ഗസ്സയില്‍ ഇസ്രയേലിനെ അനുകൂലിച്ചതിനുള്ള ദൈവ ശിക്ഷയോ? സൈബര്‍ കമ്മികള്‍ പ്രചരിപ്പിക്കുന്നതുപോലെ മുതലാളിത്തത്തിന്റെ സൃഷ്ടിയോ? 100 കോടി ബില്യണ്‍ നഷ്ടമുണ്ടാക്കിയ കാലിഫോര്‍ണിയന്‍ കാട്ടുതീ മനുഷ്യനിര്‍മ്മിത ദുരന്തമോ? അമേരിക്ക കത്തുമ്പോള്‍ പൊട്ടിച്ചിരിക്കുന്നവര്‍ അറിയേണ്ട യാഥാര്‍ത്ഥ്യം!
ഗസ്സയില്‍ ഇസ്രയേലിനെ അനുകൂലിച്ചതിനുള്ള ദൈവ ശിക്ഷയോ?
അമേരിക്ക അക്ഷരാര്‍ത്ഥത്തില്‍ കത്തിയെരിയുകയാണ്! കാലിഫോര്‍ണിയയിലെ ജനങ്ങള്‍ കുറച്ച് ദിവസങ്ങളായി അഭിമുഖീകരിക്കുന്നത് നൂറ്റാണ്ടിലെ തന്നെ ഏറ്റവം വലിയ കാട്ടുതീയാണ്. ഇതിനോടകം തന്നെ 25 പേര്‍ കൊല്ലപ്പെട്ടു എന്നാണ് വിവരം. അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്. 40,300 ഏക്കര്‍ സ്ഥലത്തെ 1,2,300 ഓളം കെട്ടിടങ്ങളാണ് അഗ്‌നിക്കിരയായത്. ഇതില്‍ വീടുകള്‍ മാത്രം 40, 000 വരും. ലോസ് ആഞ്ചലല്‍സ് സ്ഥിതി ചെയ്യുന്ന കാലിഫോര്‍ണിയ സംസ്ഥാനത്ത് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രണ്ടു ലക്ഷത്തിലേറെപ്പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വിലയേറിയ വീടുകളുള്ള പ്രദേശമായ ഹോളിവുഡ് ഹില്‍സിലെ വീടുകള്‍ പലതും കത്തിച്ചാമ്പലായിട്ടുണ്ട്. താരങ്ങളുടെ ആഡംബര വീടുകളടക്കം ആറായിരത്തോളം കെട്ടിടങ്ങളാണ് കത്തിയമര്‍ന്നത്! മൊത്തം നൂറുബില്യന്‍ ഡോളറിന്റെ നഷ്ടമാണ് ഒറ്റ കാട്ടുതീ മൂലം ഉണ്ടായിരിക്കുന്നത്. ജനുവരി 7 നു തുടങ്ങിയ തീ ഇത്ര ദിവസം കഴിഞ്ഞിട്ടും നിയന്ത്രിക്കാന്‍ കഴിയുന്നില്ല.
പസഫിക്, പാലിസേഡ്‌സ്, ഈറ്റണ്‍, ഹേസ്റ്റ്, ലിഡിയ, സണ്‍സെറ്റ് എന്നിവിടങ്ങളിലാണ് കാട്ടുതീ ഏറ്റവും രൂക്ഷം. ഇവിടെ അപ്പാര്‍ട്ടുമെന്റുകള്‍, സ്‌കൂളുകള്‍, വാഹനങ്ങള്‍, വ്യാപാര-വ്യവസായ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം അഗ്നിക്കിരയായി. ഹോളിവുഡ് ഹില്‍സിലെയും സ്റ്റുഡിയോ സിറ്റിയിലെയും തീകെടുത്താന്‍ വിമാനമാര്‍ഗം വെള്ളമടിക്കുന്നത് തുടരുകയാണ്. മൊത്തം 36,000-ത്തിലധികം ഹെക്ടര്‍ പ്രദേശത്തെയാണ് തീവിഴുങ്ങിയത്. ലോസ് ആഞ്ചലസിലെ സ്‌കൂളുകളെല്ലാം അടച്ചിട്ടിരിക്കയാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്.
