'ലുങ്കി ഹഠാവോ, പുംഗി ബജാവോ'; ലുങ്കിയുടുത്ത് നടക്കാന്‍ മലയാളികള്‍ ഭയന്നകാലം; മദ്രാസികളെ തല്ലിയോടിച്ചത് ക്രൂരമായി; കലാപത്തിലെ ജനറലായ താക്കറെ; സ്വന്തമായി അധോലോകവും വേശ്യാലയവുമുള്ള പാര്‍ട്ടി; താമര തംരംഗത്തില്‍ മുംബൈ ശിവസേനയില്‍ നിന്ന് മോചനം നേടുമ്പോള്‍!

മുംബൈ ശിവസേനയില്‍ നിന്ന് മോചനം നേടുമ്പോള്‍!

Update: 2026-01-17 10:10 GMT

ബോംബെ നഗരത്തെ കിടുകിടാ വിറപ്പിച്ച ദാമോദര്‍ജിയെ ഓര്‍മ്മയില്ലേ! 1986-ല്‍ സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടിലിറങ്ങിയ 'സന്‍മനസുള്ളവര്‍ക്ക് സമാധാനം' എന്ന സിനിമയിലെ തിലകന്റെ കഥാപാത്രം. ചാള്‍സ് ശോഭരാജിന്റെ സുഹൃത്താണെന്ന് വീമ്പടിക്കുന്നു, തലയില്‍ ഒരു തൊപ്പിയുമായി ജുബ്ബയുമിട്ട്, മോഹന്‍ലാലിന്റെ പണിക്കരെ വാടക വീട്ടില്‍നിന്ന് ഒഴിപ്പിക്കാന്‍ വരുന്ന ദാമോദര്‍ജി മലയാളികളെ ഏറെ ചിരിപ്പിച്ചിട്ടുണ്ട്.

ശിവസേനക്കാരെപ്പോലും വിറപ്പിച്ചയാളാണ് ദാമോദര്‍ജി എന്നാണ് ഹൈപ്പ് ( പില്‍ക്കാലത്ത് ഒറ്റരാത്രികൊണ്ട് ധാരാവിയിലെ ചേരി ഒഴിപ്പിച്ച, ആറാം തമ്പുരാനിലെ ജഗന്നാഥനെയും മലയാളി ആഘോഷിച്ചു) അത് അക്കാലത്തെ ഒരു പൊളിറ്റിക്കല്‍ യാഥാര്‍ത്ഥ്യമായിരുന്നു. മലയാളികള്‍ അടക്കമുള്ള ദക്ഷിണേന്ത്യക്കാരുടെ 80കളിലെ പേടി സ്വപ്നമായിരുന്നു ശിവസേന. കഴിഞ്ഞ 30 കൊല്ലമായി മുംബൈ എന്ന ഏഷ്യയിലെ ഏറ്റവും സമ്പന്നമായ നഗരത്തെ, കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു ശിവസേന.

പക്ഷേ താക്കറെ കുടുംബത്തിന്റെ കൈകളില്‍ നിന്ന് മുംബൈ വിമോചിപ്പിക്കപ്പെട്ട ദിനമായിട്ടാണ്, ഇക്കഴിഞ്ഞ ദിവസം വിലയിരുത്തപ്പെടുന്നത്. ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന താക്കറെ കുടുംബത്തിന്റെ ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി-ഷിന്‍ഡെ സഖ്യം അധികാരം പിടിച്ചിരിക്കയാണ്. മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി വളര്‍ന്ന ശിവസേന, മുംബൈയുടെ മണ്ണില്‍ ഒടുങ്ങുകയാണ്. 7,5000 കോടി രൂപ വാര്‍ഷികവരുമാനമുള്ള ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കോര്‍പ്പറേഷനുകളില്‍ ഒന്നാണ് മുംബൈ. 15 വര്‍ഷമായി അവിടെ അധികാരത്തിലിരുന്ന ഉദ്ധവ് താക്കറെയുടെ സേനയാണ് തോറ്റമ്പിയത്. ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ടനാവിസിന്റെ ചാണക്യതന്ത്രങ്ങളില്‍ അവര്‍ വീണിരിക്കയാണ്. ബാല്‍ താക്കറെ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കൈപ്പടിയിലായിരുന്നു ബോംബെ നഗരം. സ്വന്തമായി അധോലോകവും, സ്വന്തമായി വേശ്യാലയങ്ങളും സ്വന്തമായി ഗുണ്ടാപ്പടയുമൊക്കെയുണ്ടായിരുന്നു ഒരു സമാന്തര സേനയാണ് ഇതോടെ രാജ്യത്തുനിന്ന് നിഷ്‌ക്കാസനം ചെയ്യപ്പെടുന്നത്!




കാര്‍ട്ടുണിസ്റ്റില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്

ബാലസാഹബ് കേശവ് താക്കറെ എന്ന ബാല്‍താക്കറേ, സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന കേശവ് താക്കറെയുടെ മകനായി 1926ലാണ് ജനിച്ചത്. ഫ്രീ പ്രസ് ജേര്‍ണലില്‍ കാര്‍ട്ടൂണിസ്റ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഫ്രീ പ്രസ് ജേര്‍ണലിലും ടൈംസ് ഒഫ് ഇന്ത്യയിലും പ്രത്യക്ഷപ്പെട്ട അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ജനപ്രിയമായി. ഒരു ഗ്ലൂമി ഇന്‍ട്രോവേര്‍ട്ടും ശരാശരി കാര്‍ട്ടൂണിസ്റ്റുമെന്നുമാണ് അന്ന് ഫ്രീ പ്രസ് ജേണലില്‍ ഒപ്പം ജോലിചെയ്തിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍ താക്കറെയേ വിശേഷിപ്പിച്ചത്. ( ഹിറ്റ്ലറും ഒരു പരാജയപ്പെട്ട കാര്‍ട്ടുണിസ്റ്റായിരുന്നു)




