16 എസ് എസ്-എസ് ടി മണ്ഡലങ്ങളില്‍ കൈയ്യിലുള്ളത് രണ്ടെണ്ണം മാത്രം; നാട്ടികയും കുന്നത്തുനാടും മാവേലിക്കരയും അടൂരും കുന്നത്തൂറും ചിറയിന്‍കീഴും പിടിച്ചെടുക്കണം; ആറ്റിങ്ങളിലും ദേവികുളത്തും പോരാട്ടം കടുപ്പിക്കും; അനുകൂലാന്തരീക്ഷം പരമാവധി മുതലെടുക്കണം; സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കും; തന്ത്രം അവതരിപ്പിച്ച് കെസി; വിഡിയും സണ്ണി ജോസഫും എക്‌സിക്യൂഷനും; 'കാലുവാരലുകാരനെ' നിരീക്ഷിക്കും
തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മണ്ഡലങ്ങളെ മൂന്നായി തിരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. അതില്‍ ജയം ഉറപ്പുള്ള സീറ്റുകളില്‍ ഉടന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ഇതിനൊപ്പം എസ് സി-എസ് ടി മണ്ഡലങ്ങളിലും നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ഈ സീറ്റുകളെല്ലാം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഈ മണ്ടലങ്ങളില്‍ നിലവില്‍ വണ്ടൂരും, സുല്‍ത്താന്‍ ബത്തേരിയും മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. 16 മണ്ഡലങ്ങളാണ് എസ് സി-എസ് ടി സംവരണം.
ആഞ്ഞു പിടിച്ചാല്‍ 9 സീറ്റ് വരെ ജയിക്കാന്‍ കഴിയുമെണാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ നിലപാട്. ജയിക്കാന്‍ കഴിയുന്ന സീറ്റുകളുടെ പട്ടിക എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തയ്യാറാക്കിയിട്ടുണ്ട്. നാട്ടികയും, കുന്നത്തുനാടും, മാവേലിക്കരയും അടൂരും കുന്നത്തൂരും ചിറയിന്‍കീഴും നല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജയിപ്പിക്കും. ഇതില്‍ മാവേലിക്കരയും അടൂരും കുന്നത്തൂരും ചിറയിന്‍കീഴും ചില നേതാക്കളുടെ ഇടപെടലുകള്‍ മുന്‍ കാലങ്ങളില്‍ ജയത്തിന് തടസ്സമായി. കൊട്ടാരക്കരയിലെ തോല്‍വിയുമായി ബന്ധപ്പെട്ട് പരാതികളും ഹൈക്കമാണ്ടിന് മുന്നിലുണ്ട്. ഇത്തരം ഇടപെടലുകള്‍ പൂര്‍ണ്ണമായും തടയും. എസ് സി എസ് ടി മണ്ഡലങ്ങളില്‍ കരുത്ത് കാട്ടിയാല്‍ വന്‍ വിജയം ഈ തിരഞ്ഞെടുപ്പില്‍ നേടാമെന്നാണ് കെസിയുടെ വിലയിരുത്തല്‍.