പക്ഷേ അപ്പോഴേക്കം കേരളത്തിലടക്കം മറ്റൊരു വിവാദവും തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലെഴുയി, അമേരിക്ക കത്തുന്നതില്‍ ആഹ്ലാദിക്കയാണ്. ഇസ്രയേലിന് പിന്തുണകൊടുത്തതിന് ദൈവം അമേരിക്കക്ക് കൊടുത്ത ശിക്ഷയാണിതെന്നാണ്, ന്യൂജന്‍ ഇസ്ലാമിക സൈബര്‍ മതമൗലികവാദികളുടെ കണ്ടെത്തല്‍. മറുഭാഗത്ത്‌െൈ സബര്‍ കമ്മികളും മോശമാക്കുന്നില്ല. ഇത് മനുഷ്യനിര്‍മ്മിതമായ ദുരന്തമാണെന്നും, മുതലാളിത്തത്തിന്റെ പ്രശ്നമാണ് എന്നൊക്കെയാണ് ഇവര്‍ തട്ടിവിടുന്നത്. ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും ഇത്രയേറെ മുന്നില്‍നിന്നിട്ടും അമേരിക്കക്ക് എന്തുകൊണ്ടാണ് ഈ കാട്ടുതീ തടയാന്‍ കഴിയാത്തത്?
മനുഷ്യ നിര്‍മ്മിത ദുരന്തമല്ല
ഇതിന് ഉത്തരമായി ആദ്യം നാം മനസ്സിലാക്കേണ്ടത്, ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ഈ മേഖലയില്‍ നേരത്തെ ഉണ്ടായിരുന്നുവെന്നാണ്. ഇവിടെ വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്ന ഒരു പ്രതിഭാസമാണ്, കാട്ടുതീയും ചുഴലിക്കാറ്റുമൊക്കെ. അതിനെ മനുഷ്യനിര്‍മ്മിതം എന്നൊന്നും ഇതിനെ പറയാന്‍ കഴിയുകയില്ല. സൈബര്‍ കമ്മികള്‍ ആഞ്ഞ് തള്ളുന്നതുപോലെ, വ്യവസായ വിപ്ലവത്തിന്റെയും, മുതലാളിത്ത വളര്‍ച്ചയുടെയും ഉപോല്‍പ്പന്നവുമല്ല. ഒരു വ്യവസായവും ഇല്ലാത്ത സമയത്തും ഇവിടെ കാട്ടുതീ ഉണ്ടായിരുന്നു. ഇന്നൊരു സിഗരറ്റ് കുറ്റി മതി ഈ തീ പിടുത്തതിന് തുടക്കമിടാനെങ്കില്‍, ഇവിടെ മനുഷ്യവാസം ഉണ്ടാകുന്നതിന് മുമ്പ് ആ പണി ചെയ്യാന്‍ ഒരു ഇടിമിന്നല്‍ മതിയായിരുന്നു.
യൂറോപ്യന്‍സ് ഈ രാജ്യത്തേക്ക് കുടിയേറുന്നതിന് മുമ്പും കാലിഫോര്‍ണിയയില്‍ കാട്ടുതീ ഉണ്ടായിട്ടുണ്ട്. വമ്പന്‍ ചുഴലിക്കാറ്റുകളും ഉണ്ടായിട്ടുണ്ട്. കാലാവസ്ഥയും ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട നിരവധി കാരണങ്ങള്‍ ഇതിനുണ്ട്. വായൂ മര്‍ദ്ദം, അന്തരീക്ഷ ഈര്‍പ്പം, മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞടിക്കുന്ന കാറ്റ് അങ്ങനെ നിരവധി കാരണങ്ങള്‍. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സാധാരണ യു.എസില്‍ ശൈത്യകാലമാണ്. മെയ് മാസങ്ങളിലാണ് സാധാരണയായി ഇവിടങ്ങളില്‍ കാട്ടുതീ ഉണ്ടാവുന്നത്. വെസ്റ്റേണ്‍ ഫയര്‍ ചീഫ്‌സ് അസോസിയേഷന്‍ പറയുന്നതനുസരിച്ച് സാധാരണ കാട്ടുതീ സംഭവിക്കുന്ന സമയത്തല്ല ഇപ്പോള്‍ കാട്ടുതീ ഉണ്ടായിരിക്കുന്നത്. സാധാരണഗതിയില്‍ മെയ് മുതല്‍ ഒക്ടോബര്‍, നവംബര്‍ വരെയുള്ള സമയത്താണ് തെക്കന്‍ കാലിഫോര്‍ണിയയില്‍ കാട്ടുതീ ഉണ്ടാവാറുള്ളത്. വര്‍ഷം തോറും ഇവിടെ കാട്ടുതീ പടരുന്നുണ്ടെങ്കിലും ഇത്രയും ഭീകരമായി ഇതാദ്യമാണ്.
