ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസം തുടങ്ങിയിട്ട് പത്ത് വര്‍ഷം; മകള്‍ കൃഷ്ണപ്രിയയെ ചേര്‍ത്തു പിടിച്ചു ജീവിതം മുന്നോട്ടു പോയി; സാമ്പത്തിക തട്ടിപ്പിന് ഇരയായതോടെ പ്രിയ കടുത്ത മാനോവിഷമത്തില്‍; എസ്എസ്എല്‍സി പരീക്ഷയില്‍ കൃഷ്ണപ്രിയക്ക് ഉത്തരം തെറ്റിയപ്പോള്‍ പിടഞ്ഞത് അമ്മ മനസ്സ്; തകഴിയില്‍ പാളത്തില്‍ പൊലിഞ്ഞ അമ്മയും മകളും വേദനയാകുമ്പോള്‍
ആലപ്പുഴ: നാടിനെ നടുക്കിയ വീയപുരം പഞ്ചായത്തിലെ ഹെഡ് ക്ലാർക്ക് പ്രിയയുടെയും മകൾ കൃഷ്ണപ്രിയയുടെയും ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏക മകളുടെ പരീക്ഷയെ കുറിച്ചുള്ള ആശങ്ക മാനസിക സമ്മർദ്ദമായി മാറിയതിനെ തുടർന്നായിരുന്നു ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. തകഴി പഞ്ചായത്ത് ഏഴാം വാർഡിൽ കേളമംഗലം വിജയനിവാസിൽ പരേതരായ ഗോപാലകൃഷ്ണ പിള്ളയുടെയും വിജയലക്ഷ്മിയുടെയും മകൾ പ്രിയ (46), മകൾ കൃഷ്ണപ്രിയ (15) എന്നിവരാണ് ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് തകഴി ആശുപത്രി ലെവൽ ക്രോസിന് സമീപത്താണ് സംഭവം.
പ്രിയ സാമ്പത്തിക തട്ടിപ്പിനിരയായിരുന്നു. എന്നാൽ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ പ്രിയക്ക് ഇല്ലായിരുന്നതായാണ് സഹജീവനക്കാരടക്കം പ്രിയയെ അറിയാവുന്നവർ പറയുന്നത്. മകളുടെ പഠനവുമായി ബന്ധപ്പെട്ട പ്രിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് സൂചന. ഭർത്താവിൽ നിന്നും പത്ത് വർഷത്തോളമായി അകന്ന് നിൽക്കുന്ന പ്രിയക്ക് ഏക മകളായിരുന്നു ആശ്വാസമായി ഉണ്ടായിരുന്നത്. ഓസ്ട്രേലിയായിൽ ജോലിചെയ്യുന്ന ഭർത്താവ് മഹേഷ് കുമാറുമായി(കണ്ണൻ) ഏറെക്കാലമായി കുടുംബപ്രശ്നം നിലനിന്നിരുന്നു. ഇരുവരും വിവാഹമോചനത്തിന്റെ വക്കിലാണ്. പ്രിയയെ വിയ്യാപുരം പഞ്ചായത്തിൽ നിന്നും മലപ്പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നതായി പുറത്ത് വന്ന വാർത്തകൾ തെറ്റാണെന്നും ബന്ധുക്കൾ പറയുന്നു.
അമ്പലപ്പുഴയിലെ സ്വകാര്യ ഇംഗ്ലീഷ് മിഡിയം സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയായ മകൾ കൃഷ്ണപ്രിയ പഠനത്തിൽ മികവ് പുലർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ പരീക്ഷയിൽ ഏതാനും ചോദ്യങ്ങൾക്ക് ഉത്തരം തെറ്റിച്ചെന്ന കാരണത്താൽ മാതാവ് പ്രിയ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. വീയപുരം പഞ്ചായത്തിലെ ഹെഡ് ക്ലാർക്കായി ജോലിചെയ്തു വന്നിരുന്ന പ്രിയ മകളുടെ പഠനവുമായി ബന്ധപ്പെട്ട് ലീവെടുത്ത് വീട്ടിലിരിക്കുകയായിരുന്നു. കുടുംബപ്രശ്നങ്ങൾക്കൊപ്പം മകൾക്ക് പഠന നിലവാരം കുറവാണെന്ന ആശങ്കയിൽ മാനസികസമ്മർദ്ദം താങ്ങാനാവാതെ പ്രിയ ദിവസങ്ങൾക്കു മുൻപ് കൗൺസിലിങ്ങിൽ പങ്കെടുത്തിരുന്നു. ഇന്നലെ പരീക്ഷ ഇല്ലാത്തതിനാൽ മകളെ ഒപ്പംകൂട്ടി പ്രിയ ജോലി ചെയ്യുന്ന വീയപുരം പഞ്ചായത്തിലെത്തി.
ഒരുമണി വരെ പഞ്ചായത്ത് ഓഫീസിൽ കഴിച്ചുകൂട്ടിയ ശേഷമാണ് തകഴിയിൽ എത്തി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. മകളുമായി പഞ്ചായത്തിലെത്തിയ പ്രിയ കടുത്ത മാനസികസമ്മർദ്ദം പ്രകടിപ്പിച്ചിരുന്നതായി ജീവനക്കാർ പറയുന്നു. കുടുംബപ്രശ്നങ്ങളിൽ മനംനൊന്തു കഴിയുമ്പോഴാണ് മകളുടെ പഠനമികവിലെ ആശങ്ക പ്രിയയെ കടുത്ത മാനസിക സമ്മർദ്ദത്തിൽ എത്തിച്ചത്. പ്രിയയുടെ ഏകസഹോദരൻ പ്രമോദ് രണ്ടുവർഷം മുൻപ് മരണമടഞ്ഞിരുന്നു. പിന്നീട് പ്രിയയും മകൾ കൃഷ്ണപ്രിയയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എകമകളെ കാണാൻ പോലും മഹേഷ് നാട്ടിലെത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ അമ്പലപ്പുഴ പോലീസ് മേൽനടപടി സ്വീകരിച്ച ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.