ഒക്ടോബര്‍ 7-ലെ നരനായാട്ടിനെ അപലപിച്ച് ഹമാസിനെ ഭീകര സംഘടനയെന്ന് വിളിക്കാന്‍ ധൈര്യമുള്ള ഏക ഫലസ്തീന്‍ നേതാവ്; പിരിവിലൂടെ ഉണ്ടാക്കിയത് 100 ബില്യന്‍ ഡോളറിന്റെ സാമ്രാജ്യം; 89-ാം വയസ്സിലും മഹമൂദ് അബ്ബാസ് സജീവം; ഗസ്സയില്‍ തീവ്രവാദം, വെസ്റ്റ്ബാങ്കില്‍ അഴിമതി; ചെകുത്താനും കടലിനും നടുവില്‍ ഫലസ്തീന്‍ ജനത!
ചെകുത്താനും കടലിനും നടുവില്‍ ഫലസ്തീന്‍ ജനത!
'അവര്‍ നായകളുടെ സന്തതികളാണ്'- ഹമാസിനെക്കുറിച്ച് ഫലസ്തീന്‍ അതോരിറ്റി പ്രസിഡന്റ് സാക്ഷാല്‍ മെഹമൂദ് അബ്ബാസ് പറഞ്ഞത് ഇങ്ങനെയാണ്. ഹമാസിനെ ഈ രീതിയില്‍ വിമര്‍ശിക്കാന്‍ കഴിയുന്ന ഏക നേതാവാണ്, ഈ 89-ാം വയസ്സിലും സജീവമായ, ലോകത്തിലെ അപൂര്‍വം നേതാക്കളില്‍ ഒരാളയാ അബ്ബാസ്. 'ഹമാസ് ബന്ദികളെ വിട്ടു കൊടുത്ത് ഫലസ്തീന്‍ അതോരിറ്റിയ്ക്ക് മുന്നില്‍ ആയുധം വച്ച് കീഴടങ്ങണം' എന്നാണ് ഇദ്ദേഹം കഴിഞ്ഞ ദിവസവും പറഞ്ഞത്. ന്യൂയോര്‍ക്കില്‍ കൂടിയ ദ്വിരാഷ്ട്ര പരിഹാര യു എന്‍ ഉച്ചകോടിയിലും അബ്ബാസ് ഇതേ നിലപാട് ആവര്‍ത്തിച്ചു. ഒപ്പം ഒക്ടോബര്‍ 7-ലെ നരനായാട്ടിനെ അപലപിക്കുകയും ചെയ്തു. ( കേരളത്തിലെ ഗസ്സ അനുകൂലികളായ ഇടതുപക്ഷ നേതാക്കള്‍പോലും, ഹമാസിന്റെ നരനായാട്ടിനെ വിമര്‍ശിക്കാറില്ല എന്നോര്‍ക്കണം!)
ഹമാസ് നടത്തുന്നത് സ്വാതന്ത്ര്യ സമരമല്ല ഭീകരവാദം ആണന്നാണ്, എകസ് ജിഹാദിയായ മഹമൂദ് അബ്ബാസിന്റെ അഭിപ്രായം. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച, ടു നേഷന്‍ തിയറിവെച്ച്, സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണമെന്നാണ് അബ്ബാസ് വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിന് തടസം ഹമാസാണെന്നാണ് അബ്ബാസ് പറയുന്നത്. അടിയന്തര വെടിനിര്‍ത്തല്‍, ഇരുവശത്തുമുള്ള എല്ലാ തടവുകാരെയും മോചിപ്പിക്കല്‍, അന്താരാഷ്ട്ര പിന്തുണയോടെ ഫലസ്തീന്‍ അതോറിറ്റിക്ക് ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയുന്ന തരത്തില്‍ ഇസ്രയേലിന്റെ പൂര്‍ണ്ണമായ പിന്‍വാങ്ങല്‍ എന്നിവയും അബ്ബാസ് ഐക്യരാഷ്ട്ര സഭയില്‍ ആവശ്യപ്പെട്ടു.