കാലാവസ്ഥാ വ്യതിയാനമാണ് ഇതിലെ പ്രധാന പ്രശ്നമായി ശാസ്ത്രലോകം കാണുന്നത്. കഴിഞ്ഞ 1,200 വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട കാലാവസ്ഥയിലൂടെയാണ് അമേരിക്കയുടെ തെക്കുപടിഞ്ഞാറന്‍ മേഖലകള്‍ കടന്നുപോകുന്നത്. നീണ്ടകാലത്തെ വരണ്ട കാലാവസ്ഥയും കഴിഞ്ഞ രണ്ട് വര്‍ഷത്തെ ആര്‍ദ്രത കൂടിയ ശൈത്യകാലവുമാണ് ഇപ്പോഴത്തെ കാട്ടുതീയുടെ പ്രാഥമികകാരണമായി കരുതുന്നത്. വരണ്ട കാലാവസ്ഥയാണ് തീകെടുത്തല്‍ പ്രയാസമാക്കുന്നത്. എട്ടുമാസമായി മഴ ലഭിക്കാത്തതിനാല്‍ ലോസ് ആഞ്ചല്‍സിലെ കാലാവസ്ഥ അത്രയും വരണ്ടതാണ്. മഴയില്ലായ്മയും ഉണക്കമരങ്ങളുമാണ് തീപടരാന്‍ കാരണം. ഇതിനൊപ്പം മേഖലയില്‍ വീശിയടിച്ച ശക്തമായ വരണ്ടകാറ്റാണ് തീ കൂടൂതല്‍ ഇടങ്ങളിലേക്ക് പടരാന്‍ ഇടയാക്കിയത്.
കേരളത്തിലെ പശ്ചിമ ഘട്ട മലനിരകള്‍ മൊത്തത്തില്‍ ഉണങ്ങി നില്‍ക്കയും അവിടെ, 160 കിലോമീറ്റര്‍ വേഗതയില്‍ ഒരു ചൂടുകാറ്റ് അടിക്കയും ചെയ്താല്‍ നമ്മുടെ അവസ്ഥയെന്താവും? ആയിരങ്ങള്‍ മരിക്കുമെന്ന് ഉറപ്പാണ്. പക്ഷേ, രണ്ട് ലക്ഷത്തിലധികം ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നിട്ടും മരണ നിരക്ക് കുറച്ച് കൊണ്ടുവരാന്‍ അമേരിക്കക്ക് കഴിഞ്ഞു. അതുതന്നെയാണ് ആ രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളുടെ മികവ്. പക്ഷേ ഇത്രവലിയ ഒരു കാട്ടുതീ അവര്‍ക്ക് പ്രവചിക്കാന്‍ കഴിഞ്ഞില്ല. ചില മുന്നൊരുക്കങ്ങളിലും വീഴ്ചയുണ്ടായി. അതിനെതിരെ അമേരിക്കയില്‍ വലിയ പ്രതിഷേധം നടക്കുന്നുണ്ട്.
അമേരിക്കയുടെ മധുരനൊമ്പരക്കാറ്റ്!
