ചോക്കുപൊടിയിട്ട് പാരസെറ്റമോള്‍, ശര്‍ക്കരവെള്ളം ചേര്‍ത്ത് ചുമ മരുന്ന്! വലിയ പാത്രങ്ങളില്‍ മിക്‌സ് ചെയ്ത് മിഠായിപോലെ പാക്കിങ്; പെട്ടിക്കട സെറ്റപ്പില്‍ മരുന്ന് കമ്പനികള്‍; ഇന്ത്യയില്‍ കോടികളുടെ 'ചാത്തന്‍' വിപണി; കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ കുട്ടികള്‍ മരിച്ചുവീഴുന്നു; കേരളവും ഭയക്കണമോ?
ചോക്കുപൊടിയിട്ട് പാരസെറ്റമോള്‍, ശര്‍ക്കരവെള്ളം ചേര്‍ത്ത് ചുമ മരുന്ന്!
ജീവന്‍ രക്ഷിക്കേണ്ട മരുന്നുകള്‍ തന്നെ കുഞ്ഞുങ്ങളുടെ ജീവന്‍ എടുത്താലോ? അത്യന്തം വേദനാജനകവും, ഞെട്ടിപ്പിക്കുന്നതുമായ ഒരു സ്ഥിതിവിശേഷത്തിലുടെ കടന്നുപോവുകയാണ് ഇന്ത്യ. മധ്യപ്രദേശിലെ ചിന്ത്വാഡയില്‍ കഫ്സിറപ്പ് കഴിച്ച 20 കുട്ടികളുടെ ജീവന്‍ നഷ്ടമായത് രാജ്യത്തെ മാത്രമല്ല, ലോകത്തിലെ ആരോഗ്യ പ്രവര്‍ത്തകരെയും ആശങ്കയിലാഴ്ത്തുകയാണ്. കോള്‍ഡ്രിഫ് എന്ന സിറപ്പ് കഴിച്ചതിനു പിന്നാലെയാണ് കുട്ടികള്‍ മരിച്ചത്. സിറപ്പ് നിര്‍ദേശിച്ച ശിശുരോഗവിദഗ്ധന്‍ പ്രവീണ്‍ സോണിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ പ്രവീണ്‍ സോണി തന്റെ സ്വകാര്യ ക്ലിനിക്കിലെ ചികിത്സയ്ക്കിടെയാണ് കുട്ടികള്‍ക്ക് ഈ മരുന്ന് നിര്‍ദേശിച്ചത്. കോള്‍ഡ്രിഫ് സിറപ്പ് നിര്‍മിച്ച തമിഴ്നാട് കാഞ്ചീപുരം ജില്ലയിലെ ശ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന് എതിരെയും മധ്യപ്രദേശ് സര്‍ക്കാര്‍ കേസെടുത്തു. ഇപ്പോള്‍ തമിഴ്നാട്ടിലെ ശ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ ജി.രംഗനാഥനെ ചെന്നൈ പൊലീസിന്റെ സഹായത്തോടെ മധ്യപ്രദേശ് പൊലീസ്് അറസ്റ്റ് ചെയ്തിരിക്കയാണ്.
കഫ്‌സിറപ്പ് കഴിച്ച് വൃക്ക തകര്‍ന്ന കുട്ടികള്‍ക്ക് കൃത്യമായ സമയത്ത് മതിയായ ചികിത്സ കിട്ടിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. ആരോഗ്യസ്ഥിതി വഷളായ കുട്ടികളെ 150 കിലോമീറ്റര്‍ അകലെ മഹാരാഷ്ട്ര നാഗ്പുരിലെ സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. ചിന്ത്വാഡയില്‍ പുതുതായി ഉദ്ഘാടനം ചെയ്ത മെഡിക്കല്‍ കോളേജ് ആശുപത്രിയിലോ പ്രദേശത്തെ സ്വകാര്യആശുപത്രികളിലോ അടക്കം ജില്ലയിലെവിടെയും ഡയാലിസിസ് സൗകര്യം ഉണ്ടായിരുന്നില്ല. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവും പ്രതിസന്ധിയായി.