ഇസ്രയേലിനെ അതി നിശിതമായി വിമര്‍ശിക്കുമ്പോഴും, അബ്ബാസ് തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കാറില്ല. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച ഏക ഫലസ്തീന്‍ നേതാവ് കൂടിയാണ് ഇദ്ദേഹം. ദാരുണമായ സംഭവത്തിന്റെ വാര്‍ത്ത ദുഃഖത്തോടെയാണ് കേട്ടതെന്നും ഇന്ത്യയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും അഭിവൃദ്ധിക്കായി പ്രാര്‍ത്ഥിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത കത്തില്‍ അബ്ബാസ് പറഞ്ഞിരുന്നു. ഇത്തരം നടപടികളുടെയൊക്കെ ഭാഗമായി അബ്ബാസിന് പുറം ലോകത്ത് ഒരു ഇമേജ് ഉണ്ടെന്നതും സത്യമാണ്.
ഗസ്സ ഹമാസ് ഭരിക്കുമ്പോള്‍, വെസ്റ്റ്ബാങ്ക് ഫലസ്തീന്‍ അതോരിറ്റി ചെയര്‍മാര്‍ എന്ന നിലയില്‍ മെഹമൂദ് അബ്ബാസാണ് ഭരിക്കുന്നത്. പക്ഷേ ഗസ്സയേക്കാള്‍ എത്രയോ ഭേദമാണെങ്കിലും വെസ്റ്റ് ബാങ്കിലും കാര്യങ്ങള്‍ ഭദ്രമല്ല. തീവ്രവാദമാണ് ഹമാസിന്റെ പ്രശ്നമെങ്കില്‍, അഴിമതിയാണ് വെസ്റ്റ് ബാങ്കിലെ പ്രശ്നം. ലോകമെമ്പാടുനിന്നും ഗസ്സക്ക് കിട്ടുന്ന ഫണ്ട് അടിച്ചുമാറി കോടീശ്വരന്‍മ്മാരായ ഹമാസ് നേതാക്കളുടെ മറ്റൊരു പതിപ്പ് തന്നെയാണ്, അബ്ബാസും. വെസ്റ്റ്ബാങ്കിലെ റോഡുപണിയില്‍നിന്നുവരെ അഴിമതി നടത്തി, നൂറുബില്യണ്‍ ഡോളര്‍ ആസ്തിയുള്ള വലിയൊരു ബിസിനസ് സാമ്രാജ്യമാണ് അബ്ബാസും മക്കളും പടുത്തുയര്‍ത്തിയിരിക്കുന്നത്!
അറഫാത്തിന്റെ അരുമ ശിഷ്യന്‍
1935 നവംബര്‍ 15ന് ഫലസ്തീനിലെ ഗലീലി മേഖലയിലെ സഫേദിലാണ് മഹമുദ് അബ്ബാസ് ജനിച്ചത്. 1948 -ലെ യുദ്ധകാലത്ത് അദ്ദേഹത്തിന്റെ കുടുംബം സിറിയയിലേക്ക് പലായനം ചെയ്തു. ഡമാസ്‌കസ് സര്‍വകലാശാലയില്‍ നിന്നാണ് അബ്ബാസ് നിയമത്തില്‍ ബിരുദം നേടിയത്. പിന്നീട് അബ്ബാസ് മോസ്‌കോയിലെ പാട്രിസ് ലുമുംബ സര്‍വകലാശാലയില്‍ തുടര്‍ പഠനത്തിന് ചേര്‍ന്നു. അവിടെ അദ്ദേഹം കാന്‍ഡിഡേറ്റ് ഓഫ് സയന്‍സസ് ബിരുദം (സോവിയറ്റ് പിഎച്ച്ഡിക്ക് തുല്യമായത്) നേടി. അദ്ദേഹത്തിന്റെ ഡോക്ടറല്‍ പ്രബന്ധം ''ദി അദര്‍ സൈഡ്: ദി സീക്രട്ട് റിലേഷന്‍ഷിപ്പ് ബിറ്റ്വീന്‍ നാസിസം സിയോണിസം'' എന്നതായിരുന്നു. അതായത് സിയോണിസത്തെക്കുറിച്ചും നാസിസത്തെക്കുറിച്ചുമൊക്കെ നല്ല പ്രത്യയശാസ്ത്ര ധാരണകള്‍ ഉള്ളയാളാണ് അദ്ദേഹം.
