''രണ്ടുപേര്‍ പ്രേമിച്ചാല്‍ കുറ്റമാണോ''; ആദ്യസിനിമയിലൂടെ തന്നെ മികച്ച സംവിധായകനുള്ള സ്റ്റേറ്റ് അവാര്‍ഡ്; അടൂരിനു ശേഷം വെനീസിലെ റെഡ്കാര്‍പെറ്റില്‍ ആദരിക്കപ്പെട്ട ഏക മലയാളി; ഇപ്പോള്‍ നടിയെ അപമാനിച്ച കേസില്‍ അറസ്റ്റ്; സര്‍ഗാത്മകതയുടെ ഉന്‍മാദം! സനല്‍കുമാര്‍ ശശിധരന്റെ വിവാദ ജീവിതം

സര്‍ഗാത്മകതയുടെ ഉന്‍മാദം! സനല്‍കുമാര്‍ ശശിധരന്റെ വിവാദ ജീവിതം

Update: 2025-09-09 09:32 GMT

''എന്തിനാണ് ഇവര്‍ ഇത് ചെയ്യുന്നത് ? ഞാന്‍ എന്താ കൊലക്കുറ്റം ചെയ്തോ. ഞാന്‍ മോഷ്ടിച്ചോ. ഞാന്‍ ഖജനാവ് കൊള്ളയടിച്ചോ. ഞാന്‍ മാസപ്പടി വാങ്ങിയോ. ഞാന്‍ പ്രേമിച്ചു. രണ്ടു പേര്‍ തമ്മില്‍ പ്രേമിച്ചാല്‍ കുറ്റമാണോ. ഒരാളെ സ്നേഹിച്ചത് ആണോ ഞാന്‍ ചെയ്ത കുറ്റം. ഒരു സ്ത്രീയെ തടവില്‍ വച്ചിരിക്കുകയാണെന്ന് പറഞ്ഞതുകൊണ്ട് പൊലീസ് എന്നെ പിടിച്ചിരിക്കുകയാണ്. എന്തിനാണ് ഇവര്‍ ഇത് ചെയ്യുന്നത്'''- കൊച്ചിയിലെ റെയില്‍വെപ്ലാറ്റ്ഫോമിലൂടെ പൊലീസ് അകമ്പടിയോടെ നടന്നുപോവുമ്പോള്‍ അയാള്‍ പൊട്ടിത്തെറിക്കയാണ്. മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി സംസാരിക്കുന്നതിനിടെ റെയില്‍വേ പ്ലാറ്റ്ഫോമില്‍ വീഴുകയും ചെയ്തു. പക്ഷേ എണീറ്റ് വീണ്ടും അലര്‍ച്ചപോലെ സംസാരം തുടര്‍ന്നു.

കേരളത്തില്‍ ഇന്ന് വൈറലായ ഒരു വിഷ്വലാണിത്. പെട്ടന്ന് കണ്ടാല്‍ ഒന്നുമറിയാത്തവര്‍ അമ്പരന്നുപോവും. പ്രണയിച്ചതിന്റെ പേരില്‍ കേസോ? പക്ഷേ പൊലീസ് കൊണ്ടുപോവുന്നയാളും പരാതിക്കാരിയും ചില്ലറക്കാരല്ല. മലയാള സിനിമയുടെ കീര്‍ത്തി അന്താരാഷ്ട്രതലത്തിലെത്തിക്കുമെന്ന് കരുതിയ, പുതിയ തലമുറയിലെ ഏറ്റവും പ്രതീക്ഷയുള്ള സംവിധായകനായ സനല്‍കുമാര്‍ ശശിധരനാണ് പ്രതി. പരാതിക്കാരിയാവട്ടെ മലയാളത്തിലെ പ്രശ്സത നടിയും.

പിന്തുടര്‍ന്നു ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകളിലാണ് പൊലീസ് സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തത്. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നടി ഇ മെയിലില്‍ നല്‍കിയ പരാതി എളമക്കര പൊലീസിനു കൈമാറുകയായിരുന്നു. ജനുവരിയില്‍, കേസെടുക്കുമ്പോള്‍ സനല്‍കുമാര്‍ യുഎസില്‍ ആയിരുന്നു. ഇന്ത്യയില്‍ എത്തുമ്പോള്‍ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ സനല്‍ തടഞ്ഞുവെക്കപ്പെട്ടിരുന്നു. ഇപ്പോള്‍ കേസില്‍ സംവിധായകന് ജാമ്യം ലഭിച്ചിട്ടുണ്ട്.

