2024 മേയ് 11നു കണിച്ചുകുളങ്ങരയില്‍ യുവ വ്യവസായിയെ കാര്‍ തടഞ്ഞു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് സെബാസ്റ്റ്യനുമായി അടുപ്പമോ? സിപിഎം ഏര്യാ നേതാവിനെ സംശയ നിഴലിലാക്കിയ പഴയ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പഴി കേട്ടിരുന്നു; പുറത്തു വരുന്നത് സൈക്കോ കില്ലറുടെ അസ്വാഭാവിക ബന്ധങ്ങള്‍; ഇത് പള്ളിപ്പുറത്തെ 'കണ്ണൂര്‍' ചിന്തകള്‍!
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്തെ സെബാസ്റ്റ്യന് സൈക്കോ സീരിയില്‍ കൊലപാതകിയാക്കിയത് രാഷ്ട്രീയ മാഫിയയോ? സെബാസ്റ്റ്യന്‍ സാമ്പത്തിക സഹായം നല്‍കിയിരുന്ന ചിലരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ടു സെബാസ്റ്റ്യന്റെ സുഹൃത്തും സ്ഥലക്കച്ചവടക്കാരനുമായ കഞ്ഞിക്കുഴി എസ്എല്‍ പുരം സ്വദേശിയെ കോട്ടയം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. 2024 മേയ് 11നു കണിച്ചുകുളങ്ങരയില്‍ യുവ വ്യവസായിയെ കാര്‍ തടഞ്ഞു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. ദേശീയ പാത നിര്‍മാണത്തിനാവശ്യമായ കല്ലും മണലും വിതരണം ചെയ്ത 2 കരാറുകാര്‍ തമ്മില്‍ ലാഭവിഹിതം പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു അന്നത്തെ ഭീഷണിക്കു കാരണം. ഇതില്‍ ഒരു കരാറുകാരന് സെബാസ്റ്റ്യന്റെ സുഹൃത്തായ എസ്എല്‍ പുരം സ്വദേശി 45 ലക്ഷം രൂപ നല്‍കിയിരുന്നു. ഇതിന്റെ സ്രോതസ്സും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
ഇതിനിടെയാണ് പഴയ കേസിലെ വിവരങ്ങള്‍ പുറത്തു വരുന്നത്. 2024ല്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ ആരോപണവിധേയരായ സി.പി.എം. നേതാക്കളില്‍ ഒരാളുടെ മൊഴി പോലീസ് അന്നെടുത്തിരുന്നു. കഞ്ഞിക്കുഴി ഏരിയ നേതാവിന്റെ മൊഴിയാണ് അന്ന് പട്ടണക്കാട് പോലീസ് രേഖപ്പെടുത്തിയത്. ഫോണിലൂടെയായിരുന്നു ഇത്. സ്റ്റേഷനിലേക്കു വിളിച്ചെങ്കിലും ലോക്കല്‍ നേതാവ് എത്തുകയോ ബന്ധപ്പെടുകയോ ചെയ്തില്ല. ഈ കേസുമായി പള്ളിപ്പുറത്തെ സൈക്കോ കൊലയും ചര്‍ച്ചയാകുന്നുവെന്നതാണ് വസ്തുത. ഈ കേസില്‍ രണ്ടു പ്രതികളാണുള്ളത്. ഇതില്‍ ഏത് പ്രതിയെയാണ് സെബാസ്റ്റ്യന്‍ കേസില്‍ ചോദ്യം ചെയ്തതെന്ന വിവരം പുറത്തു വന്നിട്ടില്ല. ഇതോടെ മുമ്പ് ബിന്ദു പത്മനാഭന്‍ കേസ് അന്വേഷണത്തിനിടെ സെബാസ്റ്റ്യനെ രക്ഷപ്പെടുത്താനും വലിയ കളികള്‍ നടന്നിട്ടുണ്ടെന്ന നിഗമനത്തിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. ഏതായാലും വലിയ പുള്ളിയാണ് സെബാസ്റ്റ്യന്‍ എന്ന് സാരം.
കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57) ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്‌നമ്മ (ജെയ്ന്‍ മാത്യു54) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റ് ചെയ്തത്. തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. സെബാസ്റ്റ്യന്റെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. രണ്ടു വര്‍ഷത്തിനിടെ ജില്ലയുടെ വടക്കന്‍ മേഖലയിലെ ഒരു സഹകരണ ബാങ്കിലെ സ്വന്തം അക്കൗണ്ടില്‍ നിന്ന് 1.25 കോടി രൂപയും മറ്റൊരു സഹകരണ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് 40 ലക്ഷം രൂപയും സെബാസ്റ്റ്യന്‍ പിന്‍വലിച്ചിരുന്നു. ഈ പണത്തിന്റെ ഉറവിടം, പിന്‍വലിച്ചത് എന്തിനു വേണ്ടിയാണ് തുടങ്ങിയ കാര്യങ്ങളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. സ്ത്രീകളെ വശീകരിച്ചു സ്വത്തും പണവും കൈക്കലാക്കി കൊലപ്പെടുത്തുന്ന കുറ്റവാസനയുള്ള വ്യക്തിയാണു സെബാസ്റ്റ്യന്‍ എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
ബിന്ദു പത്മനാഭനെയും ഐഷയേയും വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ടാണു സെബാസ്റ്റ്യന്‍ പരിചയപ്പെട്ടത്. ബിന്ദുവിന്റെ എറണാകുളം ഇടപ്പള്ളിയിലുള്ള ഭൂമി തന്റെ പേരില്‍ വ്യാജ മുക്ത്യാര്‍ തയാറാക്കി 1.3 കോടി രൂപയ്ക്കു സെബാസ്റ്റ്യന്‍ വില്‍പന നടത്തിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബിന്ദുവിന്റെ പേരിലുള്ള മറ്റു വസ്തുക്കള്‍ വിറ്റ വകയിലും സെബാസ്റ്റ്യനു പണം ലഭിച്ചിട്ടുണ്ട്. ഐഷയെ കാണാതാകുമ്പോള്‍ ഭൂമി വാങ്ങാനുള്ള പണവും സ്വര്‍ണാഭരണങ്ങളും കൈവശമുണ്ടായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. ഏറ്റവും ഒടുവില്‍ കാണാതായ ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്‌നമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ സെബാസ്റ്റ്യന്‍ വില്‍പന നടത്തിയെന്നും കണ്ടെത്തി. ഇതിനിടെയാണ് കഴിഞ്ഞ വര്‍ഷം തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയ കേസും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളിലേക്ക് വരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ വരെ ആരോപണമായി വലിച്ചിഴച്ച കേസായിരുന്നു അത്. വാദിയും പ്രതിയുമെല്ലാം സ്വാധീനമുള്ളവര്‍.
ഇതില്‍ ഒരു പ്രതിയുമായി സെബാസ്റ്റ്യന് ബന്ധമുണ്ടോ എന്നതാണ് പോലീസ് സംശയിക്കുന്നത്. പക്ഷേ ഈ സംശയത്തിലേക്ക് അന്വേഷണം നീളുമോ എന്ന ചര്‍ച്ചയും സജീവമാണ്. ഏതായാലും ആലപ്പുഴയെ ഞെട്ടിച്ചൊരു കേസായിരുന്നു തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തല്‍.