ഫ്രീപ്രസ് ജേണലില്‍ അക്കാലത്ത് കൂടുതലും ദക്ഷിണേന്ത്യക്കാരാണ്. തന്നെ അവര്‍ ഒതുക്കുന്നു എന്നാണ് താക്കറെയ്ക്ക് തോന്നിയത്. ഫ്രീപ്രസ് വിട്ട് മര്‍മിക് എന്ന കാര്‍ട്ടൂണ്‍ വാരിക പിന്നീട് താക്കറേ തുടങ്ങുന്നു. ആദ്യം മറാത്തകളുടെ അവകാശത്തിന് വേണ്ടിയാണ് താക്കറേ നിലകൊണ്ടത്. മറാത്തയെ ഹിന്ദി വിഴുങ്ങുന്ന കാലമായിരുന്നു. നഗരജനതയില്‍ 43 ശതമാനമുണ്ടായിട്ടും മറാത്തി ഭാഷക്കോ സംസ്‌കാരത്തിനോ യാതൊരു മേല്‍ക്കൈയും കിട്ടിയില്ല. ബോളിവുഡ് പോലും ഹിന്ദിമയമാണ്. ഒരൊറ്റ താരവും മഹാരാഷ്ട്രയില്‍ നിന്നില്ല. മറാത്തികള്‍ അടക്കിപ്പിടിച്ചേ സ്വന്തം ഭാഷ പറയാറുള്ളൂ. കാരണം, മറാത്തിഭാഷയെ അധഃകൃതഭാഷയായേ നഗരം പൊതുവില്‍ കണക്കാക്കിയിരുന്നുള്ളൂ.

മര്‍മിക്കില്‍ താക്കറെ കോളമുണ്ടാക്കി. അതാണ് ശിവസേനയുടെ പിറവിയിലേക്ക് കാര്യങ്ങളെത്തിച്ചത്. മറാത്തകളുടെ അവഗണയായിരുന്നു പ്രധാനം. അത് ക്ലിക്കായി. പതുക്കെ ശിവസേന എന്ന പാര്‍ട്ടിയുണ്ടായി. 1966 ജൂണ്‍ 19-ന് ബാല്‍ താക്കറെ ശിവസേന രൂപീകരിച്ചത്. ദസ്‌റ ആഘോഷത്തിനിടെ മധ്യമുംബൈയിലെ ശിവാജി പാര്‍ക്കില്‍ വമ്പന്‍ റാലിയെ അഭിസംബോധന ചെയ്തായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം. മറാത്താ ചക്രവര്‍ത്തിയായിരുന്ന ഛത്രപതി ശിവജിയുടെ പേരില്‍ നിന്നാണ് 'ശിവസേന' എന്ന പേര് സ്വീകരിച്ചത്. ഗര്‍ജ്ജിക്കുന്ന പുലിയെ പാര്‍ട്ടിയുടെ ചിഹ്നമായി തിരഞ്ഞെടുത്തു. പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പില്ല. ഭാരവാഹിസ്ഥാനങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കി. പകരം സേനാപതി എന്ന ഒറ്റസ്ഥാനംമാത്രം.




മുംബൈയിലെ സര്‍ക്കാര്‍ ജോലികളിലും സ്വകാര്യ മേഖലകളിലും ദക്ഷിണേന്ത്യക്കാരില്‍ നിന്നുള്ള കുടിയേറ്റം വര്‍ദ്ധിച്ചതോടെ മറാത്തി യുവാക്കള്‍ക്കിടയില്‍ ഉണ്ടായ തൊഴിലില്ലായ്മയും അസംതൃപ്തിയുമാണ് പാര്‍ട്ടിയുടെ വളര്‍ച്ചക്ക് പ്രധാന കാരണമായത്. ബാല്‍ താക്കറെ തന്റെ രാഷ്ട്രീയ കാര്‍ട്ടൂണ്‍ മാസികയായ 'മാര്‍മിക്' വഴിയാണ് ഈ ആശയങ്ങള്‍ പ്രചരിപ്പിച്ചത്. 1989- ല്‍ സാമ്ന എന്ന പാര്‍ട്ടി പത്രം ആരംഭിച്ചു. 'മണ്ണിന്റെ മക്കള്‍' എന്ന മുദ്രാവാക്യമുയര്‍ത്തി, മുംബൈയിലെ തൊഴിലവസരങ്ങളില്‍ മറാത്തികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. തുടക്കത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേക്കാള്‍ ഉപരിയായി ഒരു സാമൂഹിക സംഘടനയായാണ് ഇത് പ്രവര്‍ത്തിച്ചത്. പക്ഷേ കാലക്രമത്തില്‍ അവരുടെ ലൈന്‍ അക്രമത്തിന്റെ വഴിയായി.

'ലുങ്കി ഹഠാവോ, പുംഗി ബജാവോ'

അക്കാലത്ത് ലുങ്കിയുടുത്ത് ബോംബെയിലെ തെരുവുകളിലൂടെ നടക്കാന്‍പോലും ജനം ഭയന്നിരുന്നു. മുംബൈയിലുള്ള ദക്ഷിണേന്ത്യക്കാരെയും ആക്രമിക്കുകയെന്നതായിരുന്നു ശിവസേനയുടെ തുടക്കംമുതലുള്ള രാഷ്ട്രീയ അജണ്ട. 1966ലാണ് സേനയുടെ ആദ്യ മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചത്. അതില്‍ മദ്രാസികളായിരുന്നു വില്ലന്‍മാര്‍. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷക്കാര്‍. ഇവര്‍ നഗരജനതയുടെ ഒമ്പതുശതമാനം മാത്രമേയുള്ളൂ. ഗുജറാത്തികള്‍ 14 ശതമാനമുണ്ട്. എന്നാല്‍ അവര്‍ തൊഴിലുടമകളാണ്. അന്നം തരുന്ന കൈയ്ക്ക് കടിക്കേണ്ട എന്ന് താക്കറെ ഉപദേശിച്ചു. തെക്കരെ പിടിക്കാന്‍ ശരിയായ കാരണം, അവരായിരുന്നു വൈറ്റ്‌കോളര്‍ ജോലികളില്‍ കൂടുതലും. അങ്ങനെ മണ്ണിന്റെ മക്കള്‍ ലഹള അരങ്ങേറുന്നു. ദക്ഷിണേന്ത്യന്‍ ഹോട്ടലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമങ്ങള്‍ അരങ്ങേറി.

