ദിലീപിനെ പിരിയുന്നത് കൈയിലൊന്നുമില്ലാതെ; ഇപ്പോള്‍ ആസ്തി 150 കോടിയോളം; ഒറ്റപ്പടത്തിന് ഒന്നരക്കോടി വരെ; മലയാള സിനിമയിലെ ഏറ്റവും പ്രതിഫലമുള്ള നായിക; ചാരത്തില്‍നിന്ന് ഉയര്‍ത്തെഴുനേറ്റ താരം; രജനിക്കൊപ്പം തമിഴിലും; മഞ്ജുവാര്യര്‍ വീണ്ടും വാര്‍ത്തകളില്‍

രജനികാന്തിനൊപ്പം ചുവടുവെക്കുന്ന ഗാനം യൂട്യൂബില്‍ റിക്കോര്‍ഡുകള്‍ കടപുഴക്കുകയായാണ്.

Update: 2024-09-10 11:00 GMT

എം റിജു

'അടിച്ചുകേറി വാ'.... എന്ന ട്രെന്‍ഡിങ് വാക്ക് ഇപ്പോള്‍ നന്നായി യോജിക്കുക, മലയാളി സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാക്ഷാല്‍ മഞ്ജുവാര്യര്‍ക്കായിരക്കും. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മലയാളത്തിലെ പ്രമുഖ നടന്‍മ്മാര്‍, സമൂഹത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കയും, ജാമ്യത്തിനായി കോടതികളിലേക്ക് നെട്ടോട്ടമോടുകയും ചെയ്യുന്ന ഇക്കാലത്ത്, സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനൊപ്പം തമിഴിലും അടിച്ചു കേറി വരികയാണ് മഞ്ജു വാരിയര്‍. സ്റ്റൈല്‍ മന്നന്‍ രജനികാന്തിനൊപ്പം ചുവടുവെക്കുന്ന ഗാനം യൂട്യൂബില്‍ റിക്കോര്‍ഡുകള്‍ കടപുഴക്കുകയായാണ്.

ടി.ജി. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍ എന്ന സിനിമയിലാണ് രജനികാന്തിന്റെയും മഞ്ജുവിന്റെയും തകര്‍പ്പന്‍ പ്രകടനം. 'മനസിലായോ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വിഡിയോ യുട്യൂബിലെത്തി. റിലീസ് ചെയ്ത് ആദ്യ രണ്ടു മണിക്കൂറില്‍ പത്തു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയത്. ട്രെന്‍ഡിങ്ങില്‍ തുടരുന്ന ഗാനത്തിന്റെ പ്രധാന ആകര്‍ഷണം രജനീകാന്തിന്റെയും മഞ്ജുവിന്റെയും ചുവടുകളാണ്.

കറുപ്പണിഞ്ഞ് രജനിയും ചുവന്ന സാരിയില്‍ മഞ്ജുവും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. ചുവന്ന സാരിക്കൊപ്പം കൂളിങ് ഗ്ലാസ് ധരിച്ച് 'കൂള്‍' ലുക്കിലാണ് മഞ്ജു വാരിയര്‍. പതിവില്‍ നിന്നു വ്യത്യസ്തമായി ലൗഡ് പെര്‍ഫോര്‍മന്‍സുമായാണ് മഞ്ജു എത്തുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ മാന്ത്രിക സംഗീതത്തിലൊരുങ്ങിയ ഗാനം പതിനായിരങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

ജയിലറിനു ശേഷം അനിരുദ്ധും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് വേട്ടയ്യന്‍. ജയിലറിലെ ഗാനങ്ങള്‍ പോലെ ഈ ചിത്രത്തിലെ ഗാനങ്ങളും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. 'ജയ് ഭീം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകന്‍ ജ്ഞാനവേല്‍ ഒരുക്കുന്ന വമ്പന്‍ താരനിരയുള്ള ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നറാണിത്. ഒരു റിട്ട. പോലീസ് ഓഫിസറുടെ വേഷത്തിലാണ് രജനികാന്ത് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. 32 വര്‍ഷങ്ങള്‍ക്കു ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടെയാണ് ഇത്.

