തകര്‍ത്തടിച്ച് അര്‍ദ്ധ സെഞ്ച്വറിയുമായി വെങ്കിടേഷ് അയ്യരും രഘുവംശിയും; ഹൈദരാബാദിനെതിരെ 201 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി കൊല്‍ക്കത്ത; സ്വന്തം ഗ്രൗണ്ടില്‍ ജയിച്ചുകയറാന്‍ നൈറ്റ് റൈഡേര്‍സ്

ഹൈദരാബാദിനെതിരെ 201 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി കൊല്‍ക്കത്ത

Update: 2025-04-03 16:13 GMT

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 201 റണ്‍സ് വിജയലക്ഷ്യം.കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയരെ വെങ്കടേഷ് അയ്യര്‍ ആംഗ്കൃഷ് രഘുവന്‍ഷി എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.6 വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത 200 റണ്‍സെടുത്തത്.

ഓപ്പണര്‍മാര്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടതോടെ മികച്ച തുടക്കം എന്ന സ്വപ്നം വീണ്ടും കൊല്‍ക്കത്തയ്ക്ക് അകലെയായി.ഓപ്പണര്‍മാരായ ക്വന്റണ്‍ ഡി കോക്ക് 1(6) ആണ് ആദ്യം പുറത്തായത്.ടീം സ്‌കോര്‍ 14 റണ്‍സില്‍ എത്തി നില്‍ക്കെ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ സീഷാന്‍ അന്‍സാരിക്ക് ക്യാച്ച് നല്‍കിയാണ് ഡി കോക്കി മടങ്ങിയത്.മോശം ബാറ്റിംഗ് ഫോം തുടരുന്ന സുനില്‍ നരെയ്ന്‍ 7(7) മുഹമ്മദ് ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെയ്ന്റിച്ച് ക്ലാസന്‍ പിടിച്ച് പുറത്തായി.

മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ 38(27) , അന്‍ക്രിഷ് രഘുവംശി 50(32) സഖ്യം തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റി.81 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.തുടര്‍ന്ന് അയ്യര്‍-റിങ്കു സഖ്യം കൊല്‍ക്കത്തയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.29 പന്തുകള്‍ മാത്രം നേരിട്ട അയ്യര്‍ മൂന്ന് സിക്‌സും ഏഴ് ഫോറും നേടി.അവസാന ഓവറിലാണ് താരം മടങ്ങുന്നത്. റിങ്കുവിനൊപ്പം 91 റണ്‍സിന്റെ വിലപ്പെട്ട കൂട്ടുകെട്ടുണ്ടാക്കാന്‍ അയ്യര്‍ക്ക് സാധിച്ചു.വെറും 41 പന്തില്‍നിന്ന് 91 റണ്‍സാണ് ഈ സഖ്യം അടിച്ചെടുത്തത്.

അഞ്ചാമനായി ക്രീസിലെത്തിയ വെങ്കിടേഷ് അയ്യര്‍ 29 പന്തുകളില്‍ നിന്ന് ഏഴ് ഫോറും, മൂന്ന് സിക്‌സും സഹിതം 60 റണ്‍സെടുത്താണ് പുറത്തായത്.റിങ്കു സിംഗ് 32*(17)പുറത്താകാതെ നിന്നു.ആന്ദ്രെ റസല്‍ അവസാന പന്തില്‍ റണ്ണൗട്ടായി 1(2). ഹൈദരാബാദിന് വേണ്ടി മുഹമ്മദ് ഷമി, പാറ്റ് കമ്മിന്‍സ്, സീഷാന്‍ അന്‍സാരി, ഹര്‍ഷല്‍ പട്ടേല്‍, കാമിന്ദു മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

Similar News