ഏഴ് കുടുംബങ്ങളാണ് കഫ്‌സിറപ്പ് കഴിച്ച് ഗുരുതരാവസ്ഥയിലായ കുട്ടികളുമായി നാഗ്പുരിലെ വിവിധ സ്വകാര്യ ആശുപത്രിയിലെത്തിയത്. ഇവര്‍ക്ക് നാല് മുതല്‍ 15 ലക്ഷം രൂപ വരെയാണ് ചികിത്സയ്ക്കായി ചെലവായത്. ഒരു ഡയാലിസിസിന് മാത്രം 60,000 രൂപ നല്‍കേണ്ടി വന്നു. പണമില്ലാത്തതിനാല്‍ ആശുപത്രിവിടേണ്ടി വന്ന ചില കുട്ടികള്‍ നിമിഷങ്ങള്‍ക്കകം മരിച്ചു. അതേസമയം, അപകടത്തിനിടയാക്കിയ മരുന്ന് കുറിച്ചുകൊടുത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ ഡോ. പ്രവീണ്‍ സോണി താന്‍ 15 വര്‍ഷമായി ഈ മരുന്ന് നല്‍കാറുണ്ടെന്ന് പറഞ്ഞു. ഡോക്ടറുടെ അറസ്റ്റിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകളും പ്രതിഷേധിക്കയാണ്. പ്രശ്നം ഡോക്ടറുടെതല്ല വ്യാജ മരുന്നിന്റെതാണ് എന്നാണ് അവര്‍ പറയുന്നത്.
ഇപ്പോള്‍ ഇത്തരം വ്യാജ മരുന്ന് കമ്പനികളെ കണ്ടെത്താന്‍ വ്യാപകമായ അന്വേഷണവും തുടങ്ങിയരിക്കയാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളില്‍ പലതവണയുണ്ടായതാണ് കഫ് സിറപ്പ് ദുരന്തങ്ങള്‍. അതിന് കാരണം കേരളത്തില്‍, 'ചാത്തന്‍ മരുന്നുകള്‍' എന്ന് പറയുന്ന വ്യാജ മരുന്നുകളാണ്. ലോക വ്യാപകമായി ശതകോടികള്‍ ടേണ്‍ ഓവറുള്ള ഒരു അധോലോക വ്യവസായമായി അത് മാറിയിരിക്കയാണ്.
200 ബില്യണിന്റെ 'ചാത്തന്‍'!
ലോകത്തില്‍ ഏറ്റവും ലാഭമുള്ള രണ്ട് ബിസിനസുകള്‍ ആയുധ വ്യാപാരവും, മരുന്ന് നിര്‍മ്മാണവും ആണെന്നാണ് പൊതുവെ പറയുക. പക്ഷേ ഇതില്‍ ചില തെറ്റുകളുണ്ട്. ഒരു അംഗീകൃത മരുന്ന് കമ്പനിക്ക് ഒരു മരുന്ന് കണ്ടുപിടിക്കാനും മാര്‍ക്കറ്റിലിറക്കാനും, വര്‍ഷങ്ങള്‍ നീണ്ട ഗവേഷണം വേണം. ഗനിപ്പന്നികളില്‍ തൊട്ട് മനുഷ്യരില്‍വരെ ക്ലിനിക്കന്‍ ട്രയലുകള്‍ നടത്തി, പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്തി, വര്‍ഷങ്ങളെടുത്ത് കോടികള്‍ ചെലവിട്ടാണ്, ഒരു മോഡേണ്‍ മെഡിസിന്‍ മരുന്ന് വിപണിയിലെത്തുന്നത്. അതുകൊണ്ടുതന്നെ അതില്‍നിന്നുള്ള ലാഭം എന്ന് പറയുന്നത്, അതിന്റെ റിസ്‌ക്ക് ഫാക്ടര്‍ വെച്ചുനോക്കുമ്പോള്‍ കുറവാണ്. പക്ഷേ വ്യാജ മരുന്ന് കമ്പനികള്‍ക്ക് ഇതൊന്നും പ്രശ്നമല്ല. അവര്‍ക്ക് ഗവേഷണത്തിന്റെയോ ക്ലിനക്കല്‍ ട്രയലിന്റെയോ ഒന്നും ആവശ്യമില്ലല്ലോ. ലോകത്തെ വ്യാജ മരുന്നുകളുടെ വാര്‍ഷിക വിപണിയുടെ മൂല്യമാനം 200 ബില്ല്യണ്‍ ഡോളര്‍ വരുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസില്‍ ഇത് സംബന്ധിച്ച് നടന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആഗോള വ്യാപകമായി നടക്കുന്ന ഒരു 'പ്രതിഭാസമാണ്' മരുന്നിലെ വ്യാജന്‍. പമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജന്‍ വിപണിയില്‍ വ്യാപകമാണെന്ന മുന്നറിയിപ്പുമായി 2024-ല്‍ ലോകാരോഗ്യ സംഘടന രംഗത്ത് എത്തിയിരുന്നു. നോവാ നോര്‍ഡിക്സ് പുറത്തിറക്കുന്ന ഒസെംപിക് എന്ന മരുന്നിന്റെ വ്യാജനാണ് അന്ന് വ്യാപകമായി വിപണിയിലെത്തിയത്. വിശപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന മരുന്നുകളില്‍ ഒന്നാണിത്. മറ്റു പ്രമേഹ മരുന്നുകളെ അപേക്ഷിച്ച് വിലയും കൂടുതലാണ്.
