മാംഗോ ഫോണും മുട്ടില്‍ മരംമുറി തട്ടിപ്പുമായി നടന്നവര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകളായി; ശതകോടീശ്വരന്‍മാര്‍ പോലും മടിച്ചു നിന്നപ്പോള്‍ മെസ്സിക്കായി കോടികള്‍ വാരി എറിയുന്നു; വരുമാന വഴികള്‍ അടിമുടി ദുരൂഹം; അഗസ്റ്റിന്‍ സഹോദരങ്ങളുടെ എമറാജ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഗോകുലം ഗോപാലന്റെ ഉറ്റബന്ധുവും
ഇതുവരെ ആരും അറിയാത്ത കേരളം ഞെട്ടുന്ന ചില നഗ്ന സത്യങ്ങൾ
കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്നേറ്റ് രംഗത്തെത്തിയ വിവാദ വ്യവസായികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. കലൂര്‍ സ്റ്റേഡിയം നവീകരണത്തിന്റെ പേരില്‍ അടക്കം വിവാദം ഉയരുന്നുണ്ട്. 70 കോടിയുടെ കരാറിന്റെ പേരിലാണ് വിവാദം. ഇത്രയും കോടി മുടക്കി സ്‌റ്റേഡിയം നവീകരിക്കുന്നതിന് കൃത്യമായ കരാര്‍ പോലും ഇല്ലെന്ന ആരോപണം ഉയരുന്നുണ്ട്.
ഇതിനിടെ വ്യക്തമായി പറയാന്‍ ഒരു ബിസിനസും ഇല്ലാത്ത അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് മെസ്സിയെ എത്തിക്കാനും സ്‌റ്റേഡിയം നവീകരിക്കാനുമെല്ലാം പണം എവിടെ നിന്നാണെന്ന ചോദ്യമാണ് ഉയരുന്നത്. ഇതില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം അടക്കം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇവര്‍ മുന്‍കാലങ്ങളില്‍ നടത്തിയതെല്ലാം വലിയ തട്ടിപ്പുകളായിരുന്നു. ഏഷ്യന്‍ മോട്ടോഴ്‌സില്‍ തുടങ്ങി മാംഗോ ഫോണ്‍ നിര്‍മാണത്തിന്റെ പേരിലും പിന്നീട് മുട്ടില്‍ മരംമുറി കേസിലും കുപ്രസിദ്ധരായിരുന്നു റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍.
2016ല്‍ മാംഗോാഫോണ്‍ എന്ന പേരില്‍ മൊബൈല്‍ കമ്പനി തുടങ്ങിയ ഇവര്‍ ആപ്പിളിനെയും സാംസങ്ങിനെയും വെല്ലുന്ന കമ്പനിയായി പ്രഖ്യാപിച്ചായിരുന്നു രംഗപ്രവേശനം ചെയ്തത്. കൈയില്‍ പണമില്ലാതെ നാട്ടുകാരെ പറ്റിക്കാന്‍ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത തട്ടിപ്പായിരുന്നു ഇത്. കൊച്ചിയിലെ ഓഫീസിന്റെ കറന്റ് ബില്‍ പോലും അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഈ സ്ഥാപനം. മാധ്യമങ്ങളുടെ മുന്‍പേജില്‍ മാംഗോ ഫോണിന്റെ പരസ്യം നല്‍കി ലോഞ്ചിംഗിന് ഒരുങ്ങി. ഈ ചടങ്ങിന് തൊട്ടു മുമ്പായി മറ്റൊരു സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലാകുകയാണ് ഉണ്ടായത്.
കേരളത്തില്‍ നിന്നും ശതകോടീശ്വരന്‍മാര്‍ പോലും മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന വാഗ്ദാനം നല്‍കി രംഗത്തുവന്നിരുന്നില്ല. എന്നാല്‍, അവിടേക്കാണ് എന്താണ് കൃത്യമായ വരുമാനമാര്‍ഗ്ഗം എന്നതില്‍ വ്യക്തതയില്ലാത്ത അഗസ്റ്റിന്‍ സഹോദരങ്ങള്‍ രംഗത്തിറങ്ങിയത്. മെസ്സിയെ കേരളത്തില്‍ എത്തിക്കാന്‍ 150 കോടിയോളം കൊടുത്തുവെന്ന അവകാശവാദങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇതിന്റെ വസ്തുത ഇനിയും പുറത്തുവരേണ്ടതുണ്ട്. എം വി നികേഷ് കുമാറില്‍ നിന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ വാങ്ങി എന്ന് അവകാശപ്പെട്ടാണ് ഇവര്‍ കേരളത്തിന്റെ പൊതുസമൂഹത്തിലേക്ക് എത്തുന്നത്.
