21,000 രൂപ നിക്ഷേപിക്കൂ അതിവേഗം സമ്പന്നരാകാം; മുകേഷ് അംബാനി ഉൾപ്പെടെ പ്രമുഖരുടെ ഡീപ്പ് ഫേക്ക് വീഡിയോ പ്രചരിക്കുന്നു; നിക്ഷേപകർക്ക് നഷ്ടമായത് ലക്ഷങ്ങൾ; ഡീപ്പ് ഫേക്ക് വീഡിയോയിൽ പദ്ധതിയെ പ്രോത്സാഹിപ്പിച്ച് മുൻ ആർബിഐ ഗവർണറും; മുന്നറിയിപ്പുമായി ആർബിഐ

Update: 2025-01-06 06:29 GMT

മുംബൈ: മുകേഷ് അംബാനി ഉൾപ്പെടെയുള്ള പ്രമുഖരുടെ ഡീപ്പ് ഫേക്ക് വീഡിയോകൾ വിവിധ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. അംബാനി, റിപ്പബ്ലിക്ക് ടി വി ചീഫ് എഡിറ്റർ അർണാബ് ഗോസ്വാമി, ഇൻഫോസിസിന്റെ സ്ഥാപകരിൽ ഒരാളായ നാരായണ മൂർത്തി, മുൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് എന്നിവർ അതിവേഗം സമ്പന്നരാകാനുള്ള പദ്ധതിയെ കുറിച്ച് സംസാരിക്കുന്ന വിഡിയോകളാണ് പ്രചരിക്കുന്നത്. ഈ ദൃശ്യങ്ങൾ വിശ്വസിച്ച് പണം നിക്ഷേപിച്ച് തട്ടിപ്പിനിരയായവർ നിരവധിയാണ്. ഇത്തരം തട്ടിപ്പുകൾ കൂടി വരുന്നതായാണ് റിപ്പോർട്ടുകൾ.

എന്നാൽ ഇവയെല്ലാം എഐയുടെ സഹായത്തോടെ നിർ‌മിച്ച ഡീപ് ഫേക്ക് ദൃശ്യങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. രാജ്യത്ത് ഡീപ്ഫേക്ക് വീഡിയോകളുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് പുറത്തുവരുന്നത്. അംബാനിയും, അർണാബ് ഗോസ്വാമിയും ഉൾപ്പെടുന്ന ഒരു വീഡിയോയിൽ റിപ്പബ്ലിക്ക് ചാനലിന്റെ സ്റ്റുഡിയോയിൽ നിന്നും ഗോസ്വാമി ക്യാമറയോട് സംസാരിക്കുന്നതായി തോന്നുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇലോൺ മസ്‌ക് ഇന്ത്യയിൽ ആരംഭിച്ച ഒരു നിക്ഷേപ പദ്ധതി പ്രഖ്യാപിക്കുകയും അത് അംബാനിയെപ്പോലുള്ളവർക്ക് ഗുണം ചെയ്തുവെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ഗോസ്വാമിയുടെ ദൃശ്യങ്ങളാണ് പ്രചരിച്ചത്.

ദാരിദ്ര്യത്തിനെതിരെ പോരാടാനാണ് പദ്ധതി ആരംഭിച്ചതെന്നും അതിൻ്റെ പ്രയോജനം നേടുന്ന ആദ്യ രാജ്യം ഇന്ത്യയായിരിക്കുമെന്നും വ്യാജ ദൃശ്യങ്ങളിൽ പറയുന്നു. പ്രചരിച്ച ലിങ്കുകളിലൂടെ ഇനി വീഡിയോകൾ കാണാൻ സാധിക്കില്ലെങ്കിലും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ ഇനിയും പ്രചരിച്ചേക്കാം എന്നതിനാൽ മുൻകരുതൽ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. പദ്ധതിയിൽ 21,000 രൂപ നിക്ഷേപിച്ചാൽ 1,500,000 രൂപ നേടാമെന്നും നിരവധി പേർ ഈ പദ്ധതിയിൽ ചേർന്ന് പണം സമ്പാദിക്കുന്നതായും പ്രചരിക്കുന്ന വിഡിയോയിൽ പറയുന്നത്. ഇതേ പദ്ധതിയിയെ കുറിച്ച് തന്നെയാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ ഡീപ് ഫേക്ക് വിഡിയോയിലും പറയുന്നത്.

അതേസമയം, റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ വീഡിയോ പ്രചരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിന്നു. സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് ഇത്തരം പദ്ധതികളിൽ പണം നിക്ഷേപിക്കാൻ ആളുകളെ ഉപദേശിക്കാൻ ഈ വീഡിയോകൾ പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ അത്തരം പ്രവർത്തനങ്ങളിൽ നടത്തുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ലെന്നും ഈ വീഡിയോകൾ വ്യാജമാണെന്നും ആർബിഐ വ്യക്തമാക്കുന്നു. അത്തരം സാമ്പത്തിക നിക്ഷേപ ഉപദേശങ്ങളൊന്നും ആർബിഐ നൽകുന്നില്ല. അതിനാൽ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇത്തരം ഡീപ് ഫേക്ക് വീഡിയോകളുമായി വിശ്വസിച്ച് തട്ടിപ്പിനിരയാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആർബിഐ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

എന്താണ് ഡീപ് ഫേക്ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്താല്‍ ഡീപ് ലേര്‍ണിംഗ് അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ചുള്ള ഒരു സിന്തറ്റിക് മീഡിയയാണ് ഡീപ് ഫേക്ക്. യഥാര്‍ത്ഥ വ്യക്തികളുടേത് എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഓഡിയോ, വീഡിയോ, ഇമേജുകള്‍ കൃത്രിമമായി സൃഷ്ടിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണിത്. ഡീപ് ഫേക്ക് ചെയ്യനായി തെരെഞ്ഞെടുത്തിരിക്കുന്ന വ്യക്തിയുടെ ചിത്രങ്ങള്‍, വിഡിയോകള്‍, ഓഡിയോ റെക്കോര്‍ഡുകള്‍ തുടങ്ങി വലിയ അളവില്‍ വിവരശേഖരണം നടത്തുന്നതാണ് ആദ്യത്തെ നടപടി.

എത്രയധികം വിവരങ്ങള്‍ ശേഖരിക്കുന്നു അത്രയും പൂര്‍ണതയുള്ളതും കൃത്യവുമായ ഫലം ആയിരിക്കും ലഭിക്കുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), മെഷീന്‍ ലേണിംഗ് ടെക്‌നോളജികള്‍ എന്നിവയുടെ മിശ്രിതമാണ് ഡീപ് ഫെയ്ക്കുകള്‍. ഒരാള്‍ എങ്ങനെ ചിരിക്കുന്നു, സംസാരിക്കുമ്പോഴുള്ള ചുണ്ടുകളുടെ ചലനം, ഓരോ വ്യക്തികളുടെയും പെരുമാറ്റ രീതി, ഓരോ സാഹചര്യത്തിലും അവര്‍ എങ്ങിനെ പ്രതികരിക്കും തുടങ്ങിയോരോന്നും എ ഐയുടെ സാധ്യത(ഗ്രാഫിക് ജനറേറ്റഡ് ഔട്പുട്ട്‌സ്) പ്രയോജനപ്പെടുത്തി വ്യാജമായി നിര്‍മിക്കാന്‍ കഴിയും.

Tags:    

Similar News