കാലങ്ങളായി വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്കാണ് സനല്‍ കുമാര്‍ ശശിധരന്‍ എന്ന കവികൂടിയായ അസാധാരണ ചലച്ചിത്ര പ്രതിഭ നീങ്ങിക്കൊണ്ടിരിക്കുന്നത്. സര്‍ഗാത്മകതയുടെ ഉന്‍മാദം ബാധിച്ച ആ മനുഷ്യന്‍േറത് അസാധാരണമായ ഒരു ജീവിത കഥയാണ്.

ഞെട്ടിച്ച ഒഴിവുദിവസത്തെ കളി

1977 ഏപ്രില്‍ 8-നു തിരുവനന്തപുരത്തെ പെരുംകടവിളയിലാണു സനല്‍കുമാര്‍ ജനിച്ചത്. അച്ഛന്‍ ശശിധരന്‍, അമ്മ സരോജം. ഇന്നത്തെ ന്യൂജന്‍ സിനിമക്കാരെപ്പോലെ പത്താംക്ലാസും ഗുസ്തിയുമായി, പടം പിടിക്കാനെത്തിയ ആളല്ല അദ്ദേഹം. ജന്തുശാസ്ത്രത്തിലും, നിയമത്തിലും ബിരുദം നേടിയിട്ടുണ്ട്. കുറച്ചുകാലം വക്കീലായും പ്രാക്ടീസ് ചെയ്തു. ഫിലിം സൊസൈറ്റി പ്രവര്‍ത്തനത്തിലുടെ നല്ല സിനിമകള്‍ കണ്ടാണ് സനലിന്റെ ചലച്ചിത്ര സപര്യയുടെ തുടക്കം.


 



തിരുവനന്തപുരം ഐഎഫ്എഫ്കെയുടെ പ്രോഡക്റ്റാണ് സനല്‍കുമാറിനെപ്പോലുള്ള സംവിധായകന്‍ എന്ന് പിന്നീട് അവലോകനവും വന്നു. 2001-ല്‍ കാഴ്ച ചലച്ചിത്രവേദി എന്നൊരു ഫിലിം സൊസൈറ്റി സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് അദ്ദേഹം രൂപീകരിച്ചു. ജനപങ്കാളിത്തത്തോടെ സ്വതന്ത്രമായ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു ഉദ്ദേശം. ജനങ്ങളുടെ കയ്യിലുള്ള പണം ശേഖരിച്ച് മൂന്ന് ഹ്രസ്വചിത്രങ്ങളും, ഒരുമുഴുനീള ചലച്ചിത്രവും സനല്‍ നിര്‍മ്മിച്ചു. ഈ മൂന്ന് ഷോര്‍ട്ട് ഫിലിമുകളും ശ്രദ്ധ പിടിച്ചുപറ്റിയതോടെയാണ് ചലച്ചിത്രത്തിലേക്ക് കടക്കുന്നത്.

ആദ്യ ചിത്രമായ 'ഒരാള്‍പ്പൊക്കം' വന്‍ നിരൂപക ശ്രദ്ധ പിടിച്ചുപറ്റി. 2014-ല്‍ മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ഈ ചിത്രത്തിനായിരുന്നു. ആദ്യ ചിത്രത്തിനുതന്നെ അവാര്‍ഡ് കിട്ടിയതോടെ മലയാള സമാന്തര സിനിമയിലെ പുതിയ പ്രതീക്ഷയായി സനല്‍ വിലയിരുത്തപ്പെട്ടു. തൊട്ടടുത്ത വര്‍ഷം എടുത്ത 'ഒഴിവുദിവസത്തെ കളി' എന്ന ഒറ്റ ചിത്രം മതി സനല്‍കുമാര്‍ ശശിധരന്‍ എന്ന സംവിധായകന്റെ പ്രതിഭ മനസ്സിലാക്കാന്‍. മലയാളിയുടെ മസ്തിഷ്‌ക്കത്തില്‍ ഒരു സിസിടിവി വെച്ചാല്‍ എങ്ങനെയിരിക്കും അതുപോലെ ഒരു സിനിമ.

