പ്രശാന്തിന്റെ റിപ്പോര്‍ട്ട് നടപ്പിലായാല്‍ ഉദ്യോഗസ്ഥ അഴിമതി നിലയ്ക്കുമെന്നറിഞ്ഞ് നെഞ്ച് പൊട്ടി പിണറായി; എ.ഐ ചാറ്റ്ബോറ്റുകള്‍ ഫയലുകള്‍ പരിശോധിച്ച് വേഗം തീര്‍പ്പ് കല്‍പ്പിച്ചാല്‍ ചുവപ്പ് നാടയില്‍ കുരുക്കി പണം പിടുങ്ങാന്‍ കഴിയില്ല; ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പണി എടുക്കാതെ ശമ്പളം കൈപ്പറ്റാന്‍ ഉതകുന്ന തരത്തില്‍ ചുവപ്പ് നാടകള്‍ തുടരുന്നവിധം നിര്‍മിത ബുദ്ധിയെ ഭരണം ഏല്‍പ്പിക്കുന്നത് പിണറായിയുടെ അതിബുദ്ധി

പ്രശാന്തിന്റെ റിപ്പോര്‍ട്ട് നടപ്പിലായാല്‍ ഉദ്യോഗസ്ഥ അഴിമതി നിലയ്ക്കുമെന്നറിഞ്ഞ് നെഞ്ച് പൊട്ടി പിണറായി

Update: 2025-08-12 07:50 GMT

തിരുവനന്തപുരം: ഭരണതലത്തിലെ കാര്യങ്ങള്‍ എളുപ്പമാക്കാന്‍ നിര്‍മ്മിത ബുദ്ധിയെ പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ട് കഴിഞ്ഞു. ഇത് എങ്ങനെ നടപ്പിലാക്കണമെന്ന കാര്യത്തില്‍ പഠനങ്ങളും പരിശീലനവും നല്‍കാന്‍ മിര്‍ മുഹമ്മദ് ഐഎഎസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കാലത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് നിര്‍മ്മിത ബുദ്ധിയെ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്നാണ് എ.ഐയിലേക്ക് കടക്കുമ്പോള്‍ പൊതുവേ തോന്നുക. എന്നാല്‍, അതിന് അപ്പുറത്തേക്ക് നിര്‍മിത ബുദ്ധിയെ ഉപയോഗിക്കുമ്പോള്‍ ചില കുരുക്കുകളും നൂലാമാലകളും ഉണ്ടാകുമെന്നതാണ് വസ്തുത.

ജനങ്ങളില്‍ നിന്നും മറ്റും ശേഖരിച്ച ഡേറ്റകള്‍ സുരക്ഷിതമാകുമോ എന്നത് അടക്കമുള്ള സുരക്ഷിതത്വ പ്രശ്‌നങ്ങള്‍ നിര്‍മിത ബുദ്ധി പ്രയോജനപ്പെടുത്തുമ്പോള്‍ ആശങ്കയായി നിലനില്‍ക്കുന്നു. അതേസമയം എ.ഐ നടപ്പിലാക്കിയാല്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കയ്യിട്ടുവാരാനുള്ള അവസരം കുറയുമോ എന്ന ചിന്തിക്കുന്ന സര്‍ക്കാറിലെ ഒരു വിഭാഗം പദ്ധതിക്ക് അട്ടിമറിക്കാന്‍ നീക്കങ്ങല്‍ നടത്തിയിരുന്നു. സാധാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്നതായിരുന്നു വിഭാവനം ചെയ്ത് ആദ്യ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് പുതിയ എഐ നയത്തിലേക്ക് സര്‍ക്കാര്‍ കടന്നിരിക്കുന്നത്.

ഡോ. വി വേണു ചീഫ് സെക്രട്ടറി ആയിരിക്കവേയാണ് നിര്‍മ്മിത ബുദ്ധിയെ ഭരണതലത്തില്‍ എങ്ങനെ ഉപയോഗിക്കാം എന്ന ആലോചന തുടങ്ങിയത്. അക്കാലത്തു പി പ്രശാന്ത് ഐഎഎസ് അടക്കമുള്ളര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാറില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് എ ജയതിലക് ചീഫ് സെക്രട്ടറി ആയതോട ഈ റിപ്പോര്‍ട്ട് തള്ളുകയാണ് ഉണ്ടായത്. 2024 മാര്‍ച്ചില്‍ ഐഎഎസ് ഉദ്യോഗസ്ഥരടങ്ങിയ സമിതി എഐയുടെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മാര്‍ച്ച് 30നാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്.

