോകും. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച ചരിത്രം മുമ്പും ഉണ്ടായിട്ടുണ്ടെന്നും യുഡിഎഫ് തീരുമാനത്തിനായി കാക്കുകയാണെന്നും അന്‍വര്‍ വ്യക്തമാക്കി.

ഇടതു മുന്നണിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ് നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ഡിഎംകെ എന്ന പേരില്‍ സംഘടന രൂപീകരിച്ചത്. ആഭ്യന്തര വകുപ്പിലെ അഴിമതി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരായ ആരോപണങ്ങള്‍ തുടങ്ങിയവ പരസ്യമായി ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു അന്‍വറിന് ഇടതു മുന്നണിയില്‍നിന്ന് പുറത്തേക്ക് പോകേണ്ടി വന്നത്.