ബ്രിട്ടനില്‍ കഴിഞ്ഞ വര്‍ഷം ജനിച്ചവരില്‍ മൂന്നിലൊന്നും വിദേശ ദമ്പതികളുടെ മക്കള്‍; ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ഇന്ത്യ; പാക്കിസ്ഥാനും റൊമേനിയയും രണ്ടും മൂന്നും സ്ഥാനത്ത്; ആദ്യ പത്ത് രാജ്യങ്ങളില്‍ ഘാനയും

Update: 2024-11-09 02:20 GMT

ലണ്ടന്‍: ബ്രിട്ടന്‍ ബ്രിട്ടീഷുകാര്‍ക്ക് അന്യമായി പോകുമോ എന്ന ആശങ്കയുയര്‍ത്തിക്കൊണ്ട്, കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിലും വെയ്ല്‍സിലും ജനിച്ച കുട്ടികളില്‍ മൂന്നിലൊന്ന് പേര്‍ വിദേശ ദമ്പതികള്‍ക്ക് ജനിച്ചതാണെന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നു. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ അനുസരിച്ച് 2023 ല്‍ ജനിച്ച കുട്ടികളില്‍ 31.8 ശതമാനം പേരുടെ അമ്മമാര്‍ ബ്രിട്ടനില്‍ ജനിച്ചവരല്ല. 2022 ല്‍ ഇത് 30 .3 ശതമാനമായിരുന്നു. 2010 - ല്‍ കാല്‍ ഭാഗം (25.1 ശതമാനം) പിന്നിട്ടതിന് ശേഷം ഒരു പതിറ്റാണ്ട് മുന്‍പ് ഈ അനുപാതം 26.5 ശതമാനമായിരുന്നു.

അതുപോലെ, മൂന്നിലധികം കുട്ടികളുടെ (37.3 ശതമാനം) മാതാപിതാക്കളില്‍ ഒരാളോ രണ്ടു പേരുമോ ബ്രിട്ടന് പുറത്ത് ജനിച്ചവരായിരുന്നു. ഇത് 2022 ല്‍ 35.8 ശതമാനമായ്രുന്നു. കഴിഞ്ഞ വര്‍ഷവും ബ്രിട്ടനില്‍ കുഞ്ഞിന് ജന്മം നല്‍കിയ ബ്രിട്ടീഷുകാരളാത്ത അമ്മമാരില്‍ മുന്‍പില്‍ നില്‍ക്കുന്നത് ഇന്ത്യാക്കാര്‍ തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും വെയ്ല്‍സിലും ജനിച്ച കുട്ടികളില്‍ 3.6 ശതമാനം പേരുടെ അമ്മമാര്‍ ഇന്ത്യാക്കാരാണെങ്കില്‍, 3.9 ശതമാനം അച്ഛന്മാര്‍ ഇന്ത്യാക്കാരാണ്. പാകിസ്ഥാനാണ് ഇക്കാര്യത്തില്‍ രണ്ടാമത്.

2023 ല്‍ ഇതാദ്യമായി ബ്രിട്ടനില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന വിദേശ അമ്മമാര്‍ ഏറ്റവും കൂടുതല്‍ ഉള്ള 10 രാജ്യങ്ങളുടെ പട്ടികയില്‍ ഘാന ഇടംനേടി. 0.6 പ്രസവങ്ങളുമായി ഒന്‍പതാം സ്ഥാനത്താണ് ഈ പട്ടികയില്‍ ഘാന ഉള്ളത്. അതേസമയം കഴിഞ്ഞ വര്‍ഷം ഈ പട്ടികയില്‍ ഉണ്ടായിരുന്ന ജര്‍മ്മനി ഇത്തവണ പുറത്തായി. 2022 ല്‍ എട്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന അല്‍ബേനിയ 2023 ല്‍ ഏഴാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. 2022 ല്‍ ഏഴാം സ്ഥാനത്ത് ഉണ്ടായിരുന്ന അഫ്ഗാനിസ്ഥാന്‍ ഇക്കുറി എട്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.

2021 ല്‍ താലിബാന്‍ ഭരണം വന്നതിന് ശേഷമായിരുന്നു അഫ്ഗാനിസ്ഥാന്‍ ഈ പട്ടികയില്‍ ഇടം പിടിക്കുന്നത്. കൂടാതെ ചാനല്‍ കടന്നെത്തുന്നവരുടെ എണ്ണത്തിലും അഫ്ഗാനിസ്ഥാനികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. 2022 ല്‍ ചെറുയാനങ്ങളില്‍ ചാനല്‍ കടന്നെത്തുന്ന അല്‍ബേനിയക്കാരുടെ എണ്ണം കുതിച്ചുയരുകയുണ്ടായി. എന്നാല്‍, ഇത്തരത്തിലുള്ള അനധികൃത കുടിയേറ്റം തടയുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയതോടെ, അപകടം പിടിച്ച വഴിയിലൂടെ ബ്രിട്ടനിലെത്തുന്ന അല്‍ബേനിയക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

Tags:    

Similar News