ഭരണനിര്‍വഹണം കൂടുതല്‍ വേഗത്തിലും സുതാര്യമായും എങ്ങനെ എഐയുടെ സഹായത്തോടെ നിര്‍വഹിക്കാമെന്നായിരുന്നു ആ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍. ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ മാത്രം ലഭിക്കുന്ന ഒട്ടേറെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. സ്വയം ഫയല്‍ വായിക്കുകയും കാണാത്ത രേഖകളും നിയമലംഘനങ്ങളും കണ്ടെത്തുകയും അംഗീകാരങ്ങള്‍ വേഗത്തിലാക്കാന്‍ അടുത്ത ഘട്ടങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന ഒരു എഐ വെര്‍ച്വല്‍ ഡെപ്യൂട്ടി സെക്രട്ടറിയെ സൃഷ്ടിക്കണമെന്ന വിപ്ലവകരമായ നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പ്രശാന്ത് തയ്യാറാക്കിയ റിപ്പോര്‍ട്ട് പുതിയ ചീഫ് സെക്രട്ടറി വന്നതോടെ ഉപേക്ഷിച്ചു.

ഉദ്യോഗസ്ഥര്‍ തമ്മിലെ ചേരിപ്പോരായിരുന്നു ഇതിന് കാരണം. പുതിയ എ ഐ സംവിധാനത്തില്‍ സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുന്ന വിധത്തിലുള്ള എ.ഐ ടൂളുകള്‍ വാങ്ങുന്നതിന് പകരം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ജോലി എളുപ്പത്തിലാക്കാനായുള്ള എഐ ടൂളുകള്‍ വാങ്ങാനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. സര്‍ക്കാറിന് എതിരായ നീക്കങ്ങളെ നിരീക്ഷിക്കാനും അടക്കമുള്ള കാര്യങ്ങളിലേക്കാണ് പുതിയ നയം. ഇത് സ്പ്രിങ്ക്‌ളര്‍ സമാന ആരോപണങ്ങള്‍ക്കും ഇടയാക്കിയേക്കും.

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പണി എടുക്കാതെ ശമ്പളം കൈപ്പറ്റാന്‍ ഉതകുന്ന തരത്തിലും അതേസമയം സാധാരണക്കാരുടം ചുവപ്പ് നാടകള്‍ തുടരുന്നവിധത്തിലും നിര്‍മിത ബുദ്ധിയെ ഭരണം ഏല്‍പ്പിക്കാനാണ് നീക്കം.

ജനങ്ങളുടെ എ.ഐയെ തള്ളി ഏമാന്‍മാരുടെ എ. ഐയിലേക്ക്

2024 മാര്‍ച്ച് 30-ന് സമര്‍പ്പിച്ച എ.ഐ യൂസ് കേസ് റിപ്പോര്‍ട്ട് കേരളത്തിലെ സാഹചര്യങ്ങള്‍ക്ക് വളരെ പ്രയോജനപ്പെടുന്നതായിരുന്നു. കേരള സര്‍ക്കാരിനായി തയ്യാറാക്കിയ ഏറ്റവും പുരോഗമനപരമായ സാങ്കേതിക രൂപരേഖകളില്‍ ഒന്നായിരുന്നു ഇത്. ഭരണനിര്‍വ്വഹണം കൂടുതല്‍ വേഗത്തിലും സുതാര്യവും പൗരന്മാര്‍ക്ക് എളുപ്പമാക്കുന്നതിനുമായി സൂക്ഷ്മമായി ഗവേഷണം ചെയ്ത 135 ഉപയോഗ സാധ്യകളാണ് ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ ഫയലുകള്‍ എങ്ങനെ നീങ്ങുന്നുവെന്നും കാലതാമസവും അഴിമതിയും എവിടെയാണ് വേരുറപ്പിക്കുന്നതെന്നും മനസ്സിലാക്കുന്ന വിധത്തിലായിരുന്നു ഇതിന്റെ രൂപകല്‍പ്പന.