തെരഞ്ഞെടുപ്പ് ദിവസമാണ് ഒഴിവു ദിവസത്തെ കളി തുടങ്ങുന്നത്. സുഹൃത്തുക്കളായ അഞ്ചുപേര്‍, ആ ഒഴിവു ദിവസം ആഘോഷിക്കാനായി കാടിനോടു ചേര്‍ന്നുള്ള ഒരു ഗസ്റ്റ് ഹൗസിലേക്ക് പോവുന്നതും, അവര്‍ക്കിടയില്‍ നടക്കുന്ന സംഭവങ്ങളുമാണ് ഇതിവൃത്തം. സുഹൃത്തക്കളാണെങ്കിലും കൃത്യമായ ഹയറാര്‍ക്കി അവര്‍ക്കിടയിലുണ്ട്. കൂട്ടത്തില്‍ ' കറുത്തവനായ' ആളാണ് കോഴിയെ കൊല്ലാനും ചക്കയിടാനായി മരത്തില്‍ കയറാനും നിര്‍ബന്ധിതനാകുന്നത്. ഒരുമിച്ചുള്ള മദ്യപാനത്തെ തുടര്‍ന്ന് അവര്‍ ഒരു കളി ആരംഭിക്കുന്നു. ആ കളിയിലും വെളുത്തവന്‍ രാജാവും കറുത്തവന്‍ കള്ളനുമാവുകയും ഒടുവില്‍ വരുന്ന ശിക്ഷയുമെല്ലാം പ്രേക്ഷകരെ ഞെട്ടിക്കും. 2015-ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തില്‍ ഇ ചിത്രം മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അത് അര്‍ഹതക്കുള്ള അംഗീകരമായി.

വിവാദമായ സെക്സി ദുര്‍ഗ

സനല്‍കുമാറിന്റെ മൂന്നാമത്തെ ചിത്രം സെക്സി ദുര്‍ഗയും വന്‍ വിവാദമായി. 2017-ല്‍ നെതര്‍ലന്റസിലെ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രമാണിത്. ദുര്‍ഗയെന്ന പേരിന് മുന്നില്‍ സെക്സി വന്നത് സംഘപരിവാറിനെ മാത്രമല്ല, സെന്‍സര്‍ ബോര്‍ഡിനെയും പ്രകോപിച്ചു. ഒടുവില്‍ സുരേഷ് ഗോപിയുടെ ജാനകി, വി ജാനകിയായതുപോലെ സെ്കസി ദുര്‍ഗ എസ് ദുര്‍ഗയായാണ് വെളിച്ചം കണ്ടത്. പക്ഷേ ചിത്രത്തില്‍ മതത്തെ പ്രത്യക്ഷമായി ആക്ഷേപിക്കുന്ന യാതൊന്നും ഉണ്ടായിരുന്നില്ല. ഒരു വശത്ത് ദുര്‍ഗയോളം ഉയര്‍ത്തി ദൈവമാക്കി ആരാധിക്കുന്ന ഒരു സമൂഹം തന്നെ, എത്രത്തോളം ക്രൂരമായാണ് തനിക്കിഷ്ടപ്പെട്ട ഒരു പുരുഷന്റെ കൂടെ രാത്രിയില്‍ ഒളിച്ചോടുന്ന ഒരു സ്ത്രീയെ സദാചാര പോലീസിംങ്ങിന്റെ ഭാഗമാക്കുന്നത് എന്ന വൈരുദ്ധ്യത്തെയാണ് എസ് ദുര്‍ഗ അവതരിപ്പിച്ചത്. ആഗോള വ്യാപകമായി ചിത്രത്തിന് വലിയ അംഗീകാരവും നിരൂപക പ്രശംസയും ലഭിച്ചു.

പക്ഷേ വലിയ സൈബര്‍ ആക്രമണങ്ങളാണ് സംവിധായകന്‍ നേരിട്ടത്. തന്റെ അമ്മയുടേയും ഭാര്യയുടേയും പേരിനൊപ്പം ചിലര്‍ 'സെക്‌സി' എന്ന വാക്ക് ചേര്‍ക്കാന്‍ പറയുന്നുണ്ടെന്നും അത്തരക്കാരോട് അനുകമ്പമാത്രമേയുള്ളൂവെന്നും സനല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കാരണം തന്റെ അമ്മയുടെ പേര് സരസ്വതിയെന്നും ഭാര്യയുടെ പേര് പാര്‍വതിയെന്നുമാണ്. ആ പേരുകള്‍ക്കൊപ്പം 'സെക്‌സി' എന്നു ചേര്‍ത്താല്‍ നിങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുമോ എന്നാണ് ചിലര്‍ ചോദിക്കുന്നതെന്നാണ് സനല്‍കുമാര്‍ വെളിപ്പെടുത്തിയത്. അതിനിടെ 2017-ലെ ഐഎഫ്എഫ്കെയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കില്ലെന്നുപറഞ്ഞും സനല്‍ വിവാദത്തിലേറി. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍, 'മലയാളം സിനിമ ഇന്ന്' എന്ന വിഭാഗത്തിലേക്കാണ് സെക്സി ദുര്‍ഗ തെരഞ്ഞെടുത്തത്. മത്സരവിഭാഗത്തില്‍പോലും ഉള്‍പ്പെടുത്താത്തത് ഒരു തരം അപമാനിക്കലായാണ് സനല്‍ കണ്ടത്.


