ഹൈദരാബാദിന്റെ ബാറ്റിങ്ങ് വീര്യത്തെ ബൗളിങ്ങില്‍ തളച്ച് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്; സണ്‍റൈസേഴ്സിനെ തറപറ്റിച്ചത് 80 റണ്‍സിന്; മൂന്നുവിക്കറ്റുമായി തിളങ്ങി വൈഭവും വരുണും; സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയവഴിയില്‍ തിരിച്ചെത്തി കൊല്‍ക്കത്ത

വിജയവഴിയില്‍ തിരിച്ചെത്തി കൊല്‍ക്കത്ത

Update: 2025-04-03 18:09 GMT

കൊല്‍ക്കത്ത:ബാറ്റിങ്ങിന് പേരുകേട്ട ഹൈദരാബാദിനെ ബൗളിങ്ങ് മികവില്‍ തളച്ച് സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയവഴിയില്‍ തിരിച്ചെത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 201 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് നീങ്ങിയ വമ്പനടിക്കാരുടെ നീണ്ടനിരയുള്ള സണ്‍റൈസേഴ്‌സ് ലക്ഷ്യത്തിന് 80 റണ്‍സ് അകലെ വീണു. 16.4 ഓവറില്‍ 120 റണ്‍സെടുക്കാനെ ഹൈദരാബാദിന് സാധിച്ചുള്ളു.21 പന്തില്‍33 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെയ്ന്റിച്ച് ക്ലാസന്‍ ആണ് ഓറഞ്ച് ആര്‍മിയുടെ ടോപ് സ്‌കോറര്‍.ഇംപാക്ട് പ്ലെയറായി ഇറങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ വൈഭവ് വൈഭവ് അരോറയും, മൂ്ന്നു വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ ബൗളിങ്ങ് മികവിലാണ് കൊല്‍ക്കത്ത അനായാസം ജയിച്ചു കയറിയത്.

നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങിയാണ് വൈഭവ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.22 റണ്‍സ് വിട്ടുനല്‍കിയാണ് വരുണ്‍ ചക്രവര്‍ത്തിയുടെ മൂന്നു വിക്കറ്റ് നേട്ടം.ട്രാവിസ് ഹെഡ് (4), അഭിഷേക് ശര്‍മ (2), ഇഷാന്‍ കിഷന്‍ (2) തുടങ്ങി ഹൈദരാബാദ് നിരയിലെ പേരുകേട്ട ബാറ്റര്‍മാര്‍ക്കെല്ലാം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ പിഴച്ചു.21 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 33 റണ്‍സെടുത്ത ഹെന്‍ റിച്ച് ക്ലാസനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.ക്ലാസനെ കൂടാതെ കാമിന്ദു മെന്‍ഡിസ് (27), നിതീഷ് കുമാര്‍ റെഡ്ഡി (19), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (14) എന്നിവര്‍ മാത്രമാണ് ഹൈദരാബാദ് നിരയില്‍ രണ്ടക്കം കണ്ടത്.

ആന്ദ്രേ റസ്സല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.ഹര്‍ഷിത് റാണ, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 200 റണ്‍സെടുത്തത്. മോശം തുടക്കത്തിനു ശേഷമായിരുന്നു കൊല്‍ക്കത്തയുടെ തിരിച്ചുവരവ്. ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡിക്കോക്ക് (1), സുനില്‍ നരെയ്ന്‍ (7) എന്നിവരെ മൂന്ന് ഓവറുകള്‍ക്കുള്ളില്‍ കൊല്‍ക്കത്തയ്ക്ക് നഷ്ടമായിരുന്നു. എന്നാല്‍, മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ-ആംഗ്രിഷ് രഘുവംശി സഖ്യം 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്നിങ്സ് ട്രാക്കിലാക്കി. 27 പന്തില്‍നിന്ന് 38 റണ്‍സെടുത്ത രഹാനെയെ പുറത്താക്കി സീഷാന്‍ അന്‍സാരിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നാലു സിക്സും ഒരു ഫോറുമടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്.

പിന്നാലെ അര്‍ധ സെഞ്ചുറി തികച്ച രഘുവംശിയെ കാമിന്ദു മെന്‍ഡിസും പുറത്താക്കി.32 പന്തില്‍നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 50 റണ്‍സെടുത്താണ് താരം മടങ്ങിയത്.അയ്യര്‍-റിങ്കു സഖ്യം കൊല്‍ക്കത്തയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.29 പന്തുകള്‍ മാത്രം നേരിട്ട അയ്യര്‍ മൂന്ന് സിക്‌സും ഏഴ് ഫോറും നേടി.അവസാന ഓവറിലാണ് താരം മടങ്ങുന്നത്. റിങ്കുവിനൊപ്പം 91 റണ്‍സിന്റെ വിലപ്പെട്ട കൂട്ടുകെട്ടുണ്ടാക്കാന്‍ അയ്യര്‍ക്ക് സാധിച്ചു.വെറും 41 പന്തില്‍നിന്ന് 91 റണ്‍സാണ് ഈ സഖ്യം അടിച്ചെടുത്തത്.

ആന്ദ്രെ റസല്‍ അവസാന പന്തില്‍ റണ്ണൗട്ടായി 1(2). ഹൈദരാബാദിന് വേണ്ടി മുഹമ്മദ് ഷമി, പാറ്റ് കമ്മിന്‍സ്, സീഷാന്‍ അന്‍സാരി, ഹര്‍ഷല്‍ പട്ടേല്‍, കാമിന്ദു മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

Similar News