പൗരനും ഭരണകൂടവും തമ്മിലുള്ള വിടവ് നികത്താന്‍ എ.ഐ ഉപയോഗിക്കുക. ഇടനിലക്കാരെ ഒഴിവാക്കുക, കാലതാമസം കുറയ്ക്കുക, കാര്യക്ഷമതയില്ലായ്മ തുറന്നുകാട്ടുക, നിലവില്‍ ഇന്‍സൈഡര്‍മാര്‍ക്ക് മാത്രം ലഭിക്കുന്ന വിവരങ്ങളും നടപടിക്രമങ്ങളും സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്നതായിരുന്നു ഈ റിപ്പോര്‍ട്ടിന്റെ ആത്മാവ്. സാങ്കേതികവിദ്യയിലൂടെ ഭരണത്തില്‍ ധര്‍മ്മം കൊണ്ടുവരാനുള്ള ഒരു ആഹ്വാനം തന്നെയായിരുന്നു ഇത്.

വെര്‍ച്വല്‍ ഡെപ്യൂട്ടി സെക്രട്ടറി: ഉന്നതര്‍ക്ക് മാത്രമല്ല, പൊതുജനങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ആശയം

റിപ്പോര്‍ട്ടിലെ ഏറ്റവും വിപ്ലവകരമായ നിര്‍ദ്ദേശങ്ങളില്‍ ഒന്ന് വെര്‍ച്വല്‍ ഡെപ്യൂട്ടി സെക്രട്ടറിയെ സൃഷ്ടിക്കുക എന്നതായിരുന്നു. സെക്രട്ടേറിയറ്റിലെ ഫയല്‍ സംവിധാനത്തില്‍ ഉള്‍ച്ചേര്‍ത്ത ഒരു എ.ഐഅസിസ്റ്റന്റ്. ഈ ഉപകരണം സ്വയമേവ ഫയലുകള്‍ വായിക്കുകയും, കാണാത്ത രേഖകള്‍ കണ്ടെത്തുകയും, നിയമപരമോ നടപടിപരമോ ആയ ലംഘനങ്ങള്‍ തിരിച്ചറിയുകയും, അംഗീകാരങ്ങള്‍ വേഗത്തിലാക്കാന്‍ അടുത്ത ഘട്ടങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതായിരുന്നു. ഈ ആശയത്തിന്റെ യഥാര്‍ത്ഥ പ്രതിഭ, ഇത് സര്‍ക്കാരിന്റെ മധ്യനിരയില്‍ പ്രവര്‍ത്തിക്കുമെന്നതായിരുന്നു. അവിടെയാണ് മിക്ക ഫയലുകളും കുടുങ്ങിപ്പോകുന്നത് എന്നയിടത്തായിരുന്നു ഇതിന്റെ പ്രവര്‍ത്തനം.

സെക്ഷന്‍ ഓഫീസര്‍മാരെയും, അണ്ടര്‍ സെക്രട്ടറിമാരെയും, ഡെപ്യൂട്ടി സെക്രട്ടറിമാരെയും കേസുകള്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തീര്‍ക്കാന്‍ സഹായിക്കുമായിരുന്നതായിരുന്നു ഈ നിര്‍മ്മിതബുദ്ധിയുടെ ഉപയോഗം. ഇതിന് പൊതുജനങ്ങളില്‍ നേരിട്ട് സ്വാധീനമുണ്ടാകുമായിരുന്നു. വെള്ളപ്പൊക്കത്തിന് ശേഷം ഒരു കര്‍ഷകന്റെ നഷ്ടപരിഹാര ഫയല്‍ ആറുമാസം കെട്ടിക്കാത്ത അവസ്ഥ വരുന്ന വിധത്തിലായിരുന്നു. ഒരു എന്‍.ഒ.സി തേടുന്ന ഒരു സംരംഭകനോട് ഒരേ വിവരങ്ങള്‍ മൂന്ന് തവണ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടില്ലായിരുന്നു. പൊതുജനങ്ങളുടെ ജോലികള്‍ വേഗത്തിലും അഴിമതിയില്ലാതെയും തീര്‍ക്കുന്നതില്‍ ഒരു പക്ഷപാതമില്ലാത്ത, വേഗതയുള്ള, അഴിമതിരഹിതമായ പങ്കാളിയാകുമായിരുന്നു വെര്‍ച്വല്‍ ഡെപ്യൂട്ടി സെക്രട്ടറി.


