ദേശീയ പതാക ഉയര്‍ത്തിയാല്‍ വെടിവെച്ച് കൊല്ലും; വോട്ട് ചെയ്താല്‍ വിരല്‍ ഛേദിക്കും; മിണ്ടിയാല്‍ ഒറ്റുകാരനാക്കി തീര്‍ക്കും; ഇപ്പോള്‍ ഏഴു പതിറ്റാണ്ടിനുശേഷം ചത്തീസ്ഗഢിലെ മാവോയിസ്റ്റ് ഗ്രാമങ്ങളിലും ത്രിവര്‍ണ്ണ പതാക പാറുന്നു; ചുവപ്പന്‍ ഭീകരതയെ തീര്‍ത്ത് മോദി- അമിത്ഷാ ടീം!
ചുവപ്പന്‍ ഭീകരതയെ തീര്‍ത്ത് മോദി- അമിത്ഷാ ടീം!
ദേശീയഗാനം ആലപിച്ചതിനും, ദേശീയ പതാക ഉയര്‍ത്തിയതിന്റെയും പേരില്‍ 2025-ല്‍ ഇന്ത്യയില്‍ ഒരു ഇന്ത്യാക്കാരന്‍ കൊല്ലപ്പെടുക എന്നത് കെട്ടുകഥയായിരുന്നില്ല. ചത്തീസ്ഗഢിലെ കാങ്കര്‍ ജില്ലയിലെ ബിനാഗുണ്ട എന്ന ഗ്രാമത്തിലാണ് സംഭവം. മനീഷ് നുരേതി എന്ന 24 വയസ്സുകാരനായ ഗോത്രവര്‍ഗ്ഗ യുവാവിനെയാണ് മാവോയിസ്റ്റുകള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. 2025 ഓഗസ്റ്റ് 15-ന് ഗ്രാമത്തിലെ മാവോയിസ്റ്റ് സ്മാരകത്തിന് മുകളില്‍ മനീഷ് ദേശീയ പതാക ഉയര്‍ത്തുകയും, വിദ്യാര്‍ത്ഥികള്‍ക്കും ഗ്രാമവാസികള്‍ക്കുമൊപ്പം ദേശീയഗാനം ആലപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതില്‍ പ്രകോപിതരായ മാവോയിസ്റ്റുകള്‍ ഓഗസ്റ്റ് 18-ന് രാത്രി മനീഷിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് കാട്ടിനുള്ളില്‍ വെച്ച് 'ജന അദാലത്ത്' നടത്തി വധിക്കുകയായിരുന്നു.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. പതിറ്റാണ്ടുകളായി മാവോയിസ്റ്റ് നിയന്ത്രണത്തിലായിരുന്ന ബിനാഗുണ്ട പോലുള്ള ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് മരണം ക്ഷണിച്ചുവരുത്തുന്ന നടപടിയായിരുന്നു. പക്ഷേ ആറുമാസത്തിനുള്ളില്‍ കാര്യങ്ങള്‍ മാറി. 2026-ലെ റിപ്പബ്ലിക്ക് ദിനത്തില്‍ ചത്തീസ്ഗഢിലെ നക്സല്‍ബാധിത മേഖലയിലെല്ലാം ത്രിവര്‍ണ്ണ പതാക പാറി നടക്കയാണ്! ഇന്ത്യയില്‍ നിന്ന് നക്സലിസം തുടച്ചുനീക്കപ്പെടുകയാണ് എന്നതിന്റെ കൃത്യമായ സൂചന കൂടിയാണിത്.
രാജ്യം സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും ദേശീയ ദിനങ്ങള്‍ ആഘോഷിക്കാന്‍ കഴിയാത്ത ബിജാപൂര്‍, നാരായണ്‍പൂര്‍, സുക്മ ജില്ലകളിലെ 47 ഗ്രാമങ്ങളാണ് ആദ്യമായി റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍, ചുവപ്പ് ഭീകരതയുടെ അടിവേരറുക്കാന്‍ ശക്തമായ ഓപ്പറേഷനുകളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിവന്നത്. ഒപ്പം വികസന പ്രവര്‍ത്തനങ്ങളും വലിയ തോതില്‍ നടത്തി. പിന്നാലെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ 59 പുതിയ സുരക്ഷാ ക്യാമ്പുകളും സ്ഥാപിച്ചു. ഇതോടെ പ്രാദേശിക സമൂഹങ്ങള്‍ സര്‍ക്കാരുകളെ വിശ്വാസത്തിലെടുക്കാന്‍ തുടങ്ങി. ഒരുകാലത്ത് മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായിരുന്ന സുക്മയില്‍ സിആര്‍പിഎഫിന്റെ 74-ാമത് ബറ്റാലിയന്‍ ക്യാമ്പ് സ്ഥാപിച്ചരുന്നു.