ഈ പടത്തിലാണ് മഞ്ജു പ്രധാനവേഷത്തില്‍ എത്തുന്നത്. ഇതോടെ തമിഴ് ഇന്‍ഡസ്ട്രിയിലും മലയാളത്തിന്റെ പ്രിയ നടി താരപദവിയിലേക്ക് ഉയര്‍ത്തപ്പെടുമെന്ന് വിലയിരുത്തലുണ്ട്. പ്രമുഖ തമിഴ്- ഇംഗ്ലീഷ് മാസികള്‍ ഇക്കാര്യം എഴുതിക്കഴിഞ്ഞു. യഥാര്‍ത്ഥ സ്ത്രീ ശക്തിയുടെ പ്രതിനിധിയായിട്ടാണ് അവര്‍ മഞ്ജുവിനെ വിലയിരുത്തുന്നത്. സത്യത്തില്‍ ചാരത്തില്‍നിന്ന് ഉയര്‍ത്തെഴുനേറ്റ താരമാണ് ഇവര്‍.

ചിട്ടിക്കമ്പനി ജീവനക്കാരന്റെ മകള്‍

1978 സെപ്റ്റംബര്‍ 10നു തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ ഗിരിജ വാര്യരുടെയും മാധവ വാര്യരുടെയും മകളായാണ് മഞ്ജുവിന്റെ ജനനം. തൃശൂരിലെ പുള്ള് എന്ന മനോഹര ഗ്രാമമാണ് ശരിക്കും അവരുടെ നാട്. ഒരു സാധാരണ ചിട്ടിക്കമ്പനി ജീവനക്കാരനായിരുന്ന മാധവന്‍. അദ്ദേഹത്തിന്റെ ജോലി ആവശ്യാര്‍ത്ഥമാണ് അവര്‍ നാഗര്‍ാേകവിലിലേക്ക് മാറിയത്. പുള്ളിലേക്കുള്ള മടങ്ങിപ്പോക്കുകളാണ് തന്റെ ഊര്‍ജമെന്ന് ഒരു അഭിമുഖത്തില്‍ മഞ്ജു പറയുന്നുണ്ട്.

മാധവന്‍ എന്ന സാധു മനുഷ്യന്‍ കണ്ട സ്വപ്നത്തിന്റെ പേരാണ് മഞ്ജുവാര്യര്‍ എന്ന് അവര്‍ പറയും. ചേട്ടന്‍ മധുവാര്യരുമൊത്തുള്ള നാഗര്‍കോവിലെ ജീവിതം ഇന്നും മിസ് ചെയ്യുന്നുവെന്ന് മഞ്ജു പലപ്പോഴും പറയാറുണ്ട്. അച്ഛന്റെ വിയര്‍പ്പുതുള്ളികള്‍ കോര്‍ത്തുണ്ടാക്കിയതായിരുന്നു എന്റെ ചിലങ്ക എന്ന് മഞ്ജു എഴുതിയത് അതുകൊണ്ടാണ്. നൃത്തം ചെയ്യാന്‍ ആഗ്രഹിച്ചിട്ടും സാധിക്കാതെ വീട്ടമ്മയില്‍ ഒതുങ്ങിപ്പോയ ജീവിതമായിരുന്നു അമ്മയുടേത്. ഗിരിജാവാരിയര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പണ്ട് ചെറുകഥകളും എഴുതിയിരുന്നു. പക്ഷേ പിന്നീട ജീവിത പ്രാരാബദ്ധം അവരുടെ ജീവിതം മാറ്റിമറിച്ചു. മക്കള്‍ക്ക് ചിരിക്കാന്‍ വേണ്ടി മാധവന്‍ ഒരുപാട് കരച്ചിലുകള്‍ ഉള്ളിലൊതുക്കി. തുച്ഛമായ ശമ്പളത്തില്‍ നിന്ന് മിച്ചം പിടിച്ചാണ് അയാള്‍, ആ കുടുംബത്തിന്റെ ആഗ്രഹങ്ങള്‍ സാധിച്ചത്.


