പത്തനംതിട്ടയിലേക്കുള്ള ട്രാന്‍സ്ഫര്‍ സിപിഎം യൂണിയന്‍ മുടക്കിയപ്പോള്‍ സഹായ ഹസ്തവുമായി എത്തിയത് സിപിഐ യൂണിയന്‍; ട്രാന്‍സ്ഫര്‍ ഉറപ്പിക്കാന്‍ നവീന്‍ ബാബുവിനായി യൂണിയന്‍ നേതൃത്വത്തിന് കാശ് കൊടുത്തത് പ്രശാന്തോ? എ.ഡി.എമ്മിന് കൈക്കൂലി കൊടുത്തെന്ന ആരോപണത്തിന് പിന്നില്‍ ഞെട്ടിക്കുന്ന അടിയൊഴുക്കുകള്‍

പത്തനംതിട്ടയിലേക്കുള്ള ട്രാന്‍സ്ഫര്‍ സിപിഎം യൂണിയന്‍ മുടക്കിയപ്പോള്‍ സഹായ ഹസ്തവുമായി എത്തിയത് സിപിഐ യൂണിയന്‍;

Update: 2024-10-22 10:52 GMT

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്കാണ് കടക്കുന്നത്. നവീന്‍ ബാബു കേസില്‍ അന്വേഷണം നേര്‍വഴിക്ക് നടക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് യോഗത്തില്‍ വ്യക്തമാക്കിയത്. ഈ അന്വേഷണം ദിവ്യയെ രക്ഷിച്ചെടുക്കുന്ന വിധത്തിലാകുമെന്നും സൂചനകളുണ്ട്. അതേസമയം നവീന് ബാബുവിന് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കും വിധത്തില്‍ വിഷയങ്ങള്‍ ഉണ്ടായത് അദ്ദേഹത്തിന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട വിഷയങ്ങളും പമ്പിന് എന്‍ഒസി നല്‍കിയതുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്.

അതേസമയം നവീന്‍ ബാബുന്റെ കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കുന്ന വിധത്തിലാണ് ചില ഗൂഢാലോചനകള്‍ നടക്കുന്നത്. ഇതിന്റെ സൂചനായാണ് നവീന്‍ ബാബുവിനെ കൈക്കൂലി നല്കിയെന്ന വിധത്തില്‍ പ്രശാന്തന്‍ പോലീസില്‍ നല്‍കിയ മൊഴിയും. താന്‍ പണം സംഘടിപ്പിച്ചത് സ്വര്‍ണം പണയം വെച്ചാണെന്നാണ് പ്രശാന്തന്‍ പറയുന്നത്. ഇതിന് തെളിവും പോലീസില്‍ ഹാജറാക്കി. കൂടാതെ നവീന്‍ ബാബുവും പ്രശാന്തനും പുറത്തുവെച്ച് കൂടിക്കാഴ്ച്ച നടത്തുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതെല്ലാം നവീനെതിരെ തെളിവുണ്ടാക്കുന്ന സാഹചര്യ തെളിവായി വ്യാഖ്യാനിക്കുന്നുണ്ട്.

പോലീസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയോ എന്ന ചോദ്യം ഉയരുന്ന വിധത്തിലാണ് ഇപ്പോഴത്തെ അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ എഡിഎം നവീന്‍ ബാബുവിനെതിരെ കടുത്ത അധിക്ഷേപം ചൊരിയാന്‍ പി പി ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നില്‍ പെട്രോള്‍ പമ്പ് വിഷയത്തിലെ സിപിഐയുടെ ഇടപെടല്‍ കാരണമായിരുന്നു. സിപിഐ നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് എന്‍ഒസി കിട്ടിയതെന്നും ഇതിനായി കുറച്ചു പണം ചെലവിടേണ്ടി വന്നെന്നും താന്‍ ദിവ്യയെ അറിയിച്ചിരുന്നതായി അപേക്ഷകനായ പ്രശാന്ത് വിജിലന്‍സിനും ലാന്‍ഡ് റവന്യൂ ജോയിന്‍ കമ്മീഷണര്‍ക്ക് മൊഴി നല്‍കിയിട്ടുമുണ്ട്.

നവീന്‍ ബാബുവിന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ശരിയാക്കുന്നതിലും സിപിഐ സഹായം കിട്ടിയതാണ് വിവരം. ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തിയത് സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലാണെന്നാണ് സൂചന. എന്‍ ഓ സി വിഷയത്തില്‍ നവീന്‍ ബാബുവിനെ താന്‍ വിളിച്ചിരുന്നതായി സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥിരീകരിക്കുകയും ചെയ്തു. നേരത്തെ നവീന്‍ ബാബു സിപിഎം അനുകൂല സര്‍വീസ് സംഘടനയ്ക്കെതിരായി (കെ.ജി.ഒ.എ) എഴുതിയ സന്ദേശവും പുറത്തുവന്നിരുന്നു.


