മലപ്പുറം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ പെട്ട് ചാലിയാറിലൂടെ ഒഴുകിവന്ന മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും എണ്ണം 205 കടന്നു. ഇന്നലെയും മൂന്ന് മൃതദേഹങ്ങള്‍ ഇവിടെ നിന്നും ലഭിച്ചു. ഇന്നലെ ലഭിച്ച 3 മൃതദേഹങ്ങളും 18 വയസ്സില്‍ താഴെയുള്ളവരുടേതാണ് 12, 15, 16 വയസ്സ് തോന്നിക്കുന്നവ. പുറമേ 13 ശരീരഭാഗങ്ങളും ഇന്നലെ ലഭിച്ചു. മൂന്ന് ശരീരഭാഗങ്ങള്‍ തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു.

മൃതദേഹങ്ങളേക്കാളും കൂടുതല്‍ ശരീര ഭാഗങ്ങളാണ് ചാലിയാറില്‍ നിന്നും കണ്ടെത്തിയിട്ടുള്ളത്. പുഴയോരത്ത് വിവിധയിടങ്ങളിലെ തിരച്ചിലില്‍ 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളുമാണു കണ്ടെടുത്തത്. ഉടല്‍ വേര്‍പെട്ട തലയും കൈകാലുകളും കാല്‍പാദങ്ങളും ഉള്‍പ്പെടെ ഭയാനകമായ വിധത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കുന്നത്.

ഇന്നലെയും ചാലിയാര്‍ തീരത്തുടനീളം വിവിധ സേനകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടന്നു. ഔദ്യോഗിക കണക്കു പ്രകാരം 37 പുരുഷന്‍മാരുടെയും 29 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 4 പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണു ചാലിയാറില്‍നിന്ന് ഇതുവരെ ലഭിച്ചത്. 12 വയസ്സില്‍ താഴെയുള്ളവ മാത്രമാണു കുട്ടികള്‍ എന്ന കണക്കില്‍ ആരോഗ്യ വകുപ്പ് ഉള്‍പ്പെടുത്തുന്നത്.

അതേസമയം ഉരുള്‍പൊട്ടല്‍ മേഖലകളിലെ ഇന്നലെ അവസാനിപ്പിച്ച തെരച്ചില്‍ ഇന്നും തുടരും. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലായിരിക്കും തെരച്ചില്‍. ചാലിയാറില്‍ നാളെ രാവിലെ ഏഴ് മണിയോടെ രണ്ട് ഭാഗങ്ങളായി തെരച്ചില്‍ പുനരാരംഭിക്കും. ചാലിയാറിലെ തെരച്ചിലും തിങ്കളാഴ്ചയോടെ അവസാനിപ്പിക്കും. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ മരണസംഖ്യ 365 ആയി. 148 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌ക്കരിക്കും. സര്‍വ്വമത പ്രാര്‍ത്ഥനയോടെ ആയിരിക്കും സംസ്‌കാരം നടത്തുക.

ഇന്നലെ നാല് മൃതദേഹങ്ങളാണ് ദുരന്തഭൂമിയില്‍ നിന്നും കണ്ടെടുത്തത്. ഉരുള്‍പൊട്ടല്‍ ബാധിച്ച എല്ലാ സ്ഥലങ്ങളിലും ഇന്നലെ തെരച്ചില്‍ നടത്തി. ആദ്യ ദിവസങ്ങളിലെ പോലെ തന്നെ വിവിധ സേനകളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലാണ് ഇന്നലെയും തെരച്ചില്‍ നടത്തിയത്.

ഇന്നും ഇതേ രീതിയില്‍ തന്നെ പരിശോധന തുടരും. വിവിധ സംഘങ്ങളായി തിരിഞ്ഞ് പുഞ്ചിരിമട്ടം, ചൂരല്‍മല, മുണ്ടക്കൈ ഒപ്പം തന്നെ സൂചിപ്പാറയിലെ താഴ്ഭാഗങ്ങള്‍, ചാലിയാര്‍ പുഴയിലെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ പരിശോധനയും തുടരും. അഞ്ചാം ദിവസവും ആരെയും ജീവനോടെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ചാലിയാറില്‍ നിന്ന് ഇന്നലെ കണ്ടെത്തിയത് 12 മൃതദേഹങ്ങളാണ്. ഇതോടെ ചാലിയാറില്‍ വിപുലമായ തെരച്ചില്‍ നടത്താനാണ് തീരുമാനം. പുഴ ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലടക്കം തിങ്കളാഴ്ച പരിശോധന നടത്തും. തുടര്‍ന്ന് തിങ്കളാഴ്ചയോടെ പരിശോധന അവസാനിപ്പിക്കാനാണ് തീരുമാനം.