ഈ കുഞ്ഞ് പിതാവിന്റെ പാത പിന്തുടര്‍ന്ന് ഭാവിയിലെ നേതാവ് ആവുമെന്ന് റിച്ചാര്‍ഡ് നിക്‌സണ്‍ പ്രവചിച്ചത് അച്ചട്ടായി! ലളിത സുന്ദര ജീവിതം നയിച്ച് ജനപ്രീതി പിടിച്ചുപറ്റിയ നായകന്‍ പിന്നീട് വില്ലനായി; ഖലിസ്ഥാന്‍ വാദത്തെ പിന്തുണച്ച് ഇന്ത്യയുടെ കണ്ണിലെ കരടായി; സ്വയം പതനം ഏറ്റുവാങ്ങിയ ജസ്റ്റിന്‍ ട്രൂഡോയുടെ ' ഗ്രേറ്റ് ഫാള്‍'
ജസ്റ്റിന്‍ ട്രൂഡോയുടെ ' ഗ്രേറ്റ് ഫാള്‍'
ടൊറന്റോ: 9 വര്‍ഷം കാനഡയെ ഭരിച്ച ശേഷം പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പടിയിറങ്ങുന്നത് മറ്റുനിര്‍വ്വാഹമില്ലാതെയാണ്. എന്നാല്‍, ആരംഭകാലത്ത് ഇങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. 2015ലെ പല സര്‍വേകളിലും ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി കണ്ടെത്തിയത് ട്രൂഡോയെ ആയിരുന്നു. അയാളുടെ യുവത്വവും ആകര്‍ഷകവുമായ ശൈലി ഒരുപാട് പേരെ ആകര്‍ഷിച്ചു. എന്തും വെട്ടിത്തുറന്ന പറയുന്ന സ്വഭാവം. വിനയം, നല്ല സംസാര ശൈലി, ലളിത ജീവിതം. സൈക്കിളില്‍ തെരുവിലൂടെ കറങ്ങി നടക്കുന്ന പ്രധാനമന്ത്രി. പുരുഷനായ അദ്ദേഹം അറിയപ്പെട്ടത് ഫെമിനിസ്റ്റ് പ്രൈം മിനിസ്റ്റര്‍ എന്നായിരുന്നു. ലിംഗ സമത്വത്തിന്റെയും പരിസ്ഥിതിയുടെയും രാഷ്ട്രീയം പറയുന്ന, കുടിയേറ്റ വിരുദ്ധതയില്ലാത്ത ആധുനിക നാഗരികതയുടെ പ്രതിനിധിയായ ആയാളെ ലോക മാധ്യമങ്ങള്‍ വാഴ്ത്തി. മാര്‍വെല്‍ സീരീസ് 2016ല്‍ അതിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു രാഷ്ട്രീയക്കാരന്റെ മുഖം തങ്ങളുടെ കാര്‍ട്ടൂണ്‍ പരമ്പരക്ക് ഉപയോഗിച്ചപ്പോള്‍ അതും ഇദ്ദേഹത്തിന്റെതായിരുന്നു. അതാണ് ഇപ്പോള്‍ ഇന്ത്യയോട് ഏറ്റുമുട്ടി സ്വരം മോശമായപ്പോള്‍ പണി മതിയാക്കിയ സാക്ഷാല്‍ ജസ്റ്റിന്‍ ട്രൂഡോ.
ഇന്ന് ആഗോളതലത്തിനും സ്വന്തം നാട്ടിലും ഒരുപോലെ ട്രൂഡോയുടെ ജനപ്രീതി ഇടിഞ്ഞിരിക്കുകയാണ്. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിനെ വെളുപ്പിക്കാനിറങ്ങിയതും, കനേഡിയന്‍ പ്രധാനമന്ത്രിക്ക് വിനയായി. നിജ്ജാര്‍ വധത്തിന്പിന്നില്‍ ഇന്ത്യയാണെന്ന ട്രൂഡോയടെ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി. പക്ഷേ അമേരിക്കയും, ബ്രിട്ടനും, യൂറോപ്യന്‍ യൂണിയനുമൊന്നും കാനഡക്ക് കാര്യമായ പിന്തുണയുമായി വന്നില്ല.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ കാനഡ ഭീകരര്‍ക്ക് ഒത്താശ ചെയ്യുന്നുവെന്ന ഇന്ത്യയുടെ ആരോപണത്തിന് കൃത്യമായ മറുപടി നല്‍കാന്‍ വാക്കുകള്‍കൊണ്ട് അമ്മാനമാടുന്ന ട്രൂഡോയ്ക്ക് അയില്ല. ട്രൂഡോയുടെ മുതിര്‍ന്ന ഉപദേഷ്ടാവടക്കം കനേഡിയന്‍ സര്‍ക്കാരിലെ പ്രമുഖരെല്ലാം ഖാലിസ്ഥാനികളാണ്. അവരുടെ താളത്തിനു തുള്ളുകയാണു ട്രുഡോവെന്നായിരുന്നു പൊതുവെ ഉയര്‍ന്ന വാദം. അത് അന്താരാഷ്ട്രതലത്തിലും ചര്‍ച്ചയായി. കാനഡയില്‍ ആവട്ടെ സിഖ് കമ്യൂണിറ്റിയോടെ ട്രൂഡോ കാണിക്കുന്ന വിധയേത്വം, വലതുപക്ഷത്തിന് ആയുധമായി. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന അവസ്ഥയായി. ചുരുക്കിപ്പറഞ്ഞാല്‍ 'ദ ഗ്രേറ്റ് ഫാള്‍' എന്ന് വിളിക്കാവുന്ന അവസ്ഥയാണ്, ഒരുകാലത്ത് ലോകത്തിന്റെ വെളിച്ചം ആവുമെന്ന് കരുതിയ ട്രൂഡോയ്ക്ക് വന്നുചേര്‍ന്നത്.