 



''ഐഎഫ്എഫ്കെയും ചലച്ചിത്ര അക്കാദമിയും മലയാളം സിനിമകളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന ആത്മാര്‍ഥമായ ശ്രമങ്ങള്‍ മനസിലാക്കുന്നു. സെക്സി ദുര്‍ഗ ഇതിനകം പല രാജ്യങ്ങളിലെ നാല്‍പതിയഞ്ചിലധികം ഫിലിം ഫെസ്റ്റിവലുകളില്‍ തെരഞ്ഞെടുക്കപ്പെടുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. റോട്ടര്‍ഡാം ഫിലിം ഫെസ്റിവലില്‍ ടൈഗര്‍ അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന അംഗീകാരവുമായിട്ടായിരുന്നു ചിത്രത്തിന്റെ യാത്രാരംഭം. സെക്സി ദുര്‍ഗയ്ക്ക്, ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുക വഴി അക്കാദമിയില്‍ നിന്നും മലയാള സിനിമയെന്ന നിലയില്‍ പ്രോത്സാഹനം ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അത്തരം പ്രോത്സാഹനം ആവശ്യമുള്ള വേറെ ഏതെങ്കിലും ചിത്രത്തിന് അത് ലഭിക്കട്ടെ എന്ന ആഗ്രഹത്തോടെ സെക്സി ദുര്‍ഗ ഫെസ്റിവലില്‍ നിന്നും പിന്‍വലിക്കുന്നു''- സനല്‍കുമാര്‍ ശശിധരന്‍ അന്ന് പോസ്റ്റിട്ടത് ഇങ്ങനെയാണ്.

ജോജുവുമായി 'ചോല' വിവാദം

സനല്‍കുമാര്‍ ശശിധരന്റെ നാലമാത്തെ ചിത്രമായ ചോലയും അക്ഷരാര്‍ത്ഥത്തില്‍ വ്യത്യസ്തമായ സിനിമകളെ ഇഷടപ്പെടുന്ന ചലച്ചിത്ര പ്രേമികളെ ഞെട്ടിച്ചിരുന്നു. ചോലയില്‍ നിന്ന് ചോരയിലേക്കുള്ള ദൂരമളക്കുകയാണ് സനല്‍കുമാര്‍ ശശിധരന്‍ എന്ന് നിരുപകര്‍ വാഴ്ത്തി. ഇരയായ ഒരു പെണ്‍കുട്ടിയും ഏതുസമയത്തും ഈ ഇരയുടെ മേലേക്ക് ചാടിവീഴുവാന്‍ തയ്യാറായി കാത്തുനില്‍ക്കുന്ന രണ്ട് വേട്ടക്കാരുടെയും കഥയാണ് ചിത്രം പറഞ്ഞത്.

ഹൈറേഞ്ചിലെ ഒരു കുഗ്രാമത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി തന്റെ കാമുകനോടൊപ്പം, എറണാകുളം നഗരം കാണുവാനായി കാമുകന്റെ ഗുരുവിനെപ്പോലുള്ള ഒരാളുടെ കൂടെ ജീപ്പില്‍ പുറപ്പെടുന്നതിലാണ് ഈ സിനിമയുടെ കഥ തുടങ്ങുന്നത്. എന്നാല്‍ ചില അവിചാരിത കാരണങ്ങളാല്‍ അന്നവര്‍ക്ക് അവിടെ നിന്ന് മടങ്ങുവാന്‍ സാധിക്കുന്നില്ല. ഇവര്‍ മൂന്നുപേരും ഒരു ഹോട്ടലില്‍ തങ്ങേണ്ടിവരുന്നു. ഇതിനിടക്ക് ഭക്ഷണം വാങ്ങുവാനായി പുറത്തുപോകുന്ന കാമുകന്‍ തിരിച്ചുവരുമ്പോള്‍ കാണുന്ന കാഴ്ച ഗുരു അവളെ മാനംഭംഗപ്പെടുത്തിയെന്നതാണ്. ഒരു റേപ്പ് വിക്ടിമിന് വേട്ടക്കാരനോട് തോനുന്ന വിധേയത്വവും, പകയും, വെറുപ്പുമെല്ലാം ഒരേസമയം ചിത്രം എടുത്തുകാട്ടുന്നു.