കൃത്യമായ കോര്‍ഡിനേഷന്റെ അഭാവമാണ് പല സംവരണ മണ്ഡലങ്ങളും തോല്‍ക്കാന്‍ കാരണം. അത് മാറ്റാന്‍ സജീവ ഇടപെടലുണ്ടാകണമെന്നാണ് ആവശ്യം. ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ തന്നെ എസ് എസി-എസ് ടി മണ്ഡലങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളാണ് സംസ്ഥാന നേതൃത്വം നടത്തുന്നത്. കേരളത്തിലെ പ്രധാന ദളിത്-ആദിവാസി മുഖമായ സി.കെ.ജാനുവിനെ കൊണ്ടുവന്നത് നേട്ടമിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. വയനാട്ടിലെ രണ്ടു സീറ്റുകളും പട്ടികവര്‍ഗ്ഗ സംവരണമാണ്. ഇതില്‍ ഒന്നില്‍ ഐസി ബാലകൃഷ്ണനാണ് എംഎല്‍എ. അദ്ദേഹം വീണ്ടും മത്സരിക്കും. മാനന്തവാടിയില്‍ ജാനുവിനെ മത്സരിപ്പിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 140 മണ്ഡലങ്ങളെ 'എ', 'ബി', 'സി' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനം ആരംഭിക്കുക. ഇതില്‍ യുഡിഎഫിന് ശക്തമായ സ്വാധീനമുള്ളതും ജയം ഉറപ്പുള്ളതുമായ സീറ്റുകളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. തദ്ദേശത്തിലും ഈ തന്ത്രം പയറ്റി. ഇതില്‍ വിജയിക്കുകയും ചെയ്തു. സംസ്ഥാനത്തെ 16 എസ് സി - എസ് ടി സംവരണ മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കാനാണ് കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള നീക്കം. നിലവില്‍ വണ്ടൂര്‍ (എസ് സി), സുല്‍ത്താന്‍ ബത്തേരി (എസ് ടി) എന്നീ രണ്ട് മണ്ഡലങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസി കൈവശമുള്ളത്. ബാക്കി 14 സീറ്റുകളും എല്‍ഡിഎഫിനൊപ്പമാണ്. ഈ സാഹചര്യം മാറ്റിയെടുക്കാന്‍ സംവരണ മണ്ഡലങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തും.
നാട്ടിക, കുന്നത്തുനാട്, മാവേലിക്കര, അടൂര്‍, കുന്നത്തൂര്‍, ചിറയിന്‍കീഴ് എന്നീ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് എഐസിസി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ മാവേലിക്കരയും അടൂരും കുന്നത്തൂരും കഴിഞ്ഞ തവണത്തെ പരാജയത്തിന് കാരണം പ്രാദേശിക നേതാക്കളുടെ ഗ്രൂപ്പ് തര്‍ക്കങ്ങളും ഇടപെടലുകളുമാണ്. ഇത്തരം വിഭാഗീയതകള്‍ ഇത്തവണ അനുവദിക്കില്ലെന്നും ഹൈക്കമാന്‍ഡ് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണ്ഡലങ്ങളില്‍ കൃത്യമായ കോര്‍ഡിനേഷന്‍ ഇല്ലാത്തതും ദളിത്-പിന്നോക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിയാത്തതുമാണ് തിരിച്ചടിയാകുന്നത്. ഇത് പരിഹരിക്കാന്‍ ഓരോ സംവരണ മണ്ഡലത്തിനും പ്രത്യേക നിരീക്ഷകരെ നിയോഗിക്കും. ജാനുവിന്റെ വരവ് മറ്റ് സംവരണ മണ്ഡലങ്ങളിലും പോസിറ്റീവ് സ്വാധീനം ചെലുത്തുമെന്ന് പാര്‍ട്ടി കരുതുന്നു.
ആറ്റിങ്ങല്‍, ദേവികുളം എന്നീ മണ്ഡലങ്ങളും ജയിക്കാമെന്നാണ് കെസി വേണുഗോപാലിന്റെ വിലയിരുത്തല്‍. വൈക്കവും ചേലക്കരയിലും കൊങ്ങാട്ടും ബാലുശ്ശേരിയും മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. ഇതില്‍ ബാലുശ്ശേരിയില്‍ ജയിക്കാന്‍ കഴിയുമെന്നും കണക്കു കൂട്ടലുണ്ട്. തദ്ദേശത്തില്‍ ഈ മേഖലകളില്‍ എല്ലാം കോണ്‍ഗ്രസ് അതിശക്തമായ മത്സരം നടത്തി. സംവരണ മണ്ഡലങ്ങളിലെ വിജയവും കേരളത്തില്‍ ഭരണം പിടിക്കാന്‍ അനിവാര്യതയെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നു. മികച്ച പ്രതിച്ഛായയുള്ള യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും ഈ മണ്ഡലങ്ങളില്‍ മുന്‍ഗണന നല്‍കാനാണ് സാധ്യത. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഈ മണ്ഡലങ്ങളിലെ പേരുകള്‍ ഉള്‍പ്പെടുത്തുന്നതോടെ പ്രവര്‍ത്തനങ്ങളും ശക്തമാകും.