ഈ സോവിയറ്റ് ബന്ധം അബ്ബാസിനെ വിവാദ നായകനാക്കിയിട്ടുമുണ്ട്. ഇക്കാലത്ത് അദ്ദേഹം സോവിയറ്റ് യൂണിയന്റെ ചാരനായിരുന്നവെന്നും പറയുന്നു. മിട്രോഖിന്‍ ആര്‍ക്കൈവില്‍ നിന്ന് കണ്ടെത്തിയ ഒരു രേഖ പ്രകാരം, 1985 -ല്‍ ഡമാസ്‌കസില്‍ അബ്ബാസ് കെജിബിയില്‍ ജോലി ചെയ്തിരിക്കാമെന്ന് പറയുന്നു. ആ സമയത്ത്, പിഎല്‍ഒ മോസ്‌കോയുമായി സഹകരിച്ചുവെന്നു. ഫലസ്തീന്‍-സോവിയറ്റ് സൗഹൃദ ഫൗണ്ടേഷനില്‍ അബ്ബാസ് അവരുടെ ലെയ്സണ്‍ മാന്‍ ആയിരുന്നുവെന്നും രേഖകള്‍ പറയുന്നു. പക്ഷേ ഈ ചോദ്യങ്ങളോട് അബ്ബാസ് മൗനം പാലിക്കയാണ്. പക്ഷേ ഇപ്പോഴും പുടിന്‍ അടക്കമുള്ള റഷ്യന്‍ നേതാക്കളുമായി അദ്ദേഹത്തിന് നല്ല ബന്ധമാണെന്നത് വസ്തുതയാണ്. പുടിനും എക്സ് കെജിബിയാണെന്ന് ഓര്‍ക്കണം.
1950 കളുടെ മധ്യത്തില്‍, അബ്ബാസ് ഫലസ്തീന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടുതുടങ്ങി. യാസര്‍ അറഫാത്തിനോടുള്ള ആരാധാനയായിരുന്നു അദ്ദേഹത്തെ പിഎല്‍ഒയില്‍ എത്തിച്ചത്. ഖത്തറില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ നേതാക്കളുടെ കുടെയാണ് അദ്ദേഹം ചേര്‍ന്നത്. ഖത്തര്‍ എമിറേറ്റിലെ സിവില്‍ സര്‍വീസില്‍ പേഴ്‌സണല്‍ ഡയറക്ടറായിരുന്നു അബ്ബാസ്. 1950 കളുടെ അവസാനത്തില്‍ യാസര്‍ അറഫാത്തും മറ്റ് അഞ്ച് ഫലസ്തീനികളും ചേര്‍ന്ന് കുവൈത്തില്‍വെച്ച് ഫത്ത പാര്‍ട്ടി രൂപീകരിച്ചു. ആ സമയത്ത് ഒപ്പം കൂടിയതാണ് അബ്ബാസ്. പിന്നെ അദ്ദേഹം ക്രമേണെ പാര്‍ട്ടിയിലെ രണ്ടാമനായി വളര്‍ന്നു.