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ജാനുവായി, നിമിഷ സജയന്റെ പ്രകടനവും ജോജിവിന്റെ പ്രതിനായക ചുവയുള്ള നായകനും ഏറെ ചര്‍ച്ചയായി. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും നല്ല നടിക്കുള്ള അവാര്‍ഡ് നിമിഷ സജയനും സ്വാഭാവിക നടനുള്ള അവാര്‍ഡ് ജോജു ജോര്‍ജും നേടിക്കൊടുത്ത സിനിമകൂടിയാണിത്. ലോകത്തെ മൂന്നാമത്തെ ചലച്ചിത്രോത്സവങ്ങളിലൊന്നായ വെനീസിലെ റെഡ് കാര്‍പ്പറ്റില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമ കൂടിയാണിത്. അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കൂത്തിനും മതിലുകള്‍ക്കും ശേഷം ഒരു മലയാള ചലച്ചിത്രം വെനീസിലെ റെഡ്കാര്‍പ്പറ്റില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത് ഇതാദ്യമായിരുന്നു.


 



പക്ഷേ നിരൂപകര്‍ ചോല സിനിമയെ പുകഴ്ത്തുമ്പോഴും ഹീറോയും ഡയറക്ടറും തമ്മില്‍ പൊരിഞ്ഞ അടിയായി. സിനിമയുടെ വിതരണം അട്ടിമറിക്കപ്പെട്ടുവെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവുകൂടിയായ ജോജു ജോര്‍ജാണ് ആണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും സനല്‍കുമാര്‍ ആരോപിച്ചിരുന്നു. ''റിലീസ് ചെയ്തതിന്റെ മൂന്നാം ദിവസം എല്ലാ തിയേറ്ററുകളില്‍ നിന്നും ആ സിനിമ പിന്‍വലിക്കപ്പെട്ടു. ആദ്യ ദിവസം തിയേറ്ററില്‍ നിന്ന് പ്രേക്ഷക അഭിപ്രായങ്ങള്‍ പുറത്തുവരാന്‍ തുടങ്ങും മുന്‍പ് തന്നെ ചോല ഒരു സ്ത്രീ വിരുദ്ധ സിനിമയാണെന്ന വമ്പന്‍ പ്രചരണം അഴിച്ചു വിടപ്പെട്ടു. ചിത്രം ബലാല്‍സംഗത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അത് തിയേറ്ററില്‍ പോയി കാണരുതെന്നും പറഞ്ഞുകൊണ്ട് വീഡിയോകള്‍ പ്രചരിക്കപ്പെട്ടു. അതിന്റെ പ്രൊമോഷന്‍ ചെയ്യാന്‍ ചുമതലപ്പെട്ട ആള്‍ തന്നെ ആ സിനിമയുടെ ആശയങ്ങള്‍ക്ക് വിപരീതമായി പരസ്യങ്ങളുണ്ടാക്കി പ്രചരിപ്പിച്ചു.