Full ViewAbout Naveen babu case

സുഹൃത്തിനയച്ച വാട്സാപ്പ് സന്ദേശമാണ് പുറത്തുവന്നത്. പത്തനംതിട്ടയിലേക്കുള്ള തന്റെ സ്ഥലംമാറ്റത്തിനുള്ള ശ്രമങ്ങള്‍ സിപിഎം അനുകൂല സംഘടന ഇടപെട്ട് വിലക്കിയെന്നാണ് അദ്ദേഹം ഈ സന്ദേശത്തില്‍ വെളിപ്പെടുത്തിയത്. മികച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കണ്ണൂരില്‍ നിന്ന് മാറ്റരുത് എന്നായിരുന്നു സിപിഎം അനുകൂല സംഘടനയുടെ നിലപാട്. അതറിഞ്ഞ് മൂന്ന് മാസത്തെ ലീവിന് അപേക്ഷിച്ചു. എന്നാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായപ്പോള്‍ അവധി ലഭിച്ചില്ല.

ഇതോടെയാണ് പത്തനംതിട്ടയിലേക്കുള്ള സ്ഥലം മാറ്റത്തിന് നവീന്‍ ശ്രമം തുടങ്ങിയത്. സിപിഐയുടെ സര്‍വീസ് സംഘടന വഴി സമീപിച്ചപ്പോള്‍ സ്ഥലംമാറ്റം തരപ്പെട്ടുവെന്നുമാണ് ലഭിക്കുന്ന വിവരം. ഇതോടെയാണ് സിപിഐയെ തൊഴിലാളി സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ഇടപെട്ടത്. നവീന്‍ ബാബുവിന്റെ സ്ഥലം മാറ്റത്തിനായി ഇടപെട്ടുവെന്നാണ് സിപിഐ ജില്ലാ സെക്രട്ടറി സന്തോഷ് കുമാറും വ്യക്തമാക്കിയത്. ഇതോടെ സ്ഥലം മാറ്റത്തിന് വേണ്ടി നവീന്‍ ബാബു സര്‍വീസ് സംഘടനാ നേതാക്കള്‍ക്ക് പണം നല്‍കിയിരിക്കാമെന്ന വിധത്തിലാണ് വ്യാഖ്യാനങ്ങള്‍ പോകുന്നത്. അല്ലെങ്കില്‍ നേതാക്കള്‍ക്ക് നല്‍കുന്നതിന് എന്തെങ്കിലും അറേഞ്ച്‌മെന്റും നല്‍കിയിരിക്കാം. ഇതാണ് ഇവിടെ വഴിത്തിരിവായ കാര്യം.

അതേസമയം പെട്രോള്‍ പമ്പ് എന്‍ഒസിയില്‍ നവീന്‍ ബാബുവിനോട് ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് തന്നെ വന്നു കണ്ടിരുന്നതായി സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സന്തോഷ് കുമാറും വ്യക്തമാക്കിയിരുന്നു. പത്തനംതിട്ട എഡിഎം ആയി സ്ഥലംമാറ്റം തരാന്‍ സിപിഐക്കാര്‍ തയ്യാറായപ്പോഴാണ് പമ്പുടമയുടെ എന്‍ഒസി വിഷയവും എത്തിയത്. എന്‍ഒസി നല്‍കാന്‍ നവീന്‍ ബാബുവിനോട് സിപിഐ തൊഴിലാളി സംഘടനാ നേതാക്കള്‍ നിദേശിച്ചിരിക്കാനും സാധ്യതയുണ്ട്.

ഇപ്പോഴത്തെ നിലയില്‍ ട്രാന്‍സ്ഫര്‍ ഉറപ്പിക്കാന്‍ വേണ്ടി നവീന്‍ നടത്തിയ അറേഞ്ച്‌മെന്റാണ് ഇതെന്ന് സ്ഥാപിക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ നടക്കുന്നത്. സത്യസന്ധനായ നവീനിലേക്ക്തന്നെ ഇനി ആരോപണങ്ങള്‍ എത്തിച്ച് ദിവ്യയെ രക്ഷിക്കാനാണ് അണിയറ നീക്കം. എന്‍ഒസി വൈകുന്നതില്‍ ക്ഷുഭിതനായ പ്രശാന്തന്‍ കൈക്കൂലി ആരോപണം കെട്ടിച്ചമച്ചതാണോ എന്നും അറിയേണ്ടിയിരിക്കുന്നു.

ഈ ഇടപാടില്‍ പ്രശാന്തന്‍ ആര്‍ക്കാണ് പണം കൊടുത്തത് എന്നാണ് അറിയേണ്ടത്. നേതാക്കള്‍ക്കാണോ അതോ നവീന്‍ ബാബുവിനാണോ എന്നതിലാണ് വ്യക്തത കൈവരേണ്ടത്. എന്നാല്‍, നേതാക്കളിലേക്ക് വിരല്‍ചൂണ്ടാതെ നവീനിലേക്കാണ് പ്രശാന്തന്‍ ആരോപണം ഉയര്‍ത്തിയത്. പോലീസിന് നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാണ്. ട്രാന്‍സ്ഫര്‍ വിഷയത്തില്‍ പണം വാങ്ങിയെന്ന ആരോപണങ്ങളിലേക്ക പോയാല്‍ അത് സര്‍ക്കാറില്‍ കൂടുതല്‍ വിവാദങ്ങള്‍ക്കും ഇടയാക്കും. ഈ സാഹചര്യം ഒഴിവാക്കുന്ന വിധത്തില്‍ ഇലക്കും മുള്ളിനും കേടില്ലാത് വിഷയം തീര്‍ക്കുന്നതിലാണ് ഇനി സര്‍ക്കാറിന്റെ സൂത്രബുദ്ധി ഒളിഞ്ഞിരിക്കുന്നത്. ഇതുവഴിയ ദിവ്യയെ രക്ഷിച്ചെടുക്കാനുമാണ് നീക്കം.