കഴിഞ്ഞ വര്‍ഷം 53 ഗ്രാമങ്ങളിലാണ് ആദ്യമായി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടന്നത്. ഈ വര്‍ഷം 47 ഗ്രാമങ്ങളില്‍ കൂടി ആദ്യമായി ത്രിവര്‍ണ്ണ പതാക ഉയര്‍ന്നു. '2026 ജനുവരി 26 ന് ഈ 47 ഗ്രാമങ്ങളില്‍ ഉയര്‍ന്നുപൊങ്ങിയ ത്രിവര്‍ണ്ണ പതാക സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും ബസ്തറിന്റെ പുതിയ തുടക്കത്തിന്റെയും ശക്തമായ പ്രതീകമായി നിലകൊള്ളുന്നു'' എന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് കൂട്ടിച്ചേര്‍ത്തു. 2026 മാര്‍ച്ചോടെ ചത്തീസ്ഖഢിനെ നക്‌സല്‍ വിമുക്തമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇത് ഒരു സംസ്ഥാനത്തെ മാത്രം കഥയല്ല. ആന്ധ്രയും കര്‍ണ്ണാടകവും മഹാരാഷ്ട്രയും ഉള്‍പ്പെടുന്ന റെഡ് കോറിഡോര്‍ തകര്‍ത്ത്, മാവോയിസത്തെ ഉന്‍മൂലനം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചിരിക്കുന്നു. ആയിരിക്കണക്കിന് സൈനികരെ ബലികൊടുത്താണ് നാം ഈ നേട്ടം നേടിയത്. 2026 മാര്‍ച്ച് 31-ഓടെ ഇന്ത്യയെ പൂര്‍ണ്ണമായും നക്സല്‍ വിമുക്തമായി പ്രഖ്യാപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ജല-ജംഗിള്‍-ജമീന്‍
2014-ല്‍ ഡോ മന്‍മോഹന്‍സിങ് സ്ഥാനമൊഴിയുമ്പോള്‍, രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി പറഞ്ഞത് മാവോയിസ്റ്റുകളെയാണ്. അന്ന് കുഴിബോംബും മൈനും വെച്ച് നക്സലുകള്‍ സൈന്യത്തെയും, രാഷ്ട്രീയ നേതാക്കളെയും കൊന്ന് തള്ളുകയായിരുന്നു. 2004 മുതല്‍ 2025 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ പതിനായിരത്തോളം പേര്‍ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ മുവായിരത്തോളം പേര്‍ പട്ടാളക്കാര്‍ അടങ്ങുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ്.
ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഒഡീഷ, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വനമേഖലകളും ഉള്‍പ്രദേശങ്ങളും ഉള്‍പ്പെടുന്നതായിരുന്നു റെഡ് കോറിഡോറിയാണ് ഇവര്‍ വിലസിയിരുന്നത്. ഒരുകാലത്ത് ഇന്ത്യയിലെ നൂറിലധികം ജില്ലകളില്‍ വ്യാപിച്ചുകിടന്നിരുന്ന റെഡ് കോറിഡോര്‍ ഇപ്പോള്‍ ഗണ്യമായി ചുരുങ്ങിയിട്ടുണ്ട്. 2014-ല്‍ 126 ജില്ലകളില്‍ മാവോയിസ്റ്റ്സാന്നിധ്യമുണ്ടായിരുന്നത് 2025 ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം വെറും 11 ജില്ലകളിലേക്ക് മാത്രമായി ഒതുങ്ങി. മാവോയിസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന 'ഏറ്റവും ബാധിക്കപ്പെട്ട' ജില്ലകളുടെ എണ്ണം വെറും മൂന്നായി കുറഞ്ഞു. ചത്തീസ്ഗഢിലെ ബിജാപൂര്‍, സുക്മ, നാരായണ്‍പൂര്‍ എന്നിവയാണ് അവ.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരമേറ്റതോടെ മാവോയിസ്റ്റുകളുടെ കഷ്ടകാലം തുടങ്ങിയത്. അമിത്ഷായുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടീം മാവോയിസ്റ്റ് വേട്ട നേരിടാനായി പ്രത്യേക സംഘമുണ്ടാക്കി. തണ്ടര്‍ ബോള്‍ട്ടുകള്‍ ഇറങ്ങി. മാവോയിസ്റ്റ് വേട്ടക്ക് കോടികളുടെ ഫണ്ട് അനുവദിക്കപ്പെട്ടു. പലരെയും നിര്‍ദാക്ഷിണ്യം വെടിവെച്ച് കൊന്നു. ലക്ഷങ്ങളുടെ കീഴടങ്ങല്‍ തുകവാങ്ങി പല വിപ്ലവസിംഹങ്ങളും അടുത്തൂണ്‍ പറ്റി. പക്ഷേ യഥാര്‍ത്ഥകാരണം ഇതൊന്നുമായിരുന്നില്ല. അത് ഗ്രാമങ്ങളില്‍ വികസനം എത്തിയെന്നതാണ്. സ്ട്രീറ്റ് ലൈറ്റുകള്‍ വന്നതോടെ യക്ഷിയില്ലാതായി, എന്ന് പറയുന്നതുപോലെ വികസനം വന്നതോടെ ഇല്ലാതായതാണ് ചുവപ്പ് ഭീകരവാദവും. വൈദ്യുതിയോ, കുടിവെള്ളമോ, ആരോഗ്യ സംരക്ഷണമോ ഇല്ലാത്ത ദരിദ്ര പ്രദേശങ്ങളായിരുന്ന മാവോയിസ്റ്റുകളുടെ ടാര്‍ജറ്റ് ഏരിയകള്‍.