അറഫാത്ത് തീവ്രവാദ രാഷ്ട്രീയം കൊണ്ടുനടന്ന കാലത്ത് മഹമൂദ് അബ്ബാസും തനി ഹിജാദിയായിരുന്നു. ഇന്ന് ഹമാസിനെപ്പോലെ പ്രവര്‍ത്തിച്ചിരുന്ന അന്നത്തെ പിഎല്‍ഒയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലെല്ലാം അബ്ബാസും ഉണ്ടായിരുന്നു. 1972- ലെ മ്യൂണിക്ക് കൂട്ടക്കൊലക്ക് ഫണ്ട് സംഘടിപ്പിച്ചതുപോലും, ഇന്ന് സമാധാനത്തെക്കുറിച്ച് പറയുന്ന ഈ നേതാവാണെന്ന് ആക്ഷേപമുണ്ട്. 1977-ല്‍, അറേബ്യയിലെ ജൂതന്മാരെ അവരുടെ ജന്മദേശങ്ങളിലേക്ക് തിരിച്ചയയ്ക്കാന്‍ അബ്ബാസ് ആഹ്വാനം ചെയ്തു. പക്ഷേ അപ്പോഴും, മിതവാദികളായ ഇസ്രായേലികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പിഎല്‍ഒയുടെ വിദേശത്തെ അംബാസിഡര്‍ കൂടിയായിരുന്നു അദ്ദേഹം. ഗള്‍ഫ് യുദ്ധത്തിനുശേഷം സൗദി അറേബ്യ സന്ദര്‍ശിച്ച ആദ്യത്തെ പിഎല്‍ഒ ഉദ്യോഗസ്ഥനായിരുന്നു അബ്ബാസ്. പിന്നീട് അറാഫത്ത് സമാധനത്തിന്റെ പാതയിലേക്ക് വന്നതോടെ അബ്ബാസും ജിഹാദിസം ഉപേക്ഷിച്ചു. ഓസ്ലോ കരാറില്‍ അറഫാത്തിനൊപ്പം ഒപ്പിട്ടവരില്‍ ഇദ്ദേഹവുമുണ്ട്.
അറാഫാത്തിന്റെ സ്വത്തുക്കള്‍ തട്ടി?
അറഫാത്തിന്റെ മരണത്തിനുശേഷം ഫത്ത പാര്‍ട്ടിയുടെ നേതൃത്വം അബ്ബാസിലേക്ക് വന്നു. തീവ്രവാദവും ജിഹാദിസവം മാറ്റിവെച്ച് അദ്ദേഹമടക്കമുള്ളവര്‍ അറഫാത്തിനെപ്പോലെ ഒലിവിലകള്‍ കൈയിലെടുത്തു. പക്ഷേ പിഎല്‍ഒ ആയുധം താഴെവെച്ചപ്പോള്‍ അവിടെ അതിലും ശക്തമായ ഹമാസ് എന്ന തീവ്രവാദ സംഘടന ഉയര്‍ത്ത് എഴുനേല്‍ക്കയായിരുന്നു. 2005നുശേഷം ഹമാസും ഫത്ത പാര്‍ട്ടിയും തമ്മിലുള്ള ഏറ്റമുട്ടലുകള്‍ ഫലസ്തീനെ സംഘര്‍ഷഭരിതമാക്കി. ആയിരങ്ങളാണ് ഈ എറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. എന്നാലും നമ്മുടെ നാട്ടില്‍ ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങള്‍ മാത്രമാണ് വാര്‍ത്തയാവുക! തുടര്‍ന്നാണ് ഗസ്സയില്‍ ഹമാസും, വെസ്റ്റ് ബാങ്കില്‍ ഫത്ത പാര്‍ട്ടിയും എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയത്. ഗസ്സയില്‍ ഹമാസ് ജയിക്കാനുള്ള ഒരു കാരണം തന്നെ അബ്ബാസും കൂട്ടരും നടത്തിയ കൊടിയ അഴിമതിയാണെന്നത് വേറെ കാര്യം.
ആമിന അബ്ബാസിനെ വിവാഹം കഴിച്ച അദ്ദേഹത്തിന് മൂന്ന് ആണ്‍മക്കളുമുണ്ട്. മൂത്തമകനായ മാസന്‍ അബ്ബാസ് ദോഹയില്‍ ഒരു കെട്ടിട നിര്‍മ്മാണ് കമ്പനി നടത്തിവരികയായിരുന്നു. 2002 -ല്‍ 42 വയസ്സുള്ളപ്പോള്‍ ഇദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതാണ് അബ്ബാസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം. രണ്ടാമത്തെ മകന്‍ യാസര്‍ അബ്ബാസ് ആണ്. മുന്‍ പിഎല്‍ഒ നേതാവ് യാസര്‍ അറഫാത്തിന്റെ പേരിലാണ് അദ്ദേഹത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇളയ മകന്‍ ഒരു ബിസിനസ് എക്സിക്യൂട്ടീവായ താരിഖ് ആണ്. ഇവരും അബ്ബാസിന്റെ 8 കൊച്ചുമക്കളും ഇന്ന് വലിയ ബിസിനസ് ടൈക്കുണുകളാണ്.
