നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; എട്ട് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്; സംഭവം പഞ്ചാബിൽ
ചണ്ഡീഗഡ്: പഞ്ചാബിലെ ബത്തിൻഡയിൽ നിയന്ത്രണം വിട്ട് പാലത്തിൽ നിന്നും ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. അപകട സമയം ബസിൽ 20 ൽ അധികം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. തൽവണ്ടി സാബോയിൽ നിന്ന് ബത്തിൻഡയിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. അപകട സമയം സ്ഥലത്ത് കനത്ത മഴയായിരുന്നു എന്നാണ് വിവരം.
പാലത്തിന്റെ കൈവരികൾ ഇടിച്ചുതകർത്തശേഷം ബസ് താഴേയ്ക്ക് മറിയുകയായിരുന്നു. നാട്ടുകാരും, പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിൽ പ്രവേശിപ്പിച്ചു. ബത്തിൻഡ ഡിസിയും എസ്എസ്പിയും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. ജെസിബി ഉപയോഗിച്ച് ബസ് ഉയർത്താനുള്ള രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
അപകടത്തിൽപ്പെട്ട അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ചും മൂന്ന് പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്കിടെ മരച്ചതായും ബത്തിൻഡ അർബൻ എംഎൽഎ ജഗ്രൂപ് സിംഗ് ഗിൽ പറഞ്ഞു. എന്നാൽ, മരിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.