ദണ്ഡകാരണ്യകം പോലുള്ള ദുര്‍ഘടമായ വനമേഖലകളില്‍ ഗവണ്‍മെന്റ് സംവിധാനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവം നക്സലുകള്‍ക്ക് ഗുണകരമായി. ഭരണകൂടം ഇല്ലാത്ത സ്ഥലങ്ങളില്‍ അവര്‍ സ്വന്തമായി നീതിന്യായ വ്യവസ്ഥകളും (ജനത സര്‍ക്കാര്‍) ഭരണസംവിധാനവും സ്ഥാപിച്ചു. ജല-ജംഗിള്‍-ജമീന്‍ (വെള്ളം, വനം, മണ്ണ്) എന്നായിരുന്ന നക്സലുകളുടെ ഒരു മുദ്രാവാക്യം. ഗോത്രവര്‍ഗ്ഗക്കാരുടെ പരമ്പരാഗതമായ അവകാശങ്ങള്‍ വനത്തിന്മേല്‍ നഷ്ടപ്പെട്ടത് അവര്‍ക്കിടയില്‍ വലിയ അതൃപ്തി ഉണ്ടാക്കി. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനും കൃഷി ചെയ്യുന്നതിനും വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് നേരിട്ട പീഡനങ്ങള്‍ക്കെതിരെ നക്സലുകള്‍ പ്രതികരിച്ചപ്പോള്‍ ഗോത്രവര്‍ഗ്ഗക്കാര്‍ അവരെ തങ്ങളുടെ രക്ഷകരായി കണ്ടു.
പുറത്തുനിന്നുള്ള ജന്മികളും പലിശക്കാരും ഗോത്രവര്‍ഗ്ഗക്കാരെ വഞ്ചിച്ചതും തുച്ഛമായ കൂലി നല്‍കിയതും നക്സലുകള്‍ക്ക് ആയുധമായി. ബീഡി ഇല ശേഖരിക്കുന്ന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലി ഉറപ്പാക്കാന്‍ നക്സലുകള്‍ നടത്തിയ പോരാട്ടങ്ങള്‍ അവര്‍ക്ക് സാധാരണക്കാരുടെ വലിയ പിന്തുണ നേടിക്കൊടുത്തു.സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകള്‍ക്കിടയില്‍ നിരപരാധികളായ ഗോത്രവര്‍ഗ്ഗക്കാര്‍ പീഡിപ്പിക്കപ്പെടുന്നത് അവര്‍ക്കിടയില്‍ ഭരണകൂടത്തോടുള്ള വിരോധം വര്‍ദ്ധിപ്പിച്ചു. ഇത് നക്സലുകളിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിച്ചു. ചുരുക്കത്തില്‍, നീതി ലഭിക്കാത്ത ഒരു ജനതയുടെ പ്രതിഷേധത്തെ തങ്ങളുടെ സായുധ വിപ്ലവത്തിന്റെ ചാലകശക്തിയായി മാറ്റാന്‍ നക്സലുകള്‍ക്ക് സാധിച്ചു.
വികസനം തകര്‍ത്ത ഭീകരവാദം
പക്ഷേ വികസനവും തൊഴില്‍ അവസരങ്ങളും എത്തിയോടെയാണ് ഇവിടുത്തെ സാഹചര്യങ്ങള്‍ മാറിയത്. ഉള്‍പ്രദേശങ്ങളില്‍ റോഡുകള്‍, മൊബൈല്‍ ടവറുകള്‍, സുരക്ഷാ ക്യാമ്പുകള്‍ എന്നിവ വര്‍ദ്ധിച്ചത് മാവോയിസ്റ്റുകളുടെ താവളങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമായി. സര്‍ക്കാര്‍ പദ്ധതികള്‍ വനവാസി മേഖലകളില്‍ എത്തുന്നതോടെ മാവോയിസ്റ്റുകള്‍ക്ക് ലഭിച്ചിരുന്ന പ്രാദേശിക പിന്തുണയും കുറഞ്ഞു. 2014 മുതല്‍ 2025 വരെയുള്ള കാലയളവില്‍ നക്സല്‍ ബാധിത പ്രദേശങ്ങളില്‍ 12,000 കിലോമീറ്ററിലധികം റോഡുകളാണ് നിര്‍മ്മിച്ചത്. ഇത് സുരക്ഷാ സേനയ്ക്ക് ഉള്‍ക്കാടുകളിലേക്ക് വേഗത്തില്‍ എത്താന്‍ സഹായിക്കുന്നതിനൊപ്പം ഗ്രാമീണര്‍ക്ക് വിപണികളുമായും നഗരങ്ങളുമായും ബന്ധപ്പെടാന്‍ അവസരമൊരുക്കി. വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ഏകദേശം 8,500-ലധികം മൊബൈല്‍ ടവറുകള്‍ ഈ മേഖലകളില്‍ സ്ഥാപിച്ചു. ഇത് ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതിനും ഗ്രാമീണര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സഹായിച്ചു.
