കാത്തിരിപ്പുകള്‍ അവസാനിക്കുന്നു; ഇനി മിനി സ്ക്രീനില്‍ 'കാട്ടു തീ'; അല്ലു അര്ജുന് ചിത്രം പുഷ്പ 2 ഒടിടിയിലേക്ക്; ചിത്രം ഈ മാസം അവസാനം നെറ്റ്ഫ്ളിക്സില്‍
ബോക്സോഫീസില്‍ വന്‍ ഹിറ്റ് നേടിയ ചിത്രമാണ് പുഷ്പ 2. അല്ലു അര്ജുന് നായകനായി എത്തിയ ചിത്രത്തില്‍ രശ്മിക മന്ദാനയായിരുന്നു നായിക. 1800 കോടിയിലധികം രൂപയാണ് സിനിമ ബോക്സ് ഓഫീസില്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
പുറത്ത് വരുന്ന റിപ്പോര്‍ട്ട് പ്രകാരം ഈ മാസം അവസാനം ചിത്രം എത്തുമെന്നാണ് കരുതുന്നത്. നെറ്റഫ്ളിക്സിലൂടെയാണ് ഒടിടി റിലീസായി ചിത്രം എത്തുന്നത്. വന്‍ തുകയ്ക്കാണ് ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായി നെറ്റ്ഫ്ളിക്സ് വാങ്ങിയത്. ഇരുപത് മിനിട്ടോളമുള്ള എക്സ്ട്രാ സീനുകള്‍ കൂട്ടിച്ചേര്‍ത്ത് ചിത്രത്തിന്റെ ഒരു റീലോഡഡ് വേര്‍ഷന്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. ഈ പുതിയ വേര്‍ഷനാണ് നെറ്റ്ഫ്ലിക്സിലും എത്തുന്നത്. 3 മണിക്കൂര്‍ 44 മിനിറ്റാണ് സിനിമയുടെ പുതിയ ദൈര്‍ഘ്യം. ചിത്രം ജനുവരി 30 ന് സ്ട്രീമിങ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തുന്നത്.
അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിര്‍മിച്ചത്. സമ്മിശ്ര പ്രതികരണം ലഭിച്ച സിനിമയ്ക്ക് കേരളത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. എങ്കിലും ആഗോളതലത്തില്‍ അല്ലു അര്‍ജുന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ സിനിമയാണ് പുഷ്പ 2.