കാറ്റും, കുളിരും, മഞ്ഞുമൊക്കെ നൊസ്റ്റാള്‍ജിയയാണ് മലയാളിക്ക്. കാരണം യഥാര്‍ത്ഥ കാറ്റും, മഞ്ഞുവീഴ്ചയും ഒന്നും നാം അനുഭവിച്ചിട്ടില്ല. സമശീതോഷ്ണമായ ഒരു പ്രദേശത്ത് ഇരുന്നത്, ഫേസ്ബുക്കില്‍ വിമര്‍ശിക്കുന്നതുപോലെയല്ല, അങ്ങേയറ്റം വന്യമായ കാലാവസ്ഥയുള്ള, അമേരിക്കന്‍ നാടുകളിലെ അതിജീവനം. മധുരനൊമ്പരക്കാറ്റ് സിനിമയില്‍ നാം കണ്ട കാറ്ററ്റൊന്നുമല്ല കാറ്റ്. തട്ടത്തിന്‍ മറയത്ത് സിനിമയില്‍ പറയുന്നതുപോലെ, വടക്കന്‍ കേരളത്തില്‍ രാത്രിയുടെ അവസാന യാമങ്ങളില്‍ വീശുന്ന മന്ദമാരുതനാണ് നമ്മുടെ മനസ്സില്‍. പക്ഷേ മണിക്കുറില്‍ 250 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഇവിടെ കാറ്റുവരിക. മൊത്തം പറന്നുപോവും. സത്യത്തില്‍ ഇവിടുത്തെ കാറ്റാണ് കാറ്റ്!
കാലിഫോര്‍ണിയയില്‍ ശൈത്യകാലങ്ങളില്‍ സാധാരണയായി കാറ്റ് വീശാറുണ്ട്. അത്തരമൊന്നാണ് സാന്റാ അന. വേണമെങ്കില്‍ അമേരിക്കയുടെ മധുരനൊമ്പരക്കാറ്റ് എന്ന് പറയാം. ചെറിയ രൂപത്തില്‍ ഉണ്ടായ കാട്ടുതീയെ ഇത്രയും വലിയ ഭീമാകാരമായ കാട്ടുതീയായി മാറ്റിയതില്‍ സാന്റാ അന എന്ന കാറ്റിന് വലിയ പങ്കുണ്ട്. 112 കിലോമീറ്റര്‍ വേഗതയില്‍ തൊട്ട് 160 കിലോമീറ്റര്‍ വരെ വീശുന്ന ഈ കാറ്റ് തീ വേഗത്തില്‍ പടരാന്‍ കാരണമാക്കി. ലണ്ടനിലെ ഇംപീരിയല്‍ കോളജ് പ്രൊഫസര്‍ അപ്പോസ്റ്റോലോസ് വോള്‍ഗരാകിസ് പറയുന്നു-''കാലിഫോര്‍ണിയയില്‍ പലപ്പോഴും വീശിയടിക്കുന്ന വരണ്ടതും ചൂട് കൂടിയതുമായ സാന്റാ അന കാറ്റാണ് കാട്ടുതീ വേഗത്തില്‍ പടര്‍ത്തുന്നത്. ഒപ്പം കാലവസ്ഥാ വ്യതിയാനവും. ഇതിനെ എങ്ങനെ നിയന്ത്രിക്കാമെന്നതിന് ആഴത്തിലുള്ള പഠനമാണ് വേണ്ടത്''.
ജനുവരിയില്‍ ആരംഭിച്ച് വര്‍ഷത്തില്‍ ഏകദേശം 10 തവണ ഈ കാറ്റ് കാലിഫോര്‍ണിയയില്‍ വീശാറുണ്ട്. 1948 മുതല്‍ 2018 വരെ 3258 തവണ സാന്റാ അന വീശിയിട്ടുണ്ട്. ദിവസങ്ങളോളം തുടര്‍ച്ചയായി കാറ്റ് വീശുമ്പോഴാണ് ഒരു തവണ കാറ്റ് വീശിയതായി വിലയിരുത്തുന്നത്. ഇങ്ങനെ 1948 മുതല്‍ 2018 വരെ വീശിയ കാറ്റുകളില്‍ 643 സംഭവങ്ങളും 36 ദിവസം വരെ നീണ്ടു നിന്നതായി ഗവേഷണ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളിലാണ് കൂടുതലായും സാന്റാ അന കാറ്റ് വീശുന്നത്.