ഗോത്രവര്‍ഗ്ഗ മേഖലകളിലെ കുട്ടികള്‍ക്കായി ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍പോലുള്ള നൂറിലധികം വിദ്യാലയങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു.യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യം നല്‍കുന്നതിനായി 48 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും 61 സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളും സ്ഥാപിച്ചു. ഇത് യുവാക്കളെ നക്സല്‍ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയാന്‍ സഹായിച്ചു.
ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി 1,800-ലധികം ബാങ്ക് ബ്രാഞ്ചുകളും 5,800-ലധികം പോസ്റ്റ് ഓഫീസുകളും ഈ മേഖലകളില്‍ പുതുതായി തുറന്നു. ഒരുപാട് പേര്‍ക്ക് ജോലി കിട്ടി. പുറംലോകവുമായി ബന്ധപ്പെടാനായി. പുറത്തുപോയി പണിയെടുക്കാനായി. ഈ ആഗോളീകരണം വലിയ മാറ്റമാണ് ജനങ്ങളില്‍ ഉണ്ടാക്കിയത്. തങ്ങളെ എന്നും ഈ ദാരിദ്ര്യത്തില്‍ കെട്ടിയിടാനാണ് മവോയിസ്റ്റുകള്‍ ശ്രമിക്കുന്നത് എന്നും, അത് മാര്‍ക്കറ്റ്ചെയ്താണ് അവര്‍ പിടിച്ചുനില്‍ക്കുന്നത് എന്നും ഇന്ന് ജനം തിരിച്ചറിയുന്നു.
ഗ്രാമങ്ങള്‍ നഗരങ്ങളുമായി ചേരുന്ന റോഡുകള്‍ പണിയാനോ ഗ്രാമങ്ങളില്‍ കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ എത്തിക്കാനൊന്നും മാവോയിസ്റ്റുകള്‍ സമ്മതിക്കാറില്ല. അവര്‍ക്ക് പണം കൊടുക്കാതെ ഒരുപരിപാടിയും ആമേഖലയില്‍ നടന്നിരുന്നില്ല. പഞ്ചായത്ത്, നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യുന്നവരുടെ വിരല്‍ മുറിച്ച് കളയുന്ന പ്രാകൃത കാട്ടാള ശിക്ഷാ രീതികളാണ് ഇവര്‍ നടപ്പിലാക്കിയിരുന്നത്!
നാര്‍ക്കോ നക്സലിസത്തിന്റെ അന്ത്യം
പാവപ്പെട്ട ഗ്രാമീണരെക്കൊണ്ട് കഞ്ചാവ്കൃഷിപോലും ചെയ്യിച്ചവരാണ് ഇന്ത്യയിലെ നക്സലുകള്‍. മഹത്തായ വിപ്ലവം ലക്ഷ്യമിട്ട് തുടങ്ങിയവര്‍ കഞ്ചാവ് കൃഷി നടത്തുക! 'നാര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്' എന്നൊന്നും നമ്മുടെ മവോയിസ്റ്റുകള്‍ കരുതിയിരുന്നില്ല. കഞ്ചാവ് വിത്തുകള്‍ ജനങ്ങള്‍ക്ക് കൊടുക്കുകയും അത് വിളവെടുത്ത് കടത്തി പണം സമ്പാദിക്കുകയുമായിരുന്നു മാവോയിസ്റ്റുകളുടെ രീതി. നമ്മുടെ താലിബാന്റെയും, പ്രധാനവരുമാന മാര്‍ഗം അതുതന്നെയാണ്. 2005 കാലഘട്ടത്തിലൊക്കെ നാര്‍ക്കോ നക്സലിസം രാജ്യത്തിന് പ്രധാന ഭീഷണിയായിരുന്നു. ഗ്രാമീണര്‍ വിളവെടുക്കുന്ന കഞ്ചാവ് നക്സലുകള്‍ നേരിട്ടോ അല്ലെങ്കില്‍ ലഹരിമരുന്ന് മാഫിയകള്‍ മുഖേനയോ നഗരങ്ങളിലേക്ക് കടത്തുന്നു. ഇതിലൂടെ ലഭിക്കുന്ന വലിയൊരു തുക ലെവി എന്ന പേരില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ വസൂലാക്കുന്നു.