അറഫാത്തിന്റെ മരണശേഷം, സ്വത്തുക്കളില്‍ വലിയൊരു ഭാഗം മഹമുദ് അബ്ബാസിന് കൈവന്നുവെന്നും ആരോപമുണ്ട്. ഏറ്റവും വിചിത്രം യാസിര്‍ അറഫാത്ത് അടക്കമുള്ളവര്‍ ഈ അഴിമതിയില്‍നിന്ന് മുക്തരല്ല എന്നാണ്. 2003ല്‍, യാസര്‍ അറഫാത്ത് 'തന്റെ രാഷ്ട്രീയ നിലനില്‍പ്പ് ഉറപ്പാക്കാന്‍ പൊതു ഫണ്ടില്‍ നിന്ന് ഏകദേശം 1 ബില്യണ്‍ ഡോളര്‍ വകമാറ്റിയെന്ന് സിബിഎസ് ന്യൂസ് തെളിവ് സഹിതംറിപ്പോര്‍ട്ട് ചെയ്തിരുന്നു. അറഫാത്തിന്റെ മക്കള്‍ ഫലസ്തീന്‍ സമരത്തിലൊന്നും പങ്കെടുക്കാതെ യു കെയില്‍ അടിപൊളി ജീവിതം നയിക്കയാണ്. തുടര്‍ന്ന് അധികാരത്തിലെത്തിയ മഹുമൂദ് അബ്ബാസും കമിഴ്ന്നുവീണാല്‍ കാല്‍പ്പണം എന്ന ലൈനാണ് സ്വീകരിച്ചത്.
യാസിര്‍ അറഫാത്തിന്റെ ഏറ്റവും വിശ്വസ്ത സഹായികളില്‍ ഒരാളായ മുഹമ്മദ് റാഷിദാണ് അബ്ബാസിനെതിരെ ഏറ്റവും വലിയ അഴിമതി ആരോപണം ഉന്നയിച്ചത്. ഫലസ്തീന്‍ അതോറിറ്റിയിലെ അഴിമതി ആരോപണങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തി, നൂറുകണക്കിന് ദശലക്ഷം ഡോളര്‍ അബ്ബാസ് തട്ടിയെടുത്തതായി റാഷിദ് പറയുന്നു. വര്‍ഷങ്ങളോളം, റാഷിദ് അറഫാത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. യുഎസ് , യൂറോപ്യന്‍ യൂണിയന്‍, അറബ് ദാതാക്കള്‍ എന്നിവരില്‍ നിന്ന് ഫലസ്തീന്‍ അതോറിറ്റിക്കും പിഎല്‍ഒയ്ക്കും വേണ്ടി ചൊരിഞ്ഞ കോടിക്കണക്കിന് ഡോളര്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യം ലഭിച്ചു. ഈ പണം അബ്ബാസും ദുരുപയോഗം ചെ്തുവെന്നാണ് ആരോപണം. റാഷിദിന്റെ അഭിപ്രായത്തില്‍, അബ്ബാസിന്റെ ആസ്തി 100 മില്യണ്‍ യുഎസ് ഡോളറാണ്!
