- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചിക ലോക ബാങ്ക് നാലുവര്‍ഷം മുമ്പേ നിര്‍ത്തലാക്കി; കോവിഡ് കാലത്തെ പി ആര് വര്‍ക്കിന് സമാനം സംസ്ഥാന സര്‍ക്കാരിന്റെ വളര്‍ച്ചാ കണക്ക്; തരൂരിന് പരോക്ഷ മറുപടിയുമായി വി ഡി സതീശന്‍; തരൂരിന് നല്ല ഉപദേശം നല്‍കിയെന്ന് കെ സുധാകരന്‍; തിരുവനന്തപുരം എംപിയുടെ പ്രസ്താവനകളില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തി
തരൂരിന്റെ പ്രസ്താവനകളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി
കൊച്ചി: മോദിയെയും സംസ്ഥാനത്ത് വ്യവസായ വകുപ്പിനെയും പുകഴ്ത്തിയ ശശി തരൂരിന്റെ ലേഖനത്തിലും, പ്രസ്താവനകളിലുമുള്ള കടുത്ത അതൃപ്തി സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ വസ്തുതാ വിരുദ്ധമാണെന്നാണ് നേതൃത്വത്തിന്റെ നിലപാട്. അതിനിടെ തരൂരുന് പരോക്ഷ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. കോവിഡ് കാലത്തെ പിആര്‍ വര്‍ക്കിന് സമാനമാണ് വ്യാവസായിക വളര്‍ച്ച സംബന്ധിച്ച സംസഥാന സര്‍ക്കാരിന്റെ കണക്കെന്ന് അദ്ദേഹം പറഞ്ഞു. ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയില്‍ കേരളം ഒന്നാമതെന്ന വാദം തെറ്റാണ്. 2021 മുതല്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചിക ലോകബാങ്ക് നിര്‍ത്തലാക്കിയെന്ന് വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തരൂരിനുള്ള പരോക്ഷ മറുപടി കൂടിയാണ് പ്രതിപക്ഷ നേതാവ് നല്‍കിയത്. വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചിക നിര്‍ത്തലാക്കിയത്.
വ്യവസായ വളര്‍ച്ച സംബന്ധിച്ച് സര്‍ക്കാര്‍ ഊതി വീര്‍പ്പിച്ച കണക്കുകള്‍ കൊണ്ട് ഏച്ചുകെട്ടുകയാണ്. കേരളം വ്യവസായ സൗഹൃദം പൂര്‍ണമായി ഉള്ള സംസ്ഥാനമായി മാറണമെന്നത് എല്ലാവരുടേയും സ്വപ്നമാണ്. രാഷ്ട്രീയത്തിന് അപ്പുറത്തിലുള്ള എല്ലാ പിന്തുണയും പ്രതിപക്ഷം നല്‍കും. എന്നാല്‍ വ്യവസായത്തെ സംബന്ധിച്ച് തെറ്റായ കണക്കുകളാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്, പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കോവിഡ് കാലത്ത് ഇത്തരത്തില്‍ ഇടതുസര്‍ക്കാര്‍ പിആര്‍ വര്‍ക്ക് നടത്തി തെറ്റായ കണക്ക് പുറത്തു വിട്ടിരുന്നു. കൊച്ചുകേരളം കോവിഡിനെ പിടിച്ചുകെട്ടി എന്നായിരുന്നു പ്രചാരണം. എന്നാല്‍ പിന്നീട് യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തു വന്നു. കേരളം കോവിഡ് കാലത്തുണ്ടായ യഥാര്‍ത്ഥ മരണങ്ങള്‍ ഒളിപ്പിച്ചു വെക്കുകയായിരുന്നു. 28,000 മരണങ്ങളാണ് ഔദ്യോഗികമായ കണക്കു പുറത്തു വിടാതെ കേരളം വെച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച രണ്ടാമത്തെ സംസ്ഥാനവും കേരളമാണ് എന്ന് രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.
മൂന്നുലക്ഷം വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതനുസരിച്ച് ഒരു നിയോജക മണ്ഡലത്തില്‍ രണ്ടായിരം പുതിയ സംരംഭങ്ങള്‍ വച്ചെങ്കിലും വരണം. അങ്ങനെയെങ്കില്‍ മിനിമം ഒരു ലക്ഷം രൂപയുടെ ഇന്‍വെസ്റ്റ്മെന്റ് എങ്കിലും പരിഗണിച്ചാല്‍, കേരളത്തില്‍ 30,000 കോടി രൂപയുടെ വളര്‍ച്ച സംസ്ഥാനത്തിന് ഉണ്ടാകും. രാജ്യത്തെ ജിഡിപിയിലേക്ക് നമ്മുടെ സംസ്ഥാനത്തിന്റെ സംഭാവന 3.8 ശതമാനമാണ്. 2022ലും 2023ലും ഇതു തന്നെയാണ്. ഒരു വ്യത്യാസവും വന്നിട്ടില്ല. രാജ്യത്തെ സമ്പദ് വ്യവസ്ഥയിലേക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് സംഭാവന ചെയ്യുന്ന സംസ്ഥാനമാണ് കേരളം. അത് അങ്ങനെ തന്നെ തുടരുകയാണ്.