ഛത്തീസ്ഗഢിലെ ബസ്തര്‍, ബിജാപൂര്‍ ജില്ലകളിലും ഒഡീഷയിലെ മല്‍ക്കന്‍ഗിരി പോലുള്ള പ്രദേശങ്ങളിലും നടന്ന പോലീസ് റെയ്ഡുകളില്‍ ടണ്‍ കണക്കിന് കഞ്ചാവും കഞ്ചാവ് തോട്ടങ്ങളും നശിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ബിജാപൂരില്‍ നിന്ന് 113 ക്വിന്റല്‍ കഞ്ചാവ് പിടിച്ചെടുത്ത സംഭവം ഉണ്ടായിട്ടുണ്ട്. ഒരുകാലത്ത് ആന്ധ്രയിലെ നക്സല്‍ ബാധിതമായ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ കിലോക്കണക്കിന് കഞ്ചാവ് കൂട്ടിയിട്ടത് കാണാമായിരുന്നു. ഗ്രാമീണരില്‍നിന്ന് പിടിച്ചതാണ് ഇത്. വിത്ത് കൊടുത്തതാവട്ടെ വിപ്ലവ വീരന്‍മ്മാരും! പഴയ നക്‌സല്‍ ശക്തികേന്ദ്രമായ വാംറംഗല്‍ അടക്കമുള്ളിടത്തെ പൊലീസ് സ്റ്റേഷനുകളില്‍ ആയിരിക്കണക്കിന് ചാക്കുകളിലായാണ് കഞ്ചാവ് പിടികൂടി നശിപ്പിച്ചിരുന്നത്. ഇവിടെ ഓരോ ആദിവാസിക്കും നൂറു തൈ എന്ന രീതിയിലാണ് ഇവര്‍ കഞ്ചാവ് ചെടി വിതരണം ചെയ്തത്. എന്നിട്ട് റെഡ് കോറിഡോര്‍ എന്ന് വിളിക്കുന്ന പാതിയിലൂടെ ഇത് കടത്തി നേപ്പാളില്‍ എത്തിക്കും. അവിടെ നിന്ന് പ്രൊസസ് ചെയ്ത് കുറേ ഇന്ത്യയിലേക്കും, ബാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും എത്തിക്കയായിരുന്നു ഇവരുടെ രീതി.
അടിക്കടിയുള്ള റെയഡും, സാറ്റലൈറ്റ് ഇമേജിങ്ങുമൊക്കെയായി, അധികൃതര്‍ നടപടി കര്‍ശമാക്കിയപ്പോള്‍, മാവോയിസ്റ്റുകളും തന്ത്രങ്ങള്‍ മാറ്റി. കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്തുന്നത് ഒഴിവാക്കാന്‍ മറ്റു മരങ്ങള്‍ക്കും കുറ്റിക്കാടുകള്‍ക്കും ഇടയില്‍ കഞ്ചാവ് വിതച്ചു. പക്ഷേ സൈന്യത്തിന്റെ സഹായത്തോടെ അധികൃതര്‍ നടപടി കര്‍ശനമാക്കിയതോടെ അവര്‍ ശരിക്കും പെട്ടു. നക്സലുകള്‍ ഒരു സമാന്തര സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ശ്രമിച്ചതിനെ, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും, സൈന്യവും ചേര്‍ന്ന് തകര്‍ത്തിരിക്കയാണ്. ഏറ്റവും വിചിത്രം, താലിബാനികളെപ്പോലെ മാവോയിസ്റ്റുകള്‍ കഞ്ചാവ് ഉപയോഗിക്കില്ല എന്നതാണ്. പകരം അവര്‍ കടത്തുകയേ ഉള്ളൂ. പക്ഷേ ഗ്രാമീണരില്‍ പലരും ഇത് ഉപയോഗിച്ച് അഡിക്റ്റാവുകയും ചെയ്യും.
ഡാമിനും പാലത്തിനുമൊക്കെ കമ്മീഷന്‍
സാധരണ ടെന്‍ഡര്‍ വിലയുടെ പത്തുശതമാനം കൂടി അധികം കാണണം നക്സല്‍ അഫക്റ്റഡ് മേഖലകളില്‍ എന്നാണ് കരാറുകള്‍ പറയുക. കാരണം മാവോയിസ്റ്റുകള്‍ക്ക ഹഫ്ത്തകൊടുക്കാനാണത്! 'ലെവി' എന്ന പേരിലാണ് ഈ അനധികൃത പിരിവ് നടത്തുന്നത്. റോഡ് പണി, പാലം പണി തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കരാറുകാരില്‍ നിന്ന് പദ്ധതി തുകയുടെ ഏകദേശം 1.5% മുതല്‍ 2% വരെ മാവോയിസ്റ്റുകള്‍ കമ്മീഷനായി ആവശ്യപ്പെടാറുണ്ട്. പണം നല്‍കാത്ത കരാറുകാരെ തട്ടിക്കൊണ്ടുപോകുകയോ വധിക്കുകയോ ചെയ്യുകയും, വാഹനങ്ങളും യന്ത്രങ്ങളും തീയിട്ട് നശിപ്പിക്കുകയും ചെയ്യുന്നതും ഇവിടെ പതിവായിരുന്നു.