ദക്ഷിണേന്ത്യക്കാരെ ലക്ഷ്യം വെച്ച് 'ലുങ്കി ഹഠാവോ, പുംഗി ബജാവോ' (ലുങ്കിക്കാരെ ഓടിക്കൂ) എന്ന മുദ്രാവാക്യം ശിവസേന ഉപയോഗിച്ചിരുന്നു. പുംഗി എന്നത് ഒരു തരം സംഗീതോപകരണമാണ്. അത് വായിക്കുക എന്നാണ് ഈ അധിക്ഷേപ മുദ്രാവാക്യത്തിന്റെ അര്‍ത്ഥം. കൂടാതെ 'യന്ദു ഗുണ്ടു' തുടങ്ങിയ അധിക്ഷേപ വാക്കുകളും അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചു. താക്കറെ തന്റെ 'മാര്‍മിക്' എന്ന ആഴ്ചപ്പതിപ്പിലൂടെ മുംബൈയിലെ പ്രധാന കമ്പനികളിലെ ഉദ്യോഗസ്ഥരുടെ പട്ടിക പ്രസിദ്ധീകരിച്ചു. അതില്‍ മറാത്തി അല്ലാത്തവരുടെ (പ്രധാനമായും ദക്ഷിണേന്ത്യക്കാരുടെ) പേരുകള്‍ പ്രത്യേകമായി അടയാളപ്പെടുത്തി, അവര്‍ മറാത്തികളുടെ അവകാശങ്ങള്‍ കവരുന്നുവെന്ന് പ്രേരിപ്പിച്ചു.




ഇതോടെ ദക്ഷിണേന്ത്യക്കാര്‍ നടത്തിയിരുന്ന ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും നേരെ ശിവസേനക്കാര്‍ വ്യാപകമായി കല്ലേറും അക്രമങ്ങളും നടത്തി. ഉഡുപ്പി ഹോട്ടലുകള്‍ തകര്‍ക്കപ്പെട്ടു. 1966 ഒക്ടോബറില്‍ ശിവാജി പാര്‍ക്കില്‍ നടന്ന ആദ്യ ദസറ റാലിക്ക് ശേഷം ഇത്തരം ആക്രമണങ്ങള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മറാത്തകള്‍ക്ക് 80% തൊഴില്‍ സംവരണം വേണമെന്നതായിരുന്നു സേനയുടെ പ്രധാന ആവശ്യം. അവര്‍ ഓഫീസുകളില്‍ അതിക്രമിച്ചു കയറി ദക്ഷിണേന്ത്യന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. സിനിമ തിയേറ്ററുകള്‍ക്ക് നേരെയുള്ള ആക്രമണം നടന്നു. ദക്ഷിണേന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ തകര്‍ക്കുകയും പ്രദര്‍ശനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്യുന്നത് പതിവായി.ഉത്തരേന്ത്യക്കാരായ ടാക്സിക്കാരെ വിറപ്പിച്ചുകൊണ്ട് സിഗ്‌നല്‍ ബോര്‍ഡുകളെല്ലാം മറാട്ടിയിലാക്കി.

ഗുജറാത്ത്, മാര്‍വാഡി സമുദായത്തെ വിരട്ടി, വലിയ സംഭാവനകള്‍ സ്ഥിരമായി വരുത്തി. ഹോട്ടലും ഇടത്തരം കച്ചവടങ്ങളും നടത്തിവന്ന തമിഴ്, കന്നഡ സംസ്ഥാനക്കാരെ പേടിപ്പിച്ചുനിര്‍ത്തി. ഈ പ്രക്ഷോഭങ്ങള്‍ മുംബൈയിലെ ദക്ഷിണേന്ത്യന്‍ സമൂഹത്തിനിടയില്‍ വലിയ ഭീതി സൃഷ്ടിച്ചു. എന്നാല്‍ 1970-കളുടെ പകുതിയോടെ ശിവസേന ഈ നിലപാടില്‍ മാറ്റം വരുത്തുകയും കമ്മ്യൂണിസ്റ്റ് വിരുദ്ധതയിലേക്കും പിന്നീട് ഹിന്ദുത്വ രാഷ്ട്രീയത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

1971ല്‍ ജന. കരിയപ്പ ബോംബെയില്‍ നിന്ന് മത്സരിച്ചപ്പോള്‍, കന്നഡിഗയായിട്ടും താക്കറെ പിന്തുണച്ചു. എതിരാളികള്‍ ഇടതുപക്ഷക്കാരാണ്. ആള്‍ തോറ്റുപോയെങ്കിലും താക്കറെയുടെ ലൈന്‍മാറ്റം വ്യക്തമായി. മദ്രാസികളെ വിട്ട് പകരം കമ്യൂണിസ്റ്റുകാരെ ടാര്‍ഗറ്റാക്കുന്നു. 'മോസ്‌കോയില്‍ മഴ പെയ്താല്‍ ലാല്‍ഭായ് മുംബൈയില്‍ കുടപിടിക്കും' എന്ന പരിഹാസത്തോടെയാണ് തുടക്കം. തെക്കെ ഇന്ത്യക്കാര്‍ കുറഞ്ഞപക്ഷം ഇന്ത്യക്കാരാണ്; കമ്യൂണിസ്റ്റുകള്‍ ഇന്ത്യക്കാരല്ല എന്നായി വ്യാഖ്യാനം. അന്ന് ഇടതുട്രേഡ് യൂണിയനുകള്‍ ബോംബെയില്‍ ശക്തമാണ്. താക്കറെയുടെ പുതിയ ലൈന്‍ ബിസിനസുകാരെ സേനയോട്

അടുപ്പിച്ചു.