 



സംഭവിച്ചത് ശക്തര്‍ക്കുള്ള ഒരു ആഡംബരമായി എ.ഐ

അടിസ്ഥാന ജനങ്ങളെ സേവിക്കുന്ന ഈ ഉപകരണം നടപ്പാക്കുന്നതിന് പകരം, ഭരണകൂടം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കായി അത്യാധുനിക എ.ഐ അസിസ്റ്റന്റുകള്‍ സംവരണം ചെയ്തിരിക്കുന്നു. നിലവിലെ മാതൃകയില്‍, ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഫയലുകള്‍ വായിച്ച്, പ്രധാന കാര്യങ്ങള്‍ സംഗ്രഹിക്കുകയും, ലളിതമായ ബ്രീഫിംഗുകള്‍ നല്‍കുകയും ചെയ്യുന്ന ലൈസന്‍സ്ഡ് എ.ഐ ലഭിക്കുന്നു. 'കാര്യക്ഷമത'യാണ് ലക്ഷ്യമെന്ന് പറയുന്നുണ്ടെങ്കിലും, യഥാര്‍ത്ഥത്തില്‍ ഇത് ഉയര്‍ന്ന സ്ഥാനങ്ങളിലുള്ളവര്‍ക്ക് ബുദ്ധിമുട്ടുള്ള വായന ഒഴിവാക്കാനും അവരുടെ മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റാനുമുള്ള ഒരു വഴിയാണ്.

ഈ വൈരുദ്ധ്യം വളരെ വലുതാണ്. ജനങ്ങള്‍ക്കായി ഫയലുകളുടെ ഒഴുക്ക് സുഗമമാക്കാന്‍ എ.ഐയെ റിപ്പോര്‍ട്ട് വിഭാവനം ചെയ്തപ്പോള്‍, ഭരണകൂടം അതിനെ ഉന്നതര്‍ക്കുവേണ്ടിയുള്ള ഒരു എ.ഐ കണ്‍സേര്‍ജ് സേവനമാക്കി മാറ്റി. ഇത് ഭരണപരിഷ്‌കാരമല്ല, മറിച്ച് ഉദ്യോഗസ്ഥരുടെ പ്രമാണിത്തം വര്‍ധിപ്പിക്കാനുള്ള വഴിയൊരുക്കലുമാണെന്നാണ് ഉയരുന്ന വിമര്‍ശനം.

സര്‍ക്കാര്‍ തള്ളിയ റിപ്പോര്‍ട്ടിലെ പൗരന്‍മാര്‍ക്കുള്ള ആശയങ്ങള്‍

ഏകീകൃത പരാതി എ.ഐ: എല്ലാ പൗരന്മാരുടെയും പരാതികള്‍ സ്‌കാന്‍ ചെയ്യാനും, പാറ്റേണുകള്‍ കണ്ടെത്താനും

ഉടനടി നടപടിക്കായി അവ മുകളിലേക്ക് അയക്കാനും ഈ സംവിധാനത്തിന് കഴിയും എന്നതായിരുന്നു പ്രശാന്തിന്റെ റിപ്പോര്‍ട്ടിലെ കാര്യം. ഇത് അവഗണിക്കപ്പെട്ടു.

പൊതു പങ്കാളിത്ത പ്ലാറ്റ്‌ഫോം: നയപരമായ മാറ്റങ്ങളും പ്രാദേശിക പദ്ധതികളും പൗരന്മാര്‍ക്ക് നിര്‍ദ്ദേശിക്കാന്‍ കഴിയുന്ന ഒരു ഡിജിറ്റല്‍ ഇടം. എ.ഐ, ജനപ്രിയ ആശയങ്ങളെ ഗ്രൂപ്പ് ചെയ്യുകയും റാങ്ക് ചെയ്യുകയും തീരുമാനമെടുക്കുന്നവരുടെ അടുത്തേക്ക് എത്തിക്കുകയും ചെയ്യുമായിരുന്നു. അതും അവഗണിക്കപ്പെട്ടു.

