ഗോള്‍ഡന്‍ ഗ്ലോബ് അവാർഡ്‌സ്; 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ന് പുരസ്കാരം നഷ്ടമായി; പുരസ്കാരങ്ങൾ വാരി മ്യൂസിക്കല്‍ ക്രൈം കോമഡി 'എമിലിയ പെരേസ്'
കാലിഫോര്‍ണിയ: എണ്‍പത്തിരണ്ടാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര പ്രഖ്യാപനത്തിൽ ഇന്ത്യക്ക് നിരാശ. പായല്‍ കപാഡിയയുടെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' (പ്രഭയായ് നിനച്ചതെല്ലാം)ന് മികച്ച ഇംഗ്ലീഷ് ഇതരഭാഷാ ചിത്രത്തിനുള്ള പുരസ്കാരം നഷ്ടമായി. ജാക്വസ് ഓഡിയാർഡ് സംവിധാനം ചെയ്ത മ്യൂസിക്കല്‍ ക്രൈം കോമഡിയായ 'എമിലിയ പെരേസ്' ആണ് മികച്ച ഇംഗ്ലീഷിതര സിനിമയ്ക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് സ്വന്തമാക്കിയത്. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിന്റെ സംവിധാന മികവിന് ബ്രാഡി കോർബറ്റിനാണ് മികച്ച സംവിധാനത്തിനുള്ള പുരസ്കാരം ലഭിച്ചത്. പായല്‍ കപാഡിയയും ഈ വിഭാഗത്തിൽ മത്സരിച്ചിരുന്നു.
എമിലിയ പെരേസിന്റെ സംവിധായകന്‍ ജാക്വസ് ഔഡിയാഡ് ആണ് മികച്ച സംവിധായകന്‍. മികച്ച ഇംഗ്ലീഷിതര ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടി (കര്‍ള സോഫിയ ഗാസ്‌കോണ്‍), മികച്ച സ്വഭാവനടി (സോ സല്‍ദാന, സലേന ഗോമസ്) അടക്കം നാല് അവാര്‍ഡുകള്‍ എമിലിയ പെരേസ് നേടി. ഗോള്‍ഡന് ഗ്ലോബിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യത്തെ ട്രാന്‍സ്ജന്‍ഡര്‍ ആക്ടര്‍ എന്ന പ്രത്യേകതയും കര്‍ള സോഫിയ ഗാസ്‌കോണിനുണ്ട്.
രണ്ട് നോമിനേഷനുകളാണ് ഗോള്‍ഡന്‍ ഗ്ലോബില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന് ഉണ്ടായിരുന്നത്. മികച്ച ഇംഗ്ലീഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നിവയ്ക്ക് ആയിരുന്നു നോമിനേഷന്‍. 2024-ലെ കാന്‍ ഗ്രാന്‍ഡ് പ്രിക്‌സ് നേടിയ ആദ്യ ഇന്ത്യന്‍ ചിത്രമായി ഈ ചിത്രം മാറി.ഏഷ്യാ പസഫിക് സ്‌ക്രീന്‍ അവാര്‍ഡിലെ ജൂറി ഗ്രാന്‍ഡ് പ്രൈസ്, ഗോതം അവാര്‍ഡിലെ മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍, ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സ് സര്‍ക്കിളിന്റെ മികച്ച അന്താരാഷ്ട്ര ചലച്ചിത്ര അവാര്‍ഡ് എന്നിവയും ഇതിന് ലഭിച്ചിട്ടുണ്ട്. സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത് മലയാളി നടിമാരായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരാണ്. സിനിമയിലെ വളരെ ബോള്‍ഡായ സീനുകളും ഏറെ ശ്രദ്ധനേടിയിരുന്നു.