സാന്‍ ഗബ്രിയേല്‍ പര്‍വതങ്ങളില്‍ നിന്നും തീരദേശത്തേക്ക് വീശുന്ന കാറ്റിന് ചൂട് കൂടുതലായത് കൊണ്ട് കൂടിയാണ് ഈ കാറ്റ് വരണ്ട പ്രദേശങ്ങളില്‍ വലിയ തീപ്പിടുത്തം ഉണ്ടാക്കുന്നത്. ജനുവരി 7 ന് കാലിഫോര്‍ണിയയില്‍ തീപ്പിടുത്തം ഉണ്ടാകുമ്പോഴും 5 ശതമാനത്തിലും കുറഞ്ഞ ഹ്യുമിഡിറ്റിയായിരുന്നു. അതായത് ഒട്ടും തന്നെ ഈര്‍പ്പമില്ലാത്ത, വരണ്ടതും, ചൂട് കൂടിയതുമായ സാന്റാ അന കാറ്റ് മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ തീ ആളിപ്പടരാന്‍ കാരണമാക്കി. സാന്റാ അന കാറ്റും കാട്ടുതീയും നാട്ടുകാര്‍ക്ക് സുപരിചിതമാണെങ്കിലും ഇത്രയും വരണ്ട കാലാവസ്ഥ കൂടി ആയതോടെ കാര്യങ്ങള്‍ പിടിവിട്ടു.
ജനസംഖ്യ വര്‍ധിച്ചതും പ്രശ്നം
പ്രകൃതി കൊടുത്ത മറ്റൊരു പണി നോക്കുക. 2022, 2023 വര്‍ഷങ്ങളില്‍ ആര്‍ദ്രതയുള്ള ശൈത്യകാലത്ത് അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്ന ജലാംശം കാരണം ഈ പ്രദേശത്ത് അനേകം പുതിയ ചെടികള്‍ വളര്‍ന്നു. പിന്നീട് ഈ വര്‍ഷത്തെ ശൈത്യകാലം വളരെയധികം വരണ്ടതായി മാറി. ഇതോടെ മരങ്ങള്‍ ഉണങ്ങി. അതോടെ കാട്ടുതീ എളുപ്പത്തില്‍ പടര്‍ന്നു.
ദുരന്തം മനുഷ്യനിര്‍മ്മിമല്ലെങ്കിലും, ഈ മേഖലയിലെ വര്‍ധിക്കുന്ന ജനസംഖ്യ ഒരു പ്രശ്നം തന്നെയാണ്. കെട്ടിടങ്ങളുടെ എണ്ണം വര്‍ധിക്കുന്നതോടൊപ്പം ഈ പ്രദേശത്തേക്കുള്ള വൈദ്യുതി ഉപയോഗവും വര്‍ധിക്കുന്നുണ്ട്. ഇതും മേഖലയിലെ കാട്ടുതീയുടെ സാധ്യത കൂട്ടുന്നുണ്ട്. കടുത്ത കാലാവസ്ഥയില്‍ വൈദ്യുതി ലൈനുകളിലേക്ക് മരങ്ങള്‍ വീണതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.
ഏറ്റവും കൂടുതല്‍ വീടുകളും കെട്ടിടങ്ങളും കത്തിനശിച്ചത്, ഈറ്റണ്‍ ഫയര്‍ സാന്‍ ഗബ്രിയേല്‍ പര്‍വതനിരകളുടെ അടിത്തട്ടിലുള്ള സാന്‍ ഗബ്രിയേല്‍ ബേസിനിലാണ്. അമ്പത് വര്‍ഷം മുമ്പ് ഇവിടെ വളരെ കുറച്ച് വീടുകളായിരുന്നു ഉണ്ടായിരുന്നത്. ബേസിനിന്റെ പല ഭാഗങ്ങളും സിട്രസ് തോട്ടങ്ങളാല്‍ ചുറ്റപ്പെട്ടത് കൊണ്ട് തന്നെ അക്കാലങ്ങളില്‍ കാട്ടുതീ പടരുമ്പോഴും ആദ്യം തോട്ടങ്ങളിലേക്കായിരുന്നു തീ പടര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ വീടുകളുടെ എണ്ണം വര്‍ധിച്ചതും കാടും വീടും തമ്മിലുള്ള ദൂരം കുറഞ്ഞതും സ്ഥിതി ഗുരുതരമാക്കുന്നുണ്ട്.