മുതലാളിമാരും ശിവസേനയും ചേര്‍ന്ന് ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള പണി തുടങ്ങി. ഇന്ദിരാഗാന്ധിയുടെ അടക്കം പരോക്ഷ പിന്തുണ ഈ നീക്കത്തിന് ഉണ്ടായിരുന്നു. സി.പി.ഐ നേതാവ് കൃഷ്ണദേശായിയെ ശിവസൈനികര്‍ കൊല്ലുന്നു. താക്കറെ അവസരെ പിന്താങ്ങുന്നു, രാം ജത്മലാനി അവരുടെ കേസ് വാദിക്കുന്നു. ബോംബെയിലെ ഏറ്റവും പഴയ ട്രേഡ് യൂണിയന്‍ ഓഫീസ്- ലാല്‍ബാഗ് പരേലിലെ ഗിര്‍നി കാംഗാര്‍ യൂണിയന്‍ ഓഫീസ് കത്തിക്കാന്‍ താക്കറെ ആഹ്വാനം ചെയ്യുന്നു. അനുയായികള്‍ അനുസരിക്കുന്നു. ഇതേ സമയം, ഭീവണ്ഡിയില്‍ മുസ്ലിംകളെ വകവരുത്തുന്നു.ഇങ്ങനെ ഇന്ദിരാഗാന്ധിയുടെ പരോക്ഷ പിന്തുണയോടെ ഇടതുപക്ഷത്തെ ട്രേഡ് യൂണിയന്‍ രംഗത്തുനിന്ന് അടിച്ചോടിക്കയാണ് താക്കറേ ചെയ്തത്.

മുസ്ലീങ്ങള്‍ക്കെതിരെ തീവ്ര വിദ്വേഷം

താക്കറേയുടെയും ശിവസേനയുടെയും അടുത്ത ഘട്ടം മുസ്ലീം വിദ്വേഷവും അപരവത്ക്കരണവുമായിരുന്നു. 2007-ല്‍ ഒരു ശിവസേന റാലിയില്‍ വെച്ച് മുസ്ലീങ്ങളെ 'പച്ച വിഷം' എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇതിന്റെ പേരില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തിരുന്നു. മുസ്ലീങ്ങളുടെ വോട്ടവകാശം എടുത്തുകളയണമെന്നും അങ്ങനെയെങ്കില്‍ മാത്രമേ അവര്‍ക്കെതിരെയുള്ള രാഷ്ട്രീയ പ്രീണനം അവസാനിക്കുകയുള്ളൂ എന്നും അദ്ദേഹം പത്രങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും വാദിച്ചിരുന്നു. ഇന്ത്യയുടെ ഉള്ളിലെ 'ഇസ്ലാമിക ട്യൂമര്‍' നീക്കം ചെയ്യണമെന്ന് 2009-ല്‍ 'സാമ്‌ന'യിലെ മുഖപ്രസംഗത്തില്‍ അദ്ദേഹം എഴുതിയിരുന്നു.

ബോംബെ കലാപം ഉണ്ടാകുന്നത് 92 ഡിസംബറിലും 93 ജനുവരിയിലുമായിട്ടാണ്. അതിലും ശിവസേനക്ക് വലിയ പങ്കുണ്ട്. കര്‍സേവക്കുള്ള റിക്രൂട്ട്മെന്റും രാമക്ഷേത്രത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവും പറഞ്ഞ് ശിവസേന കാമ്പയിന്‍ തുടങ്ങി. രാമപാദുകപൂജകള്‍, ഘോഷയാത്രകള്‍, റാലികള്‍, തെരുവുയോഗങ്ങള്‍. അതിലെല്ലാം മുഴക്കിയ സ്ഥിരം മുദ്രാവാക്യങ്ങള്‍ ചിലതുണ്ട്: 'ഗര്‍വ് സേ കഹോ ഹം ഹിന്ദു ഹൈ. ഹിന്ദുസ്ഥാന്‍ ഹിന്ദുവേശക, നഹി കിസി കെ ബാപ്കാ.' ഇന്ത്യ ഹിന്ദുക്കളുടേതാണ്, മറ്റൊരുത്തന്റേം തന്തേടെ വകയല്ലെന്ന്, ആയതിനാല്‍, 'ഈസ് ദേശ് മേ രഹാനാ ഹോഗാ, തോ വന്ദേമാത്രം ബോല്‍നാ ഹോഗ.' ഇങ്ങനെപോയി ശിവസേനയുടെ മുദ്രവാക്യങ്ങള്‍.



90കളുടെ തുടക്കത്തില്‍ ശിവസേനയുടെ കോര്‍ണര്‍ മീറ്റിംഗുകളില്‍ മുസ്ലിം വിരുദ്ധതയുടെ വേദികളായി. അന്ന് സംസ്ഥാനം ഭരിക്കുന്നത് കോണ്‍ഗ്രസാണ്. സുധാകര്‍ റാവു നായിക് മുഖ്യമന്ത്രി. എന്നിട്ടും ഭരണകൂടം അനങ്ങിയിട്ടില്ല. ഒക്ടോബറില്‍ ധാരാവിയില്‍ ഒരു ലഘുലേഖ പ്രചരിച്ചിരുന്നു, തമിഴില്‍. മുസ്ലിംകളുടേത് ഇന്ത്യയെ ആക്രമിച്ചു കൊള്ളയടിക്കാന്‍ വന്നവരുടെ പൈതൃകമാണ്, കൊള്ള കഴിഞ്ഞാല്‍ അവര്‍ മതം പ്രചരിപ്പിക്കും എന്നിങ്ങനെയാണ് ഉള്ളടക്കം. ഏതാനും ദിവസങ്ങള്‍ക്കകം അവിടെ ഒരു പൊതുയോഗം സംഘടിപ്പിക്കുന്നു. ശിവസേനാ നേതാവ് ബാബുറാവു മാനെയും മറ്റും മറ്റും പ്രസംഗിക്കുന്നു. മുസ്ലിംകള്‍ വിദേശികളാണ്, അവരുടെ കൈകളാല്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ അരക്ഷിതരായിരിക്കുന്നു എന്നാണ് ഉദ്ബോധനം. ഇത്തരത്തിലുള്ള യോഗങ്ങള്‍ ബോംബെ നഗരത്തില്‍ ഒരുപാട് നടന്നു.