റഷ്യ, ചൈന, ഇന്ത്യ എന്നീ മുന്ന് രാജ്യങ്ങളിലാണത്രേ ലോകത്തിലെ ചാത്തന്‍ മരുന്നുകള്‍ ഏറ്റവും കൂടുതലുള്ളത്. ഇതില്‍ റഷ്യയിലും ചൈനയിലും ഈ 'വ്യവസായത്തിന്' മാഫിയകളുടെ ശക്തമായ പിന്തുണയുണ്ട്. ഒറിജിനലിലെ വെല്ലുന്ന ഡ്യൂപ്പിക്കേറ്റുകളാണ് അവിടെ നിന്ന് ഇറങ്ങുന്നത്. ഇത്തരം മരുന്നുകള്‍ കഴിച്ച് ലോകത്ത് എമ്പാടും ദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്. 1937-ല്‍ അമേരിക്കയില്‍ നൂറില്‍ കൂടുതല്‍ കുട്ടികള്‍ മരിച്ച സംഭവത്തോടെയാണ് വ്യാജ കഫ്സിറപ്പുകളുടെ ദുരന്ത കഥ പുറംലോകം അറിയുന്നത്. 'ഋഹശഃശൃ ടൗഹളമിശഹമാശറല' എന്ന മരുന്നില്‍ ഡൈ ഇഥിലീന്‍ ഗ്ലൈക്കോള്‍ ചേര്‍ത്ത് വ്യാജനുണ്ടാക്കിയതാണ് പ്രശ്ന കാരണമെന്ന് പിന്നീട് കണ്ടെത്തി.
പിന്നീടും ചെറുതും വലുതുമായ ചുമ മരുന്ന് മരണങ്ങള്‍ ലോകത്തുണ്ടായി. അതില്‍ എറ്റവും വലിയ സംഭവങ്ങള്‍ ഉണ്ടായത് 2022ലായിരുന്നു. ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ കഫ്സിറപ്പ് കഴിച്ച് 70-ല്‍ അധികം കുട്ടികള്‍ മരിച്ചു. ഇന്ത്യയില്‍ നിന്നുള്ള മരുന്ന് കമ്പനിയായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിച്ച, കഫ് സിറപ്പുകളില്‍ ഡൈ ഇഥിലീന്‍ ഗ്ലൈക്കോള്‍ അടക്കം വിഷ ഘടകങ്ങള്‍ ഉണ്ടായിരുന്നു. ഈ രാസവസ്തുക്കള്‍ വൃക്കയെ ഗുരുതരമായി ബാധിക്കുന്നു. ഇന്ന് മധ്യപ്രദേശില്‍ ഉണ്ടായതുപോലെ, അന്നും വൃക്ക തകര്‍ന്നായിരുന്നു കുട്ടികളുടെമരണം.
