2026 നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫ് മുന്നേറ്റം പ്രവചിച്ച് ടോണി തോമസിന്റെ പ്രോബബിലിറ്റി മോഡല്‍; യുഡിഎഫിന് 91 സീറ്റുകള്‍ വരെ ലഭിക്കാന്‍ സാധ്യത; സിപിഎമ്മിന് സുരക്ഷിത സീറ്റ് ഒന്നു മാത്രം; ബിജെപിക്ക് രണ്ടു സീറ്റ് കിട്ടാം.. കിട്ടാതെയുമിരിക്കാം; ഈ വെറൈറ്റി പ്രവചനത്തിലും ഭരണവിരുദ്ധ വികാരം പ്രകടം
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ടോണി തോമസിന്റെ പ്രോബബിലിറ്റി മോഡല്‍ വിശകലനം. വിവിധ ഡാറ്റാ പോയിന്റുകളെ അടിസ്ഥാനമാക്കി അദ്ദേഹം നടത്തിയ വിശകലനത്തില്‍ യുഡിഎഫ് 91 സീറ്റുകള്‍ വരെ നേടി ഭരണത്തില്‍ തിരിച്ചെത്താനാണ് ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് ചൂണ്ടിക്കാട്ടുന്നു. വെറുമൊരു പ്രവചനത്തിനപ്പുറം, വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍, തദ്ദേശ തിരഞ്ഞെടുപ്പ് ട്രെന്‍ഡുകള്‍, മണ്ഡലതല വോട്ട് വ്യതിയാനങ്ങള്‍ എന്നിവ ശാസ്ത്രീയമായി വിശകലനം ചെയ്താണ് ടോണി തോമസ് ഈ നിഗമനത്തിലെത്തിയത്.
വിശകലന പ്രകാരം യുഡിഎഫിന് ആകെ 91 സീറ്റുകള്‍ വരെ ലഭിക്കാനാണ് സാധ്യത. ഇതില്‍ 11 സീറ്റുകള്‍ 80 ശതമാനത്തിന് മുകളില്‍ വിജയാധ്യതയുള്ള അതിശക്തമായ കോട്ടകളാണ്. 9 സീറ്റുകളില്‍ 70 ശതമാനം വിജയസാധ്യതയും, 53 സീറ്റുകളില്‍ 60 ശതമാനം സാധ്യതയും പ്രവചിക്കപ്പെടുന്നു. 18 സീറ്റുകളില്‍ 55 ശതമാനം സാധ്യതയുണ്ട്. മൊത്തത്തില്‍ നോക്കിയാല്‍ 60 മുതല്‍ 70 ശതമാനം വരെ സാധ്യതയില്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ഈ ഡാറ്റാ മോഡല്‍ സൂചിപ്പിക്കുന്നത്.
ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന എല്‍ഡിഎഫിന് 47 സീറ്റുകളാണ് സാധ്യതയായി കാണുന്നത്. ഇതില്‍ എടുത്തു പറയേണ്ട കാര്യം, 80 ശതമാനത്തിന് മുകളില്‍ വിജയാധ്യതയുള്ള 'സുരക്ഷിത സീറ്റ്' എല്‍ഡിഎഫിന് ഒന്നേയുള്ളൂ എന്നതാണ്. 7 സീറ്റുകളില്‍ 70 ശതമാനം സാധ്യതയും 26 സീറ്റുകളില്‍ 60 ശതമാനം സാധ്യതയും കാണുന്നു. 12 സീറ്റുകളില്‍ 55 ശതമാനം സാധ്യതയുണ്ട്. ഒരു സീറ്റില്‍ 55 ശതമാനത്തിന് താഴെ മാത്രം സാധ്യതയുള്ള അനിശ്ചിതത്വവുമാണ് പ്രവചിക്കപ്പെടുന്നത്. എല്‍ഡിഎഫിന്റെ ഏറ്റവും പ്രവചനാതീതമായ സീറ്റും ഇതാണ്.
