മഹാപ്രതിഭയുടെ വിടവാങ്ങലെന്ന് മുഖ്യമന്ത്രി; ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യന്‍ എന്ന് പ്രതിപക്ഷനേതാവ്; നമുക്ക് ഒരു വലിയ എഴുത്തുകാരനെ നഷ്ടമായെന്ന് കമല്‍ ഹാസന്‍, കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു ഓര്‍മകള്‍ മഞ്ജു: എംടിയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം

Update: 2024-12-26 03:22 GMT

കോഴിക്കോട്: മലയാള സാഹിത്യത്തിന്റെ എക്കാലത്തെയും പ്രിയ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് അനുശോചനമറിയിച്ച് പ്രമുഖര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മമ്മൂട്ടി, മഞ്ജു വാര്യര്‍, കമല്‍ഹാസന്‍, പ്രിയങ്ക ഗാന്ധി തുടങ്ങി ഒട്ടേറെ പേര്‍ അദ്ദേഹത്തിന് അനുശോചനം അറിയിച്ചു.

'കേരളത്തേയും മലയാളത്തേയും ലോകത്തിന്റെ നെറുകയിലെത്തിച്ച മഹാപ്രതിഭയുടെ വിടവാങ്ങലാണ് സംഭവിച്ചിരിക്കുന്നത്. ഇത് കേരളത്തില്‍ സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ്. നമ്മുടെ സംസ്‌കാരത്തെ വലിയ തോതില്‍ ഉയര്‍ത്തിക്കാട്ടാന്‍ എം.ടി. ചെയ്ത സേവനം മറക്കാവുന്നതല്ല. -മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായരെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുസ്മരിച്ചു.

'എം.ടി. വാസുദേവന്‍ നായരുടെ വേര്‍പാടോടെ സാഹിത്യത്തെയും സിനിമയേയും സാംസ്‌കാരികാവിഷ്‌കാരത്തിന്റെ ശക്തമായ മാധ്യമങ്ങളാക്കി പരിവര്‍ത്തനം ചെയ്ത ഒരു മഹാപ്രതിഭയേയാണ് നമുക്ക് നഷ്ടമായത്. കേരളത്തിന്റെ പൈതൃകവും മനുഷ്യവികാരങ്ങളുടെ ആഴവും ഉള്‍കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍. അദ്ദേഹം പറഞ്ഞ എല്ലാ കഥകളിലൂടെയും അദ്ദേഹം സ്പര്‍ശിച്ച എല്ലാ കഥകളിലൂടെയും അദ്ദേഹത്തിന്റെ പൈതൃകം ഇനിയും ജീവിക്കും', പ്രിയങ്ക ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നമുക്ക് ഒരു വലിയ എഴുത്തുകാരനെ നഷ്ടമായെന്ന് നടന്‍ കമല്‍ ഹാസന്‍. മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമാണ് അദ്ദേഹം. മലയാളത്തിന് തന്നെ പരിചയപ്പെടുത്തിയ കന്യാകുമാരി എന്ന സിനിമയുടെ എഴുത്തുകാരനുമായുള്ള സൗഹൃദത്തിന് 50 വയസ്സായി. ഒടുവില്‍ മനോരഥങ്ങള്‍ എന്ന ടെലിവിഷന്‍ പരമ്പരവരെ ആ സൗഹൃദം തുടര്‍ന്നെന്നും കമല്‍ ഹാസന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാര്‍ തനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്കെന്ന് മഞ്ജു കുറിച്ചു.

'എന്റെ മനസ് ശൂന്യമാവുന്ന പോലെ തോന്നുന്നു... ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു' -മമ്മൂട്ടി കുറിച്ചു

മലയാള സാഹിത്യത്തില്‍ ഇതിഹാസമായിരുന്നു എം.ടി വാസുദേവന്‍നായരെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. തലമുറകളെ പ്രചോദിപ്പിച്ച എം.ടിക്ക് മലയാളമുള്ളിടത്തോളം കാലം മരണമില്ല. മനുഷ്യമനസിന്റെ വ്യഥകളും വിഹ്വലതകളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം കാല്പനികതയുടെ ചായം ചാലിച്ച് അദ്ദേഹം വരച്ചിട്ടു. കാലാതിവര്‍ത്തിയായ രചനകളാണ് എം.ടിയുടേത്. സാഹിത്യം, സിനിമ, പത്രപ്രവര്‍ത്തനം തുടങ്ങി എം.ടിതൊട്ടതെല്ലാം പൊന്നായി മാറി. മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു മഹനായ ആ സാഹിത്യകാരനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    

Similar News