എ.ഐറൂള്‍സ് അഡൈ്വസര്‍ 'ഡിങ്കന്‍': 'ഒരു കെട്ടിട നിര്‍മ്മാണാനുമതിക്ക് എന്ത് രേഖകള്‍ വേണം?' പോലുള്ള നടപടിക്രമപരമായ ചോദ്യങ്ങള്‍ക്ക് തല്‍ക്ഷണം ഉത്തരം നല്‍കുന്ന ഒരു ചാറ്റ്‌ബോട്ട്. സാമൂഹിക ക്ഷേമ തട്ടിപ്പ് & വിടവ് കണ്ടെത്തല്‍ ഒരാള്‍ക്ക് രണ്ട് തവണ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും അര്‍ഹരായ ആരും വിട്ടുപോവുന്നില്ലെന്നും ഉറപ്പുവരുത്തുന്ന എ.ഐ, പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന ഡാഷ്‌ബോര്‍ഡുകളോടെ. ഈ നിര്‍ദേശവും റിപ്പോര്‍ട്ട് തള്ളിയതിനൊപ്പം അവഗണിക്കപ്പെട്ടു.

കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പൗരന്മാര്‍ക്ക് സൗജന്യ, ബഹുഭാഷാ നിയമ സഹായം അടക്കം ലഭ്യമാകുന്നത് ഭാഷാ സൗഹൃദ നിയമ സഹായ ചാറ്റ്‌ബോട്ടും ഉള്‍പ്പെടുത്തിയിരുന്ു. ഇത് കൂടാതെ ജോലികള്‍, കരാറുകള്‍, പേയ്മെന്റുകള്‍ എന്നിവയെക്കുറിച്ചുള്ള തത്സമയ പൊതു അപ്ഡേറ്റുകള്‍ അടക്കം ഉള്‍പ്പെടുത്തി. ഇക്കാര്യത്തില്‍ സുതാര്യത വരുന്നത് സര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ലെന്ന സൂചനയാണ് വ്യക്തമാകുന്നത്.

പോലീസ്-ഭരണകൂട മാതൃകയിലേക്കുള്ള മാറ്റം

സുതാര്യതയ്ക്കും പൊതു സേവനത്തിനും പകരം, സംസ്ഥാനത്തിന്റെ നിലവിലെ എ.ഐ ദിശാബോധം നിരീക്ഷണത്തിലേക്കും നിയന്ത്രണത്തിലേക്കും വിരല്‍ ചൂണ്ടുന്നതാണെന്നാണ് വിമര്‍ശനം. എ.ഐ അടിസ്ഥാനമാക്കിയുള്ള സോഷ്യല്‍ മീഡിയ നിരീക്ഷണം - പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല, മറിച്ച് പി ആര്‍ കൈകാര്യം ചെയ്യാനും വിമര്‍ശകരെ നിഷ്‌ക്രിയമാക്കാനും സര്‍ക്കാരിനെതിരായ 'നെഗറ്റീവ് സെന്റിമെന്റ്' കണ്ടെത്തുക തുടങ്ങിയവയാണ് സര്‍ക്കാര്‍ ലക്ഷ്യം.

