പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പ്രഫ. പി.ജെ കുര്യന് എതിരെ സ്വന്തം നാടായ തിരുവല്ലയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് സമീപത്ത് അടക്കം ആണ് വ്യാഴാഴ്ച രാവിലെയോടെ സേവ് യുഡിഎഫ് എന്ന പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത കടല്‍ കിഴവന്‍ പി ജെ കുര്യന്റെ വാര്‍ദ്ധക്യ കാല വ്യാമോഹങ്ങള്‍ക്ക് യുഡിഎഫ് കൂട്ടുനില്‍ക്കരുത് എന്നതാണ് പോസ്റ്ററിലെ വാചകങ്ങള്‍. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പതിച്ച എല്ലാ പോസ്റ്റുകളിലും ഇതേ വരികള്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചില ഭാഗങ്ങളിലെ പോസ്റ്ററുകള്‍ നീക്കം ചെയ്തിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് നേതാവായിരുന്ന മാമ്മന്‍ മത്തായിക്ക് ശേഷം തിരുവല്ലയില്‍ യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും അതിനാല്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം എന്ന തരത്തില്‍ തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം കഴിഞ്ഞ ഏതാനും ദിവസങ്ങളായി വ്യാപക പ്രചരണം നടക്കുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ യുഡിഎഫിലെ ചില സ്ഥാനാര്‍ഥി മോഹികള്‍ ആണ് പോസ്റ്റര്‍ ഒട്ടിച്ചതിന് പിന്നില്‍ എന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്.