ആകെ പാനിക്കായ, അവസ്ഥയിലേക്ക് അമേരിക്കപോയതോടെ, പലയിടത്തുനിന്നും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ദുരന്തമേഖലകളില്‍ മോഷണവും നടക്കുന്നുണ്ട്. ഇതിനോടകം 29 പേരെയാണ് അഗ്‌നിക്കിരയായ ആഡംബര വസതികളില്‍ മോഷണം നടത്തിയതിന് പോലീസ് പിടികൂടിയത്. അഗ്‌നിശമന പ്രവര്‍ത്തകരുടെ യൂണിഫോം ധരിച്ചാണ് തസ്‌ക്കരര്‍ മോഷണം നടത്താനെത്തിയത്. തീപിടുത്തം നടക്കുന്ന മേഖലയില്‍ താമസിച്ചിരുന്ന ഭൂരിപക്ഷം പേരും അതി സമ്പന്നരാണ് എന്നതാണ് ഇവരെ മോഷണത്തിന് ഇവിടം കേന്ദ്രീകരിക്കാന്‍ കാരണമായതെന്നാണ് സൂചന.
ഹോളിവുഡിലെ വമ്പന്‍ താരങ്ങളും ശതകോടീശ്വരന്‍മാരും എല്ലാം തന്നെ കൈയ്യില്‍ കിട്ടിയ സാധനങ്ങളും ആയിട്ടാണ് ഇവിടെ നിന്ന് രക്ഷപ്പെട്ടത്. വില പിടിപ്പുള്ള പല സാധനങ്ങളും അവര്‍ ഇവിടെ ഉപേക്ഷിച്ചു പോയി എന്ന വാര്‍ത്തകള്‍ കൂടി പുറത്ത് വന്നതോടെയാണ് കള്ളന്‍മാര്‍ ഇവിടെ മോഷണത്തിന് പദ്ധതിയിട്ടത്. ഇവിടെം താമസിക്കുകയായിരുന്ന പലരും തങ്ങളുടെ വിലപ്പെട്ട വസ്തുക്കള്‍ മോഷണം പോകാതിരിക്കാന്‍ സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളെ ഏല്‍പ്പിച്ചിരിക്കുകയാണ്. പല മേഖലകളിലും കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കമലയുടെ പിരടിക്കിട്ട് ബൈഡന്‍
തീര്‍ത്തും അസാധാരണങ്ങളില്‍ അസാധാരണമായ ദുരന്തമാണ് ഉണ്ടായതെങ്കിലും, ഇത് നേരിടാന്‍ കഴിയാത്തതിന്റെ പേരില്‍ അമേരിക്കയില്‍ രാഷ്ട്രീയ വിവാദവും നടക്കയാണ്. ട്രംപ് അധികാരത്തിലേറാന്‍, ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കുന്ന സമയത്താണ്, ഈ വൈല്‍ഡ് ഫയര്‍ പൊട്ടിപ്പുറപ്പെട്ടത്. ഫലത്തില്‍ ഇതും, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബൈഡന്റെ കഴിവുകേടായിട്ടാണ്, റിപ്പബ്ബിക്കന്‍മ്മാര്‍ പ്രചരിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളിലൊന്ന് കത്തിയമര്‍ന്നപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈഡനും കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമും ഉയര്‍ന്നു പ്രവര്‍ത്തിച്ചില്ല എന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു. ബൈഡന്‍ പതിവുപോലെ അടിയന്തര തീരുമാനം എടുക്കാന്‍ വൈകിയെന്നാണ് ആക്ഷേപം.
