പുതുപ്പള്ളി: പാലക്കാട്ടെ തകര്‍പ്പന്‍ വിജയത്തെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍, ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തി. വര്‍ഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ കല്ലറ വൈകാരിക അടുപ്പമുള്ളയിടമാണ്. പാലക്കാട്ടേത് ജനങ്ങളുടെ വിജയമാണെന്ന് പറഞ്ഞ രാഹുല്‍ വര്‍ഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്നും എസ്ഡിപിഐയെ ശക്തമായി എന്നും എതിര്‍ത്തിട്ടുള്ളത് ലീഗാണെന്നും പറഞ്ഞു

പാലക്കാട് തോറ്റെന്നു പറയാന്‍ സിപിഎം ആര്‍ജവം കാണിക്കണമെന്നും വോട്ടു ചെയ്ത ജനങ്ങളെ കളിയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ''എസ്ഡിപിഐക്ക് എതിരെ ശക്തമായ നിലപാട് എടുത്തതു മുസ്ലിം ലീഗാണ്. ആ ലീഗിനൊപ്പം എസ്ഡിപിഐ ചേര്‍ന്നെന്നു പറഞ്ഞാല്‍ തമാശയാണ്. എസ്ഡിപിഐക്ക് എത്ര വോട്ടാണ് പാലക്കാടുള്ളത്. എല്ലാത്തരം വര്‍ഗീയതയ്ക്ക് എതിരെയുമുള്ള വിജയമാണു പാലക്കാട് സംഭവിച്ചത്. വര്‍ഗീയത ഇളക്കി വിടാന്‍ സിപിഎമ്മും ബിജെപിയും പാലക്കാട് ശ്രമിച്ചു. മുനമ്പം വിഷയത്തില്‍ ജനങ്ങളുടെ മനസ്സില്‍ ആശങ്ക വിതറുന്നത് ആര്‍എസ്എസും സിപിഎമ്മുമാണ്. പാലക്കാട് അവസാന ദിനം രണ്ട് പത്രത്തില്‍ മാത്രം പരസ്യം നല്‍കി വര്‍ഗീയത ഇളക്കാന്‍ ശ്രമിച്ചു. വര്‍ഗീയ ധ്രുവീകരണമാണ് എന്നു പറഞ്ഞ് പാലക്കാട്ടുകാരെ വീണ്ടും പരിഹസിച്ചാല്‍ അതിനുള്ള മറുപടി 2026ല്‍ അവര്‍ നല്‍കും'' രാഹുല്‍ പറഞ്ഞു.

''അടുത്ത വര്‍ഷത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് തിരിച്ചു പിടിക്കാനുള്ള പ്രവര്‍ത്തനം ആരംഭിക്കും. പാലക്കാട് മെഡിക്കല്‍ കോളജ് വികസനമാണ് ആദ്യ പരിഗണനയെന്നും രാഹുല്‍ പറഞ്ഞു. എയിംസ് നിലവാരം ലക്ഷ്യമിട്ടാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പാലക്കാട് ദേശീയ പാതയോരത്ത് മെഡിക്കല്‍ കോളജ് ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടുകള്‍ തിരിച്ചടിയാണ്. പാലക്കാട് ജില്ലയ്ക്കു തന്നെ പ്രയോജനപ്പെടുന്നതാണു മെഡിക്കല്‍ കോളജ്. മുന്‍ എംഎല്‍എ ഉദ്ഘാടനം മാത്രം ബാക്കി വച്ച ഒട്ടേറെ പദ്ധതികളുണ്ട്. എംപിയുടെയും മുന്‍ എംഎല്‍എയുടെയും ഉപദേശങ്ങള്‍ സ്വീകരിച്ചു മുന്നോട്ടു പോകും'' രാഹുല്‍ പറഞ്ഞു.

''ജനങ്ങളുമായുള്ള ബന്ധത്തിന്റെ സ്‌കൂളാണ് ഉമ്മന്‍ ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സ്. ജനങ്ങളുമായുള്ള ബന്ധത്തിന്റെ ആദ്യ മാതൃക ഉമ്മന്‍ ചാണ്ടിയാണ്. അത് അനുകരിക്കാന്‍ ശ്രമിക്കാനെ കഴിയൂ. അങ്ങനെ ഒരാളാകാന്‍ കഴിയില്ല. പാലക്കാട്ടേക്കുള്ള യാത്ര മാത്രമല്ല, രാഷ്ട്രീയ യാത്ര തുടങ്ങിയതു തന്നെ ഇവിടെ നിന്നാണെന്നും രാഹുല്‍ പറഞ്ഞു. ജീവിതത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ആദ്യം ഓര്‍ക്കുന്ന പേര് ഉമ്മന്‍ ചാണ്ടിയുടെതാണ്. ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അദ്ദേഹം ഇല്ലാത്തതു നിര്‍ഭാഗ്യമാണ്. ചാണ്ടി ഉമ്മന്‍ വിദേശത്താണ്. അത് ഇനി വിവാദമാക്കേണ്ട. അദ്ദേഹം വിഡിയോ കോള്‍ ചെയ്തിരുന്നു. അടുത്തയാഴ്ച അദ്ദേഹം വരുമ്പോള്‍ ഒന്നുകൂടി പുതുപ്പള്ളിയില്‍ വരണമെന്നു പറഞ്ഞിട്ടിട്ടുണ്ട്'' രാഹുല്‍ പറഞ്ഞു. പി.സി.വിഷ്ണുനാഥ് എംഎല്‍എ, മുന്‍ എംഎല്‍എ കെ.സി.ജോസഫ് തുടങ്ങിയവര്‍ക്കൊപ്പമാണ് രാഹുല്‍ പുതുപ്പള്ളിയില്‍ എത്തിയത്.