തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം ഉയരവെ മന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നു. മന്ത്രിയുടെ വിദ്വേഷപരാമര്‍ശം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമെന്ന് സതീശന്‍ പറഞ്ഞു. സജി ചെറിയാന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ തീപ്പൊരി വീഴാന്‍ കാത്തിരിക്കുന്നവരുടെ കൈകളിലേക്ക് തീപ്പന്തം എറിഞ്ഞ് കൊടുക്കുന്ന നടപടിയാണ് സിപിഎം ചെയ്യുന്നന്നത്. തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണിത്. കേരളത്തില്‍ സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭം ഇതുകൊണ്ട് കുറിക്കും. ആര്‍ക്കാണ് ഇതുകൊണ്ട് ലാഭമുണ്ടാകുക കാണാം. ഞാന്‍ ഈ പറയുന്നത് കുറിച്ചുവെച്ചോയെന്നും സതീശന്‍ പറഞ്ഞു. ആളുകളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ സംഘപരിവാര്‍ പാതയാണ് സിപിഎം തിരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമുദായ നേതാക്കള്‍ തന്നെ താരതമ്യം ചെയ്ത് ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കളെ പുകഴ്ത്തി പറയുന്നതില്‍ തനിക്ക് സന്തോഷമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തന്നേക്കാള്‍ മികച്ച നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. രമേശ് ചെന്നിത്തല തന്റെ നേതാവാണെന്നും സതീശന്‍ വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കള്‍ പരിധിവിട്ട് സമുദായ നേതാക്കളെ ആശ്രയിച്ച ഒരുകാലത്ത് താന്‍ വിമര്‍ശിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളെയാണ് വിമര്‍ശിച്ചതെന്നും സതീശന്‍ പറഞ്ഞു. 'സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ ഇരിക്കാനെ പാടുള്ളൂ. കിടക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. അത് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ അവരുടെ മുന്നില്‍ കിടക്കില്ല. ഇരിക്കുകയേ ഉള്ളൂ' സതീശന്‍ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് എന്‍എസ്എസ് ആസ്ഥാനത്ത് സതീശന്‍ എത്തിയിരുന്നെന്ന സുകുമാരന്‍ നായരുടെ പരാമശത്തോടും അദ്ദേഹം പ്രതികരിച്ചു. ഞാന്‍ ഒരു പ്രാവശ്യമല്ല. പല പ്രാവശ്യം പോയിട്ടുണ്ട്. വെള്ളാപ്പള്ളി നടേശന്റെ വസതിയില്‍ പോയിട്ടുണ്ട്. മുഴുവന്‍ സമുദായ നേതാക്കളെ കാണാന്‍ പോകാറുണ്ട്. ഇപ്പോഴും നേരത്തെയും പോയിട്ടുണ്ട്. രാഷ്ട്രീയനേതാക്കള്‍ സമുദായനേതാക്കളെ കണ്ട് കൂടിക്കാഴ്ച നടത്തുന്നതില്‍ എന്താണ് തെറ്റ്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് ഞാന്‍ പെരുന്നയില്‍ പോയത്. അതിനെന്താണ് കുഴപ്പം.

പ്രതിപക്ഷ നേതാവായതിന് ശേഷവും ഞാനും കെ.സി.വേണുഗോപാലും സുകുമാരന്‍ നായരെ സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം ആശുപത്രിയിലായിരുന്നപ്പോള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. വെള്ളാപ്പള്ളി നടേശനുമായി ദീര്‍ഘനേരം സംസാരിച്ചിട്ടുണ്ട്, അതിലെന്താണ് കുഴപ്പം' സതീശന്‍ ചോദിച്ചു. വോട്ട് എന്ന് പറയുന്നത് അവരുടെ ആരുടേയും കൈയില്‍ ഇരിക്കുന്നതാണോ..ജനങ്ങള്‍ നല്‍കുന്ന വോട്ടാണെന്നും സതീശന്‍ പറഞ്ഞു. ഒരു സമുദായത്തേയും താന്‍ തള്ളി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയത ആര് പറഞ്ഞാലും എതിര്‍ക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. വ്യക്തിപരമായി രാഷ്ട്രീയ ജീവിതത്തില്‍ എന്ത് നഷ്ടം വന്നാലും ഈ നിലപാടില്‍ ഈ സ്ഥാനത്തിക്കന്നിടത്തോളം കാലം വെള്ളം ചേര്‍ക്കില്ല. ഈ വൃത്തികേട് കണ്ടിട്ട് അത് കേട്ടില്ല, കണ്ടില്ല എന്ന് നടിക്കണോ. ജയിച്ചു വന്നവരുടെ മതം നോക്കാന്‍ പറഞ്ഞിരിക്കുകയാണ്. അത് കേട്ട് മിണ്ടാതിരിക്കുന്നതിലും ബേധം ഇത് നിര്‍ത്തി വല്ല പണിക്കും പോകുന്നതാണ്. അതിന് എന്നെക്കിട്ടില്ല അദ്ദേഹം പറഞ്ഞു.

വര്‍ഗീയതയ്ക്കെതിരായി നിലപാട് എടുത്തതിന്റെ പേരില്‍ ഏത് ആക്രമണവും നേരിടാന്‍ താന്‍ തയാറാണെന്ന് വിഡി സതീശന്‍ പറഞ്ഞു. വര്‍ഗീയതയുമായി ഏറ്റുമുട്ടി തോറ്റ് നിലത്ത് വീണാലും അത് വീരോചിതമായ ചരമമായിരിക്കും. അല്ലാതെ, വെറുതേ പോകില്ല. എനിക്ക് ഭയമില്ല. ഞാന്‍ പറഞ്ഞിരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിലപാടാണ്. ഞാന്‍ ഒരു കോണ്‍ഗ്രസുകാരനായതുകൊണ്ടാണ് എനിക്ക് അങ്ങനെ സംസാരിക്കാന്‍ പറ്റുന്നത്. കേരളത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്. കേരളത്തെ ഭിന്നിപ്പിക്കാന്‍ ആര് വന്നാലും അതിനെ ചെറുക്കുക തന്നെ ചെയ്യും അദ്ദേഹം പറഞ്ഞു.