കോടികളുടെ ബിസിനസ് സാമ്രാജ്യം
ഹമാസ് നേതാക്കളെപ്പോലെ ഗസ്സയിലേക്ക് വരുന്ന ഫണ്ട് അടിച്ചുമാറ്റി, കോടീശ്വരനായി എന്ന ആരോപണം, മെഹമൂദ് അബ്ബാസും നേരിടുന്നുണ്ട്. ഫലസ്തീനികള്‍ക്ക് വരുന്ന ഫണ്ട്, ഹമാസ് അടിച്ചുമാറ്റുന്നതിനെ പറ്റി വലിയ രീതിയില്‍ വിമര്‍ശിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളില്‍ പലരും, ഫലസ്തീന്‍ അതോരിറ്റി ഭരിക്കുന്ന ഫത്തേ പാര്‍ട്ടി അതേ പണി തന്നെയാണ് എടുക്കുന്നത് എന്ന് മറുന്നുപോകുന്നു. ഗസ്സയുടെ അവസ്ഥവെച്ചുനോക്കുമ്പോള്‍ എത്രയോ ഭേദമാണെങ്കിലും, വെസ്റ്റ്ബാങ്കിലും പലമേഖലകളിലും ദാരിദ്രമാണ്. ഫലസ്തീന്‍ അതോരിറ്റിയുടെ തലവനായ, മെഹമൂദ് അബ്ബാസിന്റെ ശ്രദ്ധ ഈ വിഷയങ്ങളൊന്നും പരിഹരിക്കുന്നതിലല്ല. അദ്ദേഹം സ്വന്തം ബിസിനസ് വളര്‍ത്തുന്നതിലാണ് ബദ്ധശ്രദ്ധനായിരിക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
ഏകദേശം 100 ബില്യണ്‍ ഡോളറെങ്കിലും ആസ്തിയുള്ള വലിയൊരു വ്യവസായ ഗ്രൂപ്പിന്റെ ഉടമയാണ് മഹമൂദ് അബ്ബാസ് എന്നത്, അധികമാര്‍ക്കും അറിയാത്ത സംഗതിയാണ്. അറിയുന്നവര്‍ ആവട്ടെ ഈ വിവരം മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നു. മെഹമൂദ് അബ്ബാസും രണ്ടുമക്കളും ചേര്‍ന്നാണ്, ഫാല്‍ക്കണ്‍ കമ്പനീസ് എന്ന ബിസിനസ് എമ്പയര്‍ നടത്തുന്നത്. ഫാല്‍ക്കണ്‍ ടോബാക്കോ ആന്‍ഡ് സിഗാര്‍ കമ്പനി, ഫാല്‍ക്കണ്‍ ഇലട്രിസിറ്റി ആന്‍ഡ് മെക്കാനിക്കല്‍ കമ്പനി, കോണ്‍ട്രാക്റ്റ് കമ്പനി, ഫാല്‍ക്കണ്‍ ഇന്റര്‍നാഷണല്‍ മീഡിയകമ്പനി, ഫാല്‍ക്കണ്‍ ജനറല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനി, അല്‍ മാര്‍ഷ് ഇന്‍ഷൂറന്‍സ് കമ്പനി എന്നിങ്ങനെ ഈ ബിസിനസ് സാമ്രാജ്യം പരന്നുകിടക്കയാണെന്നാണ്, ജറുസലേം പോസ്റ്റ് പത്രം കണക്കുകള്‍വെച്ച് ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ ഫാല്‍ക്കണ്‍ ജനറല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനിക്ക് മാത്രം വരുമത്രേ 60 ബില്യണ്‍ ഡോളറിന്റെ ആസ്തി! ഒരു ബില്യണ്‍ എന്നത് നൂറുകോടിയാണെന്ന് മറക്കരുത്. അതുപോലെ, 11 ബ്രാഞ്ചുകളുള്ള, അല്‍ മാര്‍ഷ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ ആസ്തി, 35 മില്യണാണ്. കാനഡിയും ഇവര്‍ക്ക് ബിസിനസുകള്‍ ഉണ്ട്.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഫത്തേപാര്‍ട്ടിയുടെ മഹുമ്മദ് ദഹ്ലാനും വലിയ മുതലാളിയാണ്. 120 മില്യണ്‍ യുഎസ് ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. റിയല്‍ എസ്റ്റേറ്റ് തൊട്ട് കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍വരെയുണ്ട്. ഈയിടെ അദ്ദേഹം ഒരു മില്യണിന്റെ ടവര്‍ വാങ്ങിയത് വാര്‍ത്തയായിരുന്നു. അതുപോലെ ഫത്തേ പാര്‍ട്ടിയില്‍ തന്നെ ഒരു ഡസനോളം നേതാക്കള്‍ ഇതുപോലെ കോടീശ്വരന്‍മ്മാരാണ്.