ഇരുമ്പയിര്, കല്‍ക്കരി തുടങ്ങിയവ ഖനനം ചെയ്യുന്ന വന്‍കിട കമ്പനികളില്‍ നിന്ന് വലിയ തുക ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നു. ബീഡി ഇല ശേഖരിക്കുന്ന കരാറുകാരില്‍ നിന്നും വ്യാപാരികളില്‍ നിന്നും വന്‍തോതില്‍ പണം പിരിച്ച കാലംമുണ്ടാലിരുന്നു. ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന ലോറി ഉടമകളില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ടര്‍മാരില്‍ നിന്നും മാസപ്പടി വാങ്ങാറുണ്ട്.
ചത്തീസ്ഖഢില്‍ മാത്രം മാവോയിസ്റ്റുകള്‍ പ്രതിവര്‍ഷം 150 കോടി മുതല്‍ 300 കോടി രൂപ വരെ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ശേഖരിക്കുന്നുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ ഇതെല്ലാം അവസാനിപ്പിക്കാന്‍ കഴിഞ്ഞു. മാവോയിസ്റ്റുകള്‍ക്ക് പുറമെ, അവരുടെ പേര് പറഞ്ഞ് മറ്റ് സംഘങ്ങളും പണം തട്ടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വികസന പദ്ധതികള്‍ തടസ്സപ്പെടാതിരിക്കാന്‍ പലപ്പോഴും കരാറുകാര്‍ പോലീസിനെ അറിയിക്കാതെ തന്നെ പണം നല്‍കുന്ന സാഹചര്യവുമുണ്ട്. മൊത്തത്തില്‍ ഒരു അരാജകത്വമായിരുന്നു ഈ മേഖലയില്‍ ഉണ്ടായിരുന്നത്. അത് ഇപ്പോള്‍ പരിഹരിച്ച് കഴിഞ്ഞിരിക്കയാണ്.
അതുപോലെ മാവോയിസ്റ്റുകളുടെ മറ്റൊരുകലാപരിപാടിയാണ്, ഒറ്റുകാര്‍ എന്ന പേരില്‍ പാവപ്പെട്ട ഗ്രാമീണരെ വെടിവെച്ചുകൊല്ലുകയെന്നത്. നക്സലുകള്‍ തങ്ങളുടെ സ്വാധീനമേഖലകളില്‍ ഗ്രാമീണരെ വിളിച്ചുകൂട്ടി 'ജനകീയ കോടതികള്‍' സംഘടിപ്പിക്കാറുണ്ട്. ഇവിടെ വെച്ചാണ് പോലീസിനെ സഹായിക്കുന്നു എന്ന് ആരോപിച്ച് ഗ്രാമീണര്‍ക്ക് വധശിക്ഷ വിധിക്കുന്നത്. ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ മാത്രം 2024-ല്‍ 71 സാധാരണക്കാര്‍ മവോവാദികളാല്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2025-ന്റെ ആദ്യ പകുതിയില്‍ തന്നെ 22-ലധികം പേര്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
കേവലം പോലീസിനെ സഹായിക്കുന്നവര്‍ മാത്രമല്ല, വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, മുന്‍ നക്സല്‍ കേഡര്‍മാര്‍ എന്നിവരും ഇവരുടെ ലക്ഷ്യങ്ങളാണ്. ഗ്രാമങ്ങളില്‍ തങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ തടയാനും ജനങ്ങള്‍ ഭരണകൂടവുമായി സഹകരിക്കുന്നത് കുറയ്ക്കാനും ഇത്തരം ക്രൂരമായ കൊലപാതകങ്ങളിലൂടെ ഭീതി പടര്‍ത്തുക എന്നതാണ് നക്സലുകളുടെ പ്രധാന തന്ത്രം.
ഭരണകൂടത്തിന്റെ സ്വാധീനം വനമേഖലകളില്‍ വര്‍ദ്ധിക്കുമ്പോള്‍ തങ്ങളുടെ രഹസ്യങ്ങള്‍ ചോരുന്നു എന്ന ഭയമാണ് ഇത്തരം 'ശിക്ഷാ നടപടികള്‍' വര്‍ദ്ധിപ്പിക്കാന്‍ നക്സലുകളെ പ്രേരിപ്പിച്ചത്. ഇതിനും ഒരു മറുവശമുണ്ട്. എന്ത് ചെയ്തും നക്സലുകളുടെ പിരിടക്കിടാം. ക്വട്ടേഷന്‍ സംഘങ്ങള്‍പോലും നക്സലുകള്‍ ആണെന്ന് പറഞ്ഞ് കൊല നടത്തി. സ്വകാര്യ തകര്‍ക്കങ്ങള്‍പോലും നക്സല്‍ ഉന്‍മൂലനമായി. ഈ ഭീതിദമായ അവസ്ഥയില്‍നിന്നും ഒരു നാട് കരകയറുകയാണ്.