മക്കള്‍ രാഷ്ട്രീയമല്ല, മെറിറ്റ്
കാനഡയുടെ 15 ാ മത് പ്രധാനമന്ത്രിയായിരുന്ന, പിയറി ഏലിയട്ട് ട്രൂഡോയുടെ മകനാണ് ജസ്റ്റിന്‍ ട്രൂഡോ. പക്ഷേ നമ്മുടെ നാട്ടില്‍ നടക്കുന്നതുപോലുള്ള മക്കള്‍ രാഷ്ട്രീയത്തിലുടെ വന്ന ആളല്ല അയാള്‍. പിതാവിന്റെ യാതൊരു സഹായവും ഇല്ലാതെ സ്വന്തം മെറിറ്റുകൊണ്ടാണ്, ട്രൂഡോ നേതാവ് ആയത്.
കനേഡിയന്‍ ചരിത്രത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തിരിക്കെ ഒരാള്‍ക്ക് കുട്ടി ജനിക്കുക എന്നത് അപുര്‍വമാണ്. ആ ഭാഗ്യം കിട്ടിയ ആളാണ് ജസ്റ്റിന്‍. 1971 ജൂണ്‍ 23-ന്, പ്രധാനമന്ത്രി പിയറി ട്രൂഡോയുടെ ഭാര്യ മാര്‍ഗരറ്റ് ട്രൂഡോ ഗര്‍ഭിണിയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കയായിരുന്നു. 1971 ഡിസംബര്‍ 25-നാണ് ജസ്റ്റിന്‍ ജനിച്ചത്. ജസ്റ്റിന്‍ പിയറി ജെയിംസ് ട്രൂഡോ എന്നാണ് മുഴുവന്‍ പേര്. രണ്ട് അനിയന്മാര്‍ അതിനുശേഷം ഉണ്ടായി. ട്രൂഡോ കുടുംബം പ്രധാനമായും സ്‌കോട്ടിഷ്, ഫ്രഞ്ച് കനേഡിയന്‍ വംശജരാണ്. ജസ്റ്റിന്‍ ട്രൂഡോയ്ക്ക് നാല് മാസം മാത്രം പ്രായമുള്ളപ്പോള്‍, അന്നത്തെ യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍, ഈ കുഞ്ഞ് ഒരു ദിവസം തന്റെ പിതാവിന്റെ പാത പിന്തുടരുമെന്നും, ഭാവിയിലെ നേതാവ് ആവുമെന്ന് ഒരു പാര്‍ട്ടിയില്‍വെച്ച് പ്രവചിച്ചു. അത് അച്ചട്ടായി!
പിതാവ് പ്രധാനമന്ത്രിയായിരുന്നെങ്കിലും അത്രക്ക് സന്തുഷ്ടമൊന്നുമായിരുന്നില്ല ജസ്റ്റിന്റെ ബാല്യം. പിതാവും, മാതാവും തമ്മിലുള്ള സ്വരച്ചേര്‍ച്ച ഇല്ലായ്മയുടെ പ്രശ്‌നങ്ങള്‍ കുടുംബത്തില്‍ ഉണ്ടായിരുന്നു. 1977ല്‍ ജസ്റ്റിന് വെറും 6 വയസ്സുള്ളപ്പോഴാണ് അവര്‍ വേര്‍പിരിയുന്നത്. തുടര്‍ന്ന് പിതാവിന്റെ സംരക്ഷണയിലായിരുന്നു ട്രൂഡോ വളര്‍ന്നത്. പ്രധാനമന്ത്രിയുടെ മകന്‍ എന്ന സെക്യൂരിറ്റി-പ്രോട്ടോകോള്‍ പ്രശ്‌നങ്ങളും, തന്റെ ബാല്യവും കൗമാരവും അനാകര്‍ഷകമാക്കിയെന്നാണ് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
ട്രൂഡോ 1994-ല്‍ മക്ഗില്‍ യൂണിവേഴ്സിറ്റിയില്‍ സാഹിത്യത്തില്‍ ബാച്ചിലര്‍ ഓഫ് ആര്‍ട്സ് പഠിച്ചു, തുടര്‍ന്ന് 1998-ല്‍ ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബാച്ചിലര്‍ ഓഫ് എജ്യുക്കേഷന്‍ ബിരുദം കരസ്ഥമാക്കി. ബിരുദാനന്തരം ട്രൂഡോ വാന്‍കൂവറില്‍ മാത്തമാറ്റിക്സ്, ഫ്രഞ്ച്, ഹ്യുമാനിറ്റീസ്, നാടകം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ വര്‍ഷങ്ങളോളം ചെലവഴിച്ചു.