എന്‍ഡിഎ രണ്ട് സീറ്റുകള്‍ നേടുമെന്നാണ് മോഡല്‍ കാണിക്കുന്നത്. എന്നാല്‍ ഇവ രണ്ടും 55 ശതമാനത്തിന് താഴെ മാത്രം വിജയാധ്യതയുള്ളവയാണ്. അതിനാല്‍ എന്‍ഡിഎയ്ക്ക് പൂജ്യം മുതല്‍ ഒന്ന് വരെ സീറ്റുകള്‍ മാത്രമേ ലഭിക്കൂ എങ്കില്‍ അത് അത്ഭുതപ്പെടാനില്ലെന്നും വിശകലനം പറയുന്നു. ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ എന്‍ഡിഎ നേടുന്ന വോട്ടുകള്‍ എല്‍ഡിഎഫിന്റെ വിജയസാധ്യതകളെയാണ് പലപ്പോഴും ബാധിക്കുന്നത്.
കേരളത്തിലെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ ട്രെന്‍ഡുകള്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാറുണ്ട്. 1995 മുതല്‍ നടന്ന ആറ് തിരഞ്ഞെടുപ്പ് ചക്രങ്ങളിലും തദ്ദേശ സ്ഥാപനങ്ങളില്‍ മുന്നിലെത്തിയ മുന്നണിയാണ് പിന്നീട് സംസ്ഥാനം ഭരിച്ചത്. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നടത്തിയ മുന്നേറ്റം ഇത്തവണത്തെ നിയമസഭാ ഫലത്തിലും പ്രതിഫലിക്കുമെന്നാണ് ടോണി തോമസ് വ്യക്തമാക്കുന്നത്.
2021-നെ അപേക്ഷിച്ച് പോള്‍ ചെയ്ത വോട്ടുകളില്‍ 12 ലക്ഷത്തിന്റെ വര്‍ധനവുണ്ട്. മലപ്പുറം ഉള്‍പ്പെടെയുള്ള മലബാര്‍ ജില്ലകളില്‍ വന്‍തോതില്‍ വോട്ട് വര്‍ധിച്ചത് യുഡിഎഫ് കോട്ടകള്‍ സുരക്ഷിതമാക്കാന്‍ സഹായിക്കും. എന്നാല്‍ കോട്ടയം, ആലപ്പുഴ മേഖലകളില്‍ കണ്ട വോട്ട് വ്യത്യാസം കേരള കോണ്‍ഗ്രസ് വിഭജനത്തിന്റെയും ക്രൈസ്തവ വോട്ടര്‍മാരുടെ നിലപാടിലെ മാറ്റത്തിന്റെയും സൂചനയാവാം.
ചുരുക്കത്തില്‍, മെയ് 4-ന് വോട്ടെണ്ണുമ്പോള്‍ കേരളം ഒരു ഭരണമാറ്റത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് എല്ലാ സൂചനകളും നല്‍കുന്നത്. യുഡിഎഫിന് 82 മുതല്‍ 95 സീറ്റുകള്‍ വരെ ലഭിക്കാനുള്ള സാധ്യതയാണ് 57 ശതമാനവും കാണിക്കുന്നത്. ഭരണവിരുദ്ധ വികാരവും വോട്ട് കണക്കുകളും യുഡിഎഫിന് അനുകൂലമാണെങ്കിലും, വെറും 2 ശതമാനം വോട്ട് മാറ്റം പോലും ഫലങ്ങളെ തകിടം മറിക്കാമെന്ന ജാഗ്രതയും ഈ റിപ്പോര്‍ട്ട് നല്‍കുന്നു.
ടോണി തോമസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ
2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രില്‍ 9-ന് പൂര്‍ത്തിയായി. സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) നടത്തിയതിനു ശേഷം പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം ഏകദേശം 78.27 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി പ്രാഥമിക കണക്കുകള്‍ കാണിക്കുന്നു. ഇനി ബാക്കിയുള്ളത് ആ വോട്ടുകള്‍ മേയ് 4-ന് എണ്ണി ഫലം പ്രസിദ്ധപ്പെടുത്തുകയാണ്.
പക്ഷേ, ആ ഫലം എന്താവും എന്നതാണല്ലോ ഇപ്പോള്‍ കേരളത്തിലെ ഏറ്റവും പ്രധാന ചര്‍ച്ചാവിഷയം. അതിനുള്ള ഉത്തരത്തിനായുള്ള ശ്രമമാണ് ഈ വിശകലനം. ഇത് ഒരു സര്‍വേയോ, പ്രവചനമോ അല്ല, മറിച്ച് ഒരു പ്രോബബിലിറ്റി മോഡലാണ്. ഇത് മുന്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍, തിരഞ്ഞെടുപ്പ് ട്രെന്‍ഡ് ലൈന്‍, 140 മണ്ഡലങ്ങളിലുമുള്ള വോട്ട് വ്യതിയാനങ്ങള്‍, SIR വഴി പുതുക്കിയ വോട്ടര്‍ പട്ടിക, സ്ഥാനാര്‍ത്ഥി തലത്തിലുള്ള ഘടകങ്ങള്‍, മൂന്നാം മുന്നണിയുടെ സ്വാധീനം, പാര്‍ട്ടികള്‍ക്കുള്ളിലെ അപസ്വരങ്ങള്‍, മത-സാമൂഹിക ഗ്രൂപ്പുകളുടെ പ്രവണത, പ്രീ-പോള്‍ സര്‍വേ ഡാറ്റ അങ്ങനെ പല ഡാറ്റ പോയിന്റുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്. ഇതിന്റെ ലക്ഷ്യം തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഗതി മനസ്സിലാക്കുക എന്നതാണ്.
കേരളം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്ന ഒരു പ്രധാന സവിശേഷതയുണ്ട്. ഇവിടെ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഭരണമാറ്റത്തിന്റെ ആദ്യ സൂചനകളാണ്. 1995 മുതല്‍ നടന്ന ആറു തിരഞ്ഞെടുപ്പ് ചക്രങ്ങളിലും ലോക്കല്‍ തലത്തില്‍ മുന്നില്‍ നിന്ന മുന്നണി പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഇത് യാദൃശ്ചികമല്ല, കേരളത്തിലെ ഉയര്‍ന്ന രാഷ്ട്രീയ ബോധം, പാര്‍ട്ടി തിരിച്ചറിവ്, കൂട്ടുകക്ഷി സ്ഥിരത എന്നിവ കാരണം സംഭവിക്കുന്നതാണ്. ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയ ഗതി ആദ്യം സൂചിപ്പിക്കുന്ന ഇടമാണ്, പിന്നീട് അത് നിയമസഭാ ഫലമായി മാറുന്നു.
ഇക്കഴിഞ്ഞ 2025 തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ UDF-ന് മുന്‍തൂക്കം ഉണ്ടാകുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. 75-90 സീറ്റുകള്‍ 60-70 ശതമാനം സാധ്യതയില്‍ പറഞ്ഞിരുന്നു. ഇപ്പോഴത്തെ ഈ പുതുക്കിയ മോഡല്‍ ആ ദിശ മാറ്റുന്നില്ല, മറിച്ച് കൂടുതല്‍ ഡാറ്റ പോയിന്റുകള്‍ ഉപയോഗിച്ച് അത് കൂടുതല്‍ വ്യക്തമാക്കുകയാണ്.
ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 140 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകള്‍ 2021 ലെ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം 12 ലക്ഷത്തോളം വോട്ടുകള്‍ അധികം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 110 മണ്ഡലങ്ങളില്‍ വോട്ടുകള്‍ വര്‍ധിച്ചു, ബാക്കി 30 മണ്ഡലങ്ങളില്‍ കുറയുകയും ചെയ്തു. പകുതിയോളം മണ്ഡലങ്ങളില്‍ 2021-ലെ വിജയിയുടെ ഭൂരിപക്ഷത്തിന്റെ (Margin) പകുതിയേക്കാള്‍ കൂടുതലായ വോട്ട് വ്യത്യാസം രേഖപ്പെടുത്തി. ഇവയാണ് തിരഞ്ഞെടുപ്പിന്റെ യഥാര്‍ത്ഥ പോരാട്ടമേഖല. ചെറിയ മാറ്റങ്ങള്‍ പോലും ഫലം മാറ്റാന്‍ കഴിയുന്ന മണ്ഡലങ്ങളാണ് ഇവ. അതായത് കേരളത്തില്‍ ഏകദേശം ഓരോ രണ്ട് മണ്ഡലത്തിലൊന്നിലും മത്സരം കടുപ്പമാണ്.