ഇന്തോനേഷ്യയിലും ഇരുനൂറിലധികം കുട്ടികള്‍ മരിച്ച സംഭവമുണ്ടായി. കഫ് സിറപ്പുകളില്‍ അത്യധികം വിഷമുള്ള ഗ്ലൈക്കോള്‍ ഘടകങ്ങള്‍ ചേര്‍ന്നതായിരുന്നു കാരണം. ഇതിന്റെ അടിസ്ഥാനത്തില്‍, ഇന്തോനേഷ്യ സര്‍ക്കാര്‍ സിറപ്പ് മരുന്നുകളുടെ വില്‍പ്പന താല്‍ക്കാലികമായി നിരോധിച്ചു. പിന്നീട് ഉസ്ബെക്കിസ്ഥാനിലും 18 കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ മരിയാണ്‍ ബയോടെക്ക് എന്ന കമ്പനിയായിരുന്നു ഇവിടെയും വില്ലന്‍. ഇതോടെ ഇന്ത്യന്‍ കഫ്സിറപ്പുകള്‍ക്ക് വിദേശത്തെ പല രാജ്യങ്ങളും നിരോധനം ഏര്‍പ്പെടുത്തി. മരുന്ന് വിപണിയില്‍ കുതിച്ചുവരുന്ന ഇന്ത്യക്ക് വലിയ ഒരു തിരിച്ചടിയായി ഈ പ്രശ്നം.
ചോക്കുപൊടിപോലും മരുന്ന്!
ഇന്ത്യയില്‍ വ്യാജ മരുന്നിന്റെ വിപണി 4.25 ബില്ല്യണ്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്, ഹിമാചല്‍, പോണ്ടിച്ചേരി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, തെലങ്കാന, മഹാരാഷ്ട്ര എന്നിവടങ്ങളാണ് ഇന്ത്യ ചാത്തന്‍ മാഫിയയുടെ കേന്ദ്രമെന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയ 'ദ വീക്ക്' മാഗസിന്‍ പറയുന്നത്. നേരത്തെും പലതവണ ഉത്തരേന്ത്യയില്‍ വ്യാജ മരുന്നുകള്‍ ദുരന്തം വിതച്ചിട്ടുണ്ട്.
2024 മാര്‍ച്ചില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ അഡ്മിനിസ്ട്രേഷന്‍ നടത്തിയ പരിശോധനയില്‍ മഹാരാഷ്ട്രയിലും, തെലങ്കാനയിലുമായി 50 ലക്ഷം രൂപയുടെ മരുന്നാണ് പിടിച്ചെടുത്തത്.് ഇല്ലാത്ത കമ്പനിയുടെ പേരിലായിരുന്നു പാരസെറ്റമോളും കഫ്സിറപ്പുമൊക്കെ ഉണ്ടാക്കിയിരുന്നത്. എക്പയറി ഡേറ്റ് കഴിഞ്ഞ മരുന്നുകള്‍ വാങ്ങിച്ചൂകുടി അവ ഉപയോഗിച്ചാണ് ചാത്തന്‍ നിര്‍മ്മാണം. ചോക്ക് പൊടിയും അരിമാവും ഉപയോഗിച്ച് പാരസെറ്റമോള്‍ നിര്‍മ്മിക്കുന്നതും, ശര്‍ക്കരവെള്ളം കഫ് സിറപ്പാക്കുന്നതുമൊക്കെ കണ്ട് അധികൃതര്‍ അന്ന് അമ്പരന്നുപോയിരുന്നു. മെഗ് ലൈഫ് സയന്‍സെസ് എന്ന കമ്പനിയുടെ പേരില്‍ ഹിമാചല്‍പ്രദേശിലെ സിര്‍മോര്‍ ജില്ലയിലെ ഖാസര എന്ന വിലാസമാണ് ഈ ചാത്തന്‍ ഗുളികകള്‍ ഉപയോഗിച്ചിരിക്കുന്നത്. ചുമ, പനി, ജലദോഷം മുതല്‍ ജീവിത ശൈലീ രോഗങ്ങള്‍ക്ക് വരെയുള്ള ഗുളികകളാണ് ഈ വ്യാജ മരുന്ന് കമ്പനിയുടേതായി എത്തിയിരുന്നത്. പേരിന് പോലും മരുന്നില്ലാത്ത ഈ മരുന്നുകളില്‍ ചോക്കും മാവും ആണ് അസംസ്‌കൃത വസ്തുവായി ഉപയോഗിച്ചിരുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി!
