ആത്മകഥാ വിവാദം: ഇ പിയുടെ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും; ആദ്യഘട്ടത്തില്‍ കേസെടുക്കാതെ പരാതിയില്‍ കഴമ്പുണ്ടോ എന്ന് അന്വേഷണം

ഇ പിയുടെ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും

Update: 2024-11-14 11:56 GMT

തിരുവനന്തപുരം: ആത്മകഥ വിവാദത്തില്‍ ഇ പി ജയരാജന്റെ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും. എന്നാല്‍ ആദ്യ ഘട്ടത്തില്‍ കേസെടുക്കാതെയാണ് അന്വേഷണം നടത്തുക. എഡിജിപി മനോജ് എബ്രഹാമാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് അന്വേഷണ ചുമതല നല്‍കിയത്.

തന്റെ ആത്മകഥ വ്യാജമായുണ്ടാക്കി പ്രസിദ്ധീകരിച്ചുവെന്ന ഇ പി ജയരാജന്റെ പരാതിയില്‍ ഡി സി ബുക്‌സിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഗൂഢാലോചന പരാതിയാണ് ഇ പി ജയരാജന്‍ നല്‍കിയത്. ഈ സാഹചര്യത്തിലാണ് കേസെടുക്കാതെ പരാതിയില്‍ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, ആത്മകഥാ വിവാദത്തില്‍ ഇന്നലെ ഉയര്‍ത്തിയ വാദം ഇപി ജയരാജന്‍ ഇന്നും ആവര്‍ത്തിച്ചു. തന്റെ ആത്മകഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. എഴുതിത്തീരാതെ അതെങ്ങനെ പ്രസിദ്ധീകരിക്കും. ഒരാള്‍ക്കും പ്രസിദ്ധീകരണാവകാശം നല്‍കിയിട്ടില്ലെന്നും പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഇപി ജയരാജന്റെ വാക്കുകള്‍:

ആത്മകഥ ഒരാള്‍ക്കും പ്രസിദ്ധീകരിക്കാന്‍ അവകാശം നല്‍കിയിട്ടില്ല. ഡിസി ബുക്‌സുമായി ഒരു കരാറുമില്ല. ആത്മകഥ എഴുതുന്നത് സ്വന്തമായാണ്. അല്ലാതെ കൂലിക്ക് എഴുതിപ്പിക്കുന്ന രീതിയില്ല. ആത്മകഥ ഉടന്‍ പ്രസിദ്ധീകരിക്കും. ആത്മകഥയുടേത് എന്നുപറഞ്ഞ് ചില ഭാഗങ്ങള്‍ പുറത്തുവന്നത് നിസാരമായി കാണുന്നില്ല. വഴിവിട്ട ചിലത് നടന്നിട്ടുണ്ട്. അത് അന്വേഷിക്കണം. ഒന്നും നിസാരമായി കാണുന്നില്ല. പിന്നിലുള്ളത് വൃത്തികെട്ട രാഷ്ട്രീയമാണ്.

പോളിംഗ് ദിനത്തിലെ വിവാദം ആസൂത്രിതമാണ്. മാദ്ധ്യമങ്ങളില്‍ വന്നതൊന്നും ഞാന്‍ എഴുതിയതല്ല. സമൂഹ മാദ്ധ്യമങ്ങളിലെ ടാഗിന് ഞാന്‍ ഉത്തരവാദിയല്ല. ഞാന്‍ എഴുത്തിയത് കറക്ട് ചെയ്യാന്‍ കൊടുത്ത ആളോടും ഭാഗങ്ങള്‍ പുറത്തുപോയോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News