ന്യൂജന്‍ ഹരിത രാഷ്ട്രീയക്കാരന്‍
തുടക്കത്തില്‍ ഒരു രാഷ്ട്രീയക്കാരന്‍ ആവണം എന്ന് ആഗ്രഹിച്ച ആളല്ല ജസ്റ്റിന്‍ ട്രൂഡോ. അദ്ധ്യാപകന്‍ എന്ന നിലയിലും, ഒരു സോഷ്യല്‍ ആക്റ്റീവിസ്റ്റ് എന്ന നിലയിലുമാണ് അദ്ദേഹം അറിയപ്പെട്ടത്. ആളുകളെ കൈയിലെടുക്കാന്‍ കഴിയുന്ന നിലയില്‍ അതി സുന്ദരമായി സംസാരിക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. കാനഡയിലെ റിസോഴ്സ് ഡെവലപ്മെന്റിനും ഉത്തരവാദിത്തമുള്ള പരിസ്ഥിതി മാനേജ്മെന്റിനുമായി അദ്ദേഹം ശക്തമായ ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗ്രീന്‍ പൊളിറ്റിക്‌സിന്റെ വകത്വായിട്ടാണ് ട്രൂഡോ അറിയപ്പെട്ടത്. 28-ആം വയസ്സില്‍ തന്റെ പിതാവിന്റെ ശവസംസ്‌കാര ചടങ്ങില്‍ നടത്തിയ പ്രസംഗമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.
1998-ല്‍ അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ ബ്രിട്ടീഷ് കൊളംബിയയില്‍ ഒരു ഹിമപാതത്തില്‍ മരിച്ചു, ഈ സംഭവം ഹിമപാത സുരക്ഷയുടെ വക്താവാകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 2002 നും 2005 നും ഇടയില്‍, കാനഡക്കാര്‍ക്കുള്ള ദേശീയ സന്നദ്ധ സേവന പരിപാടിയായ കാറ്റിമാവിക്കിന്റെ ചെയര്‍മാനായി ജസ്റ്റിന്‍ ട്രൂഡോ സേവനമനുഷ്ഠിച്ചു. അപ്പോഴേക്കും ഒരു പ്രാസംഗികന്‍, സംഘാടകന്‍, എന്ന നിലയിലെല്ലാം അദ്ദേഹത്തിന് നല്ല പേരുണ്ടായിരുന്നു. അത് മുതലെടുക്കാന്‍ ലിബറല്‍ പാര്‍ട്ടിയും തീരുമാനിച്ചു. അങ്ങനെ അയാള്‍ രാഷ്ട്രീയത്തിലെത്തി.
2006ല്‍ ജസ്റ്റിന്‍ ട്രൂഡോ ലിബറല്‍ പാര്‍ട്ടിയുടെ 'യുവജന നവീകരണത്തിനായുള്ള ടാസ്‌ക് ഫോഴ്സിന്റെ' ചെയര്‍മാനായി. ഒരു വര്‍ഷത്തിനുശേഷം, ക്യൂബെക്കിലെ പാപ്പിനോവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിയുടെ നോമിനേഷന്‍ നേടി അദ്ദേഹം രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചു. 2008ല്‍ പാര്‍ലമെന്റ് അംഗമായി. 2013-ല്‍ ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് അദ്ദേഹം വിജയിക്കുകയും 2015-ലെ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കുകയും ചെയ്തു. അവിടെയും പാര്‍ട്ടിയെ തുണച്ചത് ട്രൂഡോയുടെ ഇമേജ് ആയിരുന്നു. ലിംഗസമത്വം ഉറപ്പാക്കും, പരിസ്ഥിതി സംരക്ഷിക്കും സ്വവര്‍ഗാനുരാഗ അവകാശങ്ങള്‍, തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തുന്നത്.
ട്രൂഡോ തരംഗം വരുന്നു
2015 നവംബര്‍ 4-ന് കാനഡയുടെ പ്രധാനമന്ത്രിയായി ട്രൂഡോ സത്യപ്രതിജ്ഞ ചെയ്തു. ജസ്റ്റിന്‍ ട്രൂഡോയുടെ യുവത്വവും ആകര്‍ഷകവുമായ ശൈലിയും ലോകമെമ്പാടും തരംഗമായി. ലോകത്തിന്റെ മിക്കയിടത്തും അദ്ദേഹം അന്ന് പര്യടനം നടത്തി. ലോക നേതാക്കളെയും, വ്യവസായികളെയും സംരംഭകരെയും കണ്ട് കാര്യങ്ങള്‍ പഠിച്ചു. ആമസോണ്‍ സിഇഒ ജെഫ് ബെസോസ് ഉള്‍പ്പെടെയുള്ള വ്യവസായ സംരംഭകരെ കാണാന്‍ അദ്ദേഹം യുഎസിലേക്ക് പോയി. ലോക വേദിയില്‍, കനേഡിയന്‍ നേതാവ് സഹകരണം, നാഗരികത, സമത്വം എന്നിവയുടെ വക്താവായി മാറി.