മുംബൈ കലാപത്തിലെ ജനറല്‍

1992-93 കാലഘട്ടത്തിലെ മുംബൈ കലാപത്തെക്കുറിച്ച് അന്വേഷിച്ച ശ്രീകൃഷ്ണ കമ്മീഷന്‍, ബാല്‍ താക്കറെ തന്റെ പത്രമായ 'സാമ്‌ന'യിലൂടെ ഹിന്ദുക്കളെ പ്രകോപിപ്പിക്കുകയും മുസ്ലീങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു സൈനിക ജനറലിനെപ്പോലെ അദ്ദേഹം തന്റെ അണികളെ കലാപത്തിന് നയിച്ചുവെന്ന ഗുരുതര ആരോപണമാണ് കമ്മീഷന്‍ മുന്നോട്ടുവെക്കുന്നത്.

ഡിസംബര്‍ ആറിന് പള്ളിപൊളിച്ചപ്പോള്‍, ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ്- ധാരാവിയില്‍ വര്‍ഗീയ കലാപത്തിന്റെ തീപ്പൊരി വീഴുന്നത്. ശിവസേനാ നേതാക്കള്‍ ഇരുനൂറോളം പേരുടെ ഒരു സൈക്കിള്‍ റാലി നടത്തി, പള്ളി പൊളിച്ചതിന്റെ വിജയാഘോഷം നടത്തുന്നു. ആഹ്ലാദാരവങ്ങളോടെ റോന്തുചുറ്റിയ റാലി ഒടുവില്‍ കാലാ കില്ലയില്‍ അവസാനിക്കുന്നു. അതിനിടെപതിവുള്ള മുസ്ലിം അവഹേളനങ്ങളും. ഇത്തരം പരിപാടികള്‍ നഗരത്തിന്റെ പല ഭാഗത്തും ആവര്‍ത്തിക്കപ്പെട്ടു.

അത്രയുമായതോടെ മുസ്ലിംകളും തെരുവിലേക്കിറങ്ങുന്നു. നഗരത്തിന്റെ പല ഭാഗങ്ങളില്‍ അവരുടെ പ്രതിഷേധം പടരുന്നു. പല പൊലീസ് സ്റ്റേഷനുകള്‍ക്കും വാഹനങ്ങള്‍ക്കും നേര കല്ലേറുണ്ടായി. പൊലീസ് അടിച്ചമര്‍ത്താനിറങ്ങി. പക്ഷേ ഒന്നും നടന്നില്ല. കലാപം പടര്‍ന്നു.

രണ്ടു ഘട്ടങ്ങളായാണ് കലാപം നടന്നതെന്ന് അന്ന് മുബൈയില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്നു വിജു വി നായര്‍ അനുസ്മരിക്കുന്നുണ്ട്.-' ആദ്യഘട്ടം ഡിസംബര്‍ ആറ് മുതല്‍ അഞ്ചു ദിവസം. അതില്‍ പ്രധാനമായും മുസ്ലിങ്ങളും പൊലീസ് ഏറ്റുമുട്ടലും പൊലീസ് വെടിവെപ്പുമായാണ് നടന്നത്. മുസ്ലിം- ഹിന്ദു ഏറ്റുമുട്ടലുകള്‍ അതിന്റെ ഉപവകുപ്പായിരുന്നു. വെടിവെപ്പിലാണ് കൂടുതല്‍ മരണവുമുണ്ടായത്. ഡിസംബര്‍ ഏഴിനു മാത്രം 63 പേര്‍. മൂന്നുദിവസം കൊണ്ട് നൂറു കടന്നു. പൊലീസ് ചടുലതയുടെ ഒരു സ്പെഷ്യല്‍ എപ്പിസോഡുണ്ട്. ഗോവണ്ടിയിലെ കുപ്രസിദ്ധമായ കോംബിംഗ് ഓപ്പറേഷന്‍. അവിടെ ദേവ്നാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രത്യേകിച്ചൊരു കുഴപ്പവുമില്ലാതെ ഡിസംബര്‍ ആറ് കടന്നുപോയി. പിറ്റേന്നും കുഴപ്പമില്ല. പൊടുന്നനെ പൊലീസ് സംഘങ്ങള്‍ കോളനികളില്‍ വീടുവീടാന്തരം കയറിയിറങ്ങുന്നു. മുസ്ലിം ചെറുപ്പക്കാരെ പേരുതിരക്കി കണ്ടെത്തി അറസ്റ്റു ചെയ്യുന്നു. ചോദ്യമുന്നയിച്ചാലുടന്‍ പോയിന്റ് ബ്ലാങ്കില്‍ നിറയൊഴിക്കുന്നു.

ശിവസേനയുടെ ലോക്കല്‍ ശാഖയുമായി ചേര്‍ന്നുള്ള കലാപരിപാടിയാണിതെന്ന് പില്‍ക്കാലത്താണ് വ്യക്തമാകുന്നത്. ഗുട്ടന്‍സ് ഇത്രേയുള്ളൂ- ശാഖാ പ്രമുഖ് ദിന്‍കര്‍ സകാര്‍ക്കറുടെ സന്താനം അരുണ്‍ സകാര്‍ക്കറാണ് ദേവനാര്‍ സ്റ്റേഷനിലെ എസ്.ഐ. അയാളും കീഴ്പൊലീസുകാരും കൂടി നടത്തിയ ക്ലീനപ്പാണ് നമ്മള്‍ കണ്ടത്. നിരവധിപേരെ കൊന്നൊടുക്കിയ ഈ സംഭവം പുറത്തായപ്പോള്‍, സാമ്ന പത്രം സ്പെഷ്യല്‍ കാമ്പയിന്‍ തന്നെ നടത്തി, ദേവ്നാര്‍ പൊലീസിന്റെ മനോവീര്യം സംരക്ഷിക്കണമെന്നു പറഞ്ഞ്. ''- വിജു വി നായര്‍ ഒരു ഓണ്‍ലൈന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു.



