സിപിഐ നേതാവ് ഹൈദരാബാദില്‍ എഐഡിആര്‍എം ദേശീയ സമ്മേളനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു; മരണമടഞ്ഞത് കടമ്പനാട് സ്വദേശി ടി ആര്‍ ബിജു

സിപിഐ നേതാവ് ഹൈദരാബാദില്‍ എഐഡിആര്‍എം ദേശീയ സമ്മേളനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

Update: 2025-01-07 12:54 GMT

അടൂര്‍: സിപിഐ നേതാവ് എഐഡിആര്‍എം (അഖിലേന്ത്യാ ദളിത് റൈറ്റ് മൂവ്മെന്റ്) ദേശീയ സമ്മേളനത്തില്‍ വെച്ച് കുഴഞ്ഞുവീണ് മരിച്ചു. കടമ്പനാട് തുവയൂര്‍തെക്ക് നിലയ്ക്കമുകള്‍ ബിജു നിവാസില്‍ ടി ആര്‍ ബിജു (52) ആണ് മരിച്ചത്. ഹൈദ്രാബാദില്‍ എഐഡിആര്‍എം ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട ബിജുവിനെ സഹപ്രവര്‍ത്തകര്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സിപിഐ പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ അംഗം, എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം, കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി, എഐഡിആര്‍എം സംസ്ഥാന കമ്മിറ്റി അംഗം, ഇപ്റ്റ അടൂര്‍ യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ടിയത്തിലുടെയാണ് ബിജു പൊതുരംഗത്ത് വന്നത്. വിദ്യാഭ്യാസ കാലത്തിന് ശേഷം പാരലല്‍ കോളേജ് അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു.

ഈ കാലയളവില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. നാട്ടിലെ സാമൂഹിക - സാംസ്‌കരിക മേഖലകളിലും നിറസാന്നിദ്ധ്യമായിരുന്നു. സിപിഐ കടമ്പനാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) മണ്ഡലം കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. കെപിഎംഎസ് യുവജന വിഭാഗമായ കെപിവൈഎം ജനറല്‍ സെക്രട്ടറി, കെപിഎംഎസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, അടൂര്‍ താലുക്ക് യൂണിയന്‍ സെക്രട്ടറി, സാംസ്‌കാരിക സംഘടനകളായ കടമ്പ്, മനീഷ എന്നിവയുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു.നിരവധി സിരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

സംസ്‌കാരം ഒമ്പതിന് പകല്‍ രണ്ടിന് വീട്ടുവളപ്പില്‍. ഒമ്പതിന് രാവിലെ ഒമ്പതിന് സിപിഐ അടൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. തുടര്‍ന്ന് വിലാപയാത്രയായി പത്തിന് അടൂര്‍ കെഎസ്ആര്‍റ്റിസി ഡിപ്പോ, 11ന് കടമ്പനാട് കെആര്‍കെപിഎം ഹൈസ്‌കൂള്‍, 11.30 ന് മനീഷ ആര്‍ട്സ് ക്ലബ്ബ് എന്നിവിടങ്ങളില്‍ പൊതുദര്‍ശനം. ശേഷം 12 ന് മൃതദേഹം സ്വവസതിയില്‍ എത്തിക്കും.

ഭാര്യ: അജിത (ബിഡബ്ല്യുഡി ജീവനക്കാരി, തിരുവല്ല). മക്കള്‍: സോന, ഹരിനന്ദ് (ഇരുവരും വിദ്യാര്‍ത്ഥികള്‍).

Tags:    

Similar News