തമിഴ്‌നാട്ടില്‍ വാഹനാപകടം; മലയാളികളായ കലാപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് നര്‍ത്തകിയും നാടന്‍പാട്ട് കലാകാരിയുമായ യുവതി മരിച്ചു: പൊലിഞ്ഞത് സ്റ്റേജ് പ്രോഗ്രാമുകളില്‍ സജീവമായിരുന്ന ഗൗരി നന്ദ

തമിഴ്നാട്ടിൽ വാഹനാപകടം: മലയാളി നർത്തകി മരിച്ചു

Update: 2025-08-04 02:51 GMT

തൃപ്പൂണിത്തുറ: തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം. നര്‍ത്തകിയും നാടന്‍പാട്ട് കലാകാരിയുമായ ഗൗരി നന്ദ (20) യാണ് മരിച്ചത്. തമിഴ്‌നാട് ചിദംബരം ഭാഗത്തുണ്ടായ വാഹനാപകടത്തില്‍ ഗൗരി നന്ദ സഞ്ചരിച്ച കാര്‍ മറിഞ്ഞാണ് അപകടം. സംഘത്തിലുള്ള എട്ടുപേര്‍ക്ക് പരിക്കേറ്റു. തൃപ്പൂണിത്തുറ എരൂര്‍ കുന്നറയില്‍ കുന്നറ വീട്ടില്‍ കെ.എ. അജേഷിന്റെയും ഷീജയുടെയും ഏക മകളാണ് മരിച് ഗൗരി നന്ദ. തമിഴ്‌നാട്ടില്‍ കലാപരിപാടിക്ക് ഇവന്റ് ഗ്രൂപ്പിനൊപ്പം പോയതായിരുന്നു.

ഗൗരി നന്ദയും മറ്റും സഞ്ചരിച്ചിരുന്ന കാര്‍ ചിദംബരം അമ്മപ്പെട്ടെബൈപ്പാസ് ഭാഗത്ത് മറിയുകയായിരുന്നു. നൃത്തരംഗത്തും നാടന്‍പാട്ട് രംഗത്തും പ്രവര്‍ത്തിക്കുന്ന ഗൗരി നന്ദ സ്റ്റേജ് പ്രോഗ്രാമില്‍ സജീവമായിരുന്നു. ആലപ്പുഴ പതി ഫോക് ബാന്‍ഡില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഒരു കലാപരിപാടി കഴിഞ്ഞ് അടുത്ത സ്ഥലത്തേക്ക് സംഘം പോകുമ്പോഴാണ് കാര്‍ മറിഞ്ഞത്. എറണാകുളം സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), തൃശ്ശൂര്‍ സ്വദേശി വൈശാല്‍ (27), സുകില (20), അനാമിക (20) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കടലൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News