 



മധുവിന്റെ പഠനം സൈനിക് സ്‌കൂളിലേക്ക് മാറിയപ്പോള്‍ അച്ഛനും അമ്മയും മഞ്ജുവും ആഴ്ചയിലൊരിക്കല്‍ നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരും. വലിയ സന്തോഷത്തോടെയായിരുന്നു യാത്രയെങ്കിലും തിരിച്ചുപോകുമ്പോള്‍ ചേട്ടനില്ലാത്തതിന്റെ സങ്കടം മഞ്ജുവിന്റെ കണ്ണുനിറയിക്കും. അച്ഛനപ്പോള്‍ പാട്ടുപാടിക്കൊടുക്കും.'കടലിനക്കരെ പോണോരേ...കാണാപ്പൊന്നിന് പോണോരേ..' ചിലപ്പോള്‍ തമിഴിലായിരിക്കും പാട്ട്. അച്ഛന് സുഖമില്ലാതായ നാളുകളില്‍ ആകെ ഉലഞ്ഞെങ്കിലും ആ മക്കള്‍ അടുത്തുതന്നെയുണ്ടായിരുന്നു.

അമ്മക്ക് കാന്‍സര്‍ വന്നപ്പോഴുള്ള അനുഭവം മഞ്ജു പറഞ്ഞിട്ടുണ്ട്. ''- അമ്മയുടെ മുടി കൊഴിഞ്ഞുതുടങ്ങിയ ദിവസം. അന്നായിരുന്നു ഞാനും അച്ഛനുമൊക്കെ വല്ലാതെ സങ്കടപ്പെട്ടത്. പക്ഷേ, ഞങ്ങള്‍ അത് പുറത്തുകാണിച്ചില്ല. അമ്മ തളരാന്‍ പാടില്ലെന്ന് ഞങ്ങള്‍ ഉറപ്പിച്ചു. അന്ന് രാത്രി ഞങ്ങള്‍ കൈകള്‍ ചേര്‍ത്ത് പിടിച്ച് ഒരു പ്രതിജ്ഞയെടുത്തു. ക്യാന്‍സറിനെ നമ്മള്‍ ചെറുത്ത് തോല്‍പ്പിക്കും. അങ്ങനെ ഇരുപതുവര്‍ഷത്തോളം അമ്മ ഊര്‍ജസ്വലായി ജീവിച്ചു.''- മഞ്ജു പറയുന്നു. പിന്നീട്, അച്ഛനും ക്യാന്‍സര്‍ വന്നു. അപ്പോഴും മഞ്ജുവിന്റെ കുടുംബം പതറിയില്ല. ''നാളെ എനിക്കു ക്യാന്‍സര്‍ വന്നാലും തളരില്ല. കാരണം അനുഭവങ്ങള്‍ അത്രയേറെ ആത്മവിശ്വാസം എനിക്ക് തന്നിട്ടുണ്ട്- മഞ്ജുവാര്യര്‍ പറയുന്നു.

ആദ്യം സ്വന്തം രോഗത്തെ തോല്പിക്കാനും പിന്നെ ഭര്‍ത്താവിന്റെ വേര്‍പാട് മറക്കാനും ചിലപ്പോഴൊക്കെ മക്കള്‍ അടുത്തില്ലാത്ത ഏകാന്തത മറികടക്കാനും ഗിരിജാവാരിയര്‍ യോഗ പഠിക്കാന്‍ തുടങ്ങി. എന്നോ ഉപേക്ഷിച്ചുപോയ നൃത്തത്തെ തിരികെപ്പിടിച്ചു. ചിലങ്കകെട്ടി. കഥകളിയാടി. ഓര്‍മകള്‍ എഴുതാനും തുടങ്ങി. അങ്ങനെ അമ്മ സന്തോഷിക്കുന്നത് താന്‍ കണ്ടു എന്നു മഞ്ജു എഴുതിയിരുന്നു. പിന്നീട് മഞ്ജുവിന്റെ ചേട്ടന്‍ മധുവാര്യര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായ ലളിതം സുന്ദരത്തില്‍ വേഷമിട്ടപ്പോള്‍ താന്‍ തന്റെ കുടുംബത്തെയാണ് ഓര്‍ത്തതെന്ന് താരം പറഞ്ഞിരുന്നു.