പ്രഭാകരന്‍ പഴശി എന്ന കേരളത്തിലെ ഒരു എഴുത്തുകാരന്‍, ട്രുഡോയെ കണ്ടകാര്യം മലയാള മനോരമയില്‍ ഇങ്ങനെ എഴുതുന്നു. 'ലിബറല്‍ പാര്‍ട്ടി നേതാവ് കൂടിയായ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഥമ ദര്‍ശനത്തില്‍ത്തന്നെ എന്നെ ഹഠാദാകര്‍ഷിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെപ്പോലെ പച്ചയായ ഒരു മനുഷ്യന്‍ എന്നു തോന്നി. തീവ്രവലതുപക്ഷം യുഎസ് മാതൃകയില്‍ ട്രൂഡോക്കെതിരെ അരയും തലയും മുറുക്കിയിറങ്ങുന്നുണ്ട്. അഭയാര്‍ഥികളോടും വിദേശികളോടുമുള്ള അദ്ദേഹത്തിന്റെ മൃദുസമീപനങ്ങള്‍ക്ക് എതിര്‍പ്പു കൂടുന്നുണ്ട്. ഇനിയുമെത്രയോ അങ്കങ്ങള്‍ക്കുള്ള യൗവനം കയ്യിലുള്ള ട്രൂഡോയുടെ ഭാവി നിര്‍ണ്ണയിക്കപ്പെടാന്‍ അധികനാളുകളില്ല. കാനഡയുടെ കൊടി ചുവപ്പാണെങ്കിലും രാഷ്ട്രീയം ചുവക്കുന്നില്ല എന്ന് പുരോഗമനവാദികള്‍ ആശങ്കപ്പെടുകയും ചെയ്യുന്നു.''- പ്രഭാകരന്‍ ചൂണ്ടിക്കാട്ടുന്നു.
2019 ഒക്ടോബര്‍ 21-ന് ലിബറല്‍ പാര്‍ട്ടി വീണ്ടും തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുകയും ജയിക്കുകയും ചെയ്തു. പക്ഷേ 2021ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജസ്റ്റിന്‍ ട്രൂഡോക്ക് ഭൂരിപക്ഷം നേടാനായില്ല. അവിടെയാണ് അദ്ദേഹത്തിന് ഖലിസ്ഥാന്‍ വാദികളുടെ പിന്തുണ വേണ്ടിവന്നത്.
ഖലിസ്ഥാന്‍ പിന്തുണയുള്ള സര്‍ക്കാര്‍
കാനഡയില്‍ പ്രബലരാണ് വര്‍ഷങ്ങളായി അവിടെ കുടിയേറിയെത്തിയ സിഖ് സമൂഹം. ട്രൂഡോയുടെ പാര്‍ട്ടി കാനഡയില്‍ അധികാരത്തില്‍ എത്തിയത് സിഖ് സംഘടനയായ എന്‍ഡിപിയുടെ പിന്തുണയോടെയാണ്. 2021ലെ കാനഡ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വെറും 152 സീറ്റുകള്‍ മാത്രമാണ് ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് നേടാനായത്. 338 അംഗങ്ങളുള്ള കാനഡ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം കിട്ടാന്‍ 170 എംപിമാര്‍ വേണം. വീണ്ടും പ്രധാനമന്ത്രിയാകാന്‍ ജസ്റ്റിന്‍ ട്രൂഡോയെ സഹായിച്ചത് ജഗ്മീത് സിങ്ങ് എന്ന സിഖ് നേതാവിന്റെ എന്‍ഡിപി എന്ന പാര്‍ട്ടിയാണ്. ജഗ്മീത് സിങ്ങാകട്ടെ കടുത്ത ഖലിസ്ഥാന്‍ വാദിയാണ്. കാനഡയിലെ 7.7 ലക്ഷം സിഖുകാരുടെ പിന്തുണയും ജഗ്മീത് സിങ്ങിന്റെ എന്‍ഡിപി പാര്‍ട്ടിക്കുണ്ടെന്ന് പറയപ്പെടുന്നു.
ഖലിസ്ഥാന് വാദികള്‍ക്ക് ഇന്ത്യയില്‍ വിഘടനവാദപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പണം കാനഡയില്‍ നിന്നും വരുന്നതായി പറയുന്നു. ഇതിനെ എതിര്‍ക്കാന്‍ ജി 20 സമ്മേളനത്തിന് ഇന്ത്യയില്‍ എത്തിയ ട്രൂഡോയോട് ഇന്ത്യന്‍ പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. അതിന് മുതിര്‍ന്നാല്‍ ജഗ്മീത് സിങ്ങിന്റെ എന്‍ഡിപി പാര്‍ട്ടി പിന്തുണ പിന്‍വലിക്കുമായിരുന്നു. അതോടെ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ നിലംപൊത്തുമായിരുന്നു.