രാഷ്ട്രീയക്കാരായാലും അവര്‍ കമ്പനികള്‍ നടത്തിയും, ബിസിനസ് ചെയ്തും സമ്പന്നര്‍ ആവുന്നതില്‍ ആരും എതിരല്ല. പക്ഷേ ഇവര്‍ ഫലസ്തീനികളുടെ ചോരകുടിച്ചാണ് സമ്പന്നര്‍ ആവുന്നത്. ആരും പരമ്പരാഗത പണക്കാര്‍ ആയിരുന്നില്ല. നിര്‍ഗതിയും പരഗതിയുമില്ലാത്ത രാജ്യത്ത് ജനിച്ച അവര്‍ക്ക് കാര്യമായ ബിസിനസ് സാധ്യതകളും ഉണ്ടായിരുന്നില്ല. പിന്നെ എന്തായിരുന്നു അവരുടെ മൂലധനം എന്നത് വ്യക്തമാണ്. കേരളത്തില്‍നിന്ന് അടക്കം, ലോകമെമ്പാടുനിന്നും ഫലസ്തീനുവേണ്ടി പിരിയുന്ന പണത്തിന്റെ നല്ലൊരു ഭാഗം നേതാക്കളിലേക്ക് പോവുന്നു എന്നതാണ് സത്യം. അവര്‍ക്ക് ബിസിനസ് തുടങ്ങാനുളള മൂലധനവും ഇതുതന്നെ.
വെസ്റ്റ്ബാങ്കില്‍ അടിമുടി അഴിമതി
അഴിമതിയുടെ അയ്യരുകളിയാണ് മഹമൂദ് അബ്ബാസിന്റെ ഭരണത്തില്‍. 2006 ജനുവരിയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍, ഗസ്സയില്‍ ഹമാസിന്റെ വിജയത്തിന് കാരണമായ ഒരു ഘടകമായി കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് എന്ന പഠന സംഘം പറഞ്ഞത് ഫത്ത പാര്‍ട്ടിയുടെ അഴിമതിയായിരുന്നു. മന്ത്രാലയ ബജറ്റുകളുടെ ഫണ്ട് വകമാറ്റുക, വിതരണക്കാരില്‍ നിന്നും കരാറുകാരില്‍ നിന്നും ആനുകൂല്യങ്ങളും സമ്മാനങ്ങളും സ്വീകരിക്കുക എന്നീ പരിപാടികളും ഫത്ത നേതാക്കള്‍ക്കിടയില്‍ വ്യാപകമാണ്.
2012 ജൂലൈ 10-ന്, യുഎസ് കോണ്‍ഗ്രസിലും ഫലസ്തീനിലെ അഴിമതി ചര്‍ച്ചയായിരുന്നു. അബ്ബാസിന്റെ സ്വന്തം മക്കളായ യാസറിന്റെയും താരേക്കിന്റെയും സമ്പത്ത്, 2009 മുതല്‍ ഫലസ്തീന്‍ സമൂഹത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അബ്ബാസിന്റെ മക്കളെ നിരവധി ബിസിനസ് ഇടപാടുകളുമായി ബന്ധിപ്പിക്കുന്ന ഒരു ലേഖന പരമ്പര റോയിട്ടേഴസ് പ്രസിദ്ധീകരിച്ചിരുന്നു. യുഎസ് ്എയ്ഡ് അടക്കമുള്ള ധനസഹായം വഴിതിരിച്ച് വിട്ടും, പ്രദേശങ്ങളില്‍ അമേരിക്കന്‍ നിര്‍മ്മിത സിഗരറ്റുകളുടെ വില്‍പ്പന കുത്തകയാക്കിയും അബ്ബാസിന്റെ മക്കള്‍ കോടികള്‍ സമ്പാദിക്കുന്നുവെന്ന് റോയിട്ടേഴ്സ് ആരോപിക്കുന്നത്. ഫലസ്തീന്‍ അതോറിറ്റിയുടെ പേരില്‍ റോഡ്, സ്‌കൂള്‍ നിര്‍മ്മാണം പോലുള്ള പൊതുമരാമത്ത് പദ്ധതികള്‍, ചില്ലറ വ്യാപാര സംരംഭങ്ങള്‍ക്കുള്ള പ്രത്യേക മുന്‍ഗണനകള്‍ എന്നിവയെല്ലാം അബ്ബാസിന്റെ മക്കള്‍ക്കാണ് കിട്ടുന്നത്. ചരുക്കിപ്പറഞ്ഞാല്‍ വെസ്റ്റ് ബാങ്കിനെ ഊറ്റിയാണ് ഇവര്‍ സമ്പന്നരായതെന്ന് വ്യക്തം.