2021-മായി താരതമ്യം ചെയ്യുമ്പോള്‍ പോള്‍ ചെയ്ത വോട്ടുകള്‍ കുറഞ്ഞ 30 മണ്ഡലങ്ങളെ വിശകലനം ചെയ്താല്‍, ഇടുക്കി മേഖലയില്‍ ഉടുമ്പഞ്ചോല, ദേവികുളം, പീരുമേട് എന്നിവിടങ്ങളില്‍ -10,000 മുതല്‍ -12,000 വരെ വോട്ട് കുറഞ്ഞത് SIR മൂലം തൊഴിലാളികളെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിന്റെ ഫലമായാണെന്ന് കാണാം. ഇത് രാഷ്ട്രീയ മാറ്റമല്ല. എന്നാല്‍ കോട്ടയം-ആലപ്പുഴ മേഖലയില്‍ കാണുന്ന കുറവ് യഥാര്‍ത്ഥ രാഷ്ട്രീയ മാറ്റമാണ്. കേരള കോണ്‍ഗ്രസ് വിഭജനം, ക്രിസ്ത്യന്‍ വോട്ടര്‍മാരുടെ മാറ്റം എന്നിവയുടെ സൂചനയാണത്. തിരുവനന്തപുരം, പാലക്കാട് ഭാഗങ്ങളില്‍ കാണുന്ന കുറവ് ത്രികോണ മത്സരത്തിന്റെ ഫലമായോ ഭരണവിരുദ്ധ വികാരമോ ആവാം.
വോട്ടുകള്‍ വര്‍ധിച്ച പ്രദേശങ്ങളില്‍ ഏറ്റവും വലിയ വര്‍ധന മലപ്പുറം ജില്ലയിലാണ്. മുസ്ലിം ലീഗ് ശക്തമായ മണ്ഡലങ്ങളില്‍ പലതിലും 30,000-ത്തിലധികം വോട്ടുകള്‍ വര്‍ധിച്ചു, മൊത്തത്തില്‍ ഏകദേശം 4.2 ലക്ഷം വോട്ടുകള്‍ കൂടി. എന്നാല്‍ ഇത് മുസ്ലിം ലീഗ് സുരക്ഷിത മണ്ഡലങ്ങളിലായതിനാല്‍ സീറ്റ് എണ്ണം മാറാന്‍ കാരണമാവില്ല, മറിച്ച് മുസ്ലിം ലീഗിന്റെ സംഘടനാ ശക്തിയുടെ സൂചനയാണ്. യഥാര്‍ത്ഥ മാറ്റം വരാന്‍ സാധ്യതയുള്ളത് വളരെ കുറഞ്ഞ മാര്‍ജിനുള്ള നിലവിലെ LDF മണ്ഡലങ്ങളിലാണ്. ഉദാഹരണത്തിന് കുറ്റ്യാടി, അഴിക്കോട്, മാനന്തവാടി എന്നിവിടങ്ങളില്‍ 8,000-10,000 വോട്ട് വര്‍ധന അവിടുത്തെ ഫലം മാറ്റാന്‍ സാധ്യതയുണ്ട്.
ഈ ഡാറ്റ കഴിഞ്ഞ തിരഞ്ഞെടുപ്പ് ട്രെന്‍ഡുമായി ചേര്‍ത്തുനോക്കുമ്പോള്‍ ചിത്രത്തിന് കൂടുതല്‍ വ്യക്തത വരും. 2021-ല്‍ LDF 99 സീറ്റുകള്‍ നേടി, UDF വെറും 41-ഉം. പക്ഷേ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ UDF 140-ല്‍ 111 മണ്ഡലങ്ങളില്‍ മുന്നിലെത്തി. 2025 ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പും അതേ ദിശയില്‍ പോയി. 2026-ല്‍ ഇപ്പോള്‍ കാണുന്ന ഡാറ്റ ഇതേ UDF മുന്നേറ്റം തുടരുന്നതായി കാണിക്കുന്നു. ഇത് പല തിരഞ്ഞെടുപ്പുകളിലായി കാണുന്ന ട്രെന്‍ഡാണ്.
പ്രദേശങ്ങള്‍ അനുസരിച്ച് നോക്കുമ്പോള്‍ മലബാര്‍ ശക്തമായി UDF കോട്ടയാണ്. മധ്യകേരളത്തില്‍ ബലാബല മത്സരമാണ്. തെക്കന്‍ കേരളത്തിലെ മത്സരം, പ്രത്യേകിച്ച് തിരുവനന്തപുരം, BJP സാന്നിധ്യം മൂലം കൂടുതല്‍ സങ്കീര്‍ണ്ണമാണ്. വടക്ക് ശക്തി ഉറപ്പിക്കുന്നു, മധ്യകേരളം ഫലം നിര്‍ണ്ണയിക്കുന്നു, തെക്ക് അനിശ്ചിതത്വം സൃഷ്ടിക്കുന്നു.