ഡിസംബര്‍ 12 ഓടെ കലാപം ഒന്നടങ്ങി. പക്ഷേ ഡിസംബര്‍ മൂന്നാംവാരം ഗോരെഗാവില്‍ രണ്ടു മുസ്ലിംകളെ ഒരു മുറിയില്‍ പൂട്ടിയിട്ട് കത്തിക്കുന്നു, ഒരാള്‍ മരിക്കുന്നു, രണ്ടുമൂന്ന് ദിവസം കഴിയുമ്പോള്‍ ഡോംഗ്രിയില്‍ ഒരു മറാത്തി തൊഴിലാളിയെ ആരോ കുത്തിക്കൊല്ലുന്നു. അത് മുസ്ലിംകളാണെന്ന് വ്യാപക പ്രചാരണം. അതു ശരിയല്ലെന്ന് പിന്നീട് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇതേസമയം പലേടത്തും പുതിയൊരിനം കുത്തുകേസ് അവതരിക്കുന്നു. വെറുതെ നില്‍ക്കുന്ന മനുഷ്യരെ മിന്നല്‍പോലെ വന്ന് കത്തിക്ക് പോറിയിട്ട് മുങ്ങുക. വയറ്റില്‍ പോറലേറ്റവര്‍ വീണുമരിക്കുന്നു. പ്രൊഫഷണല്‍ കില്ലര്‍മാര്‍ക്കുമാത്രം സാധിക്കുന്ന ഈ ഹിന്ദുക്കളെ ലക്ഷ്യമിട്ടായിരുന്നു.

ഡിസംബര്‍ 26ന് ബി.ജെ.പി- ശിവസേന സഖ്യം തെരുരില മഹാ ആരതി നടത്തി. ഇതിന് പറഞ്ഞ ന്യായം, മുസ്ലിംകള്‍ തെരുവില്‍ വെള്ളിയാഴ്ച നമസ്‌കാരം നടത്തുന്നതുകൊണ്ട് ട്രാഫിക് ജാമുണ്ടാവുന്നു. അത് നിര്‍ത്താന്‍ വകുപ്പില്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് മഹാ ആരതിക്കും അവകാശമുണ്ട് ്ന്നായിരുന്നു. കര്‍ഫ്യൂ നിലനില്‍ക്കുന്നിടത്താണ് ഈ ആരതി നടക്കുന്നത്. ഓരോ ആരതിക്കുശേഷവും സംഘര്‍ടമുണ്ടായി. മഹാ ആരതിമൂലം മുബൈയുടെ സമാധാനം വീണ്ടും നഷ്ടമായി. ജനുവരി ഒന്നിന് താക്കറെ സാമ്ന പത്രത്തില്‍ 'ഹിന്ദുക്കള്‍ ആക്രമണം തുടങ്ങിയേ തീരൂ' എന്ന് തുറന്ന് പറഞ്ഞു. പിറ്റേന്നുതന്നെ താര്‍ദേവില്‍ മുസ്ലിം കുടിലുകള്‍ക്കു തീയിടുന്നു. ധാരാവിയില്‍ ഇരുമ്പുവടി കൊണ്ടുള്ള ആക്രമണ പരമ്പര. ഇതോടെ വീണ്ടും കലാപമായി. ആദ്യത്തേതില്‍ നിന്ന്വ്യത്യസ്തമായി ഇതില്‍ കണിശതയുള്ള ആസൂത്രണം പ്രകടമായിരുന്നു. മിക്കവാറും പ്രദേശങ്ങളില്‍ ശിവസേന ശാഖയായിരുന്നു ആസൂത്രണ കേന്ദ്രം. ഓരോ ശാഖയിലും 200 പേരെങ്കിലും അംഗങ്ങളായുണ്ട്. അവരില്‍ ഒരു കൂട്ടര്‍ വോട്ടര്‍പട്ടികയും പ്രാദേശിക സ്ഥാപന ലിസ്റ്റും നോക്കി ആക്രമിക്കേണ്ടവരുടെ വിലാസം തയ്യാറാക്കും. ഒരു സംഘം പോയി ആ വിലാസങ്ങളില്‍ അടയാളം വയ്ക്കും. മറ്റൊരു സംഘം പിന്നീട് അവിടെ വന്ന് കൃത്യം നിര്‍വഹിച്ചു മടങ്ങും. 220 ശാഖകളാണ് നഗരത്തില്‍ ശിവസേനയ്ക്കുള്ളത്. അവര്‍ കാര്യങ്ങള്‍ ഭംഗിയായി ചെയ്തു.

മറുഭാഗത്ത് മുസ്ലീം കലാപകാരികളും അഴിഞ്ഞാടി. വിജയ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ നാലുതൊഴിലാളികള്‍ കൊല്ലപ്പെട്ടു. ജോഗേഗ്വറിയില്‍ ഒരു ഹിന്ദു കുടംബത്തെ അവരുടെ കുടിലിലിട്ട് കത്തിച്ചു. ഇജനുവരി അവസാനം വരെ ബോംബെ കത്തിക്കൊണ്ടിരുന്നു. ഫെബ്രുവരി ആദ്യവാരമാണ് ഒന്നണഞ്ഞു തുടങ്ങുന്നത്. അപ്പോഴേക്കും ആവശ്യത്തിനുള്ള അടി കൊടുത്തുകഴിഞ്ഞു എന്ന് ഹിന്ദുത്വ നേതാക്കള്‍ തന്നെ പറഞ്ഞുതുടങ്ങിയിരുന്നു. അങ്ങനെ താക്കറേ ഹിന്ദുക്കളെ രക്ഷിച്ച നേതാവായിപ്പോലും വിലയിരുത്തപ്പെട്ടു. സത്യത്തില്‍ മുംബൈ കലാപത്തിന്റെ ആസൂത്രകരില്‍ പ്രധാനി താക്കറേയും ശിവസേനയുമാണ്. കലാപത്തിന് ഒരു സൈനിക ജനറലിനെപ്പോലെ നേതൃത്വം കൊടുത്തുവെന്ന് ആരോപണം ഉയര്‍ന്നിട്ടും, താക്കറേയെ തൊടാന്‍ പൊലീസിന് ധൈര്യമുണ്ടായില്ല.