വ്യാവസായിക വളര്‍ച്ചാ നിരക്കില്‍ ഇല്ലാത്ത നരേറ്റീവ് ഉണ്ടാക്കി പറയുമ്പോള്‍ യഥാര്‍ത്ഥ വസ്തുത മനസ്സിലാക്കണം. 40 ലക്ഷത്തിന് മുകളില്‍ വിറ്റുവരവുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ജിഎസ്ടി രജിസ്ട്രേഷന്‍ വേണം. എന്നാല്‍ ജി എസ് ടി രജിസ്‌ട്രേഷന്‍ കൂടിയിട്ടില്ല. സര്‍ക്കാര്‍ കണക്കു പ്രകാരമാണെങ്കില്‍ കുറഞ്ഞത് ഒന്നര ലക്ഷം ജിഎസ്ടി രജിസ്ട്രേഷന്‍ എങ്കിലും വേണ്ടതാണ്. എന്നാല്‍ 15000 പോലും പുതിയ സംരംഭങ്ങളുടെ ജി എസ് ടി രജിസ്‌ട്രേഷന്‍ ഉണ്ടായിട്ടില്ല.
ചില്ലറ മൊത്ത വ്യാപാരങ്ങളെക്കൂടി എംഎസ്എംഇ നിര്‍വചനത്തില്‍പ്പെടുത്തി. അപ്രകാരമാണ് എംഎസ്എംഇ കൂടിയത്. അങ്ങനെയാണ് 64,000 പോലും ഉണ്ടായത് എന്ന് തിരിച്ചറിയേണ്ടതാണ്. സ്റ്റാര്‍ട്ട് അപ് ഇക്കോ സിസ്റ്റത്തെ സംബന്ധിച്ച് വിചിത്രമായ താരതമ്യമാണ് സര്‍ക്കാര്‍ നടത്തുന്നത്. 254 ശതമാനം വര്‍ദ്ധനവെന്ന് പറയുന്നു. 2019-2021മായി താരതമ്യം ചെയ്താണ് കണക്ക്. ഒരു സ്റ്റാര്‍ട്ട്അപ്പും വരാത്ത കോവിഡ് കാലവുമായാണ് താരതമ്യപ്പെടുത്തിയത്. ഇക്കോ സിസ്റ്റം വാല്യു കേരളത്തില്‍ 1.7 ബില്യണ്‍ യുഎസ് ഡോളറാണ്. എന്നുവെച്ചാല്‍ 170 കോടി ഡോളര്‍. നല്ല വളര്‍ച്ചയാണ്. അതേസമയം കര്‍ണാടകത്തില്‍ 1590 കോടിയുടെ വളര്‍ച്ചയാണ് സ്റ്റാര്‍ട്ടപ്പില്‍ ഉണ്ടായതെന്ന് വി ഡി സതീശന്‍ പറഞ്ഞു.
താന്‍ പറഞ്ഞത് ശശി തരൂരിനുള്ള മറുപടിയല്ല. ഇപ്പോള്‍ പറഞ്ഞത് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയാണ്. തരൂരിനെ നേരിട്ടു കാണുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹത്തെ നേരിട്ടു മനസ്സിലാക്കി കൊടുക്കും. മുമ്പ് ശശി തരൂര്‍ സില്‍വര്‍ ലൈനിനെ അനുകൂലിച്ചിരുന്നു. അപ്പോള്‍ അതിന്റെ ഡാറ്റ തരൂരിന് അയച്ചു കൊടുത്തു. അപ്പോള്‍ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടതു പ്രകാരം, ഡല്‍ഹിയില്‍ തരൂരിന്റെ വസതിയില്‍ പോയി ബ്രീഫ് ചെയ്തു. അതിനുശേഷം, കെ റെയില്‍ പ്രായോഗികമല്ലെന്ന് വ്യക്തമാക്കി തരൂര്‍ ഫെയ്സ്ബുക്കിലൂടെ വിശദീകരണക്കുറിപ്പ് ഇട്ടിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മൂന്നു ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്ന് സര്‍ക്കാര്‍ ആരെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും വിഡി സതീശന്‍ ചോദിച്ചു.
തരൂരിന് നല്ല ഉപദേശം നല്‍കിയെന്ന് കെ സുധാകരന്‍
ശശി തരൂരിന് താന്‍ 'നല്ല ഉപദേശം' കൊടുത്തതായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. എന്താണ് ആ ഉപദേശമെന്ന് നിങ്ങള്‍ വായിച്ചെടുത്താല്‍ മതിയെന്നും സുധാകരന്‍ കാസര്‍കോടുവെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെ വ്യവസായരംഗത്തെ നേട്ടത്തെയും പുകഴ്ത്തിയ തരൂരിനെതിരെ പാര്‍ട്ടിയുടെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമുയരുന്നതിനിടെയാണ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.
'ശശി തരൂരിന്റെ അഭിപ്രായം അദ്ദേഹം പറഞ്ഞു. വ്യക്തികള്‍ക്ക് പല തീരുമാനമുണ്ടാകാം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ തീരുമാനമുണ്ട്. പാര്‍ട്ടിയുടെ തീരുമാനമാണ് ഔദ്യോഗികമായി ഞങ്ങള്‍ അനുസരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നത്. ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്താക്കണോ എന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും. അതിന് കഴിവുള്ള നേതാക്കളുടെ കൈകളിലാണ് പാര്‍ട്ടിയുള്ളത്. അതില്‍ ഞങ്ങള്‍ക്ക് അഭിപ്രായമില്ല. നല്ല ഉപദേശം കൊടുത്തിട്ടുണ്ട് ശശി തരൂരിന്. ഞാന്‍ പറയേണ്ട കാര്യം അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അതെന്താണ് എന്ന് നിങ്ങള്‍ വായിച്ചെടുത്താല്‍ മതി.' -കെ. സുധാകരന്‍ പറഞ്ഞു.