തീകെടുത്താന്‍ ആവശ്യമായ ഫണ്ട് ഭരണകൂടം ലഭ്യമാക്കിയില്ലെന്ന് ലോസ് ആഞ്ജലിസ് അഗ്നിരക്ഷാ സേനാ മേധാവി ക്പിസ്റ്റിന്‍ ക്രൗലി ആരോപിച്ചിരുന്നു. ഇതും വമ്പന്‍ വിവാദമായി. ലോസ് ആഞ്ചല്‍സിലെ 4,400 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയും മറ്റ് സംഭരണികളും അപകടസമയത്ത് എങ്ങനെ വറ്റിക്കിടന്നു എന്നത് സംബന്ധിച്ച് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അന്വേഷണത്തിന് ഉത്തരവിട്ടു.
ബൈഡനാവട്ടെ പ്രശ്നം കമലാഹാരീസിന്റെ പിരടിക്കിട്ട് തടിയൂരിയെന്നും ആക്ഷേപമുണ്ട്. ലോസ് ഏഞ്ചല്‍സിലെ കാട്ടുതീയെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉപയോഗിച്ച വാക്കുകള്‍ വന്‍ വിവാദത്തിന് തിരികൊളുത്തി. തന്ത്രപരമായ ചര്‍ച്ചകള്‍ നടക്കുന്ന വൈറ്റ് ഹൗസിലെ റൂസ്വെല്‍റ്റ് മുറിയിലാണ് ബൈഡന്റെ അധ്യക്ഷതയില്‍ കാലിഫോര്‍ണിയ, ലോസ് ഏഞ്ചല്‍സ് നഗരങ്ങളിലെ അഗ്നിബാധയെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചത്. ചര്‍ച്ചയ്ക്കിടെ, വൈസ് പ്രസിഡന്റ് കമല ഹാരിസിനോട് അമേരിക്കയെ ഞെട്ടിച്ച ഈ തീപിടിത്തം നമ്മള്‍ പ്രതീക്ഷിച്ചിതല്ലെന്നും, ഈ സംഭവം നിങ്ങളെയാണ് കൂടുതലായും ബാധിക്കുക എന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ അതിനു വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യുക എന്ന് പറഞ്ഞ് തന്റെ ഉത്തരവാദിത്വം കമല ഹാരിസിന് കൈമാറുന്നതായി ബൈഡന്‍ ചര്‍ച്ചയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. ബൈഡന്റെ ഈ വാക്കുകളും വിവാദമായി.
അതിനിടയില്‍ തന്നെ,തെക്കന്‍ കാലിഫോര്‍ണിയയില്‍ ആറുമാസത്തേക്ക് ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളുടെയും മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാട്ടുതീ തുടങ്ങാനിടയായ സാഹചര്യത്തെപ്പറ്റി അറിയുന്നതിനായി എഫ്.ബി.ഐ. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാനഡയ്ക്ക് പുറമെ മെക്‌സിക്കോയും തീ അണയ്ക്കല്‍ പ്രവര്‍ത്തനങ്ങളില്‍ സഹായം വാഗ്ദാനം നല്‍കി മുന്നോട്ടുവന്നിട്ടുണ്ട്. മെക്‌സിക്കോയില്‍ നിന്നുള്ള 14,000 അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ തീപടര്‍ന്ന പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. പക്ഷേ മൊത്തത്തില്‍ ഈ സംഭവവും ബൈഡന്റെ പ്രതിഛായക്ക് വീണ്ടും മങ്ങലേല്‍പ്പിച്ചിരിക്കയാണ്.
മുതലാളിത്തത്തിന്റെ സൃഷ്ടി!
അതിനിടെ കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കാര്യങ്ങള്‍ കണ്ടാല്‍ നാം അമ്പരുന്നുപോവും. ഇത് ഗസ്സയില്‍ കുട്ടികളെ കൊല്ലാന്‍ ഇസ്രയേലിന് കൂട്ടുനിന്ന അമേരിക്കയോട്, ദൈവ ശാപമാണെന്നാണ്, ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്. പണ്ടേ കുടെയുള്ള അമേരിക്കന്‍ വെറി മൂര്‍ച്ചകൂട്ടാന്‍ ഇത് മനുഷ്യനിര്‍മ്മിത ദുരന്തമാണെന്നും, മുതലാളിത്തത്തിന്റെ സൃഷ്ടിയാണെന്നുമൊക്കയാണ് സൈബര്‍ കമ്മികള്‍ തള്ളിവിടുന്നത്.