NDAയുടെ പങ്കും നിര്‍ണായകമാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യത കുറവാണെങ്കിലും അവര്‍ക്ക് 5-10 മണ്ഡലങ്ങളില്‍ വിജയസാധ്യതയുണ്ട്. മാത്രമല്ല, മറ്റ് 15-20 മണ്ഡലങ്ങളില്‍ 8-12 ശതമാനം വോട്ടുകള്‍ നേടി അവിടുത്തെ ഫലത്തെ അവര്‍ സ്വാധീനിക്കുന്നു. ത്രികോണ മത്സരത്തില്‍ BJP നേടുന്ന ഭൂരിപക്ഷ സമുദായ വോട്ടുകള്‍ പലപ്പോഴും LDF വോട്ടുകള്‍ കുറയ്ക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്, പ്രത്യേകിച്ച് തിരുവനന്തപുരം, തൃശ്ശൂര്‍ മേഖലകളില്‍.
പുറത്തു വന്നിട്ടുള്ള പ്രീ-പോള്‍ സര്‍വേ ഡാറ്റകളും ഇതേ ദിശയാണ് സൂചിപ്പിക്കുന്നത്. UDF-ന് 69 മുതല്‍ 98 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് സര്‍വേകള്‍ പറയുന്നു. ഇവ തമ്മിലുള്ള വ്യത്യാസം സീറ്റുകളുടെ എണ്ണത്തില്‍ മാത്രമാണ്, ദിശ ഒരുപോലെയാണ്. പ്രമുഖമായ ഒരു സര്‍വേയും LDF ഭൂരിപക്ഷം പ്രവചിക്കുന്നില്ല.
നമ്മുടെ മുന്‍പിലുള്ള പല ഡാറ്റയും ചേര്‍ത്തുനോക്കുമ്പോള്‍ ഈ തിരഞ്ഞെടുപ്പ് ഫലത്തിന് അഞ്ച് സാധ്യതകള്‍ കാണാം. ഒന്നാമതായി, 57 ശതമാനം സാധ്യത UDF 82-95 സീറ്റുകള്‍ നേടി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് കാണിക്കുന്നത്. രണ്ടാമതായി, 22 ശതമാനം സാധ്യതയില്‍ 95-110 സീറ്റുകള്‍ നേടി യുഡിഎഫ് വലിയ മുന്നേറ്റം നടത്താം. 8 ശതമാനം സാധ്യതയില്‍ 110-ല്‍ കൂടുതല്‍ സീറ്റുകള്‍ UDF നേടുന്ന വലിയ വിജയം ഉണ്ടാകാം. മറ്റൊരു സാധ്യതയായി 5 ശതമാനം സാധ്യതയില്‍ UDF ചെറിയ ഭൂരിപക്ഷത്തോടെ 71-75 സീറ്റില്‍ ജയിക്കാം. എന്നാല്‍ മറുവശത്ത് 8 ശതമാനം സാധ്യതയില്‍ മാത്രം LDF 71-75 സീറ്റുകള്‍ നേടി ഭരണത്തില്‍ നിലനില്‍ക്കാം. ഇങ്കുമ്പന്‍സി സ്ട്രെങ്തും മറ്റു ഫാക്ടര്‍സ് എല്ലാം നോക്കിയില്‍ UDF സര്‍ക്കാര്‍ രൂപീകരണ സാധ്യത 60-70 ശതമാനമാണ്.
മണ്ഡലതലത്തില്‍ ഇത് മോഡല്‍ ചെയ്തു നോക്കുമ്പോള്‍ ഏറ്റവും സാധ്യതയുള്ള ഫലം UDF ആകെ 91 സീറ്റുകള്‍ നേടുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 11 എണ്ണം 80 ശതമാനത്തിന് മുകളില്‍ വിജയാധ്യതയുള്ളതാണ്. 9 സീറ്റുകളില്‍ വിജയിക്കാന്‍ 70 ശതമാനം വരെ സാധ്യതയുണ്ട്. ഇതിനും പുറമെ, 53 സീറ്റുകളില്‍ യുഡിഎഫിന് 60 ശതമാനം വരെ വിജയസാധ്യതയും 18 സീറ്റുകളില്‍ 55 ശതമാനം വരെ സാധ്യതയുമുണ്ട്.