നേരത്തെ സിപിഐ ഇടപെട്ടതുവഴി എന്‍ഒസി ലഭിച്ച പ്രശാന്തന്‍ ഇക്കാര്യം പി വി ദിവ്യയോട് പറയുകയും ചെയ്തു. ഇതോടെയാണ് ദിവ്യയുടെ ഈഗോ വര്‍ക്കൗട്ടായതും. താന്‍ ഇടപെട്ട് നടത്താത്ത വിഷയം സിപിഐ ഇടപെട്ട് നടത്തിയ കാര്യമാണ് ദിവ്യ സൂചിപ്പിച്ചത്. കലക്ടര്‍ അടക്കമുള്ള ജില്ലയിലെ പ്രധാന പ്രധാന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചാനല്‍ ക്യാമറക്ക് മുന്നില്‍ നവീന്‍ ബാബുവിനെതിരെ പൊട്ടിത്തെറിക്കാന്‍ പി. പി ദിവ്യയെ പ്രകോപിപ്പിച്ചതും ഈ ഈഗോയായിരുന്നു.

ലാന്‍ഡ് റവന്യൂ ജോയിന്റ്കമ്മീഷണര്‍ പി ഗീതയ്ക്കും കോഴിക്കോട് വിജിലന്‍സ് എസ്പിക്കും പ്രശാന്ത് നല്‍കിയ മൊഴി അനുസരിച്ചാണെങ്കില്‍ വിഷയത്തില്‍ സിപിഐ നടത്തിയ ഇടപെടലും പ്രകോപനം സൃഷ്ടിച്ചതായാണ് വിവരം. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് പ്രശാന്ത് നല്‍കിയ മൊഴിയില്‍ പറയുന്നത് ഇങ്ങനെ- പി പി ദിവ്യ വഴിയും സിപിഎമ്മിലെ മറ്റ് നേതാക്കള്‍ വഴിയും പലവട്ടം ശ്രമിച്ചശേഷം പണം കൊടുത്ത ശേഷമാണ് തനിക്ക് എന്‍ഒസി കിട്ടിയത്. സിപിഐയുടെ നേതാക്കളുടെ ഇടപെടലും എന്‍ഒസി കിട്ടുന്നതിന് കാരണമായി. എന്‍ ഓ സി കിട്ടിയശേഷം ദിവ്യയോട് താന്‍ ഈ കാര്യം പറഞ്ഞു - ''നിങ്ങള്‍ പറഞ്ഞല്ല കാര്യം നടന്നത് സിപിഐ നേതാക്കളുടെ ഇടപെടല്‍ വേണ്ടിവന്നു കുറച്ചു പണവും കൊടുക്കേണ്ടി വന്നു'' - പ്രശാന്തിന്റെ ഈ വാക്കുകളാണ.

കണ്ണൂര്‍ എഡിഎം കെ.നവീന്‍ ബാബുവിനെ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും അദ്ദേഹത്തെ വിടുതല്‍ ചെയ്യുന്നത് 10 ദിവസം വൈകിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം നവീനെതിരായി ഗൂഢാലോചന ഉണ്ടെന്ന തെളിവിലേക്ക് വെളിച്ചം വീശുന്നതാണ്. നവീന്‍ ബാബുവിനെ പത്തനംതിട്ട എഡിഎമ്മായി സ്ഥലംമാറ്റി റവന്യു വകുപ്പ് ഉത്തരവിറക്കിയത് ഒക്ടോബര്‍ 4ന് ആണ്. 4 ഡപ്യൂട്ടി കലക്ടര്‍മാരെക്കൂടി ഈ ഉത്തരവു പ്രകാരം മാറ്റിയിരുന്നു. കണ്ണൂരിലെ ഇലക്ഷന്‍ വിഭാഗം ഡപ്യൂട്ടി കലക്ടറുടെ സ്ഥാനത്തെ ഒഴിവിലേക്ക് സീനിയര്‍ തഹസില്‍ദാര്‍ക്കു സ്ഥാനക്കയറ്റവും ഇതോടൊപ്പം നല്‍കി. യാത്രയയപ്പു യോഗം നടന്നത് 14നാണ്.

ദിവ്യയുടെ അധിക്ഷേപങ്ങള്‍ക്ക് പിന്നാലെ പിറ്റേന്നു രാവിലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. അതേസമം ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് നവീന്‍ ആരെയൊക്കെ കണ്ടുവെന്നതിലും അന്വേഷണം വിദശമായി നടക്കേണ്ടതുണ്ട്.

Tags:    

Similar News