സേവന ഡാറ്റയിലൂടെ പൗരന്മാരെ ട്രാക്കുചെയ്യലും ക്ഷേമ ആനുകൂല്യങ്ങളും സേവന ഉപയോഗവും പെരുമാറ്റ പ്രൊഫൈലിംഗുമായി ബന്ധിപ്പിക്കുക തുടങ്ങിയ നീക്കങ്ങള്‍ ശബ്ദമുയര്‍ത്തുന്നവര്‍ക്ക് സേവനങ്ങള്‍ നിഷേധിക്കാന്‍ സാധ്യതക്ക് വഴിയൊരുക്കിയേക്കാം. മുന്‍കാല പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി 'ഉയര്‍ന്ന അപകടസാധ്യതയുള്ള വ്യക്തികളെ' മാപ്പ് ചെയ്യാന്‍ എഐ ഉപയോഗിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. പൗരന്മാര്‍ക്ക് കാണാന്‍ കഴിയുന്ന ഡാഷ്‌ബോര്‍ഡുകള്‍ക്ക് പകരം, ഡാറ്റ ആഭ്യന്തര നിരീക്ഷണത്തിനായി കേന്ദ്രീകരിക്കുക എന്നതാണ് പുതിയ എഐ സംവിധാനത്തിന്റെ ലക്ഷ്യം. ഇത് ഒരു പോലീസ് സ്റ്റേറ്റിലേക്ക് നയിക്കുമെന്ന ആശങ്കയ്ക്ക് ഇട നല്കുന്നതാണ്.

ഇത് എന്തുകൊണ്ടാണ് അപകടകരമാകുന്നത്?

ഒരു ഭരണകൂടം പൗരന്മാരുടെ മനോഭാവം നിരീക്ഷിക്കാനും, പരാതികള്‍ ട്രാക്ക് ചെയ്യാനും, സ്വഭാവം പ്രൊഫൈല്‍ ചെയ്യാനും കഴിയുന്ന എ.ഐ സംവിധാനങ്ങള്‍ നിര്‍മ്മിക്കുകയും, ആ അധികാരം മുഴുവന്‍ സര്‍ക്കാരിനുള്ളില്‍ സൂക്ഷിക്കുകയും ചെയ്യുമ്പോള്‍, പൗരന്‍ ഒരു നിയന്ത്രണ ഡാഷ്‌ബോര്‍ഡിലെ ഒരു ഡാറ്റ പോയിന്റായി ചുരുങ്ങുന്നു. ഏറ്റവും മികച്ച എ.ഐ ഉപകരണങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം നല്‍കുന്ന നിലവിലെ പ്രവണതയുമായി ഇത് ചേരുമ്പോള്‍, ഇത് ഡിജിറ്റലായി ശക്തിപ്പെടുത്തിയ ഒരു ഭരണവര്‍ഗ്ഗത്തെയും വിവരങ്ങള്‍ ലഭിക്കാതെ വരുന്ന പൊതുജനത്തെയും സൃഷ്ടിക്കുന്നു.


 



ഈ സംവിധാനങ്ങള്‍ നിലവില്‍ വന്നാല്‍, അവ അപൂര്‍വ്വമായി മാത്രമേ ഇല്ലാതാക്കപ്പെടുന്നുള്ളൂ എന്ന് ചരിത്രം കാണിക്കുന്നു. അവ പുനരുപയോഗിക്കുകയും, വികസിപ്പിക്കുകയും, കൂടുതല്‍ ദൃഢമാക്കുകയും ചെയ്യുന്നു. അതേസമയം മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും ചര്‍ച്ച ചെയ്തു തീരുമാനിച്ചതല്ലാതെ മന്ത്രിസഭയിലേക്ക് വിഷയം വന്നിട്ടില്ലെന്നാണു സൂചന. എഐ വഴി ഡേറ്റ ചോരുമോ എന്ന ആശങ്ക പൊതുവേയുണ്ട്. സിപിഎം അനുകൂല സര്‍വീസ് സംഘടനകളും എ.ഐ ഭരണത്തില്‍ ആശങ്ക ഉന്നയിക്കുന്നുണ്ട്. അതേസമയം സര്‍ക്കാറിന്റെ അഴിമതി ഫയലുകള്‍ പുറത്തുവരുമെന്ന ആശങ്കയാണ് സെക്രട്ടറിയേറ്റില്‍ ഇരുമ്പുമറ കെട്ടുന്ന വിധത്തില്‍ എഐ സംവിധാനത്തെയും ഉദ്യോഗസ്ഥ തലത്തില്‍ മാത്രം ഉപയോഗിക്കുന്നതിലെ ലക്ഷ്യമെന്നാണ് വിമര്‍ശനം.

Tags:    

Similar News