ഒരു ലേഡിസൂപ്പര്‍ സ്റ്റാര്‍ ജനിക്കുന്നു

കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിലും ചൊവ്വ ഹയര്‍സെക്കണ്ടറി സ്‌കൂളിലുമായാണ് മഞ്ജു സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ യുവജനോത്സവത്തിലെ കലാതിലകം പട്ടമാണ് മഞ്ജുവിനെ സിനിമയിലേക്ക് എത്തിക്കുന്നത്. രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ അവര്‍ കലാ തിലകം പട്ടം അണിഞ്ഞു. അന്ന് കലാതിലകം എന്നാല്‍ മാധ്യമങ്ങളിലൊക്കെ ഫോട്ടോവരികയും, വല്ലാതെ പ്രശ്സതി കിട്ടുകയും ചെയ്യുന്ന സമയാണ്.

മോഹാരവം എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. 1995 ല്‍ തന്റെ 17-ാം വയസിലാണ് മഞ്ജു ആദ്യ സിനിമയില്‍ അഭിനയിച്ചത്. സാക്ഷ്യം എന്ന ചിത്രമായിരുന്നു അത്. തൊട്ടടുത്ത വര്‍ഷം സൂപ്പര്‍ഹിറ്റായ, ലോഹിതദാസ് രചിച്ച സല്ലാപം എന്ന സിനിമയിലൂടെ നായികയായി. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീട് മഞ്ജുവിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ശോഭന, രേവതി, ഉര്‍വശി, പാര്‍വതി തുടങ്ങിയവര്‍ അടക്കിവാണ മലയാള സിനിമയിലെ നായികാപദവിയിലേക്ക് മഞ്ജു നടന്ന് കയറി. വളരെ ചെറിയ പ്രായത്തില്‍ തന്നെ കരിയറില്‍ മികച്ച ഒരുപിടി വേഷങ്ങള്‍ ചെയ്ത് നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടാന്‍ താരത്തിനായിരുന്നു. ദേശീയ-സംസ്ഥാന അവാര്‍ഡുകളും ഫിലിം ഫെയര്‍ അവാര്‍ഡും അവര്‍

വാരിക്കൂട്ടി.

കലാമൂല്യവും വാണിജ്യപരവുമായ ചിത്രങ്ങളില്‍ താരം അഭിനയിച്ചു. അഭിനയ മികവ് തന്നെയായിരുന്നു മഞ്ജുവിന്റെ കൈമുതല്‍. ഏത് വേഷവും തനിക്കിണങ്ങും എന്ന് തെളിയിക്കാന്‍ മഞ്ജുവിന് അധികകാലമൊന്നും വേണ്ടി വന്നില്ല. വിവാഹത്തിന് മുന്‍പ് വെറും മൂന്ന് വര്‍ഷം മാത്രമാണ് മഞ്ജു സിനിമയില്‍ ഉണ്ടായിരുന്നത്. അതിനിടെ 20 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം സ്വന്തമാക്കി. ഈ പുഴയും കടന്ന് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു.


 



മോഹന്‍ലാലിന്റെ ആറാം തമ്പുരാനിലെ ഉണ്ണിമായയൊക്കെ വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ നിലനില്‍ക്കുന്നു. അതില്‍ മോഹന്‍ലാലുമൊത്തുള്ള സീനുകളൊക്കെ ഇന്നും ട്രോളുകളായി മീമുകളായും സോഷ്യല്‍ മീഡിയയില്‍ കറങ്ങുന്നു. അതുപോലെ സമ്മര്‍ ഇന്‍ ബത്ലേഹേം എന്ന സുരേഷ് ഗോപി- ജയാറം ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനം ഒന്ന് കാണണം. നടന്‍മ്മാരെ പിറകോട്ട് അടിപ്പിച്ചുകൊണ്ട് ഒരു നടി കയറിവരുന്നത് അക്കാലത്താണ്. ഏറെക്കാലത്തിനുശേഷം മലയാളത്തിന് ഒരു ലേഡി സൂപ്പര്‍ സ്റ്റാറിനെ ലഭിച്ചുവെന്ന് സിനിമാ മാഗസിനുകള്‍ എഴുതിയ കാലം.