കഴിഞ്ഞ വര്‍ഷം നാഗ്പൂരിലെ, ഇന്ദിരാഗാന്ധി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ റെയ്ഡില്‍ സിപ്രോഫ്ലോക്സാസിന്‍ എന്ന ആന്റിബയോട്ടിക്കിന്റെ വ്യാജ ഗുളികകള്‍ കണ്ടെത്തിയരിന്നു. 21,600 ഗുളികകളാണ് അന്ന് പിടിച്ചെടുത്തത്. വ്യാജ ആന്റിബയോട്ടിക്കുകള്‍ നിര്‍മിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മാഫിയയാണ്, മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ പരിശോധനയില്‍ വലയിലായത്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ പിടിച്ച വ്യാജ മരുന്നില്‍ ഗുജറാത്തിലെ റിഫൈന്‍ഡ് ഫാര്‍മ എന്ന കമ്പനിയിലാണ് മരുന്ന് നിര്‍മിച്ചതെന്നാണ് ലേബലില്‍ എഴുതിയിരുന്നത്.
അന്വേഷണത്തില്‍ അത്തരത്തിലൊരു കമ്പനി തന്നെയില്ലെന്ന് തെളിഞ്ഞു. വ്യാജ രേഖകള്‍ സമര്‍പ്പിച്ചാണ് തട്ടിപ്പുകാര്‍ മരുന്ന് നിര്‍മാണത്തിന് ലൈസന്‍സ് സ്വന്തമാക്കുന്നത്. ബ്രാന്‍ഡഡ് കമ്പനികളുടെ മരുന്നുകള്‍ പോലും വ്യാജമായി ഉണ്ടാക്കി മാര്‍ക്കറ്റിലെത്തിക്കുന്നു സംഭവമുണ്ട്. വ്യാജ ഹോളാഗ്രാം പടിച്ച സംഭവങ്ങളും നിരവധി തവണ ആവര്‍ത്തിച്ചു. അതുപോലെ ജനറിക്ക് മരുന്നിന്റെ മറവിലും തട്ടിപ്പ് ആവര്‍ത്തിക്കുന്നു. പ്രമുഖ കമ്പനിയുടെ കണ്ടന്റുള്ള അതേ മരുന്ന് വിലകുറച്ച് ഇറക്കിയാണ് തട്ടിപ്പ് നടത്തുന്നത്.
പെട്ടിക്കട സെറ്റപ്പില്‍ മരുന്നു കമ്പനികള്‍!
സാധാരണ ഒരു അംഗീകൃത മരുന്ന കമ്പനിക്ക് വലിയ ലാബും, ഗവേഷണ സംവിധാനവും അടക്കമുള്ള കോടികളുടെ ചെലവുണ്ടെങ്കില്‍, രാജ്യത്തെ ചാത്തന്‍ മരുന്ന് കമ്പനികള്‍ക്ക് അതിന്റെയൊന്നും യാതൊരു ആവശ്യവുമില്ല. ഇന്ന് കേരളത്തിലടക്കം പ്രവര്‍ത്തിക്കുന്ന പല ചെറുകിട മരുന്ന നിര്‍മ്മാണ കമ്പനികള്‍ക്ക്, സ്വന്തമായി ഉല്‍പ്പാദന യൂണിറ്റുകള്‍ ഇല്ല. ഈ മരുന്നുകള്‍ മുഴുവന്‍ ഉണ്ടാക്കുന്നത്, ഹിമാചല്‍പ്രദേശ്, പോണ്ടിച്ചേരി, തമിഴ്‌നാട്, മറ്റ് ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. ഈ അടുത്ത ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാഞ്ചീപുരത്തെ മരുന്ന് നിര്‍മ്മാണശാലകള്‍ പോലെ അതത് പ്രദേശങ്ങളിലെ ഓണം കേറാമൂലകളില്‍ സ്ഥാപിച്ചിട്ടുള്ള മരുന്ന് നിര്‍മ്മാണശാലകളെന്ന് അവര്‍ വിളിക്കുന്ന ചെറിയ ചെറിയ ഷെഡ്ഡുകളില്‍ നിന്നാണ് ഈ ചാത്തന്‍മരുന്നുകള്‍ വിപണിയിലെത്തുന്നത്. അവിടെയൊന്നും ഗവേഷണ ലബോറട്ടറികളോ മരുന്നിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനങ്ങളോ, വിദഗ്ധ തൊഴിലാളികളോ ഇല്ല. മരുന്ന് തയ്യാറാക്കുന്നതിന് യന്ത്ര സംവിധാനങ്ങളില്ല. പകരം വലിയ പാത്രങ്ങളില്‍ ഇട്ടാണ് മിക്‌സിങ് നടത്തുന്നത്. ഇവിടെ നിന്നും മിഠായി പാക്ക് ചെയ്യും പോലെയാണ് പാക്കിങ്. മലയാളി വിദ്വാന്‍മാര്‍ നിശ്ചയിക്കുന്ന പേരിലും ബ്രാന്‍ഡിലും ഇവിടെ നിന്നും അടിച്ചുവിടും. ഇത്തരം ചാത്തന്‍ മരുന്നുകളുടെ പ്രളയമാണ് കേരള മാര്‍ക്കറ്റിലുള്ളത് എന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിച്ച ഒരു പ്രമുഖ വ്യവസായി ഫേസ്ബുക്കില്‍ കുറിച്ചത്.
പത്ത് മില്ലിഗ്രാമിന്റെ ഒരു ഗുളിക തയ്യാറാക്കുമ്പോള്‍ അതില്‍ അഞ്ച് മില്ലിഗ്രാം ചേരുവകളെ ചേര്‍ക്കുകയുള്ളു എന്നതാണ് ഇവിടുത്തെ ഒരു രീതി. പക്ഷേ കവറില്‍ല്‍ പത്ത് മില്ലിഗ്രാം എന്ന് തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാവും. പക്ഷേ, ഇതില്‍ അഞ്ച് എം.ജിയെ ഉള്ളൂ എന്ന് ബോധ്യമുള്ള ഡോക്ടര്‍മാര്‍ രോഗിക്ക് കുറിപ്പടി എഴുതുമ്പോള്‍ രണ്ടുവീതം കഴിക്കാന്‍ നിര്‍ദേശിക്കും. അങ്ങനെ ഡോക്ടര്‍മാരെ കൊണ്ട് രണ്ടുവീതം എഴുതിക്കുന്ന ചുമതല മരുന്ന് കമ്പനി ഏറ്റെടുക്കും. ഇത്തരം കമ്പനികളില്‍നിന്ന് ഈ ഡോക്ടര്‍മാര്‍ക്ക് നന്നായി കമ്മീഷന്‍ കിട്ടുമെന്നും ഉറപ്പാണെല്ലോ.
പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനികളില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്ത പലരും രാജിവെച്ച് ഇപ്പോള്‍ സ്വന്തമായി മരുന്ന് കമ്പനി തുടങ്ങുന്ന അവസ്ഥയും കേരളത്തിലുണ്ട്. ഇവരുടെ പ്രധാന കൈമുതല്‍ എന്നു പറയുന്നത്, വലിയ വലിയ സ്ഥാപനങ്ങളില്‍ ഉദ്യോഗത്തിലിരുന്നപ്പോള്‍ ഡോക്ടര്‍മാരുമായി ഉണ്ടാക്കിയ വ്യക്തി ബന്ധമാണ് എന്നാണ്, ഈ മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നത്. ഇവരില്‍ ഭൂരിഭാഗവും ഉത്പ്പാദിപ്പിക്കുന്നത് ജനറിക് മരുന്നുകളാണ്. ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ പലരും മരുന്ന് ഷാപ്പുകളില്‍ നിന്നും നേരിട്ടോ അല്ലെങ്കില്‍ മരുന്നുഷാപ്പുകളിലെ ഫാര്‍മസിസ്റ്റുകള്‍ നിര്‍ദേശിക്കുന്ന തരത്തിലോ വാങ്ങി കഴിക്കുന്ന പൊതുവായ മരുന്നുകളാണ് ഇവ. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ മധ്യപ്രദേശില്‍ നടന്നതുപോലെ ഒരു ദുരന്തം കേരളത്തിലും ആവര്‍ത്തിച്ചാല്‍ അത്ഭുതമൊന്നുമില്ല.
