- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറ്റിങ്ങിന് പിന്നാലെ ബൗളിങ്ങിലും പിഴച്ചു; തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമായി രാജസ്ഥാന് റോയല്‍സ്; കൊല്‍ക്കത്തയോട് വഴങ്ങിയത് 8 വിക്കറ്റിന്റെ തോല്‍വി; 97 റണ്‍സും നിര്‍ണ്ണായക ക്യാച്ചുമായി കൊല്‍ക്കത്തയുടെ താരമായി ഡികോക്ക്
ഐപിഎല്ലില്‍ രാജസ്ഥാന് തുടര്‍ച്ചയായ രണ്ടാം തോല്‍വി
ഗുവാഹത്തി: ബാറ്റിങ്ങിലെ പിഴവ് ബൗളിങ്ങിലും ആവര്‍ത്തിച്ചപ്പോള്‍ ഐപിഎല്ലില്‍ രാജസ്ഥാന് തുടര്‍ച്ചയായ രണ്ടാം തോല്‍വി.ഹോം ഗ്രൗണ്ടില്‍ 8 വിക്കറ്റിന്റെ കനത്ത തോല്‍വിയാണ് രാജസ്ഥാന്‍ ഇത്തവണ കൊല്‍ക്കത്തയോട് വഴങ്ങിയത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 17.3 ഓവറില്‍ വിജയത്തിലെത്തി.61 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന കൊല്‍ക്കത്ത ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിന്റെ പ്രകടനമാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക് കരുത്തായത്. ആറു സിക്സുകളും എട്ട് ഫോറുകളുമാണ് ക്വിന്റന്‍ അതിര്‍ത്തി കടത്തിയത്.ഇംപാക്ട് പ്ലേയറായി ഇറങ്ങിയ അങ്ക്രിഷ് രഘുവംശി 22 റണ്‍സെടുത്തു പുറത്താകാതെനിന്നു.മൊയീന്‍ അലി (അഞ്ച്), ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (18) എന്നിവരാണ് കൊല്‍ക്കത്തയുടെ പുറത്തായ ബാറ്റര്‍മാര്‍.
15 പന്തുകള്‍ ബാക്കിനില്‍ക്കേ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.രണ്ട് മത്സരങ്ങളും തോറ്റ രാജസ്ഥാന്‍,പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റിയാന്‍ പരാഗിന്റെ നേതൃത്വത്തിലുള്ള സംഘം നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലാണ് (33) ടോപ് സ്‌കോറര്‍. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ, മോയിന്‍ അലി, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടി.
സഞ്ജു സാംസണാണ് (13) ആദ്യം പുറത്തായത്. പിന്നാലെ ക്യാപ്റ്റന്‍ റിയാന്‍ പരാഗും (15 പന്തില്‍ 25) മടങ്ങി. 15 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ വീണതോടെ രാജസ്ഥാന്റെ നില പരുങ്ങലിലായി. നിധീഷ് റാണ (8), വനിന്ദു ഹസരങ്ക (4), ഇംപാക്ട് പ്ലെയറായെത്തിയ ശുഭം ദുബെ (9), ഷിംറോണ്‍ ഹെറ്റ്മയര്‍ (7) എന്നിവര്‍ രണ്ടക്കം കടക്കാതെ നിരാശപ്പെടുത്തി. അതേസമയം ജോഫ്ര ആര്‍ച്ചര്‍ അവസാനത്തില്‍ ആറു പന്തില്‍ രണ്ട് സിക്സ് സഹിതം 16 റണ്‍ശ് നേടി പുറത്തായി. 28 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതമാണ് ജുറേലിന്റെ 33 റണ്‍സ്.
കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി, മോയീന്‍ അലി, വൈഭവ് അറോറ, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടി. സ്പെന്‍സര്‍ ജോണ്‍സന് ഒരു വിക്കറ്റ്.സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇരു ടീമും മത്സരത്തിനിറങ്ങിയത്. രാജസ്ഥാന്‍ ആദ്യമത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടാണ് കൊല്‍ക്കത്തയെത്തിയത്.