സ്വന്തമായി അധോലോകവും വേശ്യാലയവും!

സ്വന്തമായി അധോലോകം പോലുമുള്ള സംഘടനയാണ് ശിവസേന. ദാവൂദ് ഇബ്രാഹിമിന് ബദലായി, താക്കറെയും കൂട്ടയും അരുണ്‍ഗാവ്ലിയുടെ ഹിന്ദു അധോലോകത്തെ ഉയര്‍ത്തിക്കൊണ്ടുവന്നു. 'പാക്കിസ്ഥാനു ദാവൂദ് ഇബ്രാഹിം ഉണ്ടെങ്കില്‍ നമുക്ക് ഗാവ്ലിയുണ്ട്' എന്ന് ഒരു വേദിയില്‍ താക്കേറേ പ്രസംഗിക്കുകയും ചെയ്തു. അതുപോലെ തന്നെ ഹിന്ദു ചാവേര്‍ സംഘങ്ങള്‍ ഉണ്ടാക്കണമെന്ന് വരെ താക്കറേ പരസ്യമായി പറഞ്ഞിരുന്നു. 2002-ലും 2008-ലും ഇസ്ലാമിക ഭീകരതയെ നേരിടാന്‍ ഹിന്ദുക്കള്‍ 'ചാവേര്‍ ബോംബ് സ്‌ക്വാഡുകള്‍' രൂപീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 'ഇസ്ലാമിക ഭീകരത വളരുകയാണ്, അതിനെ നേരിടാനുള്ള ഏക വഴി ഹിന്ദു ഭീകരതയാണ്' എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ ഈ ചാവേര്‍ സംഘം ഇല്ലെങ്കിലും അതിന് സമാനമായി എവിടെയും എത്തിപ്പെടാന്‍ കഴിയുന്ന ഒരു അധോലോക സംഘം അദ്ദേഹത്തിന് ഉണ്ടായിരുന്നു. താക്കറെയുടെ ഒരു വാക്ക് മതി മുബൈ നഗരം കത്തിയെരിയും.

ആദ്യകാലത്ത് സര്‍ക്കാര്‍ പുറമ്പോക്കുകള്‍ കയ്യേറി വടാപാവ് കച്ചോടം നടത്തിക്കൊണ്ടാണ് താക്കറേ, മറാത്തികളുടെ രക്ഷകനായത്. മണ്ണിന്റെ മക്കള്‍ക്ക് അതിന് ജന്മാവകാശമുണ്ടെന്ന് അദ്ദേഹം എഴുതി. ഈ പാവങ്ങള്‍ ഏതുകാലത്തും തങ്ങളുടെ സംരക്ഷകനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിരുന്നു. പലര്‍ക്കും താക്കറെയുടെ ആവശ്യമുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രതിയോഗികളെ ഭിന്നിപ്പിക്കാന്‍, വ്യവസായികള്‍ക്ക് യൂണിയന്‍ ശല്യം തീര്‍ക്കാന്‍. സിനിമാക്കാര്‍ക്ക് അലമ്പില്ലാതെ പടമിറക്കാന്‍. ബില്‍ഡര്‍മാര്‍ക്ക് സ്ഥലം കവരാന്‍, കെട്ടിമുടമകള്‍ക്ക് താമസക്കാരെ ഒഴിപ്പിക്കാന്‍... അതെല്ലാം താക്കറുടെ ഗുണ്ടാ സംഘം ചെയ്തുകൊടുത്തു. എന്തിന് കാമാത്തിപുരയിലെ വേശ്യാലയങ്ങള്‍പോലും സേനയുടെ നിയന്ത്രണത്തിലായി. അവര്‍ക്ക് ഹഫ്ത്ത കൊടുക്കാതെ മുംബൈയില്‍ ഒരുകാര്യവും നടക്കാതായി.

അങ്ങനെ അയാള്‍ നഗരത്തിലെ കിരീടം വെക്കാത്ത രാജാവായി. മൈക്കല്‍ ജാക്സന്റെ ഷോ ബോംബെയില്‍ വന്നപ്പോള്‍, ദേ ജാക്സന്‍ നേരെ താക്കറെയുടെ വീട്ടിലേക്കാണ് പോയത്. താക്കറയേ പിണക്കിയാല്‍ ഷോ നടക്കില്ല. ഇന്തോ- പാക് ക്രിക്കറ്റ് കളിപോലും താക്കറേ മുടക്കി. സേന പിച്ച് കുത്തിക്കീറി. ഇത്രയും പ്രശ്നങ്ങള്‍ ചെയ്തിട്ടും താക്കറേയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുക്കാന്‍ പോലും പൊലീസിന് പേടിയായിരുന്നു.

99 മുതല്‍ 2005 വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വോട്ടുചെയ്യുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയതാണ് അദ്ദേഹത്തിന് നേരെയുണ്ടായ കാര്യമായ നടപടി. പക്ഷേ പുറമെ ഇങ്ങനെ പറയുന്നുണ്ടെങ്കിലും, ഉള്ളിന്റെയുള്ളില്‍ ഭീരുവാണ് താക്കറേയെന്ന് പലരും എഴുതിയിട്ടുണ്ട്. 1975- ലെ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരക്ക് പിന്തുണ കൊടുക്കയാണ് അദ്ദേഹം ചെയ്തത്. 1993 മാര്‍ച്ചിലെ ബോംബെ സ്ഫോടന പരമ്പര, ശിവസേനയുടെ ഹെഡാഫീസായ ദാദറിലെ സേന ഭവന് നേരെ മുന്നിലാണ് തുടങ്ങിയത്. വിരണ്ടുപോയ താക്കറേ കോപ്രമൈസിന് വന്നതും ചരിത്രം. എന്നാലും, ഉദരരോഗവും ശ്വാസകോശ രോഗവും മൂലം 2012 നവംബര്‍ 17 ന് ബാല്‍ താക്കറേ അന്തരിക്കുന്നതുവരെ, ശിവ സേനയുടെ പ്രതാപം നിന്നിരുന്നു.