കേരളവും ദുരന്തത്തിന്റെ വക്കില്‍
ആവശ്യത്തിനും അനാവശ്യത്തിനും മരുന്ന് കഴിക്കുന്ന ആളുകളാണ് മലയാളികള്‍. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ, ആന്റിബയോട്ടിക്കുകള്‍പോലും സ്വയം വാങ്ങി ചികിത്സിക്കുന്നവരാണ് നാം. ഈ വാജന്‍ ഭീഷണിമൂലം ഏറെ ഭയക്കേണ്ടത് നമ്മള്‍ മലയാളികളാണ്. ഗുണനിലവാരമില്ലാത്ത ചാത്തന്‍ മരുന്നുകള്‍ ഒഴുകിയെത്തുമ്പോള്‍ അത് തടയാനോ നിയന്ത്രിക്കാനോ ഫലപ്രദമായ സംവിധാനമില്ല. പഴയ നികുതി സംവിധാനം മാറി ജി.എസ്.ടി വന്നതോടെ ചെറുകിടക്കാര്‍ക്കും നേരിട്ട് കമ്പനികളില്‍നിന്ന് മരുന്ന് വാങ്ങാമെന്ന സ്ഥിതിയാണ്. ഇതിന്റെ കണക്കുകളാകട്ടെ സര്‍ക്കാറിന്റെയോ ബന്ധപ്പെട്ട ഏജന്‍സികളുടെയോ കൈകളിലെത്തില്ല. ഈ സാധ്യത കൂടി മുതലാക്കിയാണ് വ്യാജമരുന്നുകളടക്കം വിപണിയിലേക്കൊഴുകുന്നത് എന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.
സംസ്ഥാനത്തെ മരുന്നുവില്‍പനയുടെ 88 ശതമാനവും കൈയാളുന്നത് സ്വകാര്യ കമ്പനികളാണെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. വിവിധ ബ്രാന്‍ഡുകളുടെ മൂന്ന് ലക്ഷത്തോളം ബാച്ച് മരുന്നുകള്‍ പരിശോധിക്കാന്‍ സംസ്ഥാനത്ത് ആകെയുള്ളത് അമ്പതോളം ഡ്രഗ് ഇന്‍സ്പെക്ടര്‍മാരാണ്. പ്രതിമാസം നടക്കുന്ന പരിശോധനകളാകട്ടെ ആയിരത്തില്‍ താഴെയും. 2023 ഏപ്രലില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ വന്‍ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു. ''ഒരു വര്‍ഷത്തെ 54,049 ബാച്ച് മരുന്നുകളില്‍ 8,700 ബാച്ചുകളുടെ ഗുണനിലവാരം മാത്രമാണ് പരിശോധിച്ചത്. 14 വിതരണക്കാരുടെ ഒറ്റ മരുന്ന് പോലും പരിശോധിച്ചിട്ടില്ല. ചാത്തന്‍ മരുന്നാണ് വിതരണം ചെയ്തത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാണ് ഇതിന് അനുമതി നല്‍കിയത്. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണം''- സതീശന്‍ ആവശ്യപ്പെട്ടു. പക്ഷേ ഗരുതരമായ ഈ ആരോപണവും പതിവ് കക്ഷിരാഷ്ട്രീയ ബഹളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു.