'ചോല' പത്ത് തിയേറ്ററുകളില്‍ പോലും നിലനിര്‍ത്താതെ എന്നോട് യാതൊരു കൂടിയാലോചനയും നടത്താതെ പിന്‍വലിക്കപ്പെട്ടു. ആമസോണ്‍ പ്രൈമില്‍ സിനിമ വന്നപ്പോഴും പിന്‍വലിക്കുകയും വീണ്ടും വരുത്തുകയുമൊക്കെ ചെയ്ത് ആശയക്കുഴപ്പമുണ്ടാക്കി. സിനിമയെ പൊതുസമൂഹത്തില്‍ നിന്നും പിന്‍വലിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്നറിഞ്ഞപ്പോള്‍ ഞാന്‍ ജോജുവിനെ വിളിച്ചു. ആ സിനിമ ഞാനറിയാതെ മറ്റൊരാള്‍ക്ക് വിറ്റു എന്നറിഞ്ഞത് അപ്പോഴാണ്. പലതവണ ശ്രമിച്ചിട്ടും അയാളെ ബന്ധപ്പെടാനാകാതെ വന്നപ്പോള്‍ ഞാന്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ എഴുതി. അതില്‍ പ്രകോപിതനായ ജോജു ജോര്‍ജ് എന്നെ വിളിച്ച് വീട്ടില്‍ കയറി തല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതിന്റെ പേരില്‍ ഞാന്‍ കേസ് കൊടുക്കാതിരിക്കാന്‍ മധ്യസ്ഥ ചര്‍ച്ചയുണ്ടായി. എനിക്ക് ചോലയുടെ യൂട്യൂബ് റൈറ്റ്സ് തരാമെന്ന് പറഞ്ഞ് വീണ്ടും പറ്റിച്ചു. വലിയ ഉദ്ദേശശുദ്ധിയോടെ ആരംഭിച്ച പ്രവര്‍ത്തി അങ്ങനെ ഒരു സിനിമയോടും ചലച്ചിത്രകാരനോടും ചെയ്യാന്‍ പാടില്ലാത്ത ക്രൂരതയായി മാറി. ''- ഇങ്ങനെയാണ് സനല്‍ ആരോപണം ഉന്നതിച്ചത്. എന്നാല്‍ ജോജു ഇതെല്ലാം നിഷേധിക്കയാണ്. സനല്‍കുമാറാണ് എല്ലാ പ്രശ്നത്തിനുകാരണമെന്നും ഈ ചിത്രം വഴി സാമ്പത്തിക ബാധ്യതയാണ് തനിക്ക് ഉണ്ടായതെന്നും ജോജു പറയുന്നു.

ടൊവീനോയുമായും വഴക്ക്

നിരന്തരമായ കലഹങ്ങളും വഴക്കുകളുമായി സംഭവബഹുലമാണ് സനല്‍കുമാര്‍ ശശിധരന്റെ ജീവിതം. 2022-ല്‍ ടൊവീനോയെ നായകനാക്കി, സനല്‍കുമാര്‍ എടുത്ത 'വഴക്ക്' എന്ന സിനിമയും വലിയ വഴക്കിലാണ് കലാശിച്ചത്. സിനിമയുടെ പ്രൊമോഷനും റിലീസുമായ തര്‍ക്കങ്ങളെ തുടര്‍ന്ന്് ടൊവീനോയും സനലും തെറ്റി. ചിത്രം പുറത്തിറക്കാന്‍ ടൊവീനോ ശ്രമിക്കുന്നില്ലെന്നും കരിയറിനെ ബാധിക്കുമെന്നാണ് പറഞ്ഞതെന്നുമുള്ള സനലിന്റെ ആരോപണത്തിലൂടെയാണ് വിവാദങ്ങള്‍ പുറംലോകമറിഞ്ഞത്. സിനിമ റിലീസ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ 'വഴക്ക്' ഫെസ്റ്റിവല്‍ സിനിമയാണെന്നും അത് സാധാരണ ജനങ്ങള്‍ ഇഷ്ടപ്പെടില്ലെന്നുമായിരുന്നു ടോവിനോയുടെ മറുപടിയെന്നും സനല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

സനല്‍ കുമാറിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ടൊവിനോ തന്നെ രംഗത്തെത്തിയിരുന്നു. സനല്‍കുമാറുമായി തനിക്ക് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും പണ്ടത്തെ സനല്‍കുമാറിനെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും എന്നാല്‍ ഇപ്പോഴത്തെ സനല്‍കുമാറിനെ തനിക്ക് മനസിലാവുന്നില്ലെന്നും ടൊവിനോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. 'വഴക്ക്' സിനിമ തുടങ്ങുന്നതിന് മുമ്പ് പലരും തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് തനിക്ക് പ്രശ്‌നമൊന്നും തോന്നിയിരുന്നില്ല. ചിത്രത്തിനായി താന്‍ 27 ലക്ഷം രൂപ നിര്‍മാണ ചിലവ് നല്‍കി, പ്രതിഫലമായി ഒരു രൂപപോലും ലഭിച്ചിട്ടില്ലെന്നായിരുന്നു ടൊവിനോയുടെ പ്രതികരണം. 'വഴക്ക്' വിതരണം ചെയ്യാനോ ഒടിടി റിലീസിനോ അവസരമുണ്ടെങ്കില്‍ അതിനോട് സഹകരിക്കാന്‍ യാതൊരു മടിയുമില്ലെന്നും പ്രെമോഷനായി വന്നിരിക്കാന്‍ തയ്യാറാണെന്നും ടൊവിനോ തോമസ് പറഞ്ഞു. സനല്‍കുമാര്‍ ഉന്നയിക്കുന്ന ആരോപണങ്ങളുമായി പാരമൗണ്ടിന് ഒരു ഉത്തരവാദിത്വവുമില്ലെന്ന് നിര്‍മാതാവ് ഗിരിഷും വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.