90 കളുടെ അവസാനം ഇന്ത്യയില്‍ ഖലിസ്ഥാന്‍വാദം അവസാനിച്ചെങ്കിലും, കാനഡയില്‍ അത് ശക്തമായി തന്നെ നിലനിന്നു. പക്ഷേ 2015 ല്‍ ജസ്റ്റിന്‍ ട്രുഡോ അധികാരത്തിലെത്തിയതിനു ശേഷമാണ് ഖലിസ്ഥാന്‍ വാദങ്ങള്‍ ശക്തമായി തിരിച്ചുവന്നത്. ഖലിസ്ഥാന്‍ അനുകൂലികളായിട്ടുള്ളവര്‍ ആ തിരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിയെ ശക്തമായി പിന്തുണച്ചു. പഞ്ചാബ് തീവ്രവാദത്തിനുള്ള ഫണ്ട് വരുന്നതും കാനഡിയില്‍ നിന്ന് തന്നെ ആയിരുന്നു.
കാനഡയില്‍ അക്രമാസക്ത പ്രക്ഷോഭങ്ങളും പ്രചാരണവും നടത്തുന്ന ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഭാരതം നിരന്തരം ആവശ്യപ്പെട്ടിട്ടും, കാനഡയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമല്ല ഉണ്ടായിട്ടുള്ളത്. ഖാലിസ്ഥാന്‍ ഭീകരവാദികള്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വധിക്കുന്നതിന്റെ നിശ്ചലദൃശ്യം ഒരു പ്രകടനത്തില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. കനേഡിയന്‍ സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന തന്ത്രപരമായ പിന്തുണയാണ് ഇത്തരം ചെയ്തികള്‍ക്ക് ഭീകരരെ പ്രേരിപ്പിക്കുന്നത്. ഇത്തരം പ്രവൃത്തികള്‍ക്കെതിരായുള്ള ഇന്ത്യ പ്രതിഷേധം നിലനില്‍ക്കുമ്പോഴാണ് ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെടുന്നത്. പിന്നീട് കൊടുംകുറ്റവാളിയായ സുഖ്ദൂള്‍ സിങ്ങും കാനഡയില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. 2017 ല്‍ വ്യാജരേഖ നിര്‍മ്മിച്ച് ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞയാളാണ് സുഖ്ദൂള്‍. എന്‍ഐഎ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കൊലചെയ്യപ്പെട്ടത്. സത്യത്തില്‍ കാനഡയുടെ ആത്മാഭിമാനത്തിന് ഏറ്റ തിരിച്ചടിയായിരുന്നു ഈ കൊലകള്‍. പാക്കിസ്ഥാന്‍ അറിയാതെ ആ രാജ്യത്ത് എത്തി ലാദനെ ഭസ്മമാക്കി കടലില്‍ ഒഴുക്കിയ അമേരിക്കന്‍ നടപടിക്ക് സമാനമായ നീക്കം. പക്ഷേ ഇത് നടത്തിയത് 'റോ' ആണെന്ന് ഇന്ത്യ സമ്മതിച്ചിട്ടില്ല
ട്രൂഡോയുടെ പിതാവും ഭീകരര്‍ക്ക് ഒപ്പം
ജസ്റ്റിന്‍ ട്രൂഡോയുടെ പിതാവ് പിയറി ട്രൂഡോയും ഖലിസ്ഥാന്‍ വാദികള്‍ക്ക് ഒപ്പമായിരുന്നു. 1971 ജനുവരിയില്‍ പിയറി ട്രൂഡോ അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു. ഒട്ടകപുറത്ത് സവാരി, കാളയെ ലാളിക്കല്‍, ഗംഗാനദി കാണല്‍, ലോക്കോമോട്ടീവ് ഫാക്ടറി സന്ദര്‍ശനം, താജ്മഹല്‍ സന്ദര്‍ശനം അങ്ങനെ അച്ഛന്‍ ട്രൂഡോയുടെ സന്ദര്‍ശനം രസകരമായി പോകുമ്പോഴും കല്ലുകടികള്‍ ഏറെയായിരുന്നു.
