വീണ്ടും ഹിറ്റ് അടിക്കാൻ അർജുൻ അശോകൻ; ഒടുവിൽ 'അൻപോട് കണ്‍മണി' തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

Update: 2025-01-05 13:01 GMT

കൊച്ചി: ലിജു തോമസിന്റെ സംവിധാനത്തിൽ അർജുൻ അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് 'അൻപോട് കണ്‍മണി'. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം പല തവണ പല കാരണങ്ങളാല്‍ ചിത്രം മാറ്റിവെച്ചിരുന്നു. ക്രിയേറ്റീവ് ഫിഷിൻ്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. ഒടുവില്‍ അൻപോട് കണ്‍മണി തിയറ്ററുകളില്‍ എത്തുകയാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജൂലൈ 24നാണ് ചിത്രത്തിന്റെ റിലീസ്.

ചിത്രത്തിൽ അൽത്താഫ് സലിം, മാലാ പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആൻ്റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സരിൻ രവീന്ദ്രനും എഡിറ്റിംഗ് സുനിൽ എസ്. പിള്ളയുമാണ്. മനു മഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബിയാണ് സംഗീതം പകർന്നിട്ടുള്ളത്. അസോസിയേറ്റ് ഡയറക്ടർ പ്രദീപ് പ്രഭാകർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ സനീപ് ദിനേഷ് എന്നിവരുമാണ്. ആസിഫ് അലിയും ബിജു മേനോനും ഒന്നിച്ച 'കവി ഉദ്ദേശിച്ചത്' എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ലിജു തോമസ് സംവിധാനം ചെയ്യുന്നതാണ് അൻപോട് കണ്‍മണി. പ്രദീപ് പ്രഭാകറും പ്രിജിൻ ജെസ്സിയുമാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ.

ജിതേഷ് അഞ്ചുമനയാണ് പ്രൊഡക്ഷൻ കൺട്രോളർ. മേക്കപ്പ് നരസിംഹ സ്വാമിയും വസ്ത്രാലങ്കാരം ലിജി പ്രേമനും നിർവഹിക്കുന്നു. ചിന്റു കാർത്തികേയൻ ക്രിയേറ്റീവ് പ്രൊഡ്യൂസറും ബാബു പിള്ള കലാസംവിധാനവും നിർവ്വഹിക്കുന്നു. ലിജു പ്രഭാകർ കളറിസ്റ്റും ശബ്ദ രൂപകല്പന കിഷൻ മോഹനും ഫൈനൽ മിക്സ് ഹരിനാരായണനുമാണ് നിർവഹിച്ചിരിക്കുന്നത്. സ്റ്റുഡിയോ സപ്താ റെക്കോർഡ്സ്. സനൂപ് ദിനേശാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്സ്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ്.

Tags:    

Similar News