അതോടെ മഞ്ജുവിനുവേണ്ടി എഴുത്തുകാര്‍ കഥകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. നായക കേന്ദ്രീകൃതമായ മലയാള സിനിമ ഒട്ടൊക്കെ നായികാ കേന്ദീകൃതമാവാന്‍ തുടങ്ങി. സാക്ഷാല്‍ എം ടി വാസുദേവന്‍ നായര്‍ തന്നെ, ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരക്കഥയില്‍, വേണു സംവിധാനം ചെയ്ത ദയ എന്ന ചിത്രത്തിലെ നായിക വേഷം മഞ്ജുവിനെ മുന്നില്‍ കണ്ടാണ് എഴുതിയത് എന്ന്. മഞ്ജുവില്ലായിരുന്നെങ്കില്‍, ഈ അറേബ്യന്‍ പശ്ചാത്തലത്തിലുള്ള കഥ താന്‍ സിനിമാക്കില്ലെന്ന് എം ടി പറയുന്നുണ്ട്. അതുപോലെ കന്‍മദം എന്ന സിനിമയില്‍ ഒരു കൊല്ലപ്പണിക്കാരിയായുള്ള മഞ്ജുവിന്റെ പ്രകടനം കണ്ട്, താന്‍ തന്നെ അമ്പരന്നുപോയി എന്ന് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ ലോഹിതദാസും പറഞ്ഞിട്ടുണ്ട്. ഇരുമ്പ് പഴുപ്പിച്ച് അടിക്കുന്ന സീനിലൊക്കെ മഞ്ജു ഒരു പരകായ പ്രവേശം തന്നെ നടത്തുകയായിരുന്നുവെന്ന് ലോഹിതദാസ് പറഞ്ഞിട്ടുണ്ട്.

കത്തിനില്‍ക്കുമ്പോള്‍ അര്‍ധവിരാമം

പക്ഷേ കത്തിനില്‍ക്കുന്ന സൂര്യന്‍ അസ്തമിച്ചതുപോലെയായിപ്പോയി വിവാഹത്തോടെയുള്ള മഞ്ജുവിന്റെ വിരമിക്കല്‍. 98-ല്‍ നടന്‍ ദിലീപുമായുള്ള പ്രണയ വിവാഹത്തെതുടര്‍ന്ന് അവര്‍ പൂര്‍ണ്ണമായും സിനിമയില്‍നിന്ന് മാറിനിന്നു. അവസാനം അഭിനയിച്ച ആറാം തമ്പുരാന്റെ സെറ്റില്‍വെച്ചു തന്നെ അവര്‍ ഒളിച്ചോടി സിനിമ മുടുങ്ങുമോ എന്നുവരെ നിര്‍മ്മാതാക്കള്‍ക്ക് ഭയമുണ്ടായിരുന്നു. അന്ന് മലയാള സിനിമയില്‍ ഒന്നുമല്ലായിരുന്നു ദിലീപ്. ഒരു സാധാരണ നടന്‍ മാത്രം. വിവാഹത്തിനുശേഷം ദിലീപിന്റെ ചില വാക്കുകളും വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. മഞ്ജു അഭിനയം നിര്‍ത്തുകയാണെന്നും, എന്റെ ഭാര്യയെ മറ്റൊരാള്‍ കെട്ടിപ്പിടിക്കുന്നതൊന്നും എനിക്ക് ഇഷ്ടമല്ല എന്ന രീതിയിലായിരുന്നു ആ പരാമര്‍ശം. ഇതിനെതിരെ നടി സുഹാസിനി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

പക്ഷേ പിന്നീട് മഞ്ജുവാര്യര്‍ എന്ന നടിയെ മാത്രമല്ല വ്യക്തിയെയം പിന്നെ പൊതുവേദികളില്‍ എവിടെയും കണ്ടില്ല. ഒരു അഭിമുഖംപോലും ആര്‍ക്കും കിട്ടിയില്ല. '' ആലുവയിലെ സെന്‍ട്രല്‍ ജയിലിലാണ് അവര്‍' എന്നുപോലും പലരും പരിഹാസമുയര്‍ത്തി. 14 വര്‍ഷങ്ങള്‍ക്കു ശേഷം 2012 ഒക്ടോബര്‍ 24-നാണ് മഞ്ജു വാര്യര്‍ വീണ്ടും അരങ്ങിലെത്തിയത്. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് അവര്‍ നൃത്തം ചെയ്തത്. അന്ന് ദിലീപ് ചടങ്ങിന് എത്തിയതുമില്ല. ഇക്കാര്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട്, 'അത് അദ്ദേഹത്തിന്റെ തിരക്കുകൊണ്ടാണ' എന്ന് മാത്രമാണ് അവര്‍ മറുപടി പറഞ്ഞതും.