തോക്കു ചൂണ്ടല്‍ ഭീഷണിയില്‍ വാദി കുറ്റപ്പെടുത്തിയത് സിപിഎം പ്രാദേശിക നേതാവിനെ
കണ്ണൂര്‍ സ്വദേശിയായ പി.വി. അഭിഷേകിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് സി.പി.എം. നേതാക്കള്‍ക്കെതിരേയുള്ള ആരോപണം. തോക്ക് കേസിലെ ഒന്നാംപ്രതി മണ്ണഞ്ചേരി ഐ.ടി.സി. കോളനിയില്‍ പി.ടി. അനൂപിനെ ചോദ്യം ചെയ്യുന്നതിനിടെ സിപിഎം നേതാവിനെ വിളിച്ചു വരുത്താന്‍ പോലീസ് ശ്രമിച്ചിരുന്നു. പ്രതിയുടെ സാന്നിധ്യത്തില്‍ നേതാക്കളില്‍നിന്നു വിവരങ്ങളറിയാനാണ് പോലീസ് ശ്രമിച്ചത്. എന്നാല്‍, നേരിട്ടു ഹാജരാകാതെ ഫോണില്‍ക്കൂടി വിശദാംശങ്ങള്‍ നല്‍കാനാണ് ഏരിയ നേതാവ് തയ്യാറായത്. പോലീസ് ഇക്കാര്യത്തില്‍ നിര്‍ബന്ധംപിടിച്ചില്ല. കേസിലെ രണ്ടാംപ്രതി പെണാല്‍ മനോജായിരുന്നു. ദേശീയപാതയില്‍ കണിച്ചുകുളങ്ങര ഭാഗത്തുവെച്ചാണ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും കാറിന്റെ ചില്ലു തകര്‍ക്കുകയും ചെയ്തത്.
അഭിഷേക് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിനു കൈമാറിയിരുന്നു. ബിസിനസ്സിലെ ലാഭവീതത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിലെത്തിയത്. വീതം കിട്ടാത്തതിനെത്തുടര്‍ന്ന് അഭിഷേക് കുന്നംകുളം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതാകാം പ്രകോപനത്തിനു കാരണമെന്നാണ് അഭിഷേകിന്റെ മൊഴി നല്‍കിയത്. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് മണലും മണ്ണുമെത്തിക്കുന്ന കമ്പനിയാണ് അനൂപും അഭിഷേകും ചേര്‍ന്നു നടത്തിയിരുന്നത്. ഇവര്‍ തമ്മിലെ തര്‍ക്കത്തില്‍ നേതാക്കള്‍ ഇടപെട്ടതും പ്രതിയുടെ ഭാഗത്തുനിന്നതുമാണ് സംഭവം വിവാദമാകാന്‍ കാരണം. അഭിഷേകിനു നേരേ ചൂണ്ടിയ തോക്ക് കേസിലെ ഒന്നാംപ്രതി സല്‍പുത്രനെന്നു വിളിക്കുന്ന പി.ടി. അനൂപിന്റെ വീട്ടില്‍നിന്നു കണ്ടെത്തിയെന്ന് മാതൃഭൂമി പത്രം അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മണ്ണഞ്ചേരി ഐ.ടി.സി. കോളനിയിലെ ഇയാളുടെ വീട്ടില്‍നിന്നാണ് തോക്ക് കണ്ടെടുത്തത്. കൃത്യത്തിനുപയോഗിച്ച തോക്ക് ഇതുതന്നെയാണോയെന്ന് പരിശോധിക്കുമെന്നെല്ലാം പറഞ്ഞെങ്കിലും അതൊന്നും നടന്നില്ലെന്നാണ് സൂചന. ഉന്നത രാഷ്ട്രീയ ബന്ധങ്ങളായിരുന്നു ഇതിന് കാരണം.
അക്രമത്തിനിരയായ അഭിഷേക് ആദ്യം പരാതി നല്കിയെങ്കിലും മാരാരിക്കുളം പൊലിസ് നടപടി എടുത്തില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇടപെടല്‍ വന്നപോഴാണ് രണ്ടാഴ്ചക്ക് ശേഷം പ്രതി സല്‍പുത്രന് എന്ന് വിളിക്കുന്ന അനൂപിനെ അറസ്റ്റ് ചെയ്തത്. കേസ് ഒത്തുതീര്പ്പാക്കുന്നതിനായി പരാതിക്കാരനായ അഭിഷേകിനെ ഏരിയ സെക്രട്ടറി വിളിച്ചിരുന്നു. ആരോപണം നേരിടുന്ന ഏരിയ സെക്രട്ടറി പ്രതിയേയും പരാതിക്കാരനെയും ഫോണില് ബന്ധപ്പെട്ടതായി പൊലിസും സ്ഥിരീകരിക്കുന്നുവെന്ന് മനോരമയും അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജില്ലാ പൊലിസ് മേധാവി നേരിട്ട് സ്റ്റേഷനിലെത്തി കേസ് പട്ടണക്കാട് പൊലിസിന് കൈമാറിയശേഷമാണ് പ്രതി അനൂപിനെ അറസ്റ്റ്ചെയ്തത്. പരാതിക്കാരനും ഏരിയ നേതാവും പരിചയക്കാരായത് കൊണ്ടാണ് ഫോണില്വിളിച്ചിട്ടുണ്ടാവുക എന്നാണ് ജില്ലാ സെക്രട്ടറി ഈ വിവാദത്തില്‍ അന്ന് വിശദീകരണം നല്‍കിയത്. ഈ കേസില്‍ പെണാല്‍ മനോജും പോലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു.
തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് പരാതി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും
തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ വെളിപ്പെടുത്തലുമായി ജാമ്യം കിട്ടിയ ഒന്നാംപ്രതി പ്രതി അനൂപ് രംഗത്തു വന്നിരുന്നു. ഉന്നത ഭരണകക്ഷി നേതാക്കളുടെ സമ്മര്‍ദ്ദത്തിലാണ് തന്നെ പ്രതിയാക്കിയതെന്ന് അനൂപ് മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. പരാതി പിന്‍വലിക്കണമെങ്കില്‍ രണ്ടുകോടി രൂപ നല്‍കണമെന്ന് രാഷ്ട്രീയനേതാക്കളുമായി ബന്ധമുള്ള പരാതിക്കാരന്‍ സ്റ്റേഷനില്‍ വന്ന് ആവശ്യപ്പെട്ടെന്നും പൊലീസിനെ ഉപയോഗിച്ച് തന്റെ മേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും അനൂപ് മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. പലര്‍ക്കും പണം നല്‍കിയതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും അനൂപിന്റെ വെളിപ്പെടുത്തല്‍. മനോരമയില്‍ നേരിട്ടെത്തിയായിരുന്നു ഈ വിശദീകരണം നല്‍കല്‍. ഗുരുതര ആരോപണമാണ് അന്നുയര്‍ത്തിയത്.
തോക്കുചൂണ്ടിയിട്ടില്ലെന്ന് അനൂപ് പറഞ്ഞു. പരാതി പിന്‍വലിക്കണമെങ്കില്‍ കോടികള്‍ നല്‍കണമെന്ന് അഭിഷേക് പൊലീസ് സ്റ്റേഷനില്‍വന്ന് ആവശ്യപ്പെട്ടു. പരാതിക്കാരന്‍ അഭിഷേകിന് ഉന്നത ബന്ധങ്ങളുണ്ട്. കോവിഡ് വാക്സീന്‍ തട്ടിപ്പ് കേസില്‍ തിഹാര്‍ ജയിലില്‍ കഴിഞ്ഞ ആളാണ് പരാതിക്കാരന്‍ അഭിഷേക്. മുഖ്യമന്ത്രിയുടെ ഓഫീസിലെയും കണ്ണൂരിലെയും ഭരണകക്ഷി നേതാക്കളുമായി ബന്ധമുണ്ട്. പലര്‍ക്കും പണം നല്‍കിയതിന് തന്റെ പക്കല്‍ തെളിവുകളുണ്ട്. ഭരണകക്ഷിയിലെ ഉന്നത നേതാക്കളുമായുള്ള ബന്ധം കേസില്‍ പരാതിക്കാരന്‍ ഉപയോഗിക്കുന്നുവെന്നും കേസിലെ പ്രതി ആരോപിച്ചിരുന്നു.
ഇപ്പോഴും പൊലീസ് പീഡനം തുടരുകയാണ്. കേസില്‍ അറസ്റ്റിലായ രണ്ടാഴ്ചയോളം ആശുപത്രിയിലായിരുന്നു. കടലാസ് കമ്പനികളുടെ മറവില്‍ തട്ടിപ്പ് നടത്തിയതിനാലാണ് അഭിഷേകുമായുള്ള ബിസിനസ് ബന്ധം ഉപേക്ഷിച്ചതെന്നും അനൂപ് പറഞ്ഞിരുന്നു.