2016- ലെ പനാമ പേപ്പേഴ്‌സ് ഡാറ്റ ചോര്‍ച്ചയുടെ ഭാഗമായി, അബ്ബാസിന്റെ മകന്‍ താരിഖ് അബ്ബാസ് പലസ്തീന്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട ഒരു ഓഫ്‌ഷോര്‍ കമ്പനിയുടെ 1 മില്യണ്‍ യുഎസ് ഡോളര്‍ ഓഹരികള്‍ കൈവശം വച്ചിട്ടുണ്ടെന്ന് വെളിപ്പെട്ടിരുന്നു. 2021 ജൂണില്‍, അഴിമതി വിരുദ്ധ പ്രവര്‍ത്തകനായ നിസാര്‍ ബനാത്ത് സര്‍ക്കാര്‍ കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന്, സെന്‍ട്രല്‍ റാമല്ലയില്‍ അബ്ബാസ് ഭരണകൂടത്തിന്റെ അഴിമതിക്കും ക്രൂരതയ്ക്കുമെതിരെ നൂറുകണക്കിന് ഫലസ്തീനികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഫലസ്തീന്‍ അതോറിറ്റിക്കുള്ളില്‍ അബ്ബാസിന്റെ ഭരണത്തോട് വ്യാപകമായ അവജ്ഞയുണ്ടെന്ന് വിദേശ മാധ്യമങ്ങള്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ വെസ്റ്റ്ബാങ്കുകാര്‍ക്കും മറ്റൊരു ഓപഷ്ന്‍ ഇല്ല.
ഇനി ഫലസ്തീന് സ്വതന്ത്ര്യം കിട്ടി എന്ന് തന്നെ കരുതുക. അപ്പോഴുണ്ടാവുന്ന പഴയതുപോലെ ഹമാസും, ഫത്തയും തമ്മിലുള്ള ക്രൂരമായ ആഭ്യന്തര യുദ്ധമായിരിക്കും. ഇനി ഹമാസിനെ നിരായൂധീകരിച്ച് മഹമൂദ് അബ്ബാസിന്റെെൈ കയിലേക്ക് അധികാരം കൊടുക്കുകയാണെന്ന് വെക്കുക. അഴിമതിയില്‍ മുങ്ങിക്കുളിച്ച, ഒരു ഏകാധിപത്യ ഭരണകൂടമാവും അപ്പോഴും ഉണ്ടാവുക! എന്തായാലും അതി ദയനീയമാണ് ഫലസ്തീനികളുടെ കാര്യം. ഒരു ഭാഗത്ത് തീവ്രവാദം വിതക്കുന്ന ഹമാസ്. മറുഭാഗത്ത് കൊടിയ അഴിമതിക്കാരായ അബ്ബാസും കൂട്ടരും. അതിനിടയില്‍ ഇസ്രായേലിന്റെ കണ്ണും മൂക്കുമില്ലാത്ത ആക്രമണങ്ങള്‍... ലോകത്തിലെ ഏറ്റവും ഭാഗ്യം കെട്ട ജനത എന്ന് ഇവരെ വിശേഷിപ്പിക്കുന്നതില്‍ എന്താണ് തെറ്റ്?
വാല്‍ക്കഷ്ണം: കേരളത്തില്‍ വലിയ രീതിയില്‍ ഇസ്ലാമോ ലെഫ്റ്റ് വാചകമടിക്കുന്നതുപോലെയല്ല, ഫലസ്തീനിലെ വിഷയത്തില്‍ പണം ഒരു നിര്‍ണ്ണായക ഘടകമാണെന്ന് കാണാം. തീവ്രാദികളും മിതവാദികളും ഒരുപോലെ കോടികള്‍ ഉണ്ടാക്കുകയാണ്. എന്നിട്ടും നാം പറയുന്ന ഗസ്സയില്‍ പട്ടിണിയെന്ന്. അതിന്റെ കുറ്റവും ഇസ്രയേലിന്. അല്ലാതെ അവിടം ഭരിക്കുന്നവര്‍ക്കില്ല.