അത് അതിമോഹമാണ് മോനെ എന്ന സിനിമ ഡയലോഗില്‍ മോഹന്‍ലാല്‍ ഒതുക്കരുത്; അമ്മയില്‍ നിന്ന് രാജിവച്ച ഭാരവാഹികള്‍ തിരിച്ചെത്തണമെന്ന് സുരേഷ് ഗോപി; എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകേണ്ട സമയമാണിതെന്ന് മോഹന്‍ലാല്‍ കുടുംബസംഗമത്തില്‍
അമ്മയില്‍ നിന്ന് രാജിവച്ച ഭാരവാഹികള്‍ തിരിച്ചെത്തണമെന്ന് സുരേഷ് ഗോപി
കൊച്ചി: താരസംഘടനയായ അമ്മയുടെ കുടുംബ സംഗമം കൊച്ചിയില്‍ നടന്നു. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍, അമ്മയില്‍ നിന്ന് രാജിവെച്ച് പുറത്തുപോയ ഭാരവാഹികള്‍ തിരിച്ചെത്തണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എം.പി ആവശ്യപ്പെട്ടു. ആറുമാസം മുമ്പ് ഹൃദയം കൊണ്ട് വോട്ട് ചാര്‍ത്തി ജയിപ്പിച്ചെടുത്ത സംഘം വെറുംവാക്ക് പറഞ്ഞങ്ങ് ഇറങ്ങിപ്പോയി എന്ന് മാത്രമേ ഞാന്‍ കാണുന്നുള്ളൂ. ആ സംഘം തിരികെയെത്തി സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കണമെന്നും ഇത് അപേക്ഷയല്ല ആജ്ഞയാണെന്നും സുരേഷ് ഗോപി എം.പി. പറഞ്ഞു.
1994-ല്‍ അമ്മ എന്ന സംഘടന രൂപീകൃതമായതിന് തൊട്ടുപിന്നാലെ അടുക്കും ചിട്ടയോടും കൂടി തുടങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇതുപോലൊരു അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ച് മധു സാര്‍ നയിക്കുന്ന അമ്മയായിട്ടാണ് തുടങ്ങുന്നത്. ഒരുപാട് പേരുടെ ഹൃദയക്കൂട്ടായ്മ ആയാണ് തുടര്‍ന്നിങ്ങോട്ട് വന്നിട്ടുള്ളത്. 94 മുതലുള്ള പ്രവര്‍ത്തനത്തിലൂടെ പൊതുസമൂഹത്തിന്റെ ഹൃദയത്തില്‍ നാട്ടാന്‍ കഴിഞ്ഞ ഒരു വെന്നിക്കൊടി ഉണ്ട്. അത് പാറിപ്പറക്കുന്നതില്‍ പലര്‍ക്കും, എന്നു പറയുമ്പോള്‍ ഞാനും എന്റേതായ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ഈ സംഘത്തില്‍ നിന്ന് ഒന്ന് മാറി നിന്നു എന്നേ ഉള്ളൂ. മാറി വ്യതിചലിച്ചിട്ടില്ല. സംഘടനയ്‌ക്കെതിരായിട്ട് ഒരക്ഷരം, വൈകാരികമായിപ്പോലും ഉരിയാടിയിട്ടില്ല. സംഘടനയുടെ അന്തസ്സ് തകരുന്ന തരത്തില്‍ വിഷയങ്ങളൊക്കെ ഓരോ കാലത്തും ഉണ്ടായപ്പോഴും പിന്തുണ നല്‍കുന്ന രീതിയില്‍ പുറത്തുനിന്ന് വര്‍ത്തിച്ചിരുന്ന ഒരു അംഗമായിരുന്നു ഞാന്‍. അതാണെന്റെ ഏറ്റവും വലിയ പെരുമയായിട്ട് ഞാന്‍ കരുതുന്നത്.
