മീന്‍ കച്ചവടം നടത്തുന്ന കൈരളിയിലെ പഴയ ഡ്രൈവറെ കൊണ്ട് തന്ത്രത്തില്‍ കത്തി രാകി മിനുക്കി മൂര്‍ച്ച കൂട്ടി; ആശയുമായി ഉണ്ടായിരുന്നത് വര്‍ഷങ്ങളുടെ അടുപ്പം; വിവാഹ ജീവിതം തകര്‍ന്നതോടെ കാമുകിയെ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ച കുമാര്‍; ശല്യം കൂടിയപ്പോള്‍ ഫോണ്‍ എടുക്കാത്തത് പകയായി; എടുത്തപ്പോള്‍ ടൂറിന് പോകാമെന്ന വാഗ്ദാനം; വിശ്വസിച്ചെത്തിയ ആശയെ കൊന്ന് ആത്മഹത്യ; കൊല ചുരുള്‍ അഴിയുമ്പോള്‍
തിരുവനന്തപുരം: സുഹൃത്തായ വീട്ടമ്മയെ കൊലപ്പെടുത്താനായി പേയാട് സ്വദേശി കുമാര്‍ കരുതിയത് മൂന്ന് കത്തികള്‍. ഇതില്‍ ഏറ്റവും മൂര്‍ച്ചയേറിയത് ഉപയോഗിച്ചാണ് ആശയെ കുമാര്‍ കഴുത്ത് കീറി കൊലപ്പെടുത്തിയത്. ഈ കത്തി കുമാര്‍ വാങ്ങിയത് കൈരളി ടിവിയിലെ പഴയ സുഹൃത്തിന്റെ കൈയ്യില്‍ നിന്നാണ്. കൈരളിയില്‍ ഡ്രൈവറായിരുന്നു ഇയാള്‍ ഇപ്പോള്‍ പാളയത്ത് മീന്‍ കച്ചവടം നടത്തുകയാണ്. പഴയ പരിചയം ഉപയോഗിച്ച് ഇയാളെ സ്വാധീനിച്ചാണ് കത്തി സംഘടിപ്പിച്ചത്. അതിലൊരു കത്തി പാളയം മാര്‍ക്കറ്റിലെ കൂട്ടുകാരന്റെ സഹായത്താല്‍ രാകി വാങ്ങുകയും ചെയ്തു. വീട്ടവാശ്യത്തിന് എന്ന് തെറ്റിധരിപ്പിച്ചായിരുന്നു കൂട്ടുകാരനെ കൊണ്ട് കൊലയ്ക്ക് ഉപയോഗിക്കാനുള്ള കത്തി സംഘടിപ്പിച്ചത്. ഈ കത്തി ഉപയോഗിച്ചാണ് പെണ്‍സുഹൃത്തിന്റെ കഴുത്തറുത്തത്. എല്ലാം ആസൂത്രിതമായിട്ടായിരുന്നു കുമാര്‍ ചെയ്തതെന്ന് വ്യക്തം. പേയാട് കാവുവിള ലക്ഷം വീട്ടില്‍ കുമാര്‍ (52), വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ പേയാട് ചെറുപാറ എസ്.ആര്‍ ഭവനില്‍ ആശ (42) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ ഇന്നലെ രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടത്.
കുമാറും ആശയുമായി ഉണ്ടായിരുന്നത് വര്‍ഷങ്ങളായുള്ള ബന്ധമെന്നാണ് സൂചന. ഈ സൗഹൃദം നിലനില്‍ക്കുമ്പോള്‍ തന്നെ ഇരുവരും വിവാഹിതരായി. ഇതിനിടയിലും സൗഹൃദം തുടര്‍ന്നു. ആശയില്‍ നിന്നും പണം കടം വാങ്ങി. ഇതിനിടെ കുമാറിന്റെ കുടുംബ ജീവിതം തകര്‍ന്നു. ഇതോടെ വീണ്ടും ആശയുമായി അടുത്ത കൂട്ടായി. വിവാഹം കഴിക്കണമെന്നും കുമാര്‍ ആവശ്യം ഉന്നയിച്ചു. അങ്ങനെ ശല്യം കൂടി. ഇതോടെ കുമാറിന്റെ ഫോണ്‍ ആഴ്ചകളോളം ആശ എടുക്കാറായി. ഇതിനിടെയാണ് ഒരു ടൂര്‍ പോകാമെന്ന അറിയിച്ച് ആശയെ കുമാര്‍ വിളിച്ചു വരുത്തിയത്. തന്നെ കല്യാണം കഴിക്കില്ലെന്ന ആശയുടെ നിലപാടായിരുന്നു കുമാറിന്റെ പകയ്ക്ക് കാരണം. ഇതോടെ ആശയെ വകവരുത്താന്‍ കുമാര്‍ തീരുമാനിച്ചു. ഇതിനായി കൈരളിയില്‍ തന്നെ ജോലി ചെയ്യുന്ന സുഹൃത്തിന്റെ ലോഡ്ജും തിരഞ്ഞെടുത്തു. കത്തി വാങ്ങി കൊടുത്ത കൈരളിയിലെ പഴയ ഡ്രൈവറും ലോഡ്ജ് ഉടമയുമൊന്നും കുമാറിന്റെ മനസ്സിലെ പക അറിഞ്ഞില്ല. എന്നാല്‍ ഇവര്‍ക്കെല്ലാം ആശയും കുമാറും തമ്മിലെ സൗഹൃദം അറിയാമായിരുന്നുവെന്ന് പോലീസ് വിലയിരുത്തുന്നുണ്ട്. ഇതെല്ലാം അന്വേഷണ വിധേയമാക്കും.