മോദി -അമിത്ഷാ ടീം കൊന്നൊടുക്കി
കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന രീതിയിലാണ് നരേന്ദ്രമോദി- അമിത്ഷാ ടീം അധികാരത്തിലേറിയോടെ നക്സല്‍ വേട്ട നടന്നത്. 2025-ല്‍ മാത്രം ഏകദേശം 317 നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു. ഏകദേശം 2,000 പേര്‍ കീഴടങ്ങി.തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട, മാവോയിസ്റ്റ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മറ്റിയിലെ മുതിര്‍ന്ന അംഗം കൂടിയായ ചലപതിയെയയും തണ്ടര്‍ബോള്‍ട്ടിന് വധിക്കാനായി. ഛത്തീസ്ഗഢ് ഉള്‍പ്പടെയുള്ള മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളിലുണ്ടായ പല മുന്നേറ്റങ്ങളുടെയും ബുദ്ധികേന്ദ്രം ചലപതിയായിരുന്നു. എകെ 47, എസ്.എല്‍.ആര്‍ തോക്കുകളോടെയുള്ള എട്ട് മുതല്‍ പത്ത് വരെ മാവോയിസ്റ്റുകളെയാണ് ഇയാളുടെ സുരക്ഷയ്ക്കായി നിയോഗിച്ചുരുന്നത്. ഇയാള്‍ വീണതോടെ, ഒരുപാട്പേര്‍ കീഴടങ്ങുകയും ചെയ്തു.
മുതിര്‍ന്ന മാവോയിസ്റ്റ് കമാന്‍ഡോലൗ തുളസി ഭൂയാന്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടു. 10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട സഞ്ജയ് ഗോദ്‌റാമും കൊല്ലപ്പെട്ടു. ലതേഹാറില്‍ നടന്ന ഓപ്പറേഷനില്‍ 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് കമാന്‍ഡര്‍ മനീഷ് യാദവ് കൊല്ലപ്പെട്ടിരുന്നു. 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കുന്ദന്‍ ഖര്‍വാറിനെ ജീവനൊടെ പിടികൂടുകയും ചെയ്തു. 2025 മെയ് 24 ന്, ലതേഹാറിലെ ഇച്വാര്‍ വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളായ പപ്പു ലോഹറ (10 ലക്ഷം രൂപ പ്രതിഫലം), പ്രഭാത് ലോഹറ (5 ലക്ഷം രൂപ പ്രതിഫലം) എന്നിവരെ സേന വധിച്ചിരുന്നു. അതിനിടെ നക്‌സല്‍ നേതാവും തലക്ക് ഒരുകോടിരൂപ ഇനാം പ്രഖ്യാപിച്ച ബസവരാജു അടക്കമുള്ള 27 മാവോയിസ്റ്റുകള്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. കൊല ഹരമാക്കിയ നേതാവ് എന്നാണ് ബസവരാജു അറിയപ്പെടുന്നത്. ഒന്നും രണ്ടുമല്ല 150ഓളം കൊലപാതക കേസുകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. നക്സലുകളുടെ ഹാഫിസ് സെയ്ദ് എന്നറിയപ്പെടുന്ന ഇദ്ദേഹം വീണത്, മാവോയിസ്റ്റുകളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി.
ഈ കൊലകള്‍ക്കിടെ എ കാറ്റഗറി നക്‌സലുകള്‍ക്ക് എഴര ലക്ഷം, ബി കാറ്റഗറിക്ക് നാലര എന്നിങ്ങനെ സര്‍ക്കാര്‍വെച്ച ഓഫര്‍ നക്സലുകള്‍ക്ക് നിരസിക്കാനായില്ല. നക്‌സലുകളുടെ പുനരധിവാസത്തിന് വളരെ നല്ല പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, പണം വാങ്ങി വിപ്ലവ പ്രവര്‍ത്തനം അവസാനിപ്പിക്കയാണ് അവര്‍ ചെയ്തത്.കര്‍ണാടകയിലും ആന്ധ്രയിലും, ചത്തീസ്ഖഢിലുമെല്ലാം നൂറുകണക്കിന് നക്സലുകള്‍ പണംവാങ്ങി വിപ്ലവ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇന്ന് ഏതാനും ചില ബെല്‍റ്റുകളില്‍ മാത്രമായി അവര്‍ ഒതുങ്ങി. ജനുവരിയില്‍ അവസാന നക്‌സലൈറ്റും കീഴടങ്ങിയതോടെ കര്‍ണ്ണാടകയെ നക്സല്‍ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കയാണ്. സമാനമായ അവസ്ഥയാണ് കേരളത്തിലും.