എനിക്ക് മുമ്പ് മോഹന്‍ലാല്‍ ഇവിടെ വന്ന് സംസാരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിന്റെ കാരണം മോഹന്‍ലാല്‍ എന്തെങ്കിലും വാഗ്ദാനം തരുമെന്ന് ഞാന്‍ മോഹിച്ചു പോയി. അത് അതിമോഹമാണ് മോനെ എന്ന സിനിമ ഡയലോഗില്‍ ഒതുക്കിക്കളയരുത്. ആറുമാസം മുമ്പ് ഹൃദയം കൊണ്ട് വോട്ടു ചാര്‍ത്തി ജയിപ്പിച്ചെടുത്ത ഒരു സംഘം ഇവിടെ നിന്ന് ഒരു വെറുംവാക്ക് പറഞ്ഞങ്ങ് ഇറങ്ങിപ്പോയി എന്ന് മാത്രമേ ഞാന്‍ കാണുന്നുള്ളൂ. ആ സംഘം ഈ സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കാന്‍, ഒരു പക്ഷെ ഒരു ലോകത്തെ പുതുതായി നമ്മുടെ വീഴ്ചയില്‍ നമുക്ക് പരിചയപ്പെടുത്തിത്തന്നെങ്കില്‍ ആ ലോകത്തോട് മറുപടി പറയാനുള്ള ഒത്തുചേരലായി നിങ്ങളെല്ലാവരും തിരിച്ച് ഇവിടെ വന്ന് ഈ സംഘത്തെ നയിക്കണം, ഇത് ഒരു അപേക്ഷയല്ല, ആജ്ഞയായിത്തന്നെ എടുക്കണം. എല്ലാവര്‍ക്കും വേണ്ടിയാണ് പറയുന്നത്.
കേരളപ്പിറവി ദിനത്തില്‍ ഞാന്‍ പ്രസംഗിച്ചത് തന്നെ, ഇവിടെ നിന്ന് ഞങ്ങള്‍ ഇറങ്ങിപ്പോകുകയാണ്, ഇനി ആരെങ്കിലും നോക്കിക്കോ എന്ന് പറഞ്ഞ് ഇറങ്ങിപ്പോയവന്മാരെ കുത്തിന് പിടിച്ച് ഇവിടെ കൊണ്ടുവന്ന് ഇരുത്തി ഇതിന്റെ ഭരണം തിരിച്ചേല്‍പ്പിക്കണമെന്നാണ്. അത് ആവര്‍ത്തിക്കുന്നില്ല. അതിനുള്ള രംഗം സജ്ജമായിരിക്കുന്നു.
ഒരപേക്ഷയുണ്ട്. അമ്മ എന്ന പേര് സംഘടനയ്ക്ക് നല്‍കിയത് മുരളിയാണ്. അത് അങ്ങനെത്തന്നെയാണ് ഉച്ചരിക്കേണ്ടത്. പുറത്തുള്ള മുതലാളിമാര്‍ പറയുന്നത് അനുസരിക്കില്ല. എ.എം.എം.എ. അത് അവമ്മാരുടെ വീട്ടില്‍ കൊണ്ടു വെച്ചാല്‍ മതി. ഞങ്ങള്‍ക്ക് അമ്മയാണ്- കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകേണ്ട സമയമാണിതെന്ന് നടന്‍ മോഹന്‍ലാല്‍. അമ്മയുടെ കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മ സംഘടനയെ വളരെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കണമെന്നും അതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു കാര്‍മേഘക്കെട്ടിനകത്തുകൂടിയാണ് എല്ലാവരും കടന്നുപോയ്‌ക്കൊണ്ടിരുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. വലിയ തെളിച്ചത്തിലേക്ക് എത്തിപ്പെടാന്‍ നമുക്ക് സാധിക്കും. അതിനുപിന്നില്‍ വലിയ മനസുകളുണ്ട്. നമ്മള്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ അവയൊന്നും പലരും അറിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വേറെ ഒരു സംഘടനയും ചെയ്യാത്ത കാര്യങ്ങള്‍ താരസംഘടനയ്ക്ക് ചെയ്യാന്‍ കഴിയും. അംഗങ്ങള്‍ക്ക് മാത്രമായല്ല, പൊതുസമൂഹത്തിനുവേണ്ടിയും നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഈ കുടുംബസംഗമം ഈ വര്‍ഷമാക്കി മാറ്റേണ്ടതില്ല. ഇത്തരം ഒത്തുകൂടലുകള്‍ വലിയരീതിയില്‍ ചെയ്യാന്‍ സാധിക്കും. എല്ലാവര്‍ക്കും നല്ലതുവരട്ടെയെന്ന് മാത്രം പ്രാര്‍ത്ഥിക്കുന്നു.
ഒരുമിച്ച് മുന്നോട്ട് നീങ്ങാനുള്ള സമയമാണ്. അമ്മ സംഘടനയെ വളരെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കണം. അതിന് എല്ലാവരുടേയും പ്രാര്‍ത്ഥനയും സഹായ സഹകരണങ്ങളും വേണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടു.