രഹസ്യ വിവരത്തിൽ സുരക്ഷാ സേനയുടെ ഓപ്പറേഷൻ; ഛത്തീസ്ഗഡിലെ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; എ.കെ 47 തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തി
റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. തെക്കൻ ഛത്തീസ്ഗഡിലെ സുഖ്മ, ബിജാപൂർ ജില്ലകളിലായാണ് ഈ വർഷത്തെ ആദ്യത്തെ പ്രധാന മാവോയിസ്റ്റ് വിരുദ്ധ നീക്കം നടന്നത്. ഏറ്റുമുട്ടലിൽ സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കുകളൊന്നുമില്ല.
റായ്പൂരിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ അകലെ ബസഗുഖ-താരി വനമേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് പ്രത്യേക സുരക്ഷാ സേനയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ ആരംഭിച്ചത്. സുഖ്മയിൽ നടന്ന ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി ബസ്തർ ഐ.ജി സുന്ദർരാജ് പട്ടലിംഗം അറിയിച്ചു. ബിജാപൂരിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു.കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്ന് എ.കെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തി.
വനമേഖലയിൽ വിവിധ സേനകളുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. ബസ്തർ ഡിവിഷനിലെ ഏറ്റവും ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളാണ് സുഖ്മയും ബിജാപൂരും. 2025-ൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകളിൽ ബസ്തർ മേഖലയിൽ മാത്രം 256 പേരെയാണ് സുരക്ഷാ സേന വധിച്ചത്. ഇതേ കാലയളവിൽ ഏകദേശം 1650 പേർ ആയുധം വെച്ച് കീഴടങ്ങുകയും ചെയ്തിരുന്നു. 2026 മാർച്ച് 31-ഓടെ രാജ്യത്ത് നിന്ന് മാവോയിസ്റ്റുകളെ പൂർണ്ണമായും തുടച്ചുനീക്കുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം.