എട്ടു മണിക്ക് മൊഴി എടുത്തു; പത്തരയ്ക്ക് പരാതി സ്വീകരിച്ചു; 10.48ന് എഫ് ഐ ആര്‍; ആ ലോണ്‍ ആപ്പ് വിളി അധ്യാപികയ്ക്ക് കിട്ടിയത് പത്താം തീയിതിയെന്നും എഫ് ഐ ആര്‍; അന്ന് തന്നെ നിതിനെ അധ്യാപകര്‍ വളഞ്ഞിട്ട് കുറ്റപ്പെടുത്തിയെന്ന് വ്യക്തം; ആത്മഹത്യയാണെങ്കില്‍ പോലും പ്രേരണയ്ക്ക് ഇതില്‍ പരം എന്തു തെളിവ് വേണം? പ്രിന്‍സിപ്പലും പ്രതിയാകണം; അഞ്ചരക്കണ്ടിയിലെ 'രക്ഷകന്‍' രണ്ടും കല്‍പ്പിച്ചുള്ള കളികളില്‍

Update: 2026-04-13 02:12 GMT

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നതതല ഇടപെടലുകളിലൂടെ അട്ടിമറിക്കപ്പെടുകയാണെന്ന ഗുരുതര ആരോപണങ്ങള്‍ ഉയരുന്നു. സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ സമയക്രമങ്ങളും നടപടിക്രമങ്ങളും പരിശോധിക്കുമ്പോള്‍ കോളേജ് അധികൃതരെ സംരക്ഷിക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങള്‍ വ്യക്തമാണ്.

ഏപ്രില്‍ 12-ന് രാത്രി എട്ടു മണിക്ക് തന്നെ പരാതിക്കാരിയായ അസിസ്റ്റന്റ് പ്രൊഫസര്‍ ലത ശശിധരന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് രാത്രി 10:30-ന് പരാതി രേഖാമൂലം സ്വീകരിക്കുകയും വെറും 18 മിനിറ്റിനുള്ളില്‍, അതായത് 10:48-ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇത്രയും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത് അധ്യാപകരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രധാന വിഷയങ്ങളെ വഴിതിരിച്ചുവിടാനാണെന്ന സംശയം ബലപ്പെടുന്നു. ലോണ്‍ ആപ്പുകാരന്‍ വാട്സാപ്പിലൂടെയും എം.എം.എസ് വഴിയും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന അധ്യാപികയുടെ മൊഴി വിദ്യാര്‍ത്ഥിയെ കുടുക്കാന്‍ നേരത്തെ തന്നെ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് ആരോപിക്കപ്പെടുന്നു.

പത്താം തീയതിയാണ് ലോണ്‍ ആപ്പുകാരുടെ വിളി വന്നതെന്നാണ് എഫ്.ഐ.ആറില്‍ സൂചിപ്പിക്കുന്നത്. അന്നേദിവസം തന്നെ നിതിനെ വിളിപ്പിച്ചു ചോദ്യം ചെയ്തതിലൂടെ അധ്യാപകര്‍ നിയമം കൈയ്യിലെടുക്കുകയായിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുമായി നിതിന്‍ രാജിന് നേരത്തെ തന്നെ കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇത് ലോണ്‍ ആപ്പ് വിവാദത്തിലൂടെ പകതീര്‍ക്കാന്‍ അധ്യാപകര്‍ ഉപയോഗിച്ചെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. നിതിന്‍ രാജ് മരണത്തിന് മുന്‍പ് ഉന്നയിച്ച പരാതികളും ഓഡിയോ തെളിവുകളും അധ്യാപകരുടെ പീഡനത്തിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ്. പ്രിന്‍സിപ്പലും നിതിനെ വിളിച്ചു ചോദ്യം ചെയ്തിരുന്നു. ഇതും മരണത്തിലേക്ക് നയിച്ച കാരണമാണ്.

എന്നാല്‍ ക്യാമ്പസിനുള്ളിലെ രാഷ്ട്രീയ-മാനേജ്മെന്റ് സ്വാധീനം ഉപയോഗിച്ച് ഈ തെളിവുകള്‍ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു. സഹപാഠികള്‍ക്ക് നിതിന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ടെങ്കിലും ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആരും സത്യം വിളിച്ചുപറയാന്‍ തയ്യാറാകുന്നില്ല. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഇടപെടലാണ് കേസ് അട്ടിമറിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.

സൈബര്‍ പോലീസ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ചുമത്തുന്ന ബി.എന്‍.എസ് 351(2), 308(3), ഐ.ടി ആക്ട് 66(ഡി) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം ലോണ്‍ ആപ്പുകാരിലേക്ക് മാത്രം ചുരുക്കാനാണ് ശ്രമം നടക്കുന്നത്. ആത്മഹത്യാ പ്രേരണയുള്‍പ്പെടെയുള്ള വകുപ്പുകള്‍ അധ്യാപകര്‍ക്കെതിരെ ചുമത്തുന്നതില്‍ പോലീസ് കാണിക്കുന്ന മെല്ലെപ്പോക്ക് ഈ അട്ടിമറിയുടെ ഭാഗമാണ്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരമുള്ള നടപടികളില്‍ അധ്യാപകരുടെ പങ്കും സദാചാര പോലീസിംഗും എവിടെയും പരാമര്‍ശിക്കപ്പെടുന്നില്ല.

നിതിന്‍ രാജിന്റെ ഫോണ്‍ രേഖകളും സഹപാഠികളുടെ മൊഴികളും നിഷ്പക്ഷമായി പരിശോധിച്ചാല്‍ മാത്രമേ ഈ മരണത്തിലെ യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരാന്‍ കഴിയൂ. എന്നാല്‍ നിലവിലെ അന്വേഷണ രീതികള്‍ പ്രതികളെ രക്ഷിക്കാനായി നേരത്തെ തയ്യാറാക്കിയ റൂട്ടിലൂടെയാണ് സഞ്ചരിക്കുന്നത്. ഉന്നത സ്വാധീനമുള്ള ആശുപത്രി മാനേജ്മെന്റും രാഷ്ട്രീയ നേതൃത്വവും ഒത്തുചേര്‍ന്ന് ഒരു ദളിത് വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണക്കാരായവരെ വിശുദ്ധരാക്കാന്‍ ശ്രമിക്കുന്നത് നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ വെല്ലുവിളിയാണ്. നിതിന്‍ രാജിന് നീതി ലഭിക്കണമെങ്കില്‍ നിലവിലെ ഈ തിരക്കഥകള്‍ക്കപ്പുറം സമഗ്രമായ അന്വേഷണം അനിവാര്യമാണ്.

എന്നാല്‍ കണ്ണൂരിലെ പോലീസിനെ നിയന്ത്രിക്കുന്നത് രാഷ്ട്രീയ നേതാക്കളാണ്. ഈ രാഷ്ട്രീയ നേതൃത്വം അഞ്ചരക്കണ്ടിയിലെ കോളേജിന് വേണ്ടി നില്‍ക്കുമ്പോള്‍ കേസ് അട്ടിമറിക്ക് തന്നെയാണ് സാധ്യത.

Tags:    

Similar News