മുന്‍ എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ഐപിഎസ് അന്തരിച്ചു; ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് അവധിയെടുത്ത ഉദ്യോഗസ്ഥന്റെ മരണം രാജസ്ഥാനില്‍ ചികിത്സയിലിരിക്കെ; പോലീസ് ആസ്ഥാനത്ത് ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ വിയോഗം
മുന്‍ എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ഐപിഎസ് അന്തരിച്ചു
തിരുവനന്തപുരം: മുന്‍ എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ഐപിഎസ് അന്തരിച്ചു. എക്സൈസ് കമ്മീഷണറായിരുന്ന മഹിപാല്‍ യാദവ് ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് അവധിയെടുത്ത് സ്വദേശമായ രാജസ്ഥാനില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പൊലീസ് ആസ്ഥാനത്ത് ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.
1997 ബാച്ച് ഐപിഎസ് ഓഫിസറാണ് മഹിപാല്‍ യാദവ്. കേന്ദ്ര ഡപ്യൂട്ടേഷന്‍ അവസാനിച്ചതിനെ തുടര്‍ന്ന് രണ്ടു വര്‍ഷം മുന്‍പ് സംസ്ഥാനത്തേക്കു മടങ്ങിയെത്തിയ മഹിപാല്‍ യാദവിനെ എക്സൈസ് കമ്മീഷണറായി സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. എസ് ആനന്ദകൃഷ്ണന്‍ വിരമിച്ച ഒഴിവിലായിരുന്നു നിയമനം.
എന്നാല്‍ ഒരു മാസം മുന്‍പ് ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് അവധിയില്‍ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ മാസം അവസാനം മഹിപാല്‍ യാദവ് അവധിയില്‍ പോയ ഒഴിവില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. എറണാകുളം ഐ ജി, കേരള ബിവറേജസ് കോര്‍പറേഷന്‍ എം ഡി എന്നീ നിലകളിലും മഹിപാല്‍ യാദവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013ലെ പ്രസിഡന്റിന്റെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡല്‍ നേടിയിട്ടുണ്ട്.
ആള്‍വാര്‍ സ്വദേശിയായ ഇദ്ദേഹം സി.ബി.ഐയില്‍ സേവനം ചെയ്യവേ അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി, സമാജ് വാദി പാര്‍ട്ടി തലവനായ മുലായം സിങ് യാദവിന്റെ അനധികൃത സ്വത്ത്‌കേസ് എന്നീ സുപ്രധാന കേസുകള്‍ അന്വേഷിച്ചിട്ടുണ്ട്. 2018 മുതല്‍ ബി.എസ്.എഫ് ഐ.ജിയായി സേവനംചെയ്യുകയായിരുന്നു.