 



അതേസമയം, ടൊവിനോ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടിയായി സനല്‍കുമാര്‍ വീണ്ടും രംഗത്ത് വന്നിരുന്നു. അസത്യങ്ങള്‍ കൊണ്ട് വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് ടൊവിനോ നടത്തിയതെന്നാണ് സനല്‍കുമാര്‍ പറഞ്ഞു. തനിക്ക് 'വഴക്ക്' സിനിമയില്‍ നിന്നും ഒരു പ്രതിഫലവും ലഭിച്ചിട്ടില്ലെന്നും ടോവിനോയും ഗിരീഷ് നായരും 27 ലക്ഷം രൂപ വീതം ചെലവാക്കി അല്ല സിനിമ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 25 ലക്ഷം രൂപ വീതം രണ്ടുപേരും നിക്ഷേപിക്കാം എന്ന ധാരണയിലാണ് സിനിമ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സനല്‍കുമാറിന്റേത് ശരിയായ വാദമല്ലെന്ന് തെളിയിക്കുന്ന പണം നല്‍കിയതിന്റെ സ്‌ക്രീന്‍ ഷോട്ട് ടൊവിനോയുടെ മാനേജര്‍ ഗോകുല്‍ നാഥ് സനല്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ തന്നെ പോസ്റ്റ് ചെയ്തിരുന്നു.

ഇതിനുപിന്നാലെ ഞെട്ടിപ്പിക്കുന്ന കാര്യമാണ് സനല്‍ ചെയ്തതു. ഇന്ന് സിനിമയുടെ പൂര്‍ണരൂപം തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു! 2022ലെ ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിച്ച ഫെസ്റ്റിവല്‍ സിനിമ കൂടിയാണ് 'വഴക്ക്' എന്നോര്‍ക്കണം. പ്രേക്ഷകര്‍ക്ക് കാണാനുള്ളതാണ് സിനിമയെന്നും എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവര്‍ക്ക് മനസിലാക്കാമെന്നുമുള്ള കുറിപ്പോടെയാണ് സിനിമയുടെ പൂര്‍ണരൂപം പങ്കുവെച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ 33 മിനിറ്റുള്ള സിനിമ, വിമിയോ വെബ്സൈറ്റിലൂടെയാണ് പുറത്ത് വിട്ടിത്.

നടിയുമായി വണ്‍വെ പ്രണയം

പലപ്പോഴും ഗൂഢാലോചനാ സിദ്ധാന്തങ്ങളില്‍ അഭിരമിക്കുകയും, വൈല്‍ഡ് ഫാന്റസികള്‍ ആഘോഷിക്കുകയും ചെയ്യുന്ന ചില പ്രതിഭകളുടെ ഉന്‍മാദങ്ങള്‍ സനല്‍കുമാറിനുണ്ട്. നേരത്തെ ഇദ്ദേഹം തന്റെ ഒരു ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് അവയവ മാഫിയയുമായുളള ബന്ധം പറഞ്ഞ് പോസ്റ്റ് ഇട്ടിരുന്നു. പക്ഷേ അതെല്ലാം വെറും ഊഹാപോഹങ്ങളും സംശയവും മാത്രമായിരുന്നു. അതിനിടെയാണ് നടിയുമായി അദ്ദേഹത്തിന് വണ്‍വൈ പ്രണയം ഉണ്ടാവുന്നത്. ഭാര്യയും രണ്ടുമക്കളുമുളള അദ്ദേഹം അതിനിടെ ഡിവോഴ്സായിരുന്നു.

'കയറ്റം' എന്ന സനല്‍കുമാറിന്റെ സിനിമയിലെ നായികയായിരുന്നു നടി. ഈ ചിത്രം പിന്നീട് ഓണ്‍ലൈനിലാണ് റിലീസ് ചെയ്തത്. ആ സമയത്താണ് നടിയുടെ കട്ട ആരാധകനായ അദ്ദേഹത്തിന് പ്രണയം തുടങ്ങിയത്. പക്ഷേ നടി എതിര്‍ത്തിട്ടും നിരന്തരം പിന്തുടരുകയും പോസ്റ്റിടുകയുമാണ് ഇയാള്‍ ചെയ്തത്. 2022-ല്‍ നടിയുടെ പരാതിയില്‍ സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നും വിചിത്രമായ വെളിപ്പെടുത്തലുകളാണ് സനല്‍ നടത്തിയത്.