വെള്ളിയാഴ്ച രാവിലെയാണ് കുമാര്‍ മുറിയെടുത്തത്. ശനിയാഴ്ച രാവിലെയാണ് ആശ എത്തിയത്. ഞായറാഴ്ച രാവിലെ ജീവനക്കാര്‍ മുറി വൃത്തിയാക്കുന്നതിനായി പലതവണ മുട്ടി വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ഇതോടെ സുഹൃത്തു കൂടിയായ ഉടമ സ്ഥലത്തെത്തി. സംശയം തോന്നിയതോടെ തമ്പാനൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. രാവിലെ ഏഴിന് പൊലീസ് എത്തി മൂന്നാം നിലയിലെ മുറിയുടെ കതക് ചവിട്ടിപ്പൊളിച്ചാണ് അകത്തു കടന്നത്. ആശയുടെ മൃതദേഹം കഴുത്ത് മുറിഞ്ഞ നിലയില്‍ നിലത്ത് രക്തത്തില്‍ കുളിച്ച് കട്ടിലിന് സമീപത്തായിരുന്നു. കുമാര്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.പാങ്ങോട് സൈനിക ക്യാംപില്‍ കരാര്‍ തൊഴിലാളിയാണ് ആശ. ഭര്‍ത്താവും രണ്ട് മക്കളുമൊന്നിച്ചാണ് താമസിച്ചിരുന്നത്. രാവിലെ ജോലിക്കു പോയി, വൈകിട്ട് തിരിച്ചു വരുന്നതാണ് പതിവ്.ആശയെ കാണാത്തതിനാല്‍ കെട്ടിടനിര്‍മാണ തൊഴിലാളിയായ ഭര്‍ത്താവ് ശനിയാഴ്ച രാത്രി വിളപ്പില്‍ശാല പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇവര്‍ തമ്മില്‍ ഇടയ്ക്കിടയ്ക്ക് ഫോണ്‍ വിളക്കാറുണ്ടെന്നും പൊലീസ് കണ്ടെത്തി. ആശയുമായി കുമാറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. യുവതിയില്‍ നിന്ന് പലപ്പോഴായി ഇയാള്‍ പണം കടം വാങ്ങുകയും ചെയ്തിരുന്നത്രേ. ഇതില്‍ തിരികെ ചോദിച്ചതിലുള്ള വിരോധമാകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച ഹോട്ടലില്‍ മുറിയെടുത്ത കുമാര്‍ കത്തികകളുമായി ഇരയെ കാത്തിരിക്കുകയായിരുന്നു. ജീവനൊടുക്കാനുള്ള കയറും ഇയാള്‍ വാങ്ങി സൂക്ഷിച്ചിരുന്നു. ശനിയാഴ്ച രാവിലെ ലോഡ്ജിലെത്തിയ ആശ ഭക്ഷണവും വസ്ത്രങ്ങളും ബാഗില്‍ കരുതിയിരുന്നു. നിറയെ വസ്ത്രങ്ങളുമായെത്തിയ ഇവര്‍ തിരിച്ചുപോകാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു.
ജോലിക്കുപോയ ആശ തിരിച്ചെത്താത്തതിനാല്‍ ഭര്‍ത്താവ് സുനില്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. സഹപ്രവര്‍ത്തകരോട് അന്വേഷിച്ചപ്പോള്‍ ആശ അവധിയാണെന്ന് അറിഞ്ഞു. തുടര്‍ന്ന് സുനില്‍ നല്‍കിയ പരാതിയില്‍ രാത്രി 11ന് വിളപ്പില്‍ശാല പൊലീസ് കേസെടുത്തു. കുമാര്‍ ഭാര്യയുമായി പിരിഞ്ഞു നാല് വര്‍ഷത്തിലേറെയായി ആലന്തറക്കോണത്ത് ഒറ്റയ്ക്കാണു താമസം. ഏക മകന്‍ ഭാര്യയുടെ അച്ഛന്റെയും അമ്മയുടെയും സംരക്ഷണത്തിലാണ്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കൊലപാതകകാരണം ഉറപ്പിക്കൂ. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. കുമാറിന്റെ മൃതദേഹം മണക്കാട് പുത്തന്‍കോട്ട ശ്മശാനത്തിലും ആശയുടേത് ശാന്തികവാടത്തിലും സംസ്‌കരിച്ചു. അങ്ങനെ രണ്ടു പേരുടേയും സംസ്‌കാരം രണ്ടിടത്ത് നടത്തി ബന്ധുക്കള്‍.