കര്‍ണാടകയില്‍ കീഴടങ്ങിയ മലയാളിയായ ജിഷ കേരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാന കനല്‍ത്തരിയായാണ് വിലയിരുത്തപ്പെടുന്നത്. വയനാട് ഉള്‍പ്പെടെയുള്ള പശ്ചിമഘട്ട മലനിരകളില്‍ മാവോയിസ്റ്റുകള്‍ വന്‍ ശക്തിയായി വിലസിയിരുന്ന കാലം ഇനി പഴങ്കഥയാണെന്ന് പൊലീസ് പറയുന്നു. പൊലീസിന്റെ തണ്ടര്‍ബോള്‍ട്ടിന്റെയും പട്ടികയില്‍ കേളരത്തിനിന്ന് 20 ഓളം മാവോയിസ്റ്റുകളാണ് ഉണ്ടായിരുന്നത്. വയനാടിനോടു ചേര്‍ന്ന വനങ്ങളിലായിരുന്നു ഇവരുടെ താവളം. ഇവരില്‍ പലരും കൊല്ലപ്പെട്ടു. ചിലക്ക് വന്യമൃഗ ആക്രമണങ്ങളിലാണ് ജീവന്‍ പോയത്. സി പി മൊയ്തീന്റെ നേതൃത്വത്തില്‍ നാലുപേരാണ് കേരളത്തില്‍ വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നത. ഇവര്‍ നാലുപേരും 2024 ഓഗസ്റ്റോടെ പിടിയിലായി.
നക്സലുകളുടെ പുനരധിവാസത്തിന് വളരെ നല്ല പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, പണം വാങ്ങി വിപ്ലവ പ്രവര്‍ത്തനം അവസാനിപ്പിക്കയാണ് പലരും ചെയ്തത്. കര്‍ണ്ണാടകയില്‍ കീഴടങ്ങിയ എ കാറ്റഗറിയില്‍ ഉള്‍പ്പെട്ട കര്‍ണാടക സ്വദേശികളായ മുന്ദഗാരു ലത, സുന്ദരി കുതലൂരു, വനജാക്ഷി ബിഹോളെ, മാരപ്പ അരോളി എന്നിവര്‍ക്ക് ഏഴര ലക്ഷവും രൂപയും, കാറ്റഗറി ബിയില്‍ ഉള്‍പ്പെട്ട വയനാട് മക്കിമല സ്വദേശിനി ജിഷ, ജിഷയുടെ ഭര്‍ത്താവും തമിഴ്നാട് റാണിപ്പേട്ട് സ്വദേശിയുമായ വസന്ത് കുമാര്‍ എന്നിവര്‍ക്ക് നാലു ലക്ഷവും വീതമാണ് പുനരധിവാസത്തിന് സാമ്പത്തിക സഹായം അനുവദിക്കാന്‍ അനുമതിയായത്. ഈ തുക വിവിധ ഘട്ടങ്ങളായാണ് കൈമാറുക.ലതക്കെതിരെ 85ഉം സുന്ദരിക്കെതിരെ 71ഉം വനജാക്ഷിക്കെതിരെ 25ഉം മാരേപ്പ അരോടിക്കെതിരെ 50 ഉം കേസുകളാണുള്ളത്. ജിഷക്കെതിരെ 18ഉം വസന്തിനെതിരെ ഒമ്പതും കേസുകളാണുള്ളത്. ഇവരെല്ലാം കീഴടങ്ങിയതോടെ കേരളവും മവോയിസ്റ്റ് മുകതമാവുകയാണ്.
വാല്‍ക്കഷ്ണം: 2004 കാലഘട്ടത്തില്‍ ചത്തീസ്ഗഢിലെ നക്സല്‍മേഖലകള്‍ സന്ദര്‍ശിച്ചവര്‍, എഴുതിയത്, ക്വട്ടേഷന്‍ കൊല ഏതാണ്, മാവോയിസ്റ്റുകളുടെ വിപ്ലവ കൊല ഏതാണ് എന്ന് അറിയാത്ത സാഹചര്യം ഉണ്ടെന്നായിരുന്നു. പല മാവോയിസ്റ്റ് നേതാക്കളും സൈഡ് ബിസിനസായി ക്വട്ടേഷന്‍ പണി ഏറ്റെടുത്തിരുന്നുവെന്നും കേള്‍ക്കുന്നു! ആര് ആരെയാണ് കൊല്ലുന്നത് എന്ന് അറിയാത്ത ആ കാലത്തുനിന്നും രാജ്യം മോചിതമാവുകയാണ്.
