'ഇവിടെ വിദ്യാർത്ഥികൾ ഇപ്പോഴും ഇങ്ങനെയാണ് സ്കൂളിൽ പോകുന്നത്'; തിങ്ങിനിറഞ്ഞ ഓട്ടോറിക്ഷയുടെ പുറകിൽ വിദ്യാർത്ഥിയുടെ അപകടയാത്ര; വീഡിയോ വൈറലായതോടെ നടപടിയ്‌ക്കൊരുങ്ങി അധികൃതർ

Update: 2025-10-07 12:30 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ സ്കൂൾ കുട്ടികൾ ഓട്ടോറിക്ഷയിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക വിമർശനം. മണിനഗർ സ്വദേശികളായ വിദ്യാർത്ഥികൾ ഒരു ഓട്ടോറിക്ഷയിൽ തിങ്ങിനിറഞ്ഞ്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ യാത്ര ചെയ്യുന്നതെന്ന് വീഡിയോയിൽ വ്യക്തമാണ്.

ഒരു ആൺകുട്ടി ഓട്ടോയുടെ പിന്നിൽ ഇരിക്കുന്നതും, അവന്റെ ശരീരം മുഴുവനും വാഹനത്തിന് പുറത്തേക്ക് തൂങ്ങിക്കിടക്കുന്നതും വീഡിയോയിൽ കാണാം. ഒരു കമ്പി മാത്രമാണ് കുട്ടിയുടെ സുരക്ഷയ്ക്ക് ഓട്ടോയിൽ ഉള്ളത്. കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ഓട്ടോ ഡ്രൈവർ, വിദ്യാലയം, രക്ഷകർത്താക്കൾ എന്നിവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടിരിക്കുന്നത്.

സംഭവം അഹമ്മദാബാദ് ട്രാഫിക് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 'ഇത് 2025 ആയിരിക്കുന്നു, എന്നിട്ടും ഇന്നും അഹമ്മദാബാദിലെ മണിനഗറിലുള്ള വിദ്യാർത്ഥികൾ ഇങ്ങനെയാണ് സ്കൂളിൽ പോകുന്നത്' എന്ന അടിക്കുറിപ്പോടെയാണ് ഡോ. ഹർഷ് ജഗതിയ എന്നയാൾ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

ഓട്ടോ ഡ്രൈവർ, സ്കൂൾ അധികൃതർ, രക്ഷകർത്താക്കൾ എന്നിവർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ 5-നാണ് വീഡിയോ പങ്കുവെക്കപ്പെട്ടതെങ്കിലും, ചിത്രീകരിച്ച തീയതി സംബന്ധിച്ച് വ്യക്തതയില്ല. കുട്ടികൾ അപകടകരമായി യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായതോടെ പൊതുജനങ്ങളിൽ നിന്നും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.

Tags:    

Similar News