മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫും മുസ്ലീം ലീഗും എല്ലാ അര്‍ഥത്തിലും തയ്യാറായി കഴിഞ്ഞുവെന്ന് പാണക്കാട് ശിഹാബ് തങ്ങള്‍. യുഡിഎഫിനെ സംബന്ധിച്ച് ഞങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും തയ്യാറായി കഴിഞ്ഞു. യുഡിഎഫും മുസ്ലീം ലീഗും സജ്ജമാണെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് ശിഹാബ് തങ്ങള്‍. ഈ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം കാത്തിരുന്നാല്‍ മതിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

യുഡിഎഫില്‍ കോണ്‍ഗ്രസും മറ്റ് ഘടകക്ഷികളും തയ്യാറായിക്കൊണ്ടിരിക്കുന്നു. തിയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇനി വളരെ വേഗത്തിലാകുമെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ലീഗും കോണ്‍ഗ്രസും തമ്മിലുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇന്നും നടന്നു. പാര്‍ട്ടി തലത്തില്‍ കൂടിയാലോചന നടത്തിയതിന് ശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ ധാരണ നാളെയാണെന്നാണ് സൂചന. പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലോ മലപ്പുറത്തോ മത്സരിക്കും. എം.കെ മുനീര്‍ - കോഴിക്കോട് സൗത്തിലും കാസര്‍കോട് കെ.എം ഷാജിയും മത്സരിച്ചേക്കും. പി.കെ ബഷീറും എന്‍. ഷംസുദ്ദീനും വീണ്ടും മത്സരിക്കും. എട്ട് എംഎല്‍എമാര്‍ക്ക് സീറ്റ് കിട്ടിയേക്കില്ല. വനിതാ സ്ഥാനാര്‍ഥിയായി കൂത്തുപറമ്പില്‍ ജയന്തി രാജനോ ഫാത്തിമ തഹ്ലിയക്കോയാണ് സാധ്യത. പി.കെ നവാസ്, ഫൈസല്‍ ബാബു, ടി.പി അഷ്‌റഫലി തുടങ്ങി യുവനേതാക്കള്‍ക്കും ഇടം ലഭിക്കും.

സംസ്ഥാനത്ത് നിയമസങാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 9ന് നടക്കുമെന്നാണ് ദേശീയ തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ 2.70 കോടി വോട്ടര്‍മാരാണ് ഉള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഇതില്‍ 4.24 ലക്ഷം പുതിയ വോട്ടര്‍മാരാണ്. 100 വയസിന് മുകളിലുള്ള 1571 വോട്ടര്‍മാരും സംസ്ഥാനത്തുണ്ട്. 30471 പോളിങ്‌സ്റ്റേഷനുകളിലായി കേരളം വിധിനിര്‍ണയിക്കും.

മേയ് നാലിനാാണ് ഫലപ്രഖ്യാപനം. കേരളം, പശ്ചിമ ബംഗാള്‍, അസ്സം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

കേരളത്തില്‍ 140 സീറ്റുകളിലേക്കും പശ്ചിമ ബംഗാളില്‍ 294ഉം തമിഴ്‌നാട്ടില്‍ 234ഉം അസമില്‍ 126ഉം പുതുശ്ശേരിയില്‍ 30ഉം സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.