കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചു; കണ്ടെടുത്തത് ആയിരക്കണക്കിന് ദൃശ്യങ്ങൾ; കേസിൽ ബികോം ബിരുദധാരി പിടിയിൽ; സംഭവം ചെന്നൈയിൽ
ചെന്നൈ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവിനെ പോലീസ് പിടികൂടി. 22 വയസുകാരനായ ബികോം ബിരുദധാരിയെയാണ് ചെന്നൈ പോലീസ് തെലങ്കാനയിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണിൽ നിന്ന് ആയിരത്തോളം അശ്ലീല വീഡിയോകളും ചിത്രങ്ങളും ഉദ്യോഗസ്ഥർ ഇതിനോടകം കണ്ടെത്തി. ഇതിലെല്ലാം കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലക്കാരനായ വെങ്ക രഘുനാഥ് റെഡ്ഡി എന്നയാളാണ് കേസിൽ അറസ്റ്റിലായത്. ഇയാളെ സംബന്ധിച്ച് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചെന്നെ സിറ്റി പോലീസിന്റെ വെസ്റ്റ് സോൺ സൈബർ ക്രൈം വിങിന് വിവരം നൽകിയിരുന്നു.
ഇതനുസരിച്ച് പോലീസുകാർ ഇയാളുടെ ഐ.പി വിലാസം ശേഖരിച്ചു. അന്വേഷണത്തിൽ തെലങ്കാനയിൽ നിന്നാണ് പ്രവർത്തനം എന്ന് മനസിലാക്കി ചെന്നൈ പോലീസിലെ ഇൻസ്പെക്ടർ ശാന്തി ദേവിയുടെ നേതൃത്വത്തിലുള്ള സംഘം അവിടേക്ക് പോയി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.