ഖലിസ്ഥാന്‍ പ്രശ്നം മാത്രമല്ല, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പാലം തകര്‍ത്തത്. ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്. ഇന്ത്യ ആണവപരീക്ഷണം നടത്തിയതോടെ, കാനഡ ആണവ സഹകരണം നിര്‍ത്തി വച്ചു. ആണവോര്‍ജ്ജം ഉത്പാദിപ്പിക്കാനായി, സമ്പുഷ്ട യുറേനിയം ഉപയോഗിക്കാന്‍ കാനഡയിലെ കാന്‍ഡു റിയാക്ടര്‍ അനുവദിച്ചിരുന്നു. അത് ഇന്ത്യയെ പോലെ വികസ്വര രാജ്യങ്ങള്‍ക്ക് ഗുണകരവുമായിരുന്നു. വില കുറഞ്ഞ ആണവോര്‍ജ്ജ ഉത്പാദനത്തിനായുള്ള ഇന്ത്യയുടെ സിവില്‍ ആണവ പരിപാടിയുമായി അമേരിക്കയും കാനഡയും സഹകരിച്ചിരുന്നു. പരിപാടി സമാധാനപരമായ ആവശ്യങ്ങള്‍ക്കാണെന്നും, ഇന്ത്യ ആണവ പരീക്ഷണം നടത്തിയാല്‍ ആണവ സഹകരണം റദ്ദാക്കുമെന്നും പിയറി ട്രൂഡോ മുന്നറിയിപ്പ് നല്‍കിയിരുന്നു.
1974-ല്‍, പിയറി ട്രൂഡോയുടെ സന്ദര്‍ശനത്തിന് മൂന്ന് വര്‍ഷത്തിന് ശേഷം, കനേഡിയന്‍ സഹകരണത്തോടെയുളള സിറസ് റിയാക്ടറില്‍ നിന്നുള്ള പ്ലൂട്ടോണിയം ഉപയോഗിച്ച് ഇന്ത്യ പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്തിയെന്ന് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. ഹോമി ജെ ബാബയുടെ നേതൃത്വത്തില്‍ കാനഡയുടെ സഹകരണത്തോടെ, നിര്‍മ്മിച്ച സിറസ് റിയാക്ടര്‍ 1960 ജൂലൈയിലാണ് കമ്മീഷന്‍ ചെയ്തത്.
തങ്ങള്‍ സമാധാന ആവശ്യങ്ങള്‍ക്കാണ് ആണവ പരീക്ഷണം നടത്തിയതെന്നും കാനഡയുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്നും ഇന്ത്യ വാദിച്ചെങ്കിലും വിലപ്പോയില്ല. പിയറി ട്രൂഡോ ഇന്ത്യയുടെ ആണവ പരിപാടിക്കുള്ള സഹകരണം നിര്‍ത്തി വച്ചുവെന്ന് മാത്രമല്ല, ഇന്ത്യയിലെ ആണവ റിയാക്ടറില്‍ പ്രവര്‍ത്തിച്ചിരുന്ന കനേഡിയന്‍ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയും ചെയ്തു. സമാധാനപരമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ആണവപരീക്ഷണം നടത്തുന്നതിനെ കാനഡയുടെയും അമേരിക്കയുടെയും കരാറുകള്‍ വിലക്കിയിരുന്നില്ല എന്നാണ് പിന്നീട് പുറത്തുവന്ന വിവരം.
എന്തായാലും, മഞ്ഞുരുകാന്‍ സമയമെടുത്തു. 2010ല്‍ ജി 20 ഉച്ചകോടിക്കായി കാനഡയില്‍ എത്തിയ അന്നത്തെ പ്രധാനമന്ത്രി മന്മോഹന്‍ സിങ് ആണവ സഹകരണ കരാര്‍ ഒപ്പുവെച്ചതോടെയാണ് ഇക്കാര്യത്തില്‍ മാറ്റം വന്നത്.
പൊഖ്റാന്‍ ആണവപരീക്ഷണം മാത്രമല്ല, ഖലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ നടപടി എടുക്കാന്‍ പിയറി ട്രൂഡോ തയ്യാറാകാത്തതും, ഇന്ത്യ-കാനഡ ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തി. കാനഡയുടെ മൊത്തം ജനസംഖ്യയുടെ രണ്ടുശതമാനം മാത്രമാണ് സിഖ്കാരുള്ളത്. എന്നാല്‍ രാഷ്ട്രീയമായി വലിയ സ്വാധീനമാണ് കാനഡയില്‍ സിഖ്വംശജര്‍ക്കുള്ളത്. സിഖ് ഭീകരരും കാനഡയില്‍ അഭയം പ്രാപിച്ചരില്‍ ഉണ്ടായിരുന്നു.
അത്തരത്തിലൊരാളായിരുന്നു തല്‍വീന്ദര്‍ സിങ് പര്‍മര്‍. പഞ്ചാബില്‍ രണ്ട് പൊലീസുകാരെ വധിച്ച ശേഷമാണ് പര്‍മര്‍ കാനഡയില്‍ അഭയം തേടിയത്. ഖലിസ്ഥാന്‍ സംഘടനയായ ബബ്ബര്‍ ഖല്‍സയില്‍ അംഗമായിരുന്നു പാര്‍മര്‍. വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകള്‍ക്ക് നേരെ ആക്രമണത്തിനും വര്‍ഗീയ കൊലപാതകങ്ങള്‍ക്കും ആഹ്വാനം ചെയ്തു. പാര്‍മറെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പിയറി ട്രൂഡോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഭ്യര്‍ത്ഥന നിരസിച്ചു. മാത്രമല്ല ഇന്ത്യയില്‍ നിന്ന് അയച്ച ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ പോലും കാനഡ മൈന്‍ഡ് ചെയ്തില്ല. അതുപോലെ തന്നെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് പ്രതികാരമായി സിഖ് ഭീകരര്‍ നടത്തിയ കനിഷ്‌ക്ക വിമാന ആക്രമത്തില്‍ 329പേരാണ് മരിച്ചത്. എന്നിട്ടും കാനഡ കാര്യമായ ഒരു നടപടിയും എടുത്തിട്ടില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെ തിരിച്ചടികള്‍ ഉണ്ടാവുമ്പോള്‍ കാനഡ ബഹളമുണ്ടാക്കി.