പക്ഷേ ദിലീപിന് എല്ലാ ഐശ്വര്യവം വന്നത് മഞ്ജുവുമായുള്ള വിവാഹത്തിന് ശേഷമാണ്. അയാള്‍ ചെറിയ വേഷങ്ങളിലൂടെ പടിപടിയായി ഉയര്‍ന്നു. അവസാനം മലയാള സിനിമയെ സമ്പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു പവര്‍ ഗ്രുപ്പിലെ അംഗമായി മാറി. 2012-നുശേഷം നിരന്തരമായ ഗോസിപ്പുകളാണ് മഞ്ജുവിനെയും ദിലീപിനെയും കുറിച്ച് കേട്ടത്. അവര്‍ വിവാഹ മോചിതരായി എന്ന് ഇടക്കിടെ വാര്‍ത്തകള്‍ വരും. ഒരിക്കല്‍ അവര്‍ ഡിവോഴ്സ് പെറ്റീഷന്‍ നല്‍കി കോടതിയില്‍ വരുന്ന എന്ന വ്യാജ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആലുവകോടതിയില്‍ ജനം തടിച്ചുകൂടിയിരുന്നു.

നടി ആക്രമിച്ച കേസ് നിര്‍ണ്ണായകം

പക്ഷേ അവസാനം അതുതന്നെ സംഭവിച്ചു. ദിലീപും മഞ്ജുവും വേര്‍ പിരിഞ്ഞു. മുന്‍ ഭര്‍ത്താവിനെക്കുറിച്ച് പരസ്യമായി യാതൊരു കുറ്റവും പറയാതെ അവര്‍ കണ്ണീരോടെ മടങ്ങി. 2014-ല്‍ വിവാഹമോചനത്തിന് ശേഷം കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ ഇതിഹാസ നടന്‍ അമിതാബ് ബച്ചന്റെ കൂടെ അഭിനയിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്. അതേവര്‍ഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രത്തിലൂടെ അവര്‍ വെള്ളിത്തിയില്‍ തിരിച്ചെത്തി. ചിത്രം വലിയ വിജയമായി. ആ സമയത്തൊക്കെ മഞ്ജുവാര്യരുടെ തിരിച്ചുവരവിനായി മാധ്യമങ്ങള്‍ മുറവിളി കൂട്ടുകയായിരുന്നു. ഒരു നടിക്കുവേണ്ടി, മലയാള ഇന്‍ഡസ്ട്രി കാത്തിരിക്കുന്നതും ഇതാദ്യമായിരുന്നു.


 



എന്നാല്‍ ഒന്നാം വരവിലെ അത്ര ഹിറ്റുകള്‍ ഉണ്ടാക്കാനായില്ലെങ്കിലും രണ്ടാം വരവിലും അവര്‍ താര പദവി നിലനിര്‍ത്തി. ഒടിയനിലെ 'ഇത്തിരികഞ്ഞി എടുക്കട്ടേ' എന്ന ഡയലോഗ് ട്രോള്‍ ആയെങ്കിലും, ലൂസിഫര്‍ അടക്കമുള്ള നിരവധി വിജയചിത്രങ്ങള്‍ അവര്‍ക്കുണ്ടായി. ഇപ്പോള്‍ തുടര്‍ച്ചയായ പരാജയങ്ങളുമായി ദിലീപ് വെടിതീര്‍ന്ന് നില്‍ക്കുമ്പോഴും, തമിഴിലടക്കം വെന്നിക്കൊടി നാട്ടി മഞ്ജു താരമാവുകയാണ്.

ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയ്ക്കായി ആലപിച്ച 'കിം കിം കിം...' എന്ന പാട്ട് വളരെയേറെ ജനപ്രീതി നേടി. ഇന്ന് പൊതുവേദികളിലും ചാനല്‍ പരിപാടികളിലും സജീവമാണ് മഞ്ജു. പരസ്യവിപണിയില്‍ മോഹന്‍ലാലിനെപ്പോലെ ഏറ്റവും വിലപിടിച്ചതാരമായി. സിനിമയിലും സ്ത്രീ ശാക്തീകരണ വിഷയങ്ങള്‍ അവര്‍ കൈകാര്യം ചെയ്തത് പ്രശംസിക്കപ്പെട്ടു.