നടിയുടെ ജീവന്‍ അപകടത്തിലാണെന്നാണ് സനല്‍ പറഞ്ഞത്. കോളിളക്കം സൃഷ്ടിച്ച, നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സനല്‍കുമാര്‍ കുറിച്ചു. ഈ സാഹചര്യത്തില്‍ താന്‍ പ്രണയിക്കുന്ന നടിയുടെപ്പെടെയുള്ളവരുടെ ജീവന്‍ തുലാസിലാണെന്ന് സംശയിക്കുന്നതായും സനല്‍ ആരോപിച്ചിരുന്നു.


 



അന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്. -''എന്റെ അറസ്റ്റ് നിയമവിരുദ്ധമാണ്. സ്റ്റേഷന്‍ ജാമ്യം വേണ്ട. എനിക്കും ചില കാര്യങ്ങള്‍ കോടതിയില്‍ ബോധിപ്പിക്കാനുണ്ട്. അവരുടെ ജീവന് ഭീഷണിയുണ്ടെന്നാണ് താന്‍ പറഞ്ഞത്. എന്നാല്‍ അതെക്കുറിച്ച് അവര്‍ പ്രതികരിച്ചിട്ടില്ല.അവര്‍ ജീവനോടെയുണ്ടോ എന്ന് പോലും എനിക്കറിയില്ല. ഞാന്‍ ശല്യപ്പെടുത്തിയിട്ടില്ല. സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നത് സത്യമാണ്. ഒരുപാട് വട്ടം കാണാന്‍ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല''-സനല്‍കുമാര്‍ പറഞ്ഞു. ഈ കേസില്‍ ജാമ്യത്തിലാണ് സനല്‍. എന്നിട്ടും അയാള്‍ പഴയ പണി തുടര്‍ന്നു. നടിയെ ടാഗ് ചെയ്ത് നിരവധി പോസ്റ്റുകള്‍ സനല്‍കുമാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരം പോസ്റ്റുകള്‍ ഫെയ്സ്ബുക്കില്‍ നിന്നു നീക്കാന്‍ പൊലീസ് നടപടിയെടുത്തിരുന്നു. മുമ്പു നല്‍കിയ പരാതിയില്‍ കേസ് നിലനില്‍ക്കെ, വീണ്ടും പിന്തുടര്‍ന്നു ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണു നടി വീണ്ടും പൊലീസിനെ സമീപിച്ചത്. അതിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.

അതായത് സനലിന്റെ ജീവിതം ഉടനീളം പരിശോധിച്ചാല്‍ ഒരുതരം എക്സെന്‍ട്രിക്ക് ഉന്‍മാദങ്ങളുടെ അതിപ്രസരം കാണാം. അത് സ്വയം തിരിച്ചറിയുകയാണ് അദ്ദേഹം ചെയ്യേണ്ടത്. അടൂരിനും അരവിന്ദനും ശേഷം മലയാള സിനിമയെ ലോക നിലവാരത്തില്‍ എത്തിക്കാന്‍ കഴിയുന്ന ഒരു പ്രതിഭയുടെ ജീവിതമാണ്, പൊലീസും കോടതിയുമായി പാഴായി പോവുന്നത്. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ച്, ശക്തമായ ഒരു ചലച്ചിത്രവുമായി സനല്‍കുമാറിന് തിരിച്ചുവരാന്‍ കഴിയട്ടെ.

വാല്‍ക്കഷ്ണം: തന്റെ സിനിമകളിലൂടെ വ്യക്തി സ്വാതന്ത്ര്യത്തിനും, സദാചാര പൊലീസിങ്ങിനെതിരെയും, ശക്തമായി നിലകൊണ്ട ചലച്ചിത്രകാരനാണ് സനല്‍കുമാര്‍ ശശിധരന്‍. എന്നിട്ടും ഒരു സ്ത്രീയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തരുതെന്നും, പ്രണയം എന്നത് ഏകപക്ഷീയമായി ഉണ്ടാവുന്ന സാധനമല്ല എന്നുമുള്ള അടിസ്ഥാന ജനാധിപത്യബോധം അദ്ദേഹത്തിന് ഉണ്ടാവാത്തതാണ് അത്ഭുദം!

Tags:    

Similar News