പ്രകൃതി ദുരന്തങ്ങള്‍ എല്ലാ നാട്ടിലും എല്ലാ കാലത്തും ഉണ്ടാകുന്നുണ്ട്. അതിനൊക്കെ ഭൂമിശാസ്ത്രപരമായ നിരവധി കാരണങ്ങളുമുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഏറ്റവും വലിയ പ്രകൃതിദുരന്തമുണ്ടായത് തുര്‍ക്കിയിലാണ്്. 2023-ല്‍ തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ മരിച്ചത് 60,000ത്തോളം പേര്‍ ആണ്. 2022-പാക്കിസ്ഥാനില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍, മരിച്ചത് 1,700 പേരാണ്. 2024 അഫ്ഗാന്‍ വെള്ളപ്പൊക്കത്തിലും ആയിരം പേര്‍ മരിച്ചു. പ്രകൃതി, മതം നോക്കിയല്ല മനുഷ്യന് പണി കൊടുക്കുന്നത്. പകൃതി ദുരന്തങ്ങളില്‍ രാഷ്ട്രീയവും വര്‍ഗീയതയും കുത്തികയറ്റുന്നത് എത്ര മേഛമാണ് എന്നോര്‍ക്കണം. അമേരിക്കയില്‍ തീയിടുന്നതിനു പകരം ദൈവത്തിന് ഗസ്സയിലെ പ്രശ്നം ആ ശക്തി ഉപയോഗിച്ച് പരിഹരിച്ചൂടെ എന്ന മറുചോദ്യത്തിന് പക്ഷേ ഇവര്‍ക്ക് മറുപടിയില്ല.
ലോകത്തിന്റെ ബിസിനസ് ക്യാപിറ്റിലാണ് അമേരിക്ക. ലോകത്തിലെ ഏറ്റവും വലിയ സൈനിക -സാങ്കേതിക ശക്തിയും. പക്ഷേ അതൊന്നും പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്നില്‍ ഒന്നുമല്ല. നേരത്തെ കോവിഡ് എന്ന കുഞ്ഞന്‍ വൈറസ് വന്നപ്പോഴും നാം ഇതേ അവസ്ഥ കണ്ടു. 70 ലക്ഷം മനുഷ്യരുടെ ജീവനാണ് കൊറോണ വൈറസ് കൊണ്ടുപോയത്. അമേരിക്കയില്‍ 12 ലക്ഷം പേര്‍ മരിച്ചു. ലോകം അങ്ങനെയാണ്. ദുരന്തങ്ങളില്‍നിന്ന് അതിജീവിക്കുകയാണ് മനുഷ്യന്‍ എപ്പോഴും ചെയ്തിട്ടുള്ളത്. ഈ ഒരു തീപ്പിടുത്തതിന്റെ അടിസ്ഥാനത്തില്‍ 'ഫയല്‍വാന്‍ ചത്തേ' എന്ന് പറയുന്നവര്‍, ലോകത്തിന്റെ സാമൂഹിക- സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച്, ഒന്നും അറിയിലെന്ന് ചുരുക്കം. ഒരു സംശയവും വേണ്ട ഇതും അമേരിക്ക അതിജീവിക്കുക തന്നെ ചെയ്യും!
വാല്‍ക്കഷ്ണം: സത്യത്തില്‍ മലയാളിയുടെ സൈബര്‍ സ്പേസ് പരിശോധിക്കുമ്പോള്‍ പേടിയാവുകയാണ്. മറ്റു മതസ്ഥര്‍ക്ക് ദുരന്തം ഉണ്ടാവുമ്പോള്‍ സന്തോഷിക്കുകയും, സ്വന്തം മതക്കാര്‍ക്ക് വരുമ്പോള്‍ കരയുകയും ചെയ്യുന്നവര്‍ക്ക്, എത്ര വിചിത്രമായ കണ്ണുനീര്‍ ഗ്രന്ഥികളാണുള്ളത്!