10 വര്‍ഷം മുമ്പ് ബാങ്കുകള്‍ കേസ് കൊടുത്ത് പിന്നാലെ നടന്നിരുന്ന ഈ സഹോദരന്മാര്‍ക്ക് എങ്ങനെ ഇത്രയും വലിയ സാമ്പത്തിക ശേഷി കൈവന്നു എന്നും, കള്ളക്കട കച്ചവട സാമ്രാജ്യം കെട്ടിപ്പടുക്കുന്നത് എവിടെ നിന്നുള്ള പണം ഉപയോഗിച്ചാണ് എന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഇന്നും ഉത്തരമില്ല. ഇവരുടെ ബിസിനസ് ഗ്രൂപ്പായി അറിയപ്പെടുന്നത് എമറാജ് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡാണ്. ഈ കമ്പനിയുടെ ബിസിനസ് സ്ഥാപനങ്ങളെല്ലാം ദുരൂഹമായതാണ്.
ഭക്ഷ്യോല്‍പ്പന്ന വിതരണവും ഹോട്ടല്‍ രംഗത്തും വിദേശത്ത് റിയല്‍ എസ്റ്റേറ്റിലുമെല്ലാം രംഗത്തുണ്ടെന്നാണ് സ്ഥാപനം അവകാശപ്പെടുന്നത്. എന്നാല്‍, ചാനല്‍ ഒഴികേ അറിയപ്പെടുന്ന മറ്റൊരു ബ്രാന്‍ഡും എമറാജിന്റേതായില്ല. ഇതിനിടെയാണ് അഗസ്റ്റിന്‍ സഹോദരന്‍മാരുമായി അടുത്ത ബിസിനസ് ബന്ധം ഉള്ളത് പ്രമുഖ വ്യവസായി ഗോകുലം ഗോപാലനാണ്. ഗോകുലം ഗോപാലനുമായുള്ള ബന്ധത്തിന്റെ പേരില്‍ ബിനാമി സംശയവും ഉയരുന്നുണ്ട്.
ഈ ആരോപണങ്ങള്‍ക്ക് ശക്തികൂട്ടുന്നതാണ് എമറാജ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഗോകുലം ഗോപാലന്റെ ഉറ്റബന്ധുവിന്റെ പങ്കാളിത്തം. അഗസ്റ്റിന്‍ സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള എമരാജ് ഗ്രൂപ്പും ഗോകുലം ഗോപാലനും തമ്മിലുള്ള ബന്ധമാണ് ഇവരുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്നിലെന്നാണ് സംശയം. മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സിന്റെ രേഖകളില്‍ ഗോകുലം ഗോപാലന്റെ മകളായ ലിജീഷ ഗോപാലനെ തങ്ങളുടെ പ്രധാന കമ്പനിയായ എമരാജ് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതേ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അഗസ്റ്റിന്‍ സഹോദരന്മാരില്‍ ഒരാളുടെ ഭാര്യയും ബന്ധുവും ഉള്‍പ്പെട്ടിട്ടുണ്ട്.
ഗോകുലം ഗോപാലന് ഉടമസ്ഥാവകാശമുള്ള തിരുവനന്തപുരത്തെ ഗോകുലം ഗ്രാന്‍ഡ് ഹോട്ടലും കൊച്ചിയിലെ ഹോളിഡേ ഇന്‍ ഹോട്ടലും എമരാജ് ഗ്രൂപ്പിന്റേതാണെന്ന് അവരുടെ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്. ഗോകുലം ഗോപാലനെ പോലൊരു പ്രമുഖ വ്യവസായി എമിറാജ് ഗ്രൂപ്പുമായി സഹികരിക്കുന്നത് എന്തിനാണെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. എടുത്തുപറയാന്‍ ബിസിനസ് ഇല്ലാത്ത ഇവര്‍ക്ക് വേണ്ടി പണം മറിക്കുന്നത് ഗോകുലം ഗ്രൂപ്പാണോ എന്നതാണ് ഉയരുന്ന സംശയം.
അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് അവരുടെ പേരില്‍ നിരവധി കേസുകളും കടബാധ്യതകളും നികുതി കുടിശ്ശികയും ഉണ്ട്. അതിനാല്‍ നിയമപരമായ നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ വഴഞ്ഞ വഴികള്‍ ഇവര്‍ സ്വീകരിക്കുന്നുണ്ട്. എമറാജിലും ഈ സംശയം ശക്തമയി ഉയരുന്നുണ്ട്. റണാകുളത്തെ ഹോളിഡേ ഇന്നും തിരുവനന്തപുരത്തെ ഗോകുലം ഗ്രാന്‍ഡും വളഞ്ഞ വഴിയിലൂടെ എങ്ങനെയാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ സ്വന്തമാക്കാന്‍ ശ്രമിച്ചു എന്ന ആരോപണവും ഉയര്‍ന്നിരുന്നതാണ്. മുമ്പ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും ഗോകുലം ഗോപാലനും റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകളും തമ്മിലുള്ള ബന്ധത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അഗസ്റ്റിന്‍ സഹോദരന്‍മാരുടെ സാമ്പത്തിക ഇടപാടുകള്‍ ഇഡി പരിശോധിക്കണമെന്ന ആവശ്യവും അവര്‍ ഉയര്‍ത്തിയിരുന്നു.