എല്‍ഡിഎഫിന് 47 സീറ്റുകളാണ് സാധ്യത കാണുന്നത്. ഇതില്‍ ഒന്ന് മാത്രം 80 ശതമാനത്തിന് മുകളില്‍ വിജയാധ്യതയുള്ള സുരക്ഷിത സീറ്റാണ്. 7 എണ്ണത്തില്‍ വിജയിക്കാന്‍ 70 ശതമാനം വരെ സാധ്യതയുണ്ട്. 26 സീറ്റുകളില്‍ എല്‍ഡിഎഫിന് 60 ശതമാനം വരെ വിജയസാധ്യതയും 12 എണ്ണത്തില്‍ 55 ശതമാനം വരെ സാധ്യതയുമുണ്ട്. ഒരു സീറ്റ് 55 ശതമാനത്തിന് താഴെ വിജയസാധ്യതയുള്ള അനിശ്ചിതത്വത്തിലാണ്‌മൊത്തം കണക്കില്‍ എല്‍ഡിഎഫിന്റെ ഏറ്റവും പ്രവചനാതീതമായ സീറ്റും ഇതാണ്.
എന്‍ഡിഎ 2 സീറ്റുകള്‍ നേടുമെന്നാണ് കാണുന്നത്. ഇവ രണ്ടും 55 ശതമാനത്തിന് താഴെ വിജയസാധ്യതയുള്ളവയാണ്. അതിനാല്‍ ഈ പട്ടികയിലെ ഏറ്റവും അനിശ്ചിതത്വമുള്ള പ്രവചനം ഇവയാണ്. അതുകൊണ്ട് എന്‍ഡിഎ ഒന്നോ പൂജ്യമോ നേടിയാലും അത്ഭുതമില്ല.
ഓര്‍ക്കുക, ഇത് പ്രോബബിലിറ്റി ഉപയോഗിച്ചുള്ള പ്രൊജക്ഷന്‍ ആണ്, വോട്ടറുമാരുടെ മനസ്സ് അറിഞ്ഞുള്ള പ്രവചനം അല്ല. വെറും 2 ശതമാനം വോട്ട് മാറ്റം 10-15 സീറ്റുകളെ മാറ്റാന്‍ കഴിയും. ഫലം വരുന്ന ദിവസം മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം: തൃശ്ശൂര്‍-കോട്ടയം-ആലപ്പുഴ മേഖലയില്‍ UDF എത്രത്തോളം വിജയിക്കുന്നു, തിരുവനന്തപുരം മേഖലയില്‍ NDAയുടെ പ്രകടനം, എല്‍ഡിഎഫിന്റെ 20-ഓളം മിഡ്-മാര്‍ജിന്‍ മണ്ഡലങ്ങളുടെ ഫലം.
ചുരുക്കി പറഞ്ഞാല്‍, 2026 ഒരു ഭരണമാറ്റത്തിന്റെ തിരഞ്ഞെടുപ്പാവാനാണ് സാധ്യത. ഗ്രൗണ്ട് ലെവല്‍ സിഗ്‌നലുകള്‍, വോട്ട് കണക്കുകള്‍, തിരഞ്ഞെടുപ്പ് ട്രെന്‍ഡ് -എല്ലാം ഒരേ ദിശയിലാണ്. ദിശ കൃത്യവും വ്യക്തവുമാണ്: UDF മുന്‍തൂക്കം. സീറ്റ് പരിധി 82 മുതല്‍ 95 വരെ, സാധ്യത 60-70 ശതമാനം.
വോട്ടുകള്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി ബാക്കിയുള്ളത് ഫലം പുറത്തുവരിക മാത്രമാണ്. മേയ് 4 തിരഞ്ഞെടുപ്പ് തീരുമാനിക്കുകയല്ല, മറിച്ച് ഏപ്രില്‍ 9-ന് വോട്ടര്‍മാര്‍ എന്ത് തീരുമാനിച്ചുവെന്ന് വെളിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ഈ സാധ്യത അവലോകനം അതിലേക്കുള്ള ഒരെത്തിനോട്ടം മാത്രമാണ്.