അതിനുശേഷം ഉദ്ധവിന്റെ കാലം വന്നതോടെ സേന കുടുംബത്തില്‍ തന്നെ ഭിന്നതായി. താക്കറേയുടെ സഹോദരന്റെ മകന്‍ രാജ്താക്കറേ സ്വന്തം പാര്‍ട്ടിയുണ്ടാക്കി. ബിജെപി സഖ്യത്തില്‍നിന്ന് വിട്ട് ശിവസേന മറുകണ്ടം ചാടി. ജാതി പാര്‍ട്ടികളെ മതംവെച്ച് വെട്ടിയപോലെ, മറാത്താ വാദത്തെ ദേശീയവാദംകൊണ്ട് ബിജെപി വെട്ടി. ശിവസേനയെ പിളര്‍ത്തി, ഷിന്‍ഡേ വിഭാഗമുണ്ടാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സേന സഖ്യത്തെ തോല്‍പ്പിച്ച് ബിജെപി അധികാരത്തിലെത്തി.



ഇപ്പോള്‍ നടന്ന ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ശിവസേനയെ സംബന്ധിച്ച് തിരിച്ചുവരവിനുള്ള അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു. അതിന് മുന്നോടിയായി, ബന്ധുക്കളായ ഉദ്ധവ് താക്കറെയും രാജ് താക്കറെയും 20 വര്‍ഷത്തിനുശേഷം ഒന്നിച്ചപ്പോള്‍ ശിവസേന തിരിച്ചുവര് സ്വപ്നം കണ്ടിരുന്നൂ. എന്നാല്‍ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ, എല്ലാം കര്‍ന്നു. 2019-ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റകക്ഷിയും സഖ്യകക്ഷിയുമായ ബിജെപിയെ ചതിച്ച് മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി ബദ്ധശത്രുവായ ശരത് പവാറുമായി കൂട്ടുകൂടിയത് ഉദ്ധവ് താക്കറെയുടെ രാഷ്ട്രീയവഞ്ചനക്കുള്ള തിരിച്ചടിയാണ് ഇതെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

ഉദ്ധവ് താക്കറെയുടെ ശിവസേന തകര്‍ന്നടിഞ്ഞതിന് ഇപ്പോള്‍ എല്ലാവരും വിമര്‍ശിക്കുന്നത് രാജ് താക്കറെയുടെ സാന്നിധ്യമാണ്. മറാത്ത അഭിമാനം ഉയര്‍ത്തിക്കൊണ്ടുള്ള പഴയ രാഷ്ട്രീയത്തിന് പ്രസക്തി കുറഞ്ഞിരിക്കുന്നു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. മുംബൈ ഒരു മറാത്ത നഗരം മാത്രമല്ല, അത് ഒരു ആഗോള നഗരമാണിന്ന് എന്നതാണ് വാസ്തവം. ഈ തിരഞ്ഞെടുപ്പ് കാലത്ത് മറാത്ത വികാരം ഉണര്‍ത്താന്‍ മഹാരാഷ്ട്രക്കാരല്ലാത്തവര്‍ക്കെതിരെ രാജ് താക്കറെയുടെ അനുയായികള്‍ കര്‍ക്കശമായ നിലപാട് എടുത്തിരുന്നു. മറാത്തി ഭാഷ സംസാരിക്കാത്തതിന്റെ പേരില്‍ രാജ് താക്കറെയുടെ പ്രവര്‍ത്തകര്‍ ആളുകളെ തല്ലിയത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ വന്‍ തിരിച്ചടിയായി. ഇതോടെ ഒരു കാര്യം ഉറപ്പായി. മുംബൈയില്‍ ശിവസേന യുഗം അവസാനിച്ചിരിക്കയാണ്. പകരം ബിജെപി യുഗമാണ്. തീവ്ര ഹിന്ദുത്വയെ മുദൃഹിന്ദുത്വകൊണ്ടും, പ്രാദേശികതയെ ദേശീയതകൊണ്ടും ബിജെപി തോല്‍പ്പിക്കുന്നതാണ്, മുംബൈയില്‍ കാണാന്‍ കഴിയുന്നത്.

വാല്‍ക്കഷ്ണം: ഈ തിരഞ്ഞെടുപ്പില്‍, ധാരാവിയില്‍ ജയിച്ച ശിവസേനാ നേതാവും മലയാളിയുമായ ജഗദീഷ് ഒരു അഭിമുഖത്തില്‍ പറയുന്നത് നോക്കുക. 'ഞാന്‍ ബിസിനസുകാരനാണ്. കോണ്‍ട്രാക്റ്റ് ജോലിയും ഏറ്റെടുക്കാറുണ്ട്. കരാര്‍ ജോലിയില്‍ ചില കമ്പനികള്‍ പൈസ തരാതിരുന്നതോടെയാണ്, ശിവസേനയില്‍ ചേര്‍ന്നത്. ശിവസേനയെന്ന് പറഞ്ഞാല്‍ മുംബൈക്കാര്‍ക്ക് ഭയമാണ്.

അങ്ങനെ പണം കൃത്യമായി കിട്ടിത്തുടങ്ങി. പിന്നീട് ഇവിടുത്തെ എംഎല്‍എ വഴി ശിവസേന ശാഖാപ്രമുഖ് ആയി. തൊട്ടടുത്ത കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സീറ്റ് തരികയായിരുന്നു''- ഇതാണ് സത്യത്തില്‍ ശിവസേനാ ഭരണം. പക്ഷേ ദേവന്ദ്ര ഫട്നാവീസ് ഈ ഭീതി രാഷ്ട്രീയവും അവസാനിപ്പിച്ചിരിക്കയാണ്.

Tags:    

Similar News