വ്യാജ മരുന്നുകള്‍ ഉപയോഗിക്കുന്നത് രോഗികളുടെ ആരോഗ്യനില വളഷളാക്കാനിടയാക്കുമെന്ന് ലോകാരോഗ്യ സംഘടനതന്നെ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാജ മരുന്നുകളില്‍ അടങ്ങിയ അപകടമായ ചേരുവകള്‍, ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഓണ്‍ലൈനിലും മറ്റും മരുന്നുകള്‍ വാങ്ങുമ്പോള്‍ സുക്ഷ്മമായ പരിശോധന നടത്തണമെന്നും, സംശയം തോന്നിയാല്‍ ഡോക്ടറെ സമീപിച്ച് ഉറപ്പുവരുത്തണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
കഫ് സിറപ്പ് സ്ഥിരമായി ഉപയോഗിക്കരുത്
ഇനി കഫ് സിറപ്പിന്റെ കാര്യത്തിലേക്ക് വന്നാല്‍, അത് സ്ഥിരമായി ഉപയോഗിക്കരുത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചെറിയ ചുമയ്ക്കും കഫക്കെട്ടിനും സിറപ്പ് ഉപയോഗിക്കരുതെന്നും അക്കാദമി ഓഫ് പള്‍മണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ നിര്‍ദേശിക്കുന്നു. സാധാരണ ചുമയും കഫക്കെട്ടും ആവി ശ്വസിച്ച് വിശ്രമിച്ചാല്‍ മാറുന്നതാണ്. സിറപ്പ് സ്ഥിരമായി ഉപയോഗിക്കുന്നത് പലരിലും പഞ്ചസാരയുടെ അളവ് കൂട്ടും. ആവര്‍ത്തിച്ചുള്ള ഉപയോഗം ആസക്തിക്കും കാരണമാകാം. ഒന്നിലധികം ചേരുവകളുള്ള സിറപ്പ് സംയുക്തം ഉപയോഗിക്കുന്നതിലും ജാഗ്രത വേണം. കുട്ടികള്‍ക്ക് സംയുക്തങ്ങള്‍ തീരേ ഒഴിവാക്കണം. അടിയന്തരസാഹചര്യമില്ലെങ്കില്‍ രണ്ടുവയസ്സില്‍ താഴെയുള്ളവര്‍ക്ക് കഫ് സിറപ്പുകളോ ജലദോഷ മരുന്നുകളോ ശുപാര്‍ശ ചെയ്യരുതെന്ന് അക്കാദമി ഓഫ് പള്‍മണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
സിറപ്പുകള്‍ ഉപയോഗിക്കുന്നപക്ഷം രോഗിയുടെ ശാരീരികാവസ്ഥ കൃത്യമായി വിലയിരുത്തണമെന്ന നിര്‍ദേശവുമുണ്ട്. തെളിവ്, രോഗലക്ഷണം എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമേ മരുന്നുകള്‍ കുറിക്കാവൂയെന്നും അക്കാദമി പ്രസിഡന്റ് ഡോ. ബി. ജയപ്രകാശ്, സെക്രട്ടറി ഡോ. ജൂഡോ ജെ. വചപ്പറമ്പില്‍ എന്നിവര്‍ ഉപദേശിക്കുന്നു.അതുപോലെ മരുന്നുകള്‍ വാങ്ങുമ്പോള്‍ അംഗീകൃത നിര്‍മാതാക്കളില്‍ നിന്നുള്ളതാണോ എന്ന് ഉറപ്പാക്കുക.ലേബലും ബാച്ച് നമ്പറും പരിശോധിക്കുക. സംശയം ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഉപയോഗിക്കരുത് എന്നും വിദഗ്ധര്‍ പറയുന്നു.
ഇതിന് പുറമേ, ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായി ഉപയോഗവും, കേരളം നേടിരുന്ന വലിയ പ്രശ്നമാണ്. രോഗാണുക്കള്‍ മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷി നേടുന്ന സാഹചര്യമുണ്ടാകുന്നതായി (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) ആരോഗ്യവകുപ്പ് തന്നെ സമ്മതിക്കുന്നു. പ്രതിരോധശേഷിയാര്‍ജിച്ച രോഗാണുക്കള്‍ ചികിത്സരംഗത്ത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
വാല്‍ക്ക്ഷണം: പണ്ടൊക്കെ മദ്യദുരന്തങ്ങളുടെ വാര്‍ത്തകളായിരുന്ന നമ്മെ ഞെട്ടിക്കാറുള്ളത്. പക്ഷേ ആധുനികകാലത്ത് മരുന്ന് കഴിച്ചും കൂട്ട മരണങ്ങള്‍ ഉണ്ടാവുന്നു. സൂക്ഷിച്ചില്ലെങ്കില്‍, ശ്രദ്ധിച്ചില്ലെങ്കില്‍ മരുന്ന് ദുരന്തത്തിന്റെ വാര്‍ത്തകള്‍ കേരളത്തില്‍നിന്നും കേള്‍ക്കാനിടയുണ്ട്.