ലാവലിന്‍ അടക്കം നിരവധി അഴിമതികള്‍
ഗുഡ് ഗവേണണ്‍സ് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ട്രൂഡോ പിന്നീട് നിരവധി അഴിമതി ആരോപണങ്ങളും കേട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ വരെ പ്രതിക്കൂട്ടിലാക്കിയ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനി ട്രൂഡോക്കും പണി തന്നു. വന്‍ രാഷ്ട്രീയവിവാദത്തിന് കാരണമായ കേസിന് തുടക്കം കുറിച്ചത്, ലിബിയയില്‍ നിര്‍മ്മാണ കരാറുകള്‍ ലഭിക്കാന്‍ ഗദ്ദാഫിയുടെ മകന്‍ സാദി ഗദ്ദാഫിക്കും, ഉദ്യോഗസ്ഥര്‍ക്കുമൊക്കെയായി 2001നും 2011നും മധ്യേ 48 ദശലക്ഷം ഡോളര്‍ കൈക്കൂലി നല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്നാണ്. 2012ല്‍ എസ്എന്‍സി-ലാവലിന്‍ കമ്പനിയുടെ മോണ്‍ട്രിയോള്‍ ഓഫിസുകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതോടെയാണ് ഈ വിവരം പുറത്തായത്. ഈ കേസില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും എടുത്തു. ബംഗ്ലാദേശിലും കംബോഡിയയിലും സമാനമായ ഇടപാടുകളില്‍ ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് 2013ല്‍ ലോകബാങ്ക് ഗ്രൂപ്പ് എസ്എന്‍സി ലാവ്‌ലിനെയും ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും പത്തുവര്‍ഷത്തേക്ക് കരിമ്പട്ടികയിലാക്കിയിരുന്നു.
എന്നാല്‍ കാനഡയില്‍ ലാവ്‌ലിന്‍ കരിമ്പട്ടികയില്‍ പെടാത്തത് ട്രൂഡോയുടെ സ്വാധീനം ആണെന്നായിരുന്നു ആരോപണം. കാനഡയിലെ മോണ്‍ട്രിയോള്‍ ആസ്ഥാനമായുള്ള ലാവ്‌ലിന്‍ കമ്പനിയെ സ്വദേശത്തും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് വഴിയൊരുക്കിയേക്കാം എന്നിരിക്കെ, നിയമ നടപടികളില്‍നിന്ന് ഒഴിവാക്കാന്‍ പബ്ളിക് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ കാത്ലീന്‍ റോസലിനോട് ആവശ്യപ്പെടാന്‍ അറ്റോര്‍ണി ജനറലായിരുന്ന ജോഡിക്കുമേല്‍ സമ്മര്‍ദമുണ്ടായെന്ന 'ഗ്ലോബ് ആന്‍ഡ് മെയില്‍' പത്രത്തിലെ വാര്‍ത്തയാണ് ഭരണകക്ഷിക്ക് ഇരുട്ടടിയായത്. ആരോപണം അച്ചടിച്ചുവന്നത് ദിവസങ്ങള്‍ക്കകം മന്ത്രി രാജിവെക്കുകയും ചെത്തു. ഈ കേസില്‍ ഇപ്പോഴും കൃത്യമായ വിശദീകരണം കിട്ടിയിട്ടില്ല.
അതിനിടെ രാജ്യത്തെ ഒരു കെട്ടിട നിര്‍മ്മാണ കമ്പനിയെ അഴിമതിക്കേസില്‍ വിചാരണ നേരിടുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ ട്രൂഡോ നിയമമന്ത്രിക്കു മേല്‍ സമ്മര്‍ദം ചെലുത്തിയതായി കാനഡയിലെ ഒരു പ്രമുഖ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തതും ട്രൂഡോയുടെ ഇമേജ് ഉടിച്ചു. കരീബിയന്‍ ദ്വീപിലെ ട്രൂഡോയുടെ കുടുംബ അവധിക്കാലത്തെക്കുറിച്ചും അടക്കമുള്ള നിരവധി പരാതികള്‍ വാര്‍ത്തയായി. ചെറുകിട ബിസിനസ്സുകള്‍ക്ക് പരിമിതമായ നികുതി ഇളവുകള്‍ നല്‍കുന്നതിനിടയില്‍ ചില കുടുംബ ട്രസ്റ്റുകളെ ഒഴിവാക്കിയതും വിവാദമായി. ഈ അഴിമതി കഥകള്‍ ഒക്കെ ഫലത്തില്‍ ഈ ഹരിത നേതാവിന്റെ ഇമേജ് ഇടിച്ചു.
