മനുഷ്യക്കടത്തിനിരയായി മലേഷ്യയിലെത്തി; വീട്ടു ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റതോടെ തൊഴിലുടമ കയ്യൊഴിഞ്ഞു; ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മിനിയെ നാട്ടിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി നോര്‍ക്ക
മലേഷ്യയില്‍ വീട്ടുജോലിക്കിടെ പൊള്ളലേറ്റ ഇടുക്കി സ്വദേശിനിയെ നാട്ടിലെത്തിച്ചു
കളമശേരി: മലേഷ്യയിലെ വീട്ടുജോലിക്കിടെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഇടുക്കി സ്വദശിനിയെ നാട്ടിലെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനുഷ്യക്കടത്തിനിരയായ ഇടുക്കി കട്ടപ്പന മുളക്കരമേട് കരിമാലൂര്‍ സ്വദേശിനി മിനി ഭാര്‍ഗവനെ (54) ആണ് കഴിഞ്ഞ ദിവസം എയര്‍ ആംബുലന്‍സില്‍ നാട്ടിലെത്തിച്ചത്. മിനിയെ വിദഗ്ദ ചികിത്സയ്ക്കായി എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിലവില്‍ വെന്റിലേറ്ററില്‍ തുടരുന്ന മിനിയുടെ ചികിത്സ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഏകോപിപ്പിക്കുമെന്നു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
മനുഷ്യക്കടത്തിന് ഇരയായി മിനിയും സഹോദരിയും അടക്കം 42 പേരാണ് മലേഷ്യയിലെത്തിയത്. വീട്ടുജോലിക്ക് കയറിയ മിനി അവിടെ തടങ്കലില്‍ ആയിരുന്നു. ജോലിചെയ്തിരുന്ന വീട്ടില്‍നിന്നു പൊള്ളലേറ്റ് മാര്‍ച്ച് ഏഴിനു മിനിയെ മലേഷ്യയിലെ പെനാങ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും തൊഴിലുടമ ബന്ധുക്കളെ വിവരം അറിയിച്ചിരുന്നില്ല. ചികിത്സയിലിരിക്കെ ശ്വാസകോശത്തിലെ അണുബാധയും വൃക്ക സംബന്ധമായ അസുഖങ്ങളും മൂര്‍ഛിച്ചതോടെ മിനിയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി.
ആരും തിരിഞ്ഞു നോക്കാനില്ലാതെ മിനി അവിടെ ആശുപത്രി കിടക്കയിലായി. മിനിയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതായതോടെയാണു കുടുംബം ലോക കേരള സഭ സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് മലേഷ്യയിലെ ലോക കേരള സഭ പ്രതിനിധികള്‍ക്കു വിവരം കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മിനിയെ വ്യാഴാഴ്ച രാത്രി 11.30 നാണ് എയര്‍ ആംബുലന്‍സില്‍ കൊച്ചിയില്‍ എത്തിച്ചത്.
ലോക കേരള സഭ അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ ആത്മേശന്‍ പച്ചാട്ടിന്റെ അന്വേഷണത്തിലാണ് മിനിയെ കുറിച്ചുള്ള വിവരം പുറം ലോകത്ത് എത്തുന്നത്. രണ്ട് മാസത്തിലേറെയായി 26 ശതമാനത്തോളം ഗുരുതരമായ പൊള്ളലേറ്റ് വെന്റിലേറ്ററിന്റെ സഹായമില്ലാതെ, ശ്വാസോച്ഛ്വാസം പോലും വീണ്ടെടുക്കാനാവാതെ അബോധാവസ്ഥയില്‍ കഴിയുന്ന മിനിയെ ആത്മേശന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഉടന്‍ തന്നെ വിവരം നാട്ടിലുള്ള ബന്ധപ്പെട്ടവരെ അറിയിക്കുക ആയിരുന്നു.
തുടര്‍ന്ന് ആത്മേശനും മലേഷ്യയിലെ ഇന്ത്യന്‍ ഹെറിറ്റേജ് സൊസൈറ്റി ഭാരവാഹിയായ ശശികുമാര്‍ പൊതുവാളും ചേര്‍ന്ന് ഇന്ത്യന്‍ എംബസിയെ സമീപിച്ചു. വിശദമായ അന്വേഷണത്തില്‍, ജോലി വീസ നല്‍കാമെന്ന വ്യാജേന ഗാര്‍ഹിക തൊഴിലാളികളായി സന്ദര്‍ശക വീസയില്‍ മലേഷ്യയിലേക്കു കടത്തിയ മിനിയുടെ സഹോദരിയടക്കം 42 സ്ത്രീകളില്‍ ഒരാള്‍ മാത്രമാണു മിനിയെന്ന് കണ്ടെത്തി. ഏജന്റിന്റെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്ന സഹോദരിയെയും മറ്റൊരു സ്ത്രീയെയും എംബസിയുടെ നേതൃത്വത്തില്‍ പ്രത്യേക ഷെല്‍ട്ടറിലേക്കു മാറ്റിയിട്ടുണ്ട്.
ഇന്ത്യന്‍ എംബസിയിലെ ലേബര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടല്‍ തൊഴിലുടമയ്ക്കും ഏജന്റിനുമെതിരെയുള്ള നടപടികള്‍ വേഗത്തിലാക്കി. തുടര്‍ന്ന് ആശുപത്രി അധികൃതരും എംബസി ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയുടെ ഫലമായി തുടര്‍ചികിത്സയ്ക്കായി മിനിയെ നാട്ടിലെത്തിക്കാനും അവസരമൊരുങ്ങി. നോര്‍ക്കയുടെ നേതൃത്വത്തിലാണു മിനിയെ കൊച്ചിയിലെത്തിച്ച ശേഷമുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്.