കേരളത്തെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസിലും മഞ്ജുവിന്റെ ഇടപെടലാണ് നിര്‍ണ്ണായകമായത്. സംഭവത്തില്‍ ദൂരുഹതയം, ഗൂഢാലോചനയും തുടക്കം മുതല്‍ സംശയിച്ചത് അവര്‍ മാത്രമാണ്. ചലച്ചിത്ര താരങ്ങള്‍ എല്ലാവരും ചേര്‍ന്ന് നടത്തിയ പൊതുയോഗത്തില്‍ ദിലീപിനെ ആരും സംശയിച്ചിരുന്നില്ല. 'ഞാന്‍ നടുങ്ങിപ്പോയി, ഞെട്ടിപ്പോയി' എന്നെല്ലാം നാടകം കളിച്ച് അയാള്‍ രക്ഷപ്പെട്ടുവരികയായിരുന്നു. പക്ഷേ മഞ്ജു ആരുടെ പേരും പറഞ്ഞില്ലെങ്കിലും സംഭവത്തിലെ ദുരൂഹതകള്‍ ചര്‍ച്ചയാക്കി. പിന്നീടാണ് പൊലീസ് അന്വേഷണത്തില്‍ ദിലീപ് അറസ്റ്റിലാവുന്നത്. തുടര്‍ന്ന് പൊലീസിലും കോടതിയിലും മൊഴിമാറ്റാനുണ്ടായ വന്‍ സമ്മര്‍ദത്തെയും ആത്മാഭിമാനമുള്ള ഈ നടി ചെറുത്തുതോല്‍പ്പിച്ചു. സിദ്ദീഖും, ഭാമയും, ബിന്ദുപണിക്കരും, ഇടവേള ബാബുവുമടക്കമുള്ള പല പ്രമുഖരും മൊഴിമാറ്റിയിട്ടും, മഞ്ജു തന്റെ വാക്കുകളില്‍ ഉറച്ചുനിന്നു. തന്റെ കൂട്ടുകാരിയെ ഒറ്റുകൊടുക്കാന്‍ അവര്‍ തയ്യാറായില്ല.

ഈ ഒരു രോഷത്തിന്റെ തുടര്‍ച്ചയായിരുന്നു സിനിമയിലെ സ്ത്രീ ശബ്ദം ഉയര്‍ന്നത്. വനിതകള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമെന്നോണം മഞ്ജുവിന്റെ നേതൃത്വത്തില്‍ പുതിയ ചുവടുവയ്പ്പുകള്‍ ഉണ്ടായി. അത് ഇന്ന് ഹേമാകമ്മറ്റിയിലും ഡബ്ലിയുസിസിയിലുമൊക്കെ എത്തിനില്‍ക്കുന്നു. അതിന്റെ തുടര്‍ച്ചയായി ഉണ്ടായ ഹേമാ കമ്മറ്റിയാണ്, ഇപ്പോള്‍ മലയാളികളെ നടുക്കുന്നത്. അതിന്റെ പ്രകമ്പനങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ മൊത്തില്‍ ബാധിക്കുന്നുണ്ട്. ഹേമാ കമ്മറ്റിക്ക് മുമ്പും പിമ്പുമെന്ന രീതിയില്‍ മലയാള സിനിമാലോകം വിഭജിക്കപ്പെട്ടു.

ഒറ്റ സിനിമക്ക് ഒന്നരക്കോടിവരെ

ഇന്ന് ഈ 46ാം വയസ്സിലും കേരളത്തിലെ ഏറ്റവും ജനപ്രിയതാരമാണ് മഞ്ജു. അടുത്തകാലത്തായി ചില ചിത്രങ്ങള്‍ പരാജയമാണെങ്കിലും, അവരുടെ ജനപ്രീതിക്ക് അല്‍പ്പംപോലും കുറവ് വന്നിട്ടില്ല. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ള നായികയും മഞ്ജുവാണെന്ന് സിനിമാ- ബിസിനസ് മാഗസിനുകള്‍ പറയുന്നു.

ഒരു സിനിമയ്ക്ക് മലയാളത്തില്‍ 75 ലക്ഷത്തിനും ഒന്നരക്കോടിക്കും ഇടയിലാണ് മഞ്ജു വാര്യര്‍ ഈടാക്കുന്നത്. തമിഴ് സിനിമയില്‍ നിന്ന് ഇതിലേറെ പ്രതിഫലമാണ് മഞ്ജുവിന് ലഭിക്കുന്നത്.142 കോടിക്കും 150 കോടിക്കും ഇടയിലാണ് മഞ്ജുവിന്റെ ആസ്തയെന്നാണ് ബിസിനസ് മാഗസനിനുകള്‍ പറയുന്നത്. പരസ്യചിത്രങ്ങളിലേയും മറ്റും സഹകരണങ്ങള്‍ക്ക് 75 ലക്ഷമാണ് താരം ഈടാക്കുന്ന പ്രതിഫലം. ഇതിന് പുറമെ ഉദ്ഘാടനങ്ങളില്‍ നിന്നും താരത്തിന് വരുമാനം ലഭിക്കുന്നുണ്ട്. കേരളത്തില്‍ പലയിടത്തായി വീടുകളും പ്രോപ്പര്‍ട്ടികളും താരത്തിന് സ്വന്തമായുണ്ട്. ആഡംബര കാറുകള്‍ക്കൊപ്പം ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് എന്ന ബൈക്കും മഞ്ജുവിന്റെ ഗാരേജിലുണ്ട്. ഇതിന് ഏകദേശം 21 ലക്ഷം രൂപ വിലവരും.

ഇതെല്ലാം ചാരത്തിനിന്ന് ഉയര്‍ത്തെഴുനേറ്റ് എന്നോണമാണ് മഞ്ജു ഉണ്ടാക്കിയത് എന്നോര്‍ക്കണം. നടന്‍ ദിലീപുമായുള്ള വിവാഹമോചന സമയത്ത് ഒരു പൈസ പോലും അവര്‍ വാങ്ങിയിരുന്നില്ല. പരസ്പരം യാതൊരു കുറ്റവും പറയാതെ, 'ദിലീപേട്ടന് നല്ലത് വരുത്തട്ടെ' എന്ന് പറഞ്ഞ് കരഞ്ഞ് ഇറങ്ങിപ്പോവുന്ന മഞ്ജുവാര്യരുടെ വീഡിയോ ഇടക്കിടെ സമൂഹമാധ്യമങ്ങളില്‍ പൊങ്ങിവരാറുണ്ട്. കോടികള്‍ വരുമായിരുന്ന, ജീവനാംശമൊക്കെ ഒഴിവാക്കിയെന്ന് മാത്രമല്ല, തന്റെ മകളെപ്പോലും ഭര്‍ത്താവിന്് കൊടുത്ത് നിസ്വയാണ് അവര്‍ വീണ്ടും ചലച്ചിത്രലോകത്ത് എത്തിയത്. അതാണ് മഞ്ജുവിനെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തയാക്കുന്നത്. അവര്‍ക്ക് സ്വന്തം കഴിവില്‍ അപാരമായ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. തുടര്‍ന്നുള്ള അഭിനയ ജീവിതത്തിലുടെയാണ് അവര്‍ ഇന്ന് കാണുന്നതെല്ലാം സമ്പാദിച്ചത്.


 



അതുകൊണ്ടുതന്നെയാണ് കേരളത്തിലെ യഥാത്ഥ സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമായി മഞ്ജുവാര്യര്‍ വിലയിരുത്തപ്പെടുന്നത്. പുരുഷ വിദ്വേഷത്തിന്റെ ടോക്സിക്ക് ഫെമിനിസമല്ല, ആരോടും വെറുപ്പില്ലാത്ത ഹ്യൂമനിസത്തിന്റെ മാതൃകയാണ് അവര്‍ മുന്നോട്ട്വെക്കുന്നത്.

വാല്‍ക്കഷ്ണം: മഞ്ജുവാര്യരുടെ ഏറ്റവും വലിയ നേട്ടം ഒരു സ്ത്രീക്ക് ഒറ്റക്ക് സ്വന്തം കാലില്‍ നില്‍ക്കാമെന്ന് കാണിച്ചതാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യാ ടുഡെ മുമ്പ് മഞ്ജുവിനെ റിയല്‍ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചത്.

Tags:    

Similar News