ഇതിന്റെ എല്ലാംഭാഗമായി അഭിപ്രായ സര്‍വേകളിലും ട്രൂഡോ വല്ലാതെ പിന്നോക്കെ പോയിരുന്നു. അപ്പോഴാണ് വിനാശകാലേ വിപരീതബുദ്ധി എന്ന നിലയില്‍ ഇന്ത്യക്കെതിരെ തിരിയാന്‍ ട്രൂഡോക്ക് തോന്നിയത്. അതാവട്ടെ അന്താരാഷ്ട്ര തലത്തില്‍ അദ്ദേഹത്തെ എക്‌സ്‌പോസ് ചെയ്യുന്നതിനും ഇടയാക്കി.
ഒക്ടോബറില്‍ ഏകദേശം 20ഓളം എംപിമാര്‍ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് കത്തില്‍ ഒപ്പിട്ടിരുന്നു. ട്രൂഡോയുടെയും സര്‍ക്കാറിന്റെ ജനപ്രീതി കുത്തനെയിടിഞ്ഞിരുന്നു. പണപ്പെരുപ്പം, ഭവന പ്രതിസന്ധി, കുടിയേറ്റം തുടങ്ങി നിരവധി പ്രതിസന്ധികളാണ് സര്‍ക്കാര്‍ നേരിടുന്നത്. ഡിസംബര്‍ 16-ന്, ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചിരുന്നു. ട്രൂഡോയോട് വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു രാജി. സ്വന്തം പാര്‍ട്ടി പോലും തന്നോട് ഒപ്പമില്ലന്ന് മനസിലാക്കിയ ട്രൂഡോ വേറേ പോംവഴികള്‍ ഇല്ലാത്തത് കൊണ്ടാണ് രാജി വെയ്ക്കുന്നത്.
രാജ്യത്ത് പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ട്രൂഡോക്ക് വീഴ്ച സംഭവിച്ചതായി രാജിവച്ചതിന് ശേഷം ക്രിസ്റ്റിയാ ഫ്രീലാന്‍ഡ് ആരോപിച്ചിരുന്നു. നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജസ്റ്റിന്‍ ട്രൂഡോ പടിഞ്ഞാറന്‍ കാനഡയിലെ ഒരു സ്‌കീ റിസോര്‍ട്ടില്‍ അവധി ദിവസങ്ങളില്‍ അധികവും ചെലവഴിച്ചിരിക്കുകയാണെന്നും ഇക്കാലയളവില്‍ ഒന്നും ഔദ്യോഗിക പരിപടികള്‍ ഒന്നും തന്നെ ആസൂത്രണം ചെയ്യുന്നില്ലെന്നും ബ്ലൂം ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, വോട്ടിങ് ശതമാനം കുറയുമെന്ന് ചൂണ്ടിക്കാണിച്ച് ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ രാജിവയ്ക്കാന്‍ ട്രൂഡോയ്ക്ക് മേല്‍ സമ്മര്‍ദ്ദം നല്‍കുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അടുത്തിടെ നടത്തിയ സമീപകാല നാനോസ് റിസര്‍ച്ച് സര്‍വേയില്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വര്‍ദ്ധിച്ചുവരുന്ന നേട്ടത്തെ സൂചിപ്പിക്കുന്നു. ഇതിനുപുറമെ പ്രധാനമന്ത്രിയുടെ ഹോം പ്രവിശ്യയായ ക്യൂബെക്കില്‍ നിന്നുള്ള ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ രാജിവെക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നും കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുടിയേറ്റ നയത്തില്‍ തന്റെ സര്‍ക്കാരിന് തെറ്റുപറ്റിയെന്നു സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ആ നയങ്ങളുടെ മറപറ്റി, വ്യാജകോളേജുകളും വന്‍കിട കമ്പനികളും അവരവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കുവേണ്ടി കുടിയേറ്റസംവിധാനത്തെ ചൂഷണം ചെയ്യുന്നസ്ഥിതിയുണ്ടായെന്ന് ട്രൂഡോ വ്യക്തമാക്കി.
ജഗ്മീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എന്‍ഡിപി) പിന്തുണയോടെയാണ് ലിബറല്‍ പാര്‍ട്ടി വിജയിച്ചത്. പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ ട്രൂഡോ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സെപ്തംബറില്‍ എന്‍ഡിപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ലിബറലുകളെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ അവിശ്വാസ വോട്ട് അവതരിപ്പിക്കുമെന്ന് സിംഗ് പ്രഖ്യാപിച്ചിരുന്നു.
എന്തായാലും വല്ലാത്ത പതനമാണ് ലോക നേതാവിന് സംഭവിച്ചിരിക്കുന്നത്.