എല്ലാ സന്തോഷവും കെടുത്തിയ അപകടം വീട് അടുക്കാറായപ്പോള്‍; ഒരുദിവസം കൊണ്ട് ഇല്ലാതായത് നവദമ്പതികളുടെയും അവരുടെ അച്ഛന്മാരുടെയും ജീവിതം; പത്തനംതിട്ട മുറിഞ്ഞകല്‍ അപകടം: നാലുപേര്‍ക്കും രണ്ട് കുടുംബ കല്ലറകളിലായി സംസ്‌കാരം; യാത്രാമൊഴി പറഞ്ഞ് ജന്മനാട്
പത്തനംതിട്ട മുറിഞ്ഞകല്‍ അപകടത്തില്‍ മരിച്ച നാലുപേര്‍ക്കും യാത്രാമൊഴി
പത്തനംതിട്ട: ഒന്നായ രണ്ടുകുടുംബങ്ങളുടെ സന്തോഷം കെടുത്തിയ പത്തനംതിട്ട മുറിഞ്ഞകല്‍ വാഹനാപകടത്തില്‍ മരിച്ച നാലുപേര്‍ക്കും നാടിന്റെ അന്ത്യാഞ്ജലി. പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍ രണ്ട് കുടുംബ കല്ലറകളിലായിട്ടായിരുന്നു സംസ്‌കാരം. സെന്റ് മേരീസ് പള്ളി ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പള്ളിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തിലാണ് നവദമ്പതികളായ നിഖിലും അനുവും, അവരുടെ അച്ഛന്മാരായ മത്തായി ഈപ്പനും ബിജു പി. ജോര്‍ജും മരിച്ചത്. മധുവിധു കഴിഞ്ഞ് മലേഷ്യയില്‍ നിന്ന് മടങ്ങിയെത്തിയ ദമ്പതികളെ വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ടു വരുംവഴി ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിലേക്ക് കാര്‍ പാഞ്ഞുകയറിയായിരുന്നു അപകടം.
എട്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായി 15-ാം ദിവസം നിഖിലിന്റെയും അനുവിന്റെയും വേര്‍പാട് ഒരു നാടിന്റെയാകെ ഉള്ളുലച്ചു. നവംബര്‍ 30 നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. സ്വപ്നം കണ്ട ജീവിതം അവര്‍ ജീവിച്ചു തുടങ്ങിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. പക്ഷേ എല്ലാം ഒരുനിമിഷത്തില്‍ ഇല്ലാതായി. നിഖിലിനേയും അനുവിനേയും കൂട്ടാന്‍ ഇരുവരുടെയും അച്ഛന്മാരായ മത്തായി ഈപ്പനും ബിജു പി ജോര്‍ജുമായിരുന്നു എയര്‍പോര്‍ട്ടില്‍ എത്തിയത്. അനുവിന്റെ പിറന്നാള്‍ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ദുരന്തമുണ്ടായത്.
അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകട കാരണമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്‌ഐആര്‍ പറയുന്നു. കാര്‍ അമിതവേഗത്തില്‍ വന്നിടിച